Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വലിയ ശാസ്ത്രനിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം: ജയന്‍ വര്‍ഗീസ്)

Picture

( ശാസ്ത്ര സംഭാവനകളുടെ വന്‍ തണലില്‍ മെച്ചപ്പെട്ട ജീവിതം ആസ്വദിക്കുന്ന മനുഷ്യ വര്‍ഗ്ഗം ശാസ്ത്രത്തെ അംഗീകരിക്കേണ്ടതുണ്ട്, ആദരിക്കേണ്ടതുണ്ട്. എങ്കിലും, അപൂര്‍ണ്ണനായ മനുഷ്യന്റെ ഏതൊരു പ്രവര്‍ത്തികളിലും ആ അപൂര്‍ണ്ണത നിഴല്‍ വിരിച്ചു നില്‍ക്കുന്നുവെന്ന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. ശാസ്ത്രം പുറത്തു വിട്ട നിഗമനങ്ങളില്‍ ഒരു സാധാരണ മനുഷ്യന്റെ നിരീക്ഷണത്തിന് നിരക്കാത്ത സംശയങ്ങളാണ് ഇവിടെ പ്രകടിപ്പിക്കപ്പെടുന്നത്. )

1 (ഒന്ന്.)

വന നശീകരണത്തെത്തെക്കുറിച്ചുള്ള ഒരു ചൂടന്‍ ചര്‍ച്ച നടക്കുകയാണ് കേരളാ അസംബ്ലിയില്‍? അനിയന്ത്രിതമായ വന നശീകരണം മൂലമാണ് കേരളത്തില്‍ മഴ കുറയുന്നതെന്ന് ' ശാസ്ത്രീയ ' ബോധമുള്ള എം.എല്‍.എ. മാര്‍ ധീരധീരം വാദിക്കുകയാണ്. അക്കാലത്ത് കേരളത്തില്‍ മഴയല്‍പ്പം കുറവുമായിരുന്നു. അവസാനമായി ' മരമില്ലങ്കില്‍ മഴയില്ല ' എന്ന സംജ്ഞയിലേക്ക് ചര്‍ച്ച ഏകോപിപ്പിക്കപ്പെടുകയാണ്. അപ്പോളാണ്, മലപ്പുറം ജില്ലയില്‍ നിന്നുള്ള വലിയ ശാസ്ത്ര ബോധമൊന്നുമില്ലാത്ത ഒരു മുസ്ലിം എം.എല്‍.എ. യുടെ ഒറ്റച്ചോദ്യം:

" അപ്പൊ ഈ കടാലില് മഴ പെയ്യുന്നതെങ്ങനാണീ? അവടെ ഞമ്മടെ മരങ്ങളങ്ങനെ നെരന്ന് നിക്കണില്ലാലോ ?"

അതുവരെ മസിലു പിടിച്ചു കൊണ്ട് വന്ന ചര്‍ച്ച അലസി? ഒരു തീരുമാനവുമെടുക്കാതെ അന്നത്തേക്ക് സഭ പിരിഞ്ഞു.

മലപ്പുറം എം. എല്‍. എ. യുടെ വാദഗതി ശരിയാണെന്ന് തെളിയിച്ചു കൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്.

അഗമ്യവും, അനിഷേധ്യവും, അനാഘ്രാതവുമായ പ്രപഞ്ച രഹസ്യങ്ങള്‍ സിദ്ധാന്തങ്ങളുടെ വാള്‍പ്പല്ലുകള്‍ക്കു വഴങ്ങുന്നില്ലാ എന്ന് ഈ സംഗതി തെളിയിക്കുന്നു.

ആധുനിക ശാസ്ത്രം മനുഷ്യാവസ്ഥക്ക് സമ്മാനിച്ച ഭൗതിക സംഭാവനകളുടെ വന്‍ നേട്ടങ്ങളെ ആദരപൂര്‍വം അംഗീകരിക്കുക എന്നത് കേവല മനുഷ്യന്റെ ധാര്‍മ്മിക ചുമതലയാണെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ വിനയപൂര്‍വം അത് നിര്‍വഹിച്ചു കൊള്ളുന്നു.

ശിലായുഗത്തിലെ ഇരുണ്ട മേഖലകളിലെന്നോ അപ്രതീക്ഷിതമായി അവന്‍ കണ്ടെത്തിയ കൂര്‍ത്ത കല്ലിന്‍ കഷണം ഇര തേടലിന്റെ വെല്ലുവിളിയില്‍ വേദനിച്ചിരുന്ന അവന്റെ മൃദു വിരലുകള്‍ക്ക് ആശ്വാസം പകര്‍ന്ന അസുലഭ സന്ദര്‍ഭം മുതല്‍, അതി സങ്കീര്‍ണ്ണമായ മനുഷ്യ കോശങ്ങളിലെ ഡി.എന്‍.എ. യുടെ അളവുകളെ വരെ എണ്ണിത്തിട്ടപ്പെടുത്തി നില്‍ക്കുന്ന ശാസ്ത്ര വളര്‍ച്ച, നാളെ ലബോറട്ടറിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് ' സൂപ്പര്‍ ഹ്യൂമനെ ' പുറത്ത് കൊണ്ട് വരുന്നതിനുള്ള തപസ്സിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍.?

ഈ നേട്ടങ്ങളുടെ അഹങ്കാരപ്പുളപ്പില്‍ ആടിത്തിമിര്‍ക്കുന്ന ആധുനിക മനുഷ്യന്‍ എല്ലാ ജീവിത മൂല്യങ്ങളെയും ചവിട്ടി മെതിച്ചു കൊണ്ട് മുന്നേറുന്നതിനിടയില്‍, തങ്ങളുടെ കാലടികള്‍ക്കടിയില്‍ വീണുപോകുന്ന നിസ്സഹായരും, നിരാവലംബരുമായ സഹജീവികളെ നിഷ്ക്കരുണം വിസ്മരിച്ചു കൊണ്ടും, വിഗണിച്ചു കൊണ്ടും ഭൗതിക സന്പന്നതയുടെ ഉത്തുംഗ സോപാനങ്ങളില്‍ നിന്ന് പട്ടും വളയും എറ്റു വാങ്ങി വിലസുകയാണിന്ന്.

' ജീവിതം സുഖിക്കാനുള്ളതാണ് എന്‍ജോയ് ദി ലൈഫ് ' എന്ന പുത്തന്‍ നീതിശാസ്ത്രം അവന്‍ രൂപപ്പെടുത്തിയത് ഇങ്ങിനെയാണ്. ആധുനിക നഗരങ്ങളിലെ അംബരചുംബികളില്‍, അരണ്ട നീലവെളിച്ചത്തിന്റെ സ്വകാര്യതകളില്‍, അരച്ചാണ്‍ തുണിയുടെ അകന്പടിയോടെ ടോപ്‌ലെസ് മാറുകളില്‍ നിറഞ്ഞു തുളുന്പുന്ന ലഹരിയുടെ പാനപാത്രം നീട്ടി നില്‍ക്കുന്ന ' പെണ്ണ് ' എന്ന പ്രലോഭനത്തിന് മുന്നില്‍ അത് നുണഞ്ഞിരിക്കുന്ന മനുഷ്യന്‍ എന്ന സാധുമൃഗത്തിന് ചിന്തിക്കാന്‍ അവസരം കിട്ടുന്നില്ല. അത് കൊണ്ട് തന്നെ അവന് ചോദ്യങ്ങളുണ്ടാവുന്നില്ല. അഥവാ ഉണ്ടായാല്‍ത്തന്നെ അതിനുള്ള ഉത്തരം ഇന്‍സ്റ്റന്റായി അവനെത്തിച്ചു കൊടുക്കുന്നതിനുള്ള വാര്‍ത്താ മാധ്യമങ്ങളുണ്ട്. ഈ ഉത്തരങ്ങള്‍ക്കുള്ള കനത്ത പ്രതിഫലവും, ഉയര്‍ന്ന സാമൂഹ്യ മാന്യതയും നേടി തങ്ങളുടെ ചഷകങ്ങളില്‍ നിന്ന് ലഹരി നുണഞ്ഞിരിക്കുന്ന ശാസ്ത്രജ്ഞരുടെ സമൂഹമുണ്ട്.

സുഖജീവിതത്തിന്റെ ലഹരി മയക്കങ്ങളില്‍ നിന്നുണര്‍ന്ന് ഇടക്കെങ്ങാന്‍ അസ്തിത്വ വേദനയുടെ അനിവാര്യതയില്‍ തലയുയര്‍ത്തിപ്പോയാല്‍ അവനെ അടക്കിക്കിടത്തുന്നതിനുള്ള സിദ്ധാന്തങ്ങളുടെ പ്രക്ഷാളന ഗുളികകളുമായി കാത്തു നില്‍ക്കുകയാണ് ' ശാസ്ത്രീയമായി ' രൂപപ്പെട്ടു വന്ന ആധുനിക പൊതുബോധം. അനായാസം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ സിദ്ധാന്ത പ്രക്ഷാളനത്തില്‍ അടിപിണഞ്ഞ് ചോദ്യങ്ങള്‍ അവസാനിപ്പിച് , വായില്‍ തിരുകിക്കൊടുത്ത ' എന്‍ജോയ് ദി ലൈഫ് ' ന്റെ പാസിഫയറുകള്‍ നുണഞ് ആധുനിക മനുഷ്യന്‍ വീണ്ടും ചുരുണ്ടു കൂടുന്നു.

ഓരോ പുത്തന്‍ നേട്ടങ്ങളും കൈവരിച്ചു കൊണ്ട് മുന്നേറുന്ന ശാസ്ത്രം തങ്ങളുടെ പുരോഗതിയുടെ പാതയോരങ്ങളില്‍ അവശേഷിപ്പിച്ചിട്ട് പോകുന്ന സൈഡ് ഇഫക്ടുകള്‍ പലതും കാണാതെ പോകുന്നുണ്ട് എന്ന് മാത്രമല്ല, ജനിക്കാനിരിക്കുന്ന തലമുറകളിലേക്ക് വരെ അതിന്റെ ദോഷ ഫലങ്ങള്‍ പടര്‍ന്നു കയറുന്നുമുണ്ട്. വൈദ്യ ശാസ്ത്രമുള്‍പ്പടെയുള്ള സമസ്ത മേഖലകളിലും ഇത്തരം കാര്യങ്ങള്‍ കണ്ടെത്താമെങ്കിലും, വാന ശാസ്ത്ര രംഗത്താണ് ഇവ അരങ്ങു തകര്‍ത്താടുന്നത്. അത് തികച്ചും സ്വാഭാവികമാണെന്നും സമ്മതിക്കുന്നു. എന്തുകൊണ്ടെന്നാല്‍, മറ്റ് ശാസ്ത്ര ശാഖകള്‍ നമ്മുടെ ഭൗതിക സാഹചര്യങ്ങള്‍ക്കരികെ നമ്മുടെ കണ്മുന്നിലായിരിക്കുന്‌പോള്‍, വാനശാസ്ത്രം ദൂരെ, വളരെദൂരെ നമ്മുടെ ചിന്തകളില്‍ മാത്രം സജീവമാകുന്നതാകയാല്‍ ഏതു വാനശാസ്ത്ര നിഗമനങ്ങളും അനായാസം പുറത്തു വിടാം; ചോദ്യങ്ങള്‍ ഉണ്ടാവുകയേയില്ലാ.

ഉദാഹരണമായി, കുറച്ചു കാലം മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖന പാരമ്പരയുണ്ട്. വാഷിങ്ടണില്‍ നിന്നുള്ള ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ ( പേര് വെളിപ്പെടുത്തുന്നില്ല.) ആണ് രചയിതാവ്. ലോകത്താകമാനം നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്ത ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ലക്‌നൗ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്ന അദ്ദേഹം, അവിടെ അവതരിപ്പിച്ചതാണ് ഈ പ്രബന്ധം എന്നതിനാല്‍, ആധുനിക ശാസ്ത്ര മുന്നേറ്റത്തിലെ ഒരു ആധികാരിക രേഖയാണ് ഈ പ്രബന്ധം. ഇനി പ്രബന്ധത്തില്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയില്‍ സംശയങ്ങളുടെയും, ചോദ്യങ്ങളുടെയും സാദ്ധ്യതകള്‍ ഉണര്‍ത്തുന്ന അനേക സംഗതികളെ ഓരോന്നായി പരിശോധിക്കാം.

1 സരസ്വതി.

ആധുനിക ശാസ്ത്രം അനതിവിദൂര ഭാവിയില്‍ എയ്തു വിടാനുദ്ദേശിക്കുന്ന ഒരു ബഹിരാകാശ വാഹനമാണ് ' സരസ്വതി.' മനുഷ്യന്‍ ഇത് വരെ നേടിയ അറിവായ അറിവൊക്കെയും, കലകളായ കലകളൊക്കെയും അതി വിദഗ്ദമായി സംഭരിച്ചു വയ്ക്കപ്പെട്ട ഒരു പേടകമായിരിക്കും ഇത്. സൂര്യന്‍ നാളെ അണഞ്ഞു പോകുന്‌പോള്‍ ആയിരമായിരം വര്ഷങ്ങളായി മനുഷ്യന്‍ സഞ്ചയിക്കപ്പെട്ട അറിവും, സാഹിത്യവും, കലകളുമൊക്കെ നശിച്ചു പോവുകയില്ല? മാനവ സംസ്കാരം എന്നെന്നേക്കുമായി നശിച്ചു പോവുകയില്ല? അത് തടയാന്‍ വേണ്ടി ശാസ്ത്രം കണ്ടുപിടിക്കുന്ന ഉപാധിയാണിത്. എല്ലാ അറിവുകളും, സാഹിത്യവും, കലകളും സംഭരിച്ചു വച്ച ഈ പേടകം കണ്ണടച്ച് മാനത്തേക്ക് വിക്ഷേപിക്കുക. അനന്തമായ ഭാവിയുടെ അജ്ഞാതമായ നാളെകളില്‍ എന്നോ, എവിടെയോ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ ഇത് പിടിച്ചെടുക്കട്ടെ. നമ്മുടെ കലകളും, സാഹിത്യവുമൊക്കെ ആസ്വദിച്ച്, ഭൂമിയില്‍ ഇമ്മാതിരി സാഹിത്യവും, കലകളുമൊക്കെ ഉണ്ടായിരുന്ന രണ്ടു കാലില്‍ നടക്കുന്ന കുറെ ജീവികള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കട്ടെ. അങ്ങിനെ മാനവ സംസ്കാരത്തെ നിത്യ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തുക. എന്താ പദ്ധതി മോശമുണ്ടോ?

"നമ്മളും, നമ്മുടെ ഭൂമിയും, സൂര്യനുമൊക്കെ നശിച്ചു കഴിഞ്ഞാലും ഇതിന് ചുരുങ്ങിയത് അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ വേണ്ടി വരുമെന്നും പറയുന്നുണ്ട്. സരസ്വതി ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ റേഡിയോ സിഗ്‌നലുകളും, ഓഡിയോ സിഗ്‌നലുകളും നിരന്തരം പുറത്തേക്ക് പ്രസരിപ്പിച്ചു കൊണ്ട് നക്ഷത്ര ജാലങ്ങള്‍ക്കിടയില്‍ കഴിയും" എന്ന് ലേഖകന്‍ പറയുന്നു.

ഇവിടെ സ്വാഭാവികമായും ഒരു സംശയവും, ചോദ്യവും തല പൊക്കുന്നു. അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ക്കപ്പുറം വരെ കേടുകൂടാതെ പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ഏത് മെറ്റീരിയലിലാണ് ഭവാന്‍ സരസ്വതി പണിഞ്ഞുണ്ടാക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഭൂമിയില്‍ ഇന്ന് കാണുന്നതെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സൂര്യന്റെ ഉപ ഉല്‍പ്പന്നങ്ങളാണ്. സൂര്യ ഭൗമ സാഹചര്യങ്ങളിലാണ് അവ ഇപ്രകാരം നില നില്‍ക്കുന്നതും. ഈ ഭൂമിയും, സൂര്യനും നശിച്ചു കഴിഞ്ഞാലും ഇവ കൊണ്ടുണ്ടാക്കുന്ന സരസ്വതി റേഡിയോ ഓഡിയോ സിഗ്‌നലുകളും പുറപ്പെടുവിച്ചു കൊണ്ട് നില നില്‍ക്കുമോ? അഞ്ചു കൊല്ലമല്ലാ. അഞ്ഞൂറ് കൊല്ലവുമല്ലാ, അഞ്ഞൂറ് കോടിയാണ് കൊല്ലങ്ങള്‍? ഇതുവരെ നിര്‍മ്മിച്ച ഏതു വസ്തുവിനും ലൈഫ് ടൈം വാറണ്ടിയേ ഓഫര്‍ ചെയ്തു കാണുന്നുള്ളൂ. ഈ ലൈഫ് ടൈം എന്നത് കേവലം നൂറു വര്ഷം മാത്രമേ വരുന്നുള്ളു. അതായത് സരസ്വതി നില നില്‍ക്കേണ്ടുന്ന കാലത്തിന്റെ അഞ്ചു കോടിയില്‍ ഒരംശം. പാവം നമ്മുടെ ' കൊളംബിയ ' പോലും ഏതാനും വര്‍ഷങ്ങള്‍ക്കകം തകര്‍ന്നു വീണത് നാം കണ്ടതാണല്ലോ?

തുടരും.
അടുത്തതില്‍: " സൂര്യമരണം "



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code