Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രജിനീകാന്ത്: സാധ്യതകളും വെല്ലുവിളികളും (പി.സി. സിറിയക് ഐ.എ.എസ്)

Picture

അവസാനം, രജിനികാന്ത് ഇതാ പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കാനും തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലും മത്സരിക്കാനും തയ്യാറായിരിക്കുന്നു! സിനിമാരംഗത്തുനിന്നുതന്നെ മറ്റൊരു മുഖ്യമന്ത്രിയെകൂടി തമിഴ്‌നാടിന് ലഭിക്കുമോ? സാധ്യതകളും വെല്ലുവിളികളും എന്തെല്ലാം?

രജിനികാന്തിന്റെ ആരാധകവൃന്ദങ്ങള്‍ ഫാന്‍ക്ലബ്ബുകളായി തമിഴ്‌നാട്ടിലെങ്ങും സംഘടിക്കപ്പെട്ടിട്ടുണ്ട്. 30,000 ഫാന്‍ക്ലബ്ബുകളുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ ഒരു ക്ലബ്ബില്‍ പത്തുപേരെങ്കിലുമുണ്ടെങ്കില്‍ മൂന്നുലക്ഷംപേരുടെ പാര്‍ട്ടി കേഡറുകള്‍. ഓരോ നിയോജകമണ്ഡലത്തിലും ആയിരത്തില്‍പരം പേര്‍ സജീവ പ്രവര്‍ത്തകര്‍. ഒരു പുതിയ രാഷ്ട്രീയകക്ഷിക്ക് ബൂത്തുതലം വരെ പണിയെടുക്കാന്‍ ആളെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് രജിനികാന്തിന്റെ പാര്‍ട്ടിക്ക് ഇതാ ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ "റെഡിമെയ്ഡ്' ആയി കിട്ടുന്നു, ബൂത്തുതലംവരെയുള്ള വോളന്‍ണ്ടിയര്‍മാര്‍.

പക്ഷെ രജിനികാന്തിന്റെ ആരാധകര്‍ മിക്കവാറും സമൂഹത്തില്‍ താഴെക്കിടയിലുള്ളവരാണ്. അവര്‍ക്ക് മധ്യവര്‍ഗക്കാരെയും ബുദ്ധിജീവികളെയൊന്നും സ്വാധീനിക്കാന്‍ ശക്തിയില്ല. ഈ ആരാധകവൃന്ദത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോയാല്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ കിട്ടാതെ പോകും. അതുകൊണ്ട് രജിനികാന്ത് തന്റെ പാര്‍ട്ടിയില്‍ ഫാന്‍ക്ലബ്ബ് അംഗങ്ങളെ കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ളവരും ഔദ്യോഗിക മേഖലയില്‍ മികച്ച പ്രകടനം നടത്തിയവരും സമൂഹത്തിന്റെ മറ്റ് വിവിധ തുറകളിലും ആത്മാര്‍ത്ഥ പ്രകടനം കാഴ്ചവച്ച പ്രൊഫഷണലുകളെയും വ്യാപാരികളെയും കര്‍ഷകരെയും തന്റെ കൂടെ കൂട്ടണം. ഒരേഒരു വ്യവസ്ഥ: ഇങ്ങനെ കൂടെകൂടുന്നവരെല്ലാം നല്ല പ്രതിച്ഛായയുള്ളവരും അഴിമതിയുടെ കറ പുരളാത്തവരുമായിരിക്കണം.

ഇങ്ങനെ പൊതുസമൂഹത്തില്‍ നിന്നും സല്‍പ്പേരുള്ള ആളുകളെ ചേര്‍ത്ത് പാര്‍ട്ടി ഉണ്ടാക്കുകയും ഒട്ടും സമയം കളയാതെ ഓരോ നിയോജകമണ്ഡലത്തിലും പ്രചണ്ഡമായ പ്രചരണ പരിപാടികളുമായി ഇറങ്ങാന്‍ തയ്യാറാകുകയും വേണം. അടുത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും പുതിയ കക്ഷി മത്സരിക്കുന്നത് നന്നായിരിക്കും.

ബി.ജെ.പി.യുടെ സജീവമായ പ്രോത്സാഹനവും സാമ്പത്തിക സഹായ വാഗ്ദാനവും രാഷ്ട്രീയ പ്രവേശന തീരുമാനമെടുക്കാന്‍ രജിനികാന്തിനെ പ്രേരിപ്പിച്ചിരിക്കാം. പക്ഷേ, ബി.ജെ.പി.യുമായി യാതൊരു അടുപ്പവും കാണിക്കാതെ സ്വതന്ത്രമായ നിലപാടുകള്‍ കൈക്കൊള്ളുകയും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ വേണ്ടവിധത്തില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ നേടാന്‍ തീവ്രമായിപരിശ്രമിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിക്കേണ്ടത് ആവശ്യം. കൂടാതെ തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിക്കാന്‍വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ സമരം നയിക്കാനും തനിക്ക് മടിയില്ല എന്ന് വ്യക്തമാക്കുകയും വേണം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍പോലും ബി.ജെ.പി.യോട് സഖ്യമുണ്ടാക്കാതെതന്നെ സ്വന്തം കാലില്‍നിന്നു മത്സരിക്കുകയും പരമാവധി സീറ്റുകള്‍ നേടാന്‍ ശ്രമിക്കുകയും വേണം. വിജയിച്ചുകഴിഞ്ഞ് കേന്ദ്രത്തില്‍ ബി.ജെ.പി.ക്ക് വേണ്ടിവന്നാല്‍ പിന്തുണ നല്‍കിയാല്‍ പോലും വലിയ പരാതി ഉണ്ടാകില്ല. തങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഇവരുടെ പിന്തുണ ലഭിക്കും എന്നുറപ്പുള്ള സ്ഥിതിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിറ്റിംഗ് സീറ്റായ നാഗര്‍കോവില്‍ ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി. നിറുത്താതിരിക്കുന്നതും നന്നായിരിക്കും. ബി.ജെ.പിയുടെ പ്രോക്‌സിയാണ് താന്‍ എന്ന വിചാരം തമിഴ്‌നാട്ടില്‍ വ്യാപിക്കാതിരിക്കാന്‍ രജിനികാന്ത് ശ്രദ്ധിക്കേണ്ടത് ആവശ്യം.

ഈയിടെ നടന്ന ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശികലയുടെ അനന്തിരവന്‍ ടി.ടി.വി. ദിനകരന്‍ നേടിയ വമ്പിച്ച വിജയം, അമിതമായ പണവിതരണം മൂലം പാവപ്പെട്ട തമിഴരെ വശീകരിക്കാന്‍ എളുപ്പമാണ് എന്ന സത്യം തെളിയിച്ചു. അവിടെ 100 കോടി രൂപ മുടക്കിയ ദിനകരന്‍ 234 നിയോജകമണ്ഡലങ്ങളിലും അതേ തുക മുടക്കാന്‍ തയ്യാറാണത്രെ. ജയലളിതയും ശശികലയും കൂടി അഴിമതിമൂലം നേടിയ സമ്പാദ്യം 25,000 കോടി രൂപ കയ്യിലുണ്ടല്ലോ. അത് തിരഞ്ഞെടുപ്പ് യജ്ഞത്തില്‍ നിക്ഷേപിച്ച് വിജയം കൊയ്യാന്‍ സാധിക്കുമെന്നും അങ്ങനെ അടുത്ത അഞ്ചുകൊല്ലക്കാലം അധികാരത്തിലിരുന്ന് ഇരട്ടിയോ മൂന്നിരട്ടിയോ തുക വീണ്ടും അഴിമതി നടത്തി സമ്പാദിക്കാന്‍ കഴിയുമെന്നും ദിനകരന്‍-ശശികല കൂട്ടര്‍ക്ക് ഉറപ്പുണ്ട്. ഇരയിട്ട് മീന്‍പിടുത്തം. ഈ വലിയ ആപത്തില്‍ നിന്നും തമിഴ്‌നാടിന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അവിടെയുള്ള മധ്യവര്‍ഗക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇക്കൂട്ടരുടെ കണ്ണില്‍ ഈ സാഹചര്യത്തില്‍ രജിനികാന്ത് ആണ് ശശികല-ദിനകരനെ തോല്‍പ്പിക്കാന്‍ പറ്റിയ സംശുദ്ധ പ്രതിച്ഛായയുള്ളയാള്‍ എന്ന തോന്നലുണ്ടായാല്‍ പാവപ്പെട്ടവരുടെ വോട്ടിനോടൊപ്പം ഇക്കൂട്ടരുടെ വോട്ടുകൂടെ ലഭിച്ചാല്‍ രജിനികാന്തിന് വിജയസാധ്യത വര്‍ധിക്കും.

എം.ജി.ആര്‍. പോലെ തമിഴ്‌നാട്ടുകാരുടെ ആരാധനാമൂര്‍ത്തിയായ ഒരു നേതാവുപോലും തന്റെ സ്വയം രൂപത്തില്‍ ജനങ്ങളുടെ മുമ്പാകെ പ്രത്യക്ഷപ്പെടുമായിരുന്നില്ല. മേയ്ക്കപ്പും മറ്റും വച്ച് തൊപ്പിയും കണ്ണാടിയും ധരിച്ച് കഷണ്ടി മറച്ച എം.ജി.ആറിനെ മാത്രമേ ജനം കണ്ടിട്ടുള്ളൂ. രജിനികാന്ത് ആണെങ്കില്‍ യാതൊരു മറയുമില്ലാതെ തന്റെ മുഴുകഷണ്ടിയും അവശേഷിക്കുന്ന നരച്ച മുടിയും ചുളിവുകള്‍ വീണ മുഖവുമായി മേയ്ക്കപ്പ് ഇല്ലാതെ ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സുതാര്യത, അതിന്റെ പിന്നിലുള്ള ആത്മാര്‍ത്ഥ, ബുദ്ധിജീവികളെയും ഇടത്തരക്കാരെയുമെല്ലാം അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കും. ഇതും ഒരു വലിയ സാധ്യതയാണ്.

ഇതൊക്കെയാണെങ്കിലും ദിനകരന്‍-ശശികല ഗ്രൂപ്പും അവരുടെ പണവും, ജയലളിതയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി അക്കൂട്ടരാണെന്ന വാദവും കുറെയേറെ പാവപ്പെട്ട തമിഴരെ അവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. അതേസമയം കേരളത്തിലെ സി.പി.എം.പോലെ തമിഴ്‌നാട്ടില്‍ എല്ലാ ഗ്രാമങ്ങളിലും നല്ല വേരോട്ടവും അടിത്തറയുമുള്ള പാര്‍ട്ടിയാണ് ഡി.എം.കെ. സാമാന്യം നല്ല പ്രതിച്ഛായയുള്ള സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ.യും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പ്. മുകളില്‍ പറഞ്ഞ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഠിനപ്രയത്‌നം ചെയ്യാന്‍ തയ്യാറായാല്‍ മൂന്നാമത് ഒരു ശക്തമായ സാന്നിധ്യമായി രജിനികാന്തും ഉണ്ടാകും. ഇങ്ങനെ മൂന്ന് വന്‍ശക്തികള്‍ തമ്മിലുള്ള ത്രികോണ മത്സരമായിരിക്കും തമിഴ്‌നാട്ടില്‍ നടക്കാന്‍ ഇടയുള്ളത്. വരുംനാളുകളില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാം, കാത്തിരിക്കാം.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code