ബംഗളൂരു: അഖിലേന്ത്യ കത്തോലിക്ക മെത്രാന് സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി ബോംബെ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
പ്രസിഡന്റായിരുന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷനാകുന്നത്. രണ്ടു വര്‍ഷമാണു കാലാവധി.
സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ സെക്രട്ടറി ജനറലിന്റെ കാലാവധി മൂന്നു വര്‍ഷമായതിനാല്‍ ഡോ. തിയഡോര്‍ മസ്കരനാസ് തത്സ്ഥാനത്തു തുടരും.
ഫെഡറേഷന് ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സസ് (എഫ്എബിസി) പ്രസിഡന്റും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എട്ടംഗ കര്‍ദിനാള്‍ ഉപദേശക സംഘത്തിലെ അംഗവുമാണു കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റ്കൂടിയാണ് ഡോ. ഗ്രേഷ്യസ്.
Comments