Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ലോകകേരളസഭ

Picture

കേരളത്തെ ആയുര്‍വേദ ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രികേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് പ്രവാസികള്‍. ലോകകേരളസഭയുടെ ഭാഗമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നിര്‍ദ്ദേശമുണ്ടായത്. ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആയുര്‍വേദ ടൂറിസം പോളിസി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അഭിപ്രായമുണ്ടായി. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടിയേറ്റം, കേരളീയര്‍ വിദേശത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ആയുര്‍വേദത്തെ പരിപോഷിപ്പിക്കുന്നതിന് അന്തര്‍ദ്ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായും കേരളത്തെ ആയുര്‍വേദ ഹബ് ആക്കുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി ആശുപത്രിയും മ്യൂസിയവും അടങ്ങുന്ന ഗവേഷണ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ആയുഷ് മേഖലയിലെ ആശുപത്രികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും വിധം മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദേശത്തെ നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ ഇടപെടലിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകളും ഒരു വര്‍ഷത്തിനകം സ്ട്രോക്ക് സെന്ററുകളും സ്ഥാപിക്കും. മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയെ ആര്‍. സി. സിയുടെ നിലവാരത്തിലേക്കുയര്‍ത്തും. കേരളത്തില്‍ കാന്‍സര്‍ ചികിത്സ നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ച് കേരള കാന്‍സര്‍ കെയര്‍ ഗ്രിഡ് സ്ഥാപിക്കും. രോഗാണുപ്രതിരോധത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ ഒന്ന് ട്രോമ കെയര്‍ കേന്ദ്രങ്ങളും മറ്റു മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലെവല്‍ രണ്ട് പരിചരണ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആരംഭിക്കും.

മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ ദന്തപരിചരണത്തേയും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു. വിദേശത്തേക്ക് ഹോം നഴ്സ് ജോലിക്കായി പോകുന്നവര്‍ക്ക് പരിശീലനം നല്‍കണം. ജിറിയാട്രിക് പരിചരണത്തില്‍ കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ പ്രശ്നങ്ങളാവും കേരളം ഭാവിയില്‍ ആരോഗ്യരംഗത്ത് നേരിടാന്‍ പോകുന്ന വെല്ലുവിളികളിലൊന്നെന്ന അഭിപ്രായവും ഉണ്ടായി. ഇതിനെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കണം. സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കന്‍ മാതൃക പിന്‍തുടരണം. ശ്രീലങ്കയില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്നത്.

പഠനം നടത്തിയ സ്ഥാപനം വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടിപ്പോയ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ ഒരു വിഭാഗം നഴ്സുമാര്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാട് സൗദി ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കിതോടെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ പോലും അനുമതിയില്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഔഷധിയുടെ മരുന്നുകള്‍ ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

ആയുഷ് സെക്രട്ടറി ശ്രീനിവാസ്, ആരോഗ്യദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എ. എന്‍. ഷംസീര്‍ എം. എല്‍. എ, കെ. സോമപ്രസാദ് എം. പി, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

നിരവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ലോക മലയാള സഭയുടെ രണ്ടാംദിനം നടന്ന പ്രവാസത്തിന്റെ പ്രശ്നങ്ങള്‍ - പ്രവാസത്തിനുശേഷം എന്ന വിഷയത്തിനെ അധികരിച്ചു നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ചര്‍ച്ചയ്ക്കൊടുവില്‍ മന്ത്രി ഉറപ്പുനല്‍കി.

പ്രവാസശേഷമുള്ള ജീവിതത്തിന്റെ വിവിധതലങ്ങള്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ വിശദമായി വിവരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെവരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗള്‍ഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയും കൊണ്ടുനട്ടം തിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തിരികെവരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ടായി.

രൂപീകരിക്കാന്‍ ഉദ്ദ്യേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന് പ്രതിനിധികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അവരുടെ ഭൗതികസാഹചര്യം ക്രമേണ മെച്ചപ്പെടുത്തുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്റെ അന്ത്യം രോഗപീഢകളും സാമ്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ടായി.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ് വിഷയാവതരണം നടത്തി. ദശാബ്ദങ്ങളോളം നീണ്ട തന്റെ പ്രവാസ ജീവിതകാലത്തെ ഒരു നാഴികക്കല്ലായി ലോക കേരള സഭയെ കാണുന്നുവെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു.

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.പിമാരായ എ.സമ്പത്ത്, എം.കെ. രാഘവന്‍, ടി.വി. രാജേഷ് എം.എല്‍.എ മാരായ കെ.വി. അബ്ദുള്‍ഖാദര്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.


പ്രവാസികളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം

പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാം എന്ന വിഷയം ലോക കേരള സഭയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അംഗങ്ങള്‍ ഉയര്‍ത്തിയത് സവിശേഷമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം. ന്യായമായ ലാഭം നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍, പെന്‍ഷന്‍ പദ്ധതികള്‍, മെഡിക്ലെയിം പോളിസികള്‍ തുടങ്ങിയ സര്‍ക്കാര്‍ തന്നെ ആരംഭിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പെന്‍ഷനുമായി ബന്ധിപ്പിച്ച ചിട്ടി കെ.എസ്.എഫ്.ഇ പുറത്തിറക്കുന്നത് ധനകാര്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ എല്ലാവരും സമ്പാദിക്കുന്ന കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. ഈ സമ്പാദ്യം പലയിടങ്ങളിലായി നിക്ഷേപിക്കുന്നു. ഇതിന്റെ ഒരു പങ്ക് കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ഇടാന്‍ വേണ്ടതാണ്. സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് നഷ്ടസാധ്യത ഇല്ല. ഓണ്‍ലൈനായി ചേരാം. ചിട്ടിലേലവും ഓണ്‍ലൈനില്‍ തന്നെ. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫറിലൂടെ തവണ അടയ്ക്കാം - മന്ത്രി വ്യക്തമാക്കി.


മറീനയും നജീബും മനസുതുറന്നു സഭ നിശബ്ദമായി

ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു.ഏതാനും മിനിറ്റുകള്‍ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം.പക്ഷേ ഈ സഭയില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കയ്യടി ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. ഇറാക്കിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നേഴ്സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനുപരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥര്‍ അറുമാസം കൂടുമ്പോഴെങ്കിലും നഴ്സുമാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബെ യൂണിവേഴ്സിറ്റിയില്‍ മലയാളം ചെയര്‍ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code