Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ കണ്‍വന്‍ഷന്‍ കുടുംബങ്ങളുടെ മഹോത്സവം: ജിബി തോമസ്

Picture

ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ അരങ്ങേറുന്ന ഫോമാ കണ്‍വന്‍ഷന്റെ അന്തിമഘട്ട മിനുക്കുപണികള്‍ നടക്കുമ്പോള്‍ വിജയകരമായ ഒരു കണ്‍വന്‍ഷിലേക്കു നടന്നടുക്കുന്ന സംതൃപ്തിയുമായി സാരഥികള്‍.

ഇത്തവണത്തെ കണ്‍വന്‍ഷന്‍ പലതുകൊണ്ടും പുതുമയുള്ളതായിരിക്കും. ഒന്നാമത് ഇതൊരു ഫാമിലി കണ്‍വന്‍ഷനായിരിക്കും. രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിപക്ഷവും കുടുംബങ്ങളാണ്. മിക്കപ്പോഴും കണ്‍വന്‍ഷന്റെ മുഖ്യാകര്‍ഷണമാകുന്ന ഇലക്ഷന്‍ ഇത്തവണ പിന്നിലേക്കു പോയി. ഇതൊരു ഇലക്ഷന്‍ കണ്‍വന്‍ഷനാകില്ല എന്നര്‍ത്ഥം ജനറല്‍ സെക്രട്ടറി ജിബി തോമസ് ചൂണ്ടിക്കാട്ടുന്നു.

ഫോമയ്ക്കുവേണ്ടി ഫുള്‍ടൈം പ്രവര്‍ത്തിക്കുന്ന പ്രസിഡന്റിനെ ലഭിച്ചുവെന്നതും സ്വാര്‍ത്ഥ താത്പര്യങ്ങളില്ലാത്ത ടീം നേതൃനിരയിലും കമ്മിറ്റികളിലും വന്നുവെന്നുമുള്ളതാണ് ഇത്തവണത്തെ പ്രവര്‍ത്തനം മികവുറ്റതാക്കിയത്. അതു കണ്‍വന്‍ഷനിലും പ്രതിഫലിക്കും ജിബി തോമസ് പറഞ്ഞു.

ഏപ്രില്‍ 30നു രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യും. ഇതിനകം തന്നെ 300ല്‍പ്പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അഞ്ഞൂറു കുടുംബമെങ്കിലും രജിസ്റ്റര്‍ ചെയ്യുമെന്നുറപ്പ്. ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷനില്‍ കുറഞ്ഞ നിരക്ക് ഒട്ടേറെപ്പേര്‍ പ്രയോജനപ്പെടുത്തി. ഫാമിലിക്ക് അന്ന് 999 ഡോളറായിരുന്നത് ഇപ്പോള്‍ 1250 ഡോളറായി.

പ്രോഗ്രാമിന്റെ രൂപരേഖ ചര്‍ച്ചയിലാണ്. ജൂണ്‍ 21നു വ്യാഴാഴ്ച രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍. വൈകിട്ട് 5 മണിക്ക് ഫോമാ കണ്‍വന്‍ഷന് തുടക്കമാകും. 201 പേരുടെ തിരുവാതിരയും, 101 പേരുടെ ചെണ്ടമേളവും. തുടര്‍ന്നു ഡിന്നറും കലാപരിപാടികളും. അതോടൊപ്പം തന്നെ രാത്രി 9 മണിക്ക് ജനറല്‍ ബോഡി. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തല്‍.

വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ ഇലക്ഷന്‍. പരിധി വിട്ട് ഇലക്ഷന്‍ പ്രചാരണം ഉണ്ടാവരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ ബൂത്തിനു സമീപമൊക്കെ ഇലക്ഷന്‍ പ്രചാരണം അനുവദിക്കില്ല. ഇലക്ഷന്‍ കണ്‍വന്‍ഷനെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണിവ.

വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ അര്‍ധരാത്രി വരെ നീളുന്ന നോണ്‍സ്റ്റോപ്പ് പരിപാടികള്‍ ഉണ്ടാകും. വിവിധ സ്റ്റേജുകളില്‍ വിവിധ പ്രോഗ്രാമുകള്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഏതെങ്കിലും പ്രോഗ്രാം ഏതെങ്കിലും സ്റ്റേജില്‍ ഉണ്ടാകും.

യുവ തലമുറയ്ക്കായി പ്രത്യേക പരിപാടികളാണ്. പ്രൊഫഷണലായി ഗുണകരമാകുന്ന പരിപാടികള്‍ക്കാണ് മുന്‍തൂക്കം. ബ്യൂട്ടി പേജന്റ്, വനിതാരത്‌നം, മലയാളി മന്നന്‍, ബെസ്റ്റ് കപ്പിള്‍ തുടങ്ങിയ പതിവ് മത്സരങ്ങള്‍ക്ക് പുറമെ വിവിധ നഗരങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അര മണിക്കൂറില്‍ കവിയാതെയുള്ള കലാപരിപാടികളുടെ മത്സരങ്ങളും ഉണ്ടാകും.

മെയിന്‍ ഹാളിനു മുന്നിലായി നാലു ചെറിയ ഹാളുകളും ഉപയോഗപ്പെടുത്താം. പ്രോഗ്രാമുകള്‍ക്കായി 20 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന കലാപരിപാടി നടക്കും. വരുന്നവര്‍ ആരെന്നും മറ്റും ഉടനെ തീരുമാനമാകും. എല്ലാ ദിവസവും കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ജനങ്ങളുമായി സംവദിക്കുകയും, വിവിധ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരെ കൊണ്ടുവരികയാണ് ലക്ഷ്യം.

സാഹിത്യ സമ്മേളനത്തിനും മീഡിയ സെമിനാറിലും നാട്ടില്‍ നിന്ന് ആരൊക്കെ പങ്കെടുക്കുമെന്നത് ചര്‍ച്ചയിലാണ്.

ബിസിനസ് ലഞ്ച് ഉണ്ടാകും. മികച്ച സുവനീറും തയാറായി വരുന്നു. രജിസ്റ്റര്‍ ചെയ്തവരുമായി രജിസ്‌ട്രേഷന്‍ കമ്മിറ്റി ബന്ധപ്പെടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ വരുമ്പോള്‍ എന്താണ് ലഭിക്കുകയെന്നു മുന്‍കൂട്ടി തന്നെ വ്യക്തമാക്കും. പാക്കേജ് കിട്ടാതെയും റൂം കിട്ടാതെയുമൊന്നും വരുന്ന അവസ്ഥയുണ്ടാവില്ല. രജിസ്‌ട്രേഷന്‍ നേരത്തെ ക്ലോസ് ചെയ്യുന്നതു തന്നെ വ്യക്തമായ തയാറെടുപ്പിനു വേണ്ടിയാണ്.

കായിക മത്സരങ്ങല്‍ ഇല്ലാതില്ല. പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പരിപാടികള്‍ക്കാണ് മുന്‍തൂക്കം. യൂത്ത് കമ്മിറ്റി ഇതിന്റെ പ്രോഗ്രാം തയാറാക്കുന്നു.

പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ റീജിയനായ ചിക്കാഗൊായില്‍ നിന്നും സെക്ട്ര്ടറിയുടെ റീജ്യനായ മിഡ് അറ്റ്‌ലാന്റിക്കില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍. പ്രസിഡന്റിന്റെ നേത്രുത്വത്തില്‍ വീടുകളില്‍ ചെന്നു ജനങ്ങളുമായി ബന്ധപ്പെടുന്നത് വലിയ പ്രതികരണം ഉണ്ടാക്കി.

കേരള മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ആരൊക്കെ വരുമെന്ന് ഉറപ്പില്ല. ഓടിവന്ന് മുഖംകാണിച്ചിട്ട് പോകുന്നവരെ കൊണ്ടുവന്നിട്ട് കാര്യവുമില്ല.

ഇവിടുത്തെ ഇന്ത്യക്കാരായ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളും, പ്രത്യേകിച്ച് മലയാളിയായ കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍, ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാല്‍ തുടങ്ങിയവരേയും ക്ഷണിക്കുന്നുണ്ട്.

എല്ലാ കണ്‍വന്‍ഷനു മുമ്പും നഷ്ടം വരില്ല എന്നു ഭാരവാഹികള്‍ പറയാറുണ്ടെങ്കിലും പലപ്പോഴും നഷ്ടത്തില്‍ കലാശിക്കാറുണ്ട്. അത് ഇപ്രാവശ്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നഷ്ടം നികത്തുക ഭാരവാഹികള്‍ക്ക് എളുപ്പമല്ല.

ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിയുണ്ടെന്ന് ജിബി പറയുന്നു. സംഘടനയെ ചലനാത്മകമാക്കാന്‍ കഴിഞ്ഞു. എന്തു പ്രശ്‌നം വന്നാലും അമേരിക്കന്‍ മലയാളികള്‍ക്ക് ആശ്രയിക്കാവുന്ന സംഘടനയായി ഫോമ മാറി.

എച്ച് 1 വിസയില്‍ വന്നിട്ടുള്ളവരുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫോമ മുന്നിട്ടിറങ്ങാനും തീരുമാനിച്ചത് വലിയ മാറ്റമായി കരുതുന്നു. ഇതിനായി ഒരു ടീമിനെ നിയോഗിച്ചു. തങ്ങള്‍ ഇവിടെയാണോ, നാട്ടിലാണോ കഴിയുകയെന്നതില്‍ സന്ദേഹപ്പെട്ട് നില്‍ക്കുന്ന ഒരു വിഭാഗമാണവര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായും മറ്റും ബന്ധപ്പെടാനും തീരുമാനിച്ചു.

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ ബന്ധം മലയാളി സമൂഹത്തിനു മൊത്തം ഗുണകരമായി. ഫീസിലെ ഡിസ്കൗണ്ട് 10 ശതമാനത്തില്‍ നിന്നു 15 ശതമാനമാക്കി. നഴ്‌സിംഗിനു മാത്രമല്ല ഇരുനൂറോളം വിഷയങ്ങള്‍ക്ക് ഇത് ലഭ്യമാകും.

ഇതിനു പുറമെ നാട്ടില്‍ നിന്നു ഫോമയുമായി ബന്ധപ്പെട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എന്ന ഉയര്‍ന്ന ഫീസിനു പകരം അമേരിക്കന്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള ഫീസേ വാങ്ങുകയുള്ളു. വെരിഫിക്കേഷന്‍ ഫീസും ഒഴിവാക്കും. ഇത് വലിയൊരു നേട്ടമാണ്.

ഫോമയില്‍ പുതുതായി എട്ടില്‍പ്പരം അസോസിയേഷനുകള്‍ അംഗങ്ങളായി. മൊത്തം 72 സംഘടനകള്‍. ഇനിയും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

നല്ല ടീം ഉണ്ടായി എന്നതാണ് ഇത്തവണത്തെ മികവിനു കാരണം. ഫുള്‍ടൈം പ്രസിഡന്റ് എന്നത് പുതിയൊരു അനുഭവമാണ്. അതിന്റെ മെച്ചം സംഘടനയ്ക്ക് ലഭിച്ചു.

ആറു റീജിയനുകളില്‍ ഇതിനകം യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ബാക്കിയുള്ളിടത്തും ഉടന്‍ സംഘടിപ്പിക്കും.

ഫോമയുടെ വിശ്വാസ്യത ഏറെ കൂടി. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തുണയ്ക്കാന്‍ ഫോമ ഉണ്ടാവുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായി.

വനിതാഫോറത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഫോമയെ കൂടുതല്‍ ചൈതന്യവത്താക്കിയത്. നാട്ടില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുക, പാലിയേറ്റീവ് കെയര്‍ എന്നിവയൊക്കെ തികച്ചും അഭിമാനമര്‍ഹിക്കുന്നു.

സെക്രട്ടറിസ്ഥാനം തീര്‍ന്നുകഴിഞ്ഞാല്‍ അടുത്തത് എന്ത് എന്ന ചോദ്യത്തിന് ആദ്യം ഇതൊന്നു കഴിയട്ടെ എന്നായിരുന്നു മറുപടി. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code