Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരം ആഘോഷിച്ചു   - വര്‍ഗീസ് പ്ലാമൂട്ടില്‍

Picture

ന്യൂജേഴ്‌സി, ,ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരം ആഘോഷിച്ചു.എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോണ്‍സി. ഇട്ടി മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി. ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥ സന്ദേശം പിതാവായ ദൈവം ഒരു രക്ഷകനെ മാനവരാശിയുടെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി ലോകത്തിലേയ്ക്കയ്ക്കുകയും അവന്‍ അവരിലൊരാളായി ജീവിക്കുകയും അവരുടെ ഭാരങ്ങളും പ്രയാസങ്ങളും ഭയാശങ്കകളും തുടച്ചു നീക്കുകയും ചെയ്തുവെന്നതാണ്. ഭയത്തിന്‍റേയും നിരാശയുടേയും വിവിധങ്ങളായ പ്രശ്‌നങ്ങളുടേയും ചുഴിയല്‍ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ധൈര്യവും സ്ഥൈര്യവും നല്‍കുന്ന ദൂതാണ് ക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ച് ദൈവദൂതന്‍ ആട്ടിടയന്മാരിലൂടെ അറിയിച്ചത്. "''ഭയപ്പെടേണ്ട, ഇതാ ലോകത്തിനുമുഴുവന്‍ ആനന്ദദായകമായ സദ്വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്‍റെ നഗരത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ മിശിഹാ ജനിച്ചിരിക്കുന്നു." നാം ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോള്‍ ഈ യഥാര്‍ത്ഥ ദൂത് നമ്മുടെ ജീവിതത്തിലേക്കു പകര്‍ത്തുവാന്‍ ശ്രമിക്കേണ്ടതാണ്. നമ്മുടെ ദൈനംദിന ജീവിത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദം മൂലം ഭയാശങ്ക, മനപ്രയാസം, നിരാശ, ഉല്‍കണ്ഠ തുടങ്ങിയവ നമ്മെ അലട്ടുന്നുണ്ടാകാം. ഇവയെ നേരിടാന്‍ ധൈര്യപൂര്‍വം സ്പഷ്ടവും നിര്‍ഭയവുമായ തീരുമാനമെടുക്കുവാന്‍ നമുക്കു സാധിക്കണം.

എന്നാല്‍ നാം അതിനു തയ്യാറാകാറില്ലെന്നുള്ളതാണ്. യാഥാര്‍ത്ഥ്യം. പ്രശ്‌നങ്ങളെ കീറിമുറിച്ച് അപഗ്രഥിച്ചും അതിബൗദ്ധികമായി വിവേചിച്ചും, പരിഹരിക്കുവാനാണ് നാം ശ്രമിക്കാറുള്ളത്. അങ്ങനെയെല്ലാം ചെയ്തിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ നിസ്സഹായരും നിരാശരും പ്രതീക്ഷയറ്റവരുമായി അനേകര്‍ ആയിത്തീരുന്നു. അവിടെയാണ് ക്രിസ്തുമസ്സിന്‍റെ സന്ദേശം, ഭയപ്പെടേണ്ട നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നവെന്നത് നാം സ്വാംശീകരിക്കേണ്ടത്. അപ്പോള്‍ ജീവിതം ലളിതമായിത്തീരും അവിടെ പിരിമുറുക്കവും ടെന്‍ഷനും ഒന്നും ഉണ്ടാവില്ല. ക്രിസ്തുവിന്‍റെ മാതൃക ജീവിതത്തില്‍ അനുവര്‍ത്തിച്ച്, സ്‌നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സഹനത്തിന്‍റേയും കരുതലിന്‍റേയും ഉദാഹരണങ്ങളായി, നാം ജീവിക്കുന്ന സമൂഹത്തില്‍ ആശയറ്റ, പ്രതീക്ഷയില്ലാത്ത, സമാധാനമില്ലാത്ത ആളുകളിലേയ്ക്ക് ക്രിസ്തുവിന്‍റെ പ്രതിപുരുഷന്മാരായി വെളിച്ചം വീശുവാന്‍ നമുക്കു പരിശ്രമിക്കാം. അതിന് ക്രിസ്തുമസ്സിലൂടെ നമുക്കു ലഭിച്ച ധൈര്യവും സമാധാനവും ഉത്തേജനവും പര്യാപ്തമാകട്ടെയെന്ന് അഭിവന്ദ്യ തിരുമേനി ആശംസിച്ചു. ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടീനെക്ക് പാസ്റ്റര്‍ റവ. പോള്‍ ജോണ്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

ആശംസാ പ്രസംഗം നടത്തിയ പ്രൊഫ. മേരി തോമസ്, ക്രിസ്തു ഹൃദയത്തില്‍ ജനിച്ച്, ജീവിതത്തിലാകമാനം സര്‍വാധിപതിയായി വാഴുന്ന അവസ്ഥയാണ് യഥാര്‍ത്ഥ ക്രിസ്തുമസ്സെന്നും ക്രിസ്തു നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നില്ലെങ്കില്‍, ആത്മികജീവനും ചൈതന്യവും ഉള്ളതാക്കുന്നില്ലെങ്കില്‍, ക്രിസ്തുമസ്സ് വിളക്കുകളോ അലങ്കാരങ്ങളോ സമ്മാനങ്ങളോ യാതൊരു പ്രയോജനവും അര്‍ത്ഥവും ഉള്ളവയല്ലെന്നും പറഞ്ഞു. ലോകത്തിന്‍റെ വെളിച്ചമായ ക്രിസ്തു നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണം. അതുകൊണ്ട്‌നമ്മുടെ ഹൃദയത്തെ അതിന്‍റെ എല്ലാ ഏകാഗ്രതയോടുംകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കാം. പക്വതയുടേയും പൂര്‍ണ്ണതയുടേയും ഘട്ടത്തിലെത്തിച്ചേരാന്‍ താമസവും വിഷമതകളും അനുഭവപ്പെട്ടേയ്ക്കാം. തളരുകയോ പിന്മാറുകയോ ചെയ്യാതെ വിശ്വാസത്തോടുകൂടെ മുന്നേറുകതന്നെ വേണം. വളര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസി എപ്പോഴും ക്രിസ്തുമസ്സിന്‍റെയും ക്രിസ്തു ഹൃദയത്തില്‍ ജനിക്കുന്നതിന്‍റെയും ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെയും സന്തോഷവും സമാധാനവും പ്രത്യാശയും ഉള്ളവരായിരിക്കണം. സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞ്, കാലിക്കൂട്ടിലെ പുല്‍ത്തൊട്ടി തിരഞ്ഞെടുത്തവനായ ക്രിസ്തു നമ്മുടെയും ഹൃദയങ്ങളില്‍ ഉണ്ടാകട്ടെ. നമ്മില്‍ എന്നെന്നും ജീവിക്കട്ടെ. .പുതുവത്സരത്തെ വരവേല്‍ക്കുന്ന ഈ അവസരത്തില്‍ എല്ലം അറിയുന്നവനായ ദൈവത്തിലും അവന്‍റെ മാറ്റമില്ലാത്ത വചനത്തിലും ആശ്രയിച്ച്, ഓരോ അടിയും മുന്നോട്ടു വെയ്ക്കാം. പ്രവാചകനായ യെശയ്യാവില്‍ക്കൂടെ ദൈവം നമ്മോടു സംസാരിക്കുന്നതുപോലെ . "നീ ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെ ഉണ്ട്. ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്നെ സഹായിക്കും. എന്‍റെ നീതിയുള്ള വലതുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങും" എന്നുള്ള അവന്‍റെ വാഗ്ദത്തങ്ങളെ മുറുകെപ്പിടിക്കുക. വിശ്വാസത്തില്‍ വളരുകയും ശക്തിപ്പെടുകയും ചെയ്യുക. അജ്ഞാതവും അനിശ്ചിതവുമായ ഭാവിയെ ആത്മവിശ്വാസത്തോടും ദൈവാശ്രയത്തോടുംകൂടെ നേരിടുക. ക്രിസ്തുമസ്സിന്‍റെയും നവവത്സരത്തിന്‍റെയും സര്‍വ മംഗളങ്ങളും ആശംസിച്ചുകൊണ്ട് പ്രൊഫ. മേരി തോമസ് തന്‍റെ ആശംസാ പ്രസംഗം ഉപസംഹരിച്ചു.

ജനുവരി 7 ന് ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍ നടന്ന ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ റവ. ഡോ. പോള്‍ പതിക്കലിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബി.സി.എം.സി. ഫെലോഷിപ്പ് ഗായകസംഘത്തിന്‍റെ പ്രാരംഭ ഗാനങ്ങള്‍ക്കുശേഷം പ്രസിഡന്‍റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍ സ്വാഗതമാശംസിച്ചു . മുപ്പതുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ ഏക്യുമെനിക്കല്‍ സംഘടനയാണിതെന്നും എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഫെലോഷിപ്പ് സജീവമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
തുടര്‍ന്ന് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസ് മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു.ആഞ്ജലി ഫിലിപ്പ് ആലപിച്ച സോളോ ഗാനം ആസ്വാദ്യമായിരുന്നു.

അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികളായ തോമസ് ജംസണ്‍, ഡിയ അനൂ എന്നിവര്‍ മലയാളത്തില്‍ വേദപാഠം വായിച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഈ കുട്ടികള്‍ മലയാളം അനായാസം കൈകാര്യം ചെയ്തത് ഏറെ പ്രശംസനീയമായി. തുടര്‍ന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, , സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക്, സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, എന്നീ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചത് ഒന്നിനൊന്നു മെച്ചപ്പെട്ടവയും ഗൃഹാതുരസ്മരണകള്‍ ഉളവാക്കുന്നതുമായിരുന്നു. അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ആലപിച്ച ഗാനങ്ങളും ഹൃദ്യമായിരുന്നു.

മുപ്പതില്‍പരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചരിത്രവും പ്രാധാന്യവും, പ്രസക്തിയും രേഖപ്പെടുത്തുന്നതിനും വരും തലമുറയ്ക്കു കൈമാറുന്നതിനുമായി തയ്യാറാക്കുന്ന സുവനിറിന്‍റെ ഔദ്യോഗികമായ പ്രകാശനവും ചടങ്ങില്‍ വെച്ച് നടത്തപ്പെട്ടു. സുവനീര്‍ കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റര്‍ പ്രൊഫ. സണ്ണി മാത്യു മുഖ്യാതിഥി ബിഷപ്പ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടിക്കു ആദ്യ കോപ്പി നല്‍കുകയും അദ്ദേഹം അത് സംഘടനയുടെ സ്ഥാപക പ്രസിഡന്‍റായ റവ. ഫാ. ബാബു കെ. മാത്യുവിനു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വര്‍ഗീസ് പ്ലാമൂട്ടില്‍, സുജിത് ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു. ചീഫ് എഡിറ്റര്‍ പ്രൊഫ. സണ്ണി മാത്യൂസ്, റവ. ഫാ. ബാബു കെ. മാത്യു എന്നിവര്‍ സുവനീര്‍ പ്രസിദ്ധീകരണത്തെയും ഫെലോഷിപ്പിന്‍റെ ആദ്യകാല പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു.

തുടര്‍ന്ന് ബി. സി. എം. സി. ഫെലോഷിപ്പിന്‍റെ പുതിയ ഭരണസമിതിയെ സദസ്സിനു പരിചയപ്പെടുത്തുകയും അഭി. തിരുമേനി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.

ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് ഫെലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും തുടര്‍ന്നും നിര്‍ലോഭമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സ്‌തോത്രകാഴ്ചയ്ക്കു നന്ദി കരേറ്റി ന്യൂയോര്‍ക്ക് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. കോശി മത്തായി പ്രാര്‍ത്ഥിച്ചു.

സെക്രട്ടറി രാജന്‍ മോടയില്‍ കൃതജ്ഞത അര്‍പ്പിച്ചു. സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. മോന്‍സി മാത്യുവിന്‍റെ സമാപന പ്രാര്‍ത്ഥനയോടും ബിഷപ്പ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടിയുടെ ആശീര്‍വാദത്തോടും കൂടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ സമാപിച്ചു. സജി റ്റി. മാത്യു മാസ്റ്റര്‍ ഓഫ് സെറിമണിയായി യോഗനടപടികള്‍ ക്രമീകരിച്ചു. . സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Picture2

Picture3

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code