Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുനരധിവാസപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം: രമേശ് ചെന്നിത്തല

Picture

പ്രവാസികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതല്‍ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മടങ്ങി വരുന്നവരുടെ പുനരധിവാസം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി അടുത്തകാലത്തുണ്ടായ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യം പ്രവാസിക്ക് ഭീഷണിയായിട്ടുണ്ട്. നിതാഖത്ത് പോലുള്ള സ്വദേശിവല്കരണ നിയമങ്ങള്‍ മലയാളിയുടെ സാദ്ധ്യകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പെട്രോളിയം മാര്‍ക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളിയുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഐഎസ് ഏറ്റെടുത്ത സാഹചര്യവും ചില ഗള്‍ഫ് രാജ്യങ്ങലുണ്ട്. ഇതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പ്രവാസികളായ അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജര്‍മനി പോലുള്ള പല വികസിത രാജ്യങ്ങളിലും വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇക്കാലത്ത് ആവശ്യത്തിന് അനുസരിച്ച കൂടുതല്‍ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നമുക്ക് കഴിയണം. പ്രവാസികളും വിദേശ രാജ്യങ്ങളില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമുണ്ട്. ഇതും നഴ്‌സിംഗ് മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിംഗ് രംഗത്ത് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്.
ഇന്ത്യയില്‍ ജീവിക്കുന്ന അകം പ്രവാസികളുടെ പ്രശ്‌നങ്ങളും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അകം പ്രവാസികള്‍ക്ക് പ്രാദേശിക വാദത്തിന്റെ ഇരകളാകേണ്ടി വരുന്നുണ്ട്. ജോലിയില്‍ സുരക്ഷിതത്വമില്ലായ്മ പലതരത്തിലും പ്രവാസികള്‍ നേരിടുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും അതീവ ഗൗരവം അര്‍ഹിക്കുന്നു. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്.
ക്വാസി ജുഡിഷ്യല്‍ സ്വഭാവമുള്ള പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ആഗോളരംഗത്തെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നില്‍ നില്‍ക്കാനും വെല്ലുവിളികളെ നേരിടാനും പ്രവാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളോട് മലയാളി സമൂഹത്തിന് പുറംതിരിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. ഈ വെല്ലുവിളികള്‍ നേരിടാന്‍ സ്വയം സജ്ജമാകാനും കേരള സമൂഹത്തെ സജ്ജമാക്കാനും പ്രവാസി സമൂഹത്തിന് കഴിയണം. പുതിയ കമ്പോള മാറ്റങ്ങള്‍ക്കും സാമൂഹിക രീതികള്‍ക്കും അനുസരിച്ച് പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെട്ടു വരുന്ന കാലഘട്ടമാണ്. ലോകത്തിന്റെ മാറുന്ന ശാക്തിക ഘടനയില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും പിന്‍തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിന് കഴിയില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ പ്രവാസി സമൂഹത്തിന്റെ സംഭാവനയാണ്. അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ആധുനിക കേരളം. ഇതില്‍ ആടു ജീവിതങ്ങളായി അവസാനിച്ചവരും ഉള്‍പ്പെടുന്നു. പ്രവാസികള്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയതാണ് നമ്മുടെ ചരിത്രം. സിലോണിലും ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളിലും കടന്നെത്തിയ പ്രവാസി മലയാളിയുടെ അടുത്ത ഡെസ്റ്റിനേഷന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാദ്ധ്യതകള്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് ചൈനയാണ്.

പ്രവാസി ലോകത്തെ രൂപപ്പെടുത്തിയതിന് രാജ്യത്തിന്റെ വിദേശ നയം നല്‍കിയ സംഭാവനകള്‍ വലുതാണ്. ചേരിചേരാനയവും വിദേശനയങ്ങളും വിദേശ സമൂഹത്തില്‍ ഇഴുകിച്ചേരാനുള്ള കരുത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കി. സൗദി, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളും ദുരന്തങ്ങളും മലയാളിയെ വേദനിപ്പിക്കുന്നത് മലയാളിയുടെ വിശ്വപൗരത്വ ബോധം കൊണ്ടാണ്. സാങ്കേതിക വിദ്യകള്‍ അപര്യാപ്തമായിരുന്ന കാലത്ത് യാത്ര ദുര്‍ഘടമായിരുന്ന സാഹചര്യങ്ങളെ വെല്ലുവിളിച്ച് ലോകത്തിന്റെ പല കോണുകളിലും എത്തിച്ചേര്‍ന്ന ചരിത്രമാണ് പ്രവാസി മലയാളിയുടേത്.

കേരളത്തിന്റെ തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ലോകവിപണിയിലേയ്ക്ക് കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന കേരള ബ്രാന്‍ഡ് സൃഷ്ടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൈപുണ്യ വികസനത്തിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തണം. പ്രവാസി നിക്ഷേപം നിക്ഷേപകര്‍ക്കും കേരള സമൂഹത്തിനും ഒരു പോലെ പ്രയോജനപ്പെടണം - അദ്ദേഹം പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code