Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവാലന്റെ അമ്മ കല്യാണി (രാജു മൈലപ്ര)

Picture

തിരുമ്മുചികിത്സയ്ക്കായി പലരും ഇപ്പോള്‍ നാട്ടില്‍ പോകുന്നുണ്ട്. ഒടിവും, ചതവും, വേദനയുമെല്ലാം ആയുര്‍വേദ വിധിപ്രകാരം തിരുമ്മി സുഖപ്പെടുത്തുന്നുമുണ്ട്. പ്രത്യേകിച്ച് വേദനയൊന്നുമില്ലാത്തവരും! "സുഖചികിത്സ'യ്ക്കതായി ആയുര്‍വേദ ആശുപത്രികളില്‍ പോകുന്നുണ്ട്. ഇതിന്റെ മറവില്‍ ചിലയിടങ്ങളില്‍ ചില അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പറയപ്പെടുന്നു. ഏതായാലും എന്റെ സുഹൃത്തുക്കളായ തിരുവല്ല ബേബിയും, വളഞ്ഞവട്ടവും, പ്രിന്‍സ് മാര്‍ക്കോസും, സണ്ണി കോന്നിയൂരും മറ്റും നാട്ടില്‍ പോയി സുഖചികിത്സ നടത്തിയതിന്റെ സുഖഫലങ്ങള്‍ പറഞ്ഞുകേട്ടപ്പോള്‍ എനിക്കുമൊരാഗ്രഹം - ഒന്നു തിരുമിച്ചാലോ?

നാട്ടില്‍ പോകുന്നതിനു മുമ്പ് ഞെളിഞ്ഞും പിരിഞ്ഞും മസിലുപിടിച്ചും, "എന്താണെന്നറിയില്ല ദേഹമാസകലം ഒരു വേദനന- എന്നു ഇന്നസെന്റ് സ്റ്റൈലില്‍ ഭാര്യ കേള്‍ക്കത്തക്ക ഉച്ചത്തില്‍ കൂടെക്കൂടെ ഉരുവിട്ട് നടന്നു.

"ചുമ്മാതിങ്ങനെ മലന്നു കിടന്നിട്ടാ വേദന. അത്ര വലിയ വേദനയാണെങ്കില്‍ രണ്ട് Motrin കഴിക്ക് എന്നു പറഞ്ഞവള്‍ നിസ്സാരവത്കരിച്ചു.
"ഏതായാലും നാട്ടില്‍ പോകുകയല്ലേ ? ഒന്നു തിരുമിച്ചിരുന്നെങ്കില്‍ എന്റെ കഠിന വേദനയ്ക്ക് അല്‍പം ആശ്വാസം കിട്ടിയേനേ' ഒക്കുന്നെങ്കില്‍ ഒക്കട്ടെയെന്നു കരുതി ഞാനെന്റെ മനസ്സിലിരുപ്പ് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു.

നാട്ടില്‍ ചെന്നു നാലാംപക്കം അതിരാവിലെ ഭാര്യ എന്നെ തട്ടിവിളിച്ചു.
'ഒന്നെണീറ്റേ- ദേണ്ടെ തിരുമ്മുകാരന്‍ വന്നു നില്‍ക്കുന്നു'.

ഞാനറിയാതെ എന്നെ തിരുമ്മാനായി അവള്‍ ഒരാളെ ഏര്‍പ്പാടാക്കിയിരിക്കുന്നു-
തിരുമ്മുകാരന്‍ കോവാലന്‍.

മുറ്റത്ത് ഒരു മേശയിട്ട്, അണ്ടര്‍വെയറു മാത്രം ധരിച്ച് ഞാനതില്‍ മലര്‍ന്നുകിടന്നു. ചെറിയ തലയും, വലിയ വയറും, കോഴിക്കാലുമുള്ള എനിക്ക് ഒരു ഗര്‍ഭിണി തവളയുടെ ലുക്ക്.
താറുടുത്ത് തച്ചോളിത്തറവാട്ടില്‍ പിറന്നപോലെയാണ് കോവാലന്റെ നില്‍പ്. നമ്മുടെ സിനിമാനടന്‍ ഇന്ദ്രന്‍സിന്റെ ഇരട്ടയാണെന്നു തോന്നും.

ഇടതു കൈയ്യില്‍ ചെറിയ ഒരു ഓട്ടുപാത്രത്തില്‍ ചൂടാക്കിയ ധന്വന്തരം കുഴമ്പുണ്ട്. ഏതോ ചെറിയൊരു മന്ത്രം ജപിച്ചശേഷം, വലതു കൈകൊണ്ട് നെറ്റിയിലും, ചെവിപ്പുറകിലും, നെഞ്ചത്തും, വയറ്റത്തും, പാദങ്ങളിലും കുഴമ്പു തൊട്ടു തേച്ചു- എന്നിട്ട് തലമുതല്‍ താഴോട്ട് ഉഴിച്ചില്‍ തുടങ്ങി.
ഇതേ പ്രയോഗം കമഴ്ത്തിയിട്ടും ചെയ്തു.

അവസാനം കൈയ്യും കാലും വലിച്ചു കുടഞ്ഞ് ഞൊട്ടയിടിലോടെയാണ് ഈ കര്‍മ്മം തീര്‍ക്കുന്നത്. അതു കഴിഞ്ഞ് അഞ്ചു മിനിറ്റ് ഫേഷ്യല്‍ മസാജ്. ആകപ്പാടെ ഒരു സുഖം. സംഗതി എനിക്കു പിടിച്ചു. ഒരു സങ്കടം മാത്രം. - ഉണങ്ങിയ കോവാലനു പകരം ഒരു ഷക്കീല സുന്ദരിയെ ഏര്‍പ്പെടുത്തുവാന്‍ എന്റെ ഭാര്യയ്ക്കു തോന്നിയില്ലല്ലോ എന്നോര്‍ത്ത്. എന്നെ അവള്‍ക്ക് അത്ര വിശ്വാസം പോരായെന്നു തോന്നുന്നു.

കോവാലന്റെ അമ്മയാണ് കല്യാണി. എണ്‍പതിന്റെ പടിവാതില്‍ക്കലേക്ക് കാലെട്ടുവെച്ചു നില്‍ക്കുന്നു. പഴമയുടെ താളം മുഴുവന്‍ നെഞ്ചേലേറ്റി നടക്കുന്ന ഒരു സ്ത്രീ - പഴംപാട്ടുകളുടെ ഒരു കലവറയാണ് അവരുടെ ഉള്ള്. കേള്‍ക്കാനാളുണ്ടെങ്കില്‍ കഥപറയുവാനും പാട്ടു പാടുവാനും കല്യാണിക്ക് വലിയ ഉത്സാഹമാണ്.

കുഞ്ഞച്ചന്‍ പുള്ളയും, തങ്കപ്പുലക്കള്ളിയും തമ്മിലൊരു ചുറ്റിക്കളി. ചുംബനച്ചൂടില്‍ മൂക്കുത്തി മുറിമീശയിലുടക്കി ഒടിഞ്ഞുപോയി.

"കുഞ്ഞച്ചന്‍ പിള്ളേടെ മുറിമീശ
കൊണ്ടെന്റെ മൂക്കുത്തി രണ്ടായി ഒടിഞ്ഞേ'
എന്നു തങ്ക പാടിയപ്പോള്‍

"ആരോടും പറയല്ലേ
നാട്ടാരോടും പറയല്ലേ
നാണക്കേടാണി തങ്കമ്മേ-
നേരമെന്നു വെളുത്തോട്ടെ
സൂര്യനൊന്നുദിച്ചോട്ടെ
മൂക്കുത്തി ഞാനൊന്നു വാങ്ങിത്തരാം-'

എന്നു കുഞ്ഞച്ചന്‍ പിള്ള മറുപാട്ട് പാടി.

മൂക്കുത്തി ഇല്ലാതെ കുടിയിലെത്തിയ തങ്കയോട് കൊച്ചുപുലയന്‍ തട്ടിക്കയറി-

"മൂക്കുത്തി എവിടെപ്പോയി കൊച്ചേ- നിന്നുടെ
മിന്നുന്ന മക്കുത്തി എവിടെപ്പോയ്?'

"ഇച്ചിരെ വെള്ളം മൊത്തിക്കുടിച്ചപ്പോള്‍
മൊന്തയിലുടക്കി ഒടിഞ്ഞതാണേ..'

ഈ കഥ വിശ്വസിക്കാതെ അയാള്‍ അവരെ കുനിച്ചു നിര്‍ത്തി ഇടിച്ചു.

'എന്നെ ഇടിക്കല്ലേ....എന്നെ കൊല്ലല്ലേ
ഞാനെന്റെ പാട്ടിനു പോയീടും'

കല്യാണിയുടെ പാട്ടുകഥ അങ്ങനെ നീണ്ടുപോവുകയാണ്.

കല്യാണി നടന്നാണ് എല്ലായിടത്തും പോകുന്നത്. വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ബസില്‍ കയറുകയുള്ളൂ. കുറെക്കാലത്തിനുശേഷം വീണ്ടും ഒരു ബസുയാത്ര നടത്തിയപ്പോള്‍, കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍, സ്ത്രീകള്‍ ബ്ലൗസിനുള്ളില്‍ കൈയ്യിട്ട് എന്തോ എടുക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സംഗതിയുടെ കിടപ്പുവശം പുള്ളിക്കാരിക്കു പിടികിട്ടി. കണ്ടക്ടര്‍ വന്നു കാശുചോദിച്ചപ്പോള്‍, കല്യാണി ബ്ലൗസു പൊക്കി ഒരു മുല പ്രദര്‍ശിപ്പിച്ചു. അങ്ങനെ ചെയ്താല്‍ പണംകൊടുക്കാതെ യാത്ര ചെയ്യാമെന്നാണ് ആ പാവം കരുതിയത്. പല സ്ത്രീകളും പണം ബ്ലൗസിനുള്ളിലാണ് സൂക്ഷിക്കുന്നതെന്നുള്ള കാര്യം ആ സാധു സ്ത്രീക്ക് അറിയില്ലായിരുന്നു.

കല്യാണിയുടെ ചില നാടന്‍ ശീലുകള്‍ സഭ്യതയുടെ അതിര്‍വരമ്പോളം എത്തും. പണ്ടൊക്കെ ചട്ടയും റൗക്കയുമൊക്കെ തയ്ച്ചിരുന്നത് "ജപ്പാന്‍ തുണി'കൊണ്ടായിരുന്നുവത്രേ! അക്കാലത്ത് ഒരു ചേട്ടന്‍, ഒരു ചേട്ടത്തിയെ കണ്ടു പാടുകയാണ്:

"ജപ്പാന്‍ തുണിയുടെ അടിയില്‍ കിടക്കുന്ന
കമ്പിളി നാരങ്ങകള്‍ തരുമോടി?
ഒന്നേലൊന്നു പിടിക്കാനാ-
മറ്റേതെനിക്കു കുടിക്കാനാ-'

ഇത്രയും ആകുമ്പോള്‍ "ഈ തള്ളയ്ക്കു നാണമില്ലല്ലോ' എന്നു ചോദിച്ചുകൊണ്ട് എന്റെ ഭാര്യ അന്നന്നത്തെ കലാപരിപാടികള്‍ക്ക് കര്‍ട്ടനിടും.

"അമ്മാമ്മോ! എന്റെ സാരീടെ കാര്യം മറക്കല്ലേ!' എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് കല്യാണിത്തള്ള വടി കുത്തിപ്പിടിച്ച് എഴുന്നേല്‍ക്കും.

ഈ നാടന്‍പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ പഞ്ചാരയടിയുടെ കാര്യത്തില്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മളേക്കാള്‍ എത്രയോ കേമന്മാരായിരുന്നു എന്നു തോന്നിപ്പോകും.
ആദരവോടുകൂടി നമുക്ക് അവരുടെ കാലടികള്‍ പിന്തുടരാം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code