Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുതുവര്‍ഷപ്പുലരിയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ (പി.സി. സിറിയക് ഐ.എ.എസ്)

Picture

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകള്‍ ഏഴ് കഴിഞ്ഞിരിക്കുന്നു. 70 കൊല്ലം മുമ്പ്, 1047 ആഗസ്റ്റ് 15-ാം തീയതി കൊച്ചുവെളുപ്പാന്‍കാലത്ത് (അര്‍ധരാത്രി കഴിഞ്ഞയുടന്‍), സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവേശകരമായി പ്രസംഗിച്ചു. ഇന്ത്യയുടെ ഭാവിഭാഗധേയം തിരിച്ചറിഞ്ഞ് നാം നടത്തുന്ന ഒരു കണ്ടുമുട്ടല്‍ (Tryst with destiny) എന്നായിരുന്നു, അദ്ദേഹം ആ സന്ദര്‍ഭത്തെ കവിതാമയമായി വര്‍ണ്ണിച്ചത്. ദീര്‍ഘവീക്ഷണമുള്ള ആ നേതാവ് ഭാരതത്തിന്റെ ഭാവിയുടെ രൂപരേഖ അന്ന് രാഷ്ട്രത്തിനു മുന്‍പാകെ സമര്‍പ്പിക്കുകയായിരുന്നു.

35 കോടി ജനങ്ങള്‍ക്കും (അത്, അന്നത്തെ ജനസംഖ്യ; ഇന്ന് 130 കോടി) ഉണ്ണാനും, ഉടുക്കാനും അന്തിയുറങ്ങാനുമുള്ള സൗകര്യങ്ങള്‍ (റൊട്ടി, കപ്ടാ, മക്കാന്‍) ലഭ്യമാക്കുക; ഭക്ഷ്യധാന്യ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക; അതിനാവശ്യമായ വെള്ളവും, വളവും നല്‍കാന്‍ ജലസേചന പദ്ധതികളും, രാസവള നിര്‍മ്മാണ ശാലകളും സ്ഥാപിക്കുക; അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, ഗതാഗതസൗകര്യം, തുറമുഖം ഇവ ലഭ്യമാക്കുക; നിര്‍മാണപദ്ധതികള്‍ക്ക് ആവശ്യമായ സിമന്റും, സ്റ്റീലും ഉല്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കുക; മനുഷ്യവിഭവശേഷി മെച്ചപ്പെടുത്താന്‍വേണ്ടി വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം മുതലായ മേഖലകളില്‍ ഇടപെടുക - ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദ്ധതികളായിരുന്നു, നെഹ്‌റു അന്ന് മുന്നോട്ടുവച്ചത്.

തുടര്‍ന്ന്, പുതിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന് നെഹ്‌റു വിശേഷിപ്പിച്ച ഭിലായിയും, റൗര്‍ക്കലയും, ദുര്‍ഗ്ഗാപ്പൂരും, ഹിരാക്കുഡും, ഭക്രാനംഗലുമെല്ലാം ഉയര്‍ന്നുവന്നു. അതിനിടയ്ക്കുതന്നെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ ഉറപ്പുചെയ്യുന്ന പുതിയ ഭരണഘടനയുണ്ടാക്കി, നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. 21 വയസ് പൂര്‍ത്തിയായ എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും വോട്ടവകാശം നല്‍കി, സ്വതന്ത്രവും, നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ നടത്തി.

അക്ഷരജ്ഞാനവും, പ്രാഥമിക വിദ്യാഭ്യാസവും എല്ലാവര്‍ക്കും നല്‍കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചതോടൊപ്പം ഉന്നത വിദ്യാഭ്യാസമേഖലയിലും, ലോകനിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഐ.ഐ.റ്റികളും, ഐ.ഐ.എമ്മുകളും സ്ഥാപിച്ചു. ജനാധിപത്യഭരണം സുതാര്യമായി നടക്കാനാവശ്യമായ എല്ലാ സ്ഥാപനങ്ങളും, സംവിധാനങ്ങളും ഒരുക്കി, അവയുടെ സ്വതന്ത്രവും സുതാര്യവുമായ നടത്തിപ്പില്‍ മാന്യമായ കീഴ്‌വഴക്കങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി.

നെഹ്‌റുവിന്റെ രൂപരേഖയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയതുകൊണ്ടാണ്, അടിസ്ഥാന സൗകര്യമേഖയിലും, കാര്‍ഷികരംഗത്തും വന്‍ പുരോഗതി നേടാനും 1960-കളുടെ അവസാനത്തോടെ (അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞിരുന്നെങ്കിലും) നാം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചതും, ഇന്ന് ഒരു പ്രമുഖ ഭക്ഷ്യധാന്യക്കയറ്റുമതി രാജ്യമായി വിളങ്ങുന്നതും.

പിന്നീട് 1991-ലെ ഉദാരവത്കരണ നയവും മറ്റും വന്നശേഷം, ലോകത്തിലുണ്ടായ പുതിയ വിവരസാങ്കേതികവിദ്യാ വിപ്ലവത്തില്‍ (ഐ.റ്റി. വിപ്ലവം) നേതൃസ്ഥാനം വഹിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതേപ്പറ്റി അഭിമാനം കൊള്ളുമ്പോള്‍, ഈ പുതിയ വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളായി പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ ഇവിടെ ഉണ്ടായത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു, എന്ന് നാം ഓര്‍മ്മിക്കാറില്ല!

പക്ഷെ, 21-ാം നൂറ്റാണ്ടിന്റെ ഉത്ഭവത്തോടെ ഇന്ത്യ കണ്ടത്, നെഹ്‌റു വളര്‍ത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി അധഃപതനത്തിന്റെ പടുകുഴിയിലേക്കു വീഴുന്നതും, സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്ക് വഹിക്കാത്തവരും, ഇന്ത്യയുടെ മുഖമുദ്രയായിക്കരുതിയ മതേതര നയങ്ങള്‍ക്കു പകരം ഹിന്ദുത്വത്തെ മുറുകെപിടിക്കുന്ന നയങ്ങളുമായി ബി.ജെ.പി. ഭരണത്തിലെത്തിയതുമായിരുന്നു. 1990-ല്‍ അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കാന്‍ വേണ്ടി എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര, 1992-ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, കോടതിക്ക് കൊടുത്ത ഉറപ്പിനെപ്പോലും തൃണവല്‍ഗണിച്ച് ബി.ജെ.പി.യുടെ പ്രധാന നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബ്‌റി മസ്ജിദ് ഇടിച്ചുതകര്‍ത്തത്, ഈയിടെ ഗോമാംസം വില്‍പ്പന ചെയ്യാന്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടങ്ങിയ സംഭവങ്ങള്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന മതേതരത്വത്തോട് ബി.ജെ.പി.യുടെ പ്രതിബദ്ധതയില്ലായ്മ തുറന്നു കാട്ടുന്നവയായിരുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍, ലോക്‌സഭയിലെ ഭൂരിപക്ഷ കക്ഷിയായ ബി.ജെ.പി.യില്‍ ഒരൊറ്റ മുസ്ലീം എം.പി. പോലുമില്ല! അതുപോലെതന്നെ, മുസ്ലീങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി, തോല്‍ മുതലായ വ്യവസായ മേഖലകളെ തളര്‍ത്തുന്ന വിധത്തിലുള്ള നിയമനടപടികളും ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവരുന്നു. ഇന്ത്യയില്‍ ജനസംഖ്യയുടെ 14 ശതമാനം മുസ്ലീങ്ങളാണ് - 18 കോടി ജനങ്ങള്‍. ഇത്ര വലിയ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഭരണം നടത്താന്‍ ശ്രമിക്കുന്നത് ബാലിശമല്ലേ? ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന മതേതര സംവിധാനത്തോടുള്ള വെല്ലുവിളിയാണ്, കേന്ദ്രസര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ സമീപനം.

രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വളര്‍ച്ചയ്ക്ക് ആവശ്യമായ അനുകൂല സാഹചര്യങ്ങളും, ഉല്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ ശേഷിയുള്ള 70 കോടി ജനങ്ങളും ഇവിടെ ഉണ്ടായിട്ടും, നമുക്ക് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകാതെ പോകുന്നത്. പ്രതിവര്‍ഷം 10 ശതമാനം നിരക്കില്‍, അടുത്ത 15 കൊല്ലക്കാലം തുടര്‍ച്ചയായി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ മൊത്തം ദേശീയ ഉല്പാദനം (ജി.ഡി.പി. - ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) 10 ട്രില്യന്‍ അമേരിക്കാന്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലെത്തൂ. (ഇന്ന് നമ്മുടെ ജി.ഡി.പി. 2.50 ട്രില്യന്‍ ഡോളര്‍). ഈ ലക്ഷ്യം നേടാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഭാരതം പട്ടിണിയില്‍ നിന്നും വിമുക്തമായിത്തീരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായി 15 കൊല്ലക്കാലത്ത് 10 ശതമാനം വളര്‍ച്ച നേടുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും, ശരിയായ നയങ്ങളും കാര്യക്ഷമമായ ഭരണവുമുണ്ടെങ്കില്‍ നേടിയെടുക്കുക അസാധ്യമല്ല ഇത് എന്നാണ് വിദഗ്ധാഭിപ്രായം.

പക്ഷേ, നമുക്ക് ഈ വിധത്തില്‍ വളരാന്‍ കഴിയുമോ? ഇന്ന് നമ്മുടെ ജനസംഖ്യയില്‍ പകുതിപ്പേര്‍ പ്രവര്‍ത്തിക്കുനന കാര്‍ഷികമേഖയുടെ സംഭാവന ജി.ഡി.പി.യുടെ വെറും 15 ശതമാനം മാത്രമാണ്. വിളവെടുപ്പ് കഴിയുമ്പോള്‍ പതിവായി സംഭവിക്കുന്ന വിലയിടിവില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍, വിപണിയില്‍ ഇടപെടുന്നതും, മൂല്യവര്‍ധന ഉല്പന്ന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും, കാര്‍ഷികമേഖലയിലെ വളര്‍ച്ചാ നിരക്ക് ഉയരാന്‍ സഹായകമാകും. ജി.ഡി.പി.യുടെ 20 ശതമാനമായി കാര്‍ഷികമേഖലയുടെ സംഭാവന ഉയര്‍ത്തിയാല്‍പ്പോലും, ജനസംഖ്യയുടെ 50 ശതമാനം പേര്‍ ആ മേഖലയില്‍ കുടുങ്ങിക്കിടക്കേണ്ട കാര്യമില്ല. നമ്മുടെ ഗ്രാമീണമേഖലയിലെ കുറേയധികം പേരെ മറ്റു തൊഴിലുകള്‍ ചെയ്യാന്‍ കഴിവുള്ളവരാക്കിയെടുക്കാന്‍ അവര്‍ക്ക് പുതിയ സ്കില്‍, വൈദഗ്ധ്യം ലഭ്യമാക്കണം.

അതോടൊപ്പം അടിസ്ഥാന സൗകര്യമേഖല ശക്തമാക്കിത്തീര്‍ക്കാന്‍ വമ്പിച്ച മുതല്‍മുടക്ക് അവിടെ ഉണ്ടാകണം. കൂടാതെ മനുഷ്യവിഭവശേഷി മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിലും വേണം, വന്‍ മുതല്‍മുടക്ക്. ഇതിനെല്ലാം പുറമെ, നോട്ട് നിരോധനം പോലുള്ള വിഡ്ഢിത്തരങ്ങള്‍ ഒഴിവാക്കണം; പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ എത്തുന്നവരെ സ്വാഗതം ചെയ്ത് വഴിയിലുള്ള പ്രതിബന്ധങ്ങള്‍ നീക്കി, ബിസിനസ് നടത്തല്‍ (ease of doing business) പ്രയാസരഹിതമാക്കിത്തീര്‍ക്കണം; വന്‍ മുന്നേറ്റം സാധ്യമാവുകതന്നെ ചെയ്യും.

പുതുവര്‍ഷത്തില്‍ ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ടിന്റെ കള്ളക്കളികള്‍. ഒരുവശത്ത് തീവ്രവാദികള്‍ക്ക് സഹായവും, പ്രോത്സാഹനവും നല്‍കി ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള നിരന്തര ശ്രമം. മറുവശത്ത് അരുണാചല്‍ പ്രദേശത്തും, സിക്കിം-ബൂട്ടാന്‍ അതിര്‍ത്തിയിലും, മറ്റും നുഴഞ്ഞുകയറാന്‍ തക്കം പാര്‍ക്കുന്ന ചൈനീസ് പട്ടാളം. ഈ വിപത്തുകളെ നേരിടാന്‍ നമ്മുടെ സൈനികശക്തി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 18 റാഫേല്‍ ജെറ്റ് ഫൈറ്റര്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാനും, 126 റാഫേല്‍ വിമാനങ്ങള്‍ ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനമായ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്കല്‍സില്‍ നിര്‍മിക്കാനും, 90,000 കോടി രൂപയുടെ പദ്ധതിയായിരുന്നു, യു.പി.എ. സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. അന്ന് ടെണ്ടര്‍ അടിസ്ഥാനത്തില്‍ ഓര്‍ഡര്‍ കൊടുക്കാന്‍ കഴിയാതെ പോയത് രക്ഷാമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ഇച്ഛാശക്തിയുടെ കുറവായിരുന്നു.

പക്ഷേ, ഇപ്പോള്‍ പഴയ ടെണ്ടറിന്റെ അടിസ്ഥാനത്തില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും, 50,000 കോടി രൂപയ്ക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ബാക്കി 90 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. ഇതുവരെ ഒരു തോക്കുപോലും നിര്‍മ്മിച്ചിട്ടില്ലാത്ത അനില്‍ അംബാനിയെക്കൊണ്ട് 90 യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കിക്കാന്‍ ശ്രമം അണിയറയില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സിന്റെ കാര്യം സൗകര്യപൂര്‍വം മറക്കുന്നുവോ? പ്രതിരോധമേഖലയില്‍ വിമാനങ്ങളും, ബോഫോഴ്‌സ് തോക്കുകളും, മറ്റനേകം ഉപകരണങ്ങളും ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് പുതുജീവന്‍ നല്‍കിയാല്‍, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും, ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിക്കും ഉതകും. ഇത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കേണ്ടത് ആവശ്യം.

മറ്റൊരു വെല്ലുവിളിയാണ് 2014-നു ശേഷം നടന്ന ഓരോ സംസ്ഥാന തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രിതന്നെ നേരിട്ട് പ്രചരണരംഗത്തിറങ്ങി, എങ്ങനെയും ജയിച്ചേതീരൂ എന്ന നിശ്ചയത്തോടെ, ജയം നേടാന്‍, ലക്ഷ്യം നേടാന്‍, ഏതു മാര്‍ഗ്ഗവും അവലംബിക്കാന്‍ തയ്യാറായി, അമിത്ഷായോടൊപ്പം കഠിനപ്രയത്‌നം ചെയ്യുന്ന പ്രവര്‍ത്തനശൈലി. ഈ ശൈലിയുടെ ഭാഗമാണ് പ്രധാനമന്ത്രിയുടെ ഉയര്‍ന്ന സ്ഥാനത്തിന് യോജിക്കാത്ത പല പരാമര്‍ശങ്ങളും പ്രതിയോഗികളെപ്പറ്റി നടത്തുന്നതും. ഈയിടെ നടന്ന ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഡോ. മന്‍മോഹന്‍സിംഗ്, പാക്കിസ്ഥാനമായി തനിക്കെതിരേ ഗൂഢാലോചന നടത്തി എന്ന ആരോപണം, ഒരു ഉദാഹരണം. ഈ പ്രവര്‍ത്തനശൈലി ചില അപകടസൂചനകള്‍ നല്‍കുന്നു.

കരഗതമായ അധികാരം ഉപയോഗിച്ച് എതിരാളികളെ ഏതു വിധേനയും അടിച്ചമര്‍ത്താനും, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം എന്നിങ്ങനെ പ്രധാന തുറകളിലെല്ലാം സ്വന്തം വിശ്വസ്തരെ താക്കോല്‍ സ്ഥാനങ്ങളിലിരുത്തി, നാടിന്റെ ബഹുസ്വരതയെ ദുര്‍ബലമാക്കി, "ഒരു രാജ്യം, ഒരു മതം, ഒരു കക്ഷി, ഒരു നേതാവ്' എന്ന ആശയം പ്രചരിപ്പിക്കാനുള്ള ശ്രമവും ആശങ്കയുണര്‍ത്തുകയാണ്.

കൈവശമുള്ള അധികാരം ദുരുപയോഗപ്പെടുത്തി നേട്ടങ്ങള്‍ നേടാന്‍ മടിയില്ലാത്ത നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രകടനം ഗോവയിലും മണിപ്പൂരിലും നാം കഴിഞ്ഞ കൊല്ലംതന്നെ കണ്ടതാണ്. ഗോവയില്‍ രണ്ടുപ്രാവശ്യം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ബി.ജെ.പി.യെ തിരഞ്ഞെടുപ്പില്‍ ജനം തിരസ്കരിച്ചു. പക്ഷേ, വിസ്മയഭരിതരായ ജനം കണ്ടത്, ബി.ജെ.പി.യുടെ നേതൃത്വത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അവിടെ ഭരണഭാരം ഏല്‍ക്കുന്നതാണ്. ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പൂരില്‍ കുതിരക്കച്ചവടത്തിലൂടെ ഭരണം കയ്യടക്കുന്നതും നാം കണ്ടു. അരുണാചല്‍ പ്രദേശില്‍ ഒരു പ്രാദേശിക കക്ഷിയുടെ മുഖ്യമന്ത്രി ഒഴിച്ച് എല്ലാവരേയും, 42-ല്‍ 41 എം.എല്‍.എ.മാരേയും, ഒരൊറ്റ രാത്രികൊണ്ട് ബി.ജെ.പി.യില്‍ എത്തിക്കാനും പുതിയ ഭരണം ഉണ്ടാക്കാനും വിജയകരമായി ചരടുവലി നടത്തിയത് നമ്മെ അത്ഭുതപ്പെടുത്തി.

മറ്റൊരു അപകട സൂചന: ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന പദ്ധതികളും, പരിപാടികളും, മുതലാളികളുടെ കള്ളപ്പണം പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് പ്രയോജന പ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടി രൂപകല്പന ചെയ്യപ്പെട്ടുളള പദ്ധതികളാണെന്ന് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിച്ച്, കൗശലപൂര്‍വം അവരുടെ പിന്തുണ നേടിയെടുക്കാന്‍ മടിക്കാത്ത നമ്മുടെ പ്രധാനമന്ത്രിയുടെ ശൈലി, അനുകൂല നിലപാട് എടുക്കാനായി മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തി നിയന്ത്രിക്കുന്ന രീതി, തന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കാതെ വണ്‍-വേ-കമ്മ്യൂണിക്കേഷന്‍ മാത്രം നടത്തുന്ന സ്വഭാവം, (ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ കളി. മൂന്നു കോടിയില്‍പ്പരം ആളുകള്‍ പിന്തുടരാന്‍ ഉണ്ടത്രെ. ഈ വിഷയത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ചേട്ടനാണ് നമ്മുടെ മോദിജി!). ഇവയൊന്നും നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭസൂചനകളല്ല.

നമ്മുടെ ഭരണഘടനാ വിധാതാക്കളുടെ ജനാധിപത്യ സങ്കല്പങ്ങളും ഒരു ബഹുസ്വര സമൂഹമായ ഭാരതീയരുടെ പ്രത്യാശകളും നിലനിറുത്താനും, നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തെ ഭാരതീയ മനസ്സുകളില്‍ നിന്നും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ത്ത് തോല്പിക്കാനും ഇന്ന് ഇവിടെ ആരുണ്ട്? പ്രതിപക്ഷം ദുര്‍ബലമാണ്. തന്ത്രപരമായി നീങ്ങി ജനാധിപത്യവാദികളെ ഒന്നിച്ച് അണിനിരത്താന്‍ കഴിവുള്ള ഊര്‍ജ്ജസ്വല നേതൃത്വവുമില്ല. എങ്കിലും, ഈയിടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും, രാഹുല്‍ഗാന്ധിയും പ്രകടിപ്പിച്ച ഉത്സാഹം പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.

അസംതൃപ്തരായ കര്‍ഷകസമൂഹത്തെയും, ഗ്രാമീണജനതയെയും, നഗരങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന പാവപ്പെട്ടവരെയും, ചൂഷണത്തിനു വിധേയരായിക്കഴിയുന്ന മധ്യവര്‍ഗത്തെയും അണിനിരത്തി, തളരാതെ, വിശ്രമമില്ലാതെ ജനാധിപത്യ മൂല്യങ്ങളെയും ബഹുസ്വരതയെയും നിലനിറുത്താന്‍ വേണ്ടി സമരം ചെയ്യാന്‍ നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ടുവന്നാല്‍ ഈ വെല്ലുവിളികളെ നേരിടാന്‍ നമുക്ക് കഴിഞ്ഞേക്കും. ശുഭപ്രതീക്ഷയോടെ നവവത്സരാശംസകള്‍!Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code