Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല (രാജു മൈലപ്ര)

Picture

"എനിക്ക് വട്ടുപിടിച്ചതാണോ, അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടുപിടിച്ചതാണോ?' "മായാവി' എന്ന സിനിമയില്‍ ആശാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലിംകുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗാണ് ഈ കഴിഞ്ഞ കുറെ ദിവസങ്ങളിലായി അമേരിക്കന്‍ മലയാള പത്രങ്ങള്‍ വായിക്കുമ്പോള്‍ എനിക്കു ഓര്‍മ്മ വരുന്നത്.

തിരുവനന്തപുരം നിയമസഭാ ഹാളില്‍ വെച്ച് ഈ വരുന്ന ദിവസങ്ങളില്‍ 'ലോക കേരള സഭ' എന്നൊരു മഹാ സംഭവം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഇന്നലെ പുറപ്പെടുവിച്ച അന്തിമ ലിസ്റ്റില്‍ അമേരിക്കയില്‍ നിന്നുമുള്ള ആറു മലയാളികള്‍ മാത്രമാണ് ഇടംനേടിയത്. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന പലരുടേയും പേരും ഫോട്ടോയും കണ്ടില്ല- ആരോ പാര പണിതതാകും.

എന്നാല്‍ ദിവസം തോറും മാറിമാറി വരുന്ന വാര്‍ത്തകളില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഏതാണ്ട് അമ്പതോളം മലയാളികള്‍ ഇവിടെ ലാന്‍ഡ് ചെയ്തുകഴിഞ്ഞു എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഒരുപക്ഷെ ഇതൊരു വലിയ ബഹുമതി ആയിരിക്കാം. ലോക മലയാളികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു മഹാസംഭവം. പക്ഷെ, പലരുടെ പ്രസ്താവനകളും, വാര്‍ത്താ കുറിപ്പുകളും പല ആവര്‍ത്തി വായിച്ചിട്ടും 'എന്തു തേങ്ങയാണിതെന്ന്' എനിക്കിതുവരെ മനസ്സിലായിട്ടില്ല.

"ലോക കേരള സഭ' എന്ന പേരില്‍ തന്നെ ഒരു പന്തികേട്!

എല്ലാം കഴിയുമ്പോള്‍ പണ്ടൊരു മൃഗം ചന്തയ്ക്ക് പോയപോലെ ആകാതിരുന്നാല്‍ നല്ലത്. "An Idle Mind is a workshop' എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രിയില്‍ അല്പം പണം പിടുങ്ങാന്‍ ആരുടേയോ തലയില്‍ ഉദിച്ച ഒരു പദ്ധതിയാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല.

എന്തായാലും അല്പായുസ്സായ ഈ സംഘടനയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.

***** ****** **** ***** ***** *****

"ചുമ്മാതിരുന്ന ഏതോ സ്ഥലത്ത് ചുണ്ണാമ്പിട്ട് പൊള്ളിച്ചു' എന്നു പറഞ്ഞതുപോലെയായി എ.കെ. ഗോപാലനെക്കുറിച്ചുള്ള വി.ടി. ബലറാമിന്റെ അനവസരത്തിലും, ആവശ്യമില്ലാതെയുമുള്ള പ്രസ്താവന. ഇത്തരം അപവാദങ്ങള്‍ യേശുക്രിസ്തുവിനെപ്പറ്റിയും, മഹാത്മാഗാന്ധിയെക്കുറിച്ചുമുണ്ട്. ബലറാം വേലിയിലിരുന്നതിനെ എടുത്ത് മറ്റടത്തു വെച്ചപോലെയായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതമേഖല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണുവാന്‍ ഹെലികോപ്ടറില്‍ പോയത് വലിയ വിവാദമാക്കി നടക്കുകയാണ് കോണ്‍ഗ്രസുകാര്‍. ഇവരൊക്കെ ഏതു യുഗത്തിലാണോ ജീവിക്കുന്നത്. - സഖാവ് പിണറായി വിജയനല്ല, കേരളാ മുഖ്യമന്ത്രിയാണ് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഈ യാത്ര നടത്തിയത്.

***** ****** **** ***** ***** *****

എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരുന്നു- ഭയങ്കര സംഭവമായിപ്പോയി അത്. നാലുമൂന്നും ഏഴു പേരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹം എവിടെ പോയാലെന്ത്? ഇല്ലെങ്കിലെന്ത്? പ്രായമൊക്കെ ആയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചുകൂടെ.

***** ****** **** ***** ***** *****

ഉടന്‍ പ്രതീക്ഷിക്കുക "കേരളാ ലോക സഭ' സമാപിക്കുന്നതിനു തൊട്ടുപിന്നാലെ അമേരിക്കന്‍ മലയാള മധ്യമങ്ങളില്‍, ചിരിച്ചുകൊണ്ടു നില്ക്കുന്ന നമ്മുടെ സംഘടനാ നേതാക്കന്മാരുടെ ഫോട്ടോയും ഗീര്‍വാണങ്ങളും!

***** ****** **** ***** ***** *****

"എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല'


രാജു മൈലപ്ര
geevee410@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code