Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്‍)

Picture

‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍ ഒതുക്കി, മുഖത്തെ കണ്ണട ഊരി കയ്യില്‍ വച്ച് ചോദ്യമുന്നയിച്ച കരിംപുലിയുടെ നേര്‍ക്ക് അവര്‍ നോക്കി. ആ മുഖവും വേഷവും അപ്പോള്‍ അങ്ങനെ അവര്‍ക്ക് തോന്നിച്ചു.

’നിഷേധിക്കില്ല.’

ഹാളിലെ കൂറ്റന്‍ നാഴികമണിയപ്പോള്‍ പന്ത്രണ്ട് എന്ന് ശബ്ദിച്ചു. ചെറിയ ഒരു മുഴക്കമേ അതിനുണ്ടായിരുന്നുള്ളൂ. ആളുകള്‍ നോക്കുമ്പോള്‍ മൂന്നു സൂചികളും മേല്‍ക്കുമേല്‍ കേറി നില്‍ക്കുന്നു. പക്ഷെ പിണക്കമെന്നതുപോലെ ഏറ്റവും മുകളിലത്തേത് തെന്നിപ്പോകുന്നു.

‘കാരണം നിങ്ങളുടെ പിഴവ്, അശ്രദ്ധ അത് ആഴത്തില്‍ കിടക്കുന്നുവെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ?’

‘നിഷേധിക്കും....വളരെ കൃത്യമായി ഞാന്‍ എമിലിയെ ശ്രദ്ധിച്ചിരുന്നു.’

പൊടുന്നനെ മേലാകെ വെളുത്ത പാണ്ടുകളുള്ള ഒരു കറുത്ത പൂച്ച അവര്‍ക്ക് പുറകിലെ ജനല്‍പ്പടിയിലേക്ക് ചാടി വന്ന് ഇരുന്നു. അതിന്റെ വായില്‍ ഒരു എലിക്കുഞ്ഞ്. അത് പിടക്കുകയാണ് ജീവനുവേണ്ടി. ഇത്ര ചെറിയ എലിയെ പിടിച്ച് രസിക്കുന്ന പൂച്ചയോട് ഹാളിലെ ആളുകള്‍ക്കപ്പോള്‍ അതൃപ്തി തോന്നി. പൂച്ചക്ക് ചാടണമെന്നുണ്ട് അകത്തേക്ക് പക്ഷെ അകത്തെ ആളുകളുടെ നോട്ടവും ഇരുപ്പും അതിനെ വല്ലാതെ വിസ്മയിപ്പിച്ച മട്ടുണ്ട്. അത് എലിക്കുഞ്ഞിനെ ജനല്‍പ്പടിയില്‍ വച്ച് ഒന്ന് കരഞ്ഞു. ങ്യാവൂ....കുഞ്ഞെനെലി ഒന്നു പിടഞ്ഞു രക്ഷപെടാനെന്നോണം. അന്നേരം അത് പിടച്ച് അകത്തോട്ട് വീണു അവര്‍ക്ക് പിറകില്‍. അതിന്റെ പുറകെ പുച്ചയും ചാടി. എന്നിട്ട് അതിനെ കളിപ്പിക്കാന്‍ തുടങ്ങി... പോ..പോ.. എന്ന ധ്വനിയില്‍ അതിനെ തട്ടിക്കൊണ്ട്. ആളുകള്‍ അത് നോക്കി എന്തുചെയ്യണമെന്നറിയാതെ വിസ്മയിയിച്ചു. അപ്പോള്‍ പൂച്ചക്ക് ഇരയെ കളിപ്പിക്കുന്ന സ്വഭാവമുണ്ടന്നും അതിന്റെ വലുപ്പമല്ല രൂചിയാണ് പ്രധാനമെന്നും ആളുകള്‍ചിന്തിച്ചു.

പ്രതിക്കൂട്ടില്‍ നിന്ന അവര്‍ക്കതിനെ കാണാനാകുമായിരുന്നില്ല. അവരുടെ നോട്ടം കരിപുലിയുടെ മുഖത്തായിരുന്നു. ശ്രദ്ധപതറരുത് എന്നപോലെ ഇടയില്‍ ചില മുഷിപ്പുകളൊക്കെ പ്രകടിപ്പിച്ചുകൊണ്ട്.

അപ്പോഴേക്കും എലിക്കുഞ്ഞ് മരണപ്പെട്ടതായി ആളുകള്‍ കണ്ടു.

‘കുട്ടിയെ രക്ഷപെടുത്താന്‍ നിങ്ങളെന്തൊക്കെ ചെയ്തു.’

‘സാധാരണ മഷികുടിച്ച കുട്ടിയെ രക്ഷപെടുത്താന്‍ പ്രയാസമാണ്. പക്ഷെ ഞാന്‍ ആവുന്നതും ശ്രമിച്ചിരുന്നു.’

അവര്‍ കണ്ണെട മുഖത്ത് പുനഃസ്ഥാപിച്ച് ഭിത്തിയിലെ ട്യൂബ് പ്രകാശത്തിലേക്ക് നോക്കി. അവിടെ വെളിച്ച മോഹിതയായ ഒരു കുഞ്ഞന്‍ പറവയെ ലക്ഷ്യമാക്കി പല്ലി കുതിക്കയും അതിനെ വായിലാക്കി വിശ്രമിക്കയായിരുന്നു. പെട്ടന്ന് പറവയുടെ പിടച്ചിലോ എന്തോ പല്ലി തറയിലേക്ക് പൊടുന്നനെ വീഴുകയും ഇരയുമായി ഓടിമറയുകയും ചെയ്യുന്നത് ആളുകള്‍ വല്ലായ്മയോടെ കണ്ടു.

പുറത്തെ മഴക്കോള് മുറിക്കുള്ളില്‍ ഇരുട്ട് നിറച്ചിരുന്നതുകൊണ്ട് മുറിക്കുള്ളില്‍ ലൈറ്റുകള്‍ ആവശ്യമായിരുന്നു.

‘ഛേ പൂച്ച..’ആരോ ഒരാള്‍ എഴുന്നേറ്റ് അന്നേരം പതുക്കെ പൂച്ചയെ ഓടിക്കാന്‍ ശ്രമിച്ചു. പൂച്ചയപ്പോള്‍ തന്റെ ഇരയേയുമെടുത്ത് വീണ്ടും ജനല്‍പ്പൊക്കത്തിലേക്ക് ചാടി അവിടെ ഇരുന്നു. താഴെയപ്പോള്‍ കുഞ്ഞെനെലിയുടെ രക്തപ്പാടുകള്‍ തെളിഞ്ഞു.

‘എങ്ങനെയാണ് കുട്ടി മഷികുടിച്ചത്. അതിന് കാരണമെന്താണ്?’

‘അമ്മക്ക് പനിയോ,പ്രഷറോ കൂടുതലുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം.’

‘ഉണ്ടായിരുന്നോ?’

‘എമിലിക്ക് പനികൂടിയിരുന്നു. പ്രഷര്‍ നൂറ്റിനാപ്പതായിരുന്നു.’

‘അങ്ങനെയായാല്‍ കുട്ടി മഷികുടിക്കുമോ?’

‘നിര്‍ബന്ധമില്ല. ഇവിടെയിതായിരുന്നു കാരണം.’

പൂച്ചയപ്പോള്‍ പോകാതിരിക്കുകയായിരുന്നു.

‘കോടതിക്കുള്ളില്‍ പൂച്ചവരുന്നത് അപശകുനമാണ് അതിനെ ഓടിക്കണം.....’

പുറകിലിരുന്ന ആള്‍ അടുത്തആളോട് ഒതുക്കത്തില്‍ പറഞ്ഞു.

‘ശരിയാ...പൂച്ചയെ അധികം സ്‌നേഹിക്കരുത്. സ്‌നേഹിച്ചാല്‍ അത് പാമ്പിനെവരെ നമ്മുടെ ബഡ്ഡില്‍ കൊണ്ടുവരും.’ മറ്റേ ആളപ്പോള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

പക്ഷെ രണ്ടുപേരും പൂച്ചയെ ഓടിക്കാന്‍ തയ്യാറാകുമെന്ന് തോന്നിയില്ല.

‘എപ്പോഴാണ് നിങ്ങള്‍ വിവരം അറിയുന്നത്?’

‘പുലര്‍ച്ചെ അഞ്ചരആയിട്ടുണ്ടാവണം. അപ്പോഴാണ് ഫോണ്‍ വന്നത്.’

‘സാധാരണ എത്രമണിക്കാണ് നിങ്ങള്‍ എണീക്കുന്നത്?’

‘സാധാരണ ഈ സമയത്ത് തന്നെയാണ്.’

‘ഫോണില്‍ എന്താണ് കേട്ടത്?’

‘ വേഗത്തില്‍ എത്തണം എമിലിക്ക് ബ്‌ളീഡിങ്ങാണന്ന്.

‘ അപ്പോള്‍ എന്തുചെയ്തു?’

‘ അപ്പോള്‍ത്തന്നെ പുറപ്പെട്ടു. ’

‘ എത്രമിനിട്ടെടുത്തു?’

‘ വെറും പത്ത് മിനിട്ട്. ’

‘ ചെല്ലുമ്പോള്‍ എന്താണ് കണ്ടത്?’

‘ അവര്‍ കുട്ടിയെ പുറെത്തെടുക്കുകയായിരുന്നു. ’

‘ അപ്പോള്‍ നിങ്ങളെന്തു ചെയ്തു? ’

‘ ഞാനുംകൂടി ചേര്‍ന്ന് കുട്ടിയെ എടുത്തു. ’

‘ അപ്പോള്‍ കുട്ടിക്ക് ശ്വാസമുണ്ടായിരുന്നോ? ’

‘ ഉവ്വ്.’

‘ ആരൊക്കെയായിരുന്നു അപ്പോള്‍ ലേബര്‍ റൂമില്‍? ’

‘ ഡോക്ടര്‍ ജാക്‌സനും ,ഹെഢ് നഴ്‌സ് എയ്ഞ്ചല്‍ ജോര്‍ജും, പിന്നെമോളി മാത്യുവും. ’

‘ ആരാണ് ഈ മോളി മാത്യു?’

‘ ലേബര്‍ റൂമിലെ സഹായിയാണ്. ’

‘ ഓഹോ! അതായത് അറ്റന്‍ഡര്‍... അവരായിരുന്നു കുട്ടിയെ എടുത്തതെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ? ’

‘ നിഷേധിക്കും. മറ്റുള്ളവര്‍ക്കൊപ്പം അവരുംകൂടിയുണ്ടായിരുന്നവെന്നാണ് പറഞ്ഞത് ’

‘ ഡോക്ടര്‍ ജാക്‌സന്‍ പീഡിയാട്രീഷനല്ലേ?’

‘ അതെ. ’

‘ അയാള്‍ക്കെന്താണ് ലേബര്‍ റൂമില്‍ കാര്യം?’

‘ ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളെ വിളിച്ചതാണ്. ’

‘ ഡോകടര്‍ ജാക്‌സനന്ന് അവധിയായിരുന്നുവെന്ന് രേഖയില്‍ കണുന്നുണ്ടല്ലോ? ’

‘ അറിയില്ല. ഞാന്‍ ചെല്ലുമ്പോള്‍ അയാളുമുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ’

ഹാളിലെ മുഴുവന്‍ ആളുകളും കണ്ണുരുട്ടി പൂച്ചയെ പേടിപ്പിച്ചിട്ടും പൂച്ചയപ്പോള്‍ ജനലരുകില്‍ ഇരുന്ന് എങ്ങോട്ട് തീറ്റയുമായിപ്പോകണമെന്ന് ആശയക്കുഴപ്പത്തിലായിരുന്നു. വന്ന വഴി പോകാനാകില്ല വളരെ പാടുപെട്ടാണ് വളരെ താഴ്ച്ചയില്‍ നിന്ന് ഈ ജനല്‍പ്പടിയിലെത്തീത്. ജനല്‍പ്പടിയിലും അല്പം ചോര വീണിരുന്നു. ജനലിനപ്പുറം വല്ലാത്ത ആഴമുണ്ടായിരുന്നു. ഒരുചാട്ടത്തിന് പൂച്ചക്ക് എത്താന്‍ പറ്റുന്നതിനുമപ്പുറം....അതവിടെ എങ്ങനെ എത്തീന്ന് എല്ലാവരും അത്ഭുതപ്പെട്ടു.

‘ അന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ? ’ കരിംപുലി അവരുടെ ഭാവങ്ങളിലേക്ക് നോക്കി.

‘ ഉണ്ട്.. അന്ന് ദുഃഖവെള്ളിയായിരുന്നു.’

‘ നിങ്ങള്‍ കൃസ്ത്യാനിയാണോ?’

‘ അതെ.’

‘ തലേന്ന് പള്ളില്‍ പോയോ? ’

‘ പോയിട്ടുണ്ടാവും ഓര്‍മ്മയില്ല. ’

‘ ഓര്‍ത്തുനോക്കു. ’

‘ ഉവ്വ് പോയി. ’

‘ പിറ്റേന്നോ? ’

‘ ഉവ്വ്.....പോയി. ’

പ്രതിഭാഗം കരിമ്പുലിയപ്പോള്‍ ചാടിയെണീറ്റു ചീറി.

‘ ഒബ്ജക്ഷന്‍...ഇതൊക്കെ ആവശ്യമില്ലാത്ത ചോദ്യങ്ങളാണ്. കോടതി ഇതു തടയണം. ’

‘ ശരി...വേണ്ട... ..അനുവദിക്കു... പറയട്ടേ... തുടരൂ...ഉം. ’

‘ വാദിഭാഗം കരിമ്പുലി തുടര്‍ന്നു.

‘ അന്ന് വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നോ?’

‘ ഉണ്ടായിരുന്നു.’

‘ ആരാണവര്‍?’

‘ എന്റെ അനുജത്തിയും മക്കളും. സ്റ്റേറ്റ്‌സിലാണവര്‍. ’

പൂച്ചയപ്പോള്‍ കുഞ്ഞെനെലിയുമായി ഹാളിലേക്ക് വീണ്ടും ചാടി ഭിത്തിയോട് ചേര്‍ന്ന് വേഗത്തിലോടി. പിന്നെയത് വരാന്തയിലെ കൂട്ടിയിട്ട തകര്‍ന്ന കട്ടവുട്ടറും ഫ്‌ളേക്‌സ് ബോര്‍ഡുകളുടേയും ഇടയിലേക്ക് കയറുന്നത് കണ്ടു. വീണ്ടുമത് വേഗത്തില്‍ പുറത്ത് വന്ന് മുഖത്തെ ചോരപ്പാട് കഴുകി വൃത്തിയാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു.

‘ശരി പുറത്തെടുത്ത കുട്ടിയെ അപ്പോളെന്തു ചെയ്തു?’

‘ ഞാനും ഡോക്ടര്‍ ജാക്‌സനും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.’

‘മറ്റുള്ളവര്‍ അപ്പോളെന്തു ചെയ്തു? ’

‘അവര്‍ എമിലിക്ക് സ്റ്റിച്ചിടുകയായിരുന്നു.’

‘എപ്പോഴാണ് കുട്ടിയെമെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത്?’

‘ഏതാണ്ട്് ഒമ്പതുമണിയായിക്കാണു.’

‘അതുവരെ നിങ്ങള്‍ കുട്ടിയുടെ അടുത്തുണ്ടായിരുന്നോ?’

‘ഇല്ല. കുട്ടിയെ രക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്ത് ഞാന്‍ വീട്ടിലേക്ക് പോന്നു.’

‘പിന്നെന്താണ് സംഭവിച്ചത്?’

‘ഒമ്പതുമണിക്ക് തിരികെ എത്തുമ്പോള്‍ കുട്ടിയുടെ മോശമായ ആരോഗ്യസ്ഥിതി കണ്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യുകയായിരുന്നു.’

‘ എന്നാണ് എമിലിയെ അഡ്മിറ്റ് ചെയ്തത്?’

‘പ്രസവത്തിന് നാല് ദിവസം മുമ്പ് രാത്രി എട്ടുമണിക്ക്.

‘എന്തായിരുന്നു കരണം.’

‘കടുത്ത പനിയും, പ്രഷറുമായിട്ട്.’

‘അവര്‍ വന്നത് ഡേറ്റായതുകൊണ്ടായിരുന്നില്ലേ?’

‘അല്ല.’

കരിമ്പുലി ഒരു കടലാസ്സ് തപ്പിയെടുത്ത് അവരെ കാണിച്ചിട്ട് പറഞ്ഞു.’

‘ നോക്കു ഇതില്‍ ഡേറ്റ് പറഞ്ഞിരിക്കുന്നത് 6-4-014 എന്നാണല്ലോ...അതായത് 2-4-2014-ന് നിങ്ങള്‍ എമിലിയെ അഡ്മിറ്റ് ചെയ്തു..’

‘ സ്കാനിംഗ് ഡേറ്റിന് കൃത്യതയില്ല. പ്രസവം അത് രണ്ടാഴ്ച പുറകോട്ടോ മുമ്പോട്ടോ പോകാം..ഞാന്‍ എമിലിയെ കിടത്തി ഉള്ള് പരിശോധിച്ചതാണ്. ഒരിഞ്ചുപോലും ഡെവലപ്പ്‌മെന്റ് കണ്ടില്ല.’

‘ എന്താണ് ഈ ഇഞ്ചുകണക്ക്.’

‘സാധാരണ പത്ത് ഇഞ്ചാണ് ഡലിവറി കണക്ക് അത് ദിവസങ്ങള്‍കൊണ്ടാണ് ആകുന്നത്.’

‘ശരി അപ്പോളെന്തു തോന്നി.’

‘ഡേറ്റാകാന്‍ ഇനിയും ഒരാഴ്ചകൂടി വേണമെന്ന്.’

പൂച്ചയപ്പോള്‍ തിരികെ വരുന്നത് കണ്ടു. ഇപ്പോളതിന്റെ വായില്‍ ഇരയില്ല. അതിനെ എവിടെയോ ഉപക്ഷിച്ചിട്ടുണ്ടാകണം. അത് പിന്നെയും ജനല്‍പ്പടിയില്‍ കേറിയിരുന്നു കരഞ്ഞു. മ്യാവൂ... വായില്‍ ഇരയില്ലാത്തതുകൊണ്ട് ഇപ്പോളതിനെ ആരും ശ്രദ്ധിച്ചില്ല. അപ്പോള്‍ പുറത്ത് മഴചാറ്റല്‍ തുടങ്ങീരുന്നു..പൂച്ചക്ക്‌മേലേക്ക് ചാറ്റല്‍മഴ തെറിച്ചിട്ടും അതനങ്ങാതിരുന്നു. പൂച്ച വീണ്ടും ആഴത്തിലേക്ക് ചാടുന്നത് കാണാന്‍ ആളുകള്‍ ആഗ്രഹിച്ചു.

‘എന്തു മരുന്നാണപ്പോള്‍ എമിലിക്ക് കൊടുത്തത്?’

‘ഓര്‍മ്മയില്ല കേസ് ഷീറ്റില്‍ നോക്കണം.’

‘എമിലിക്ക് അന്നേരം വേദനയുണ്ടന്ന് പറഞ്ഞിരുന്നോ?’

‘ഇല്ല..പനിയാണന്നാണ് പറഞ്ഞത്..നോക്കിയപ്പോല്‍ അത് ശരിയാണന്ന് കണ്ടു. അതാണ് കുട്ടി മഷികുടിക്കാന്‍ കാരണം.’

‘കുട്ടി മഷികുടിക്കുമെന്ന് നിങ്ങള്‍ക്കറിയാമായിരുന്നിട്ടും പിന്നെന്തുകൊണ്ട് സിസേറിയന്‍ ചെയ്ത് കുട്ടിയെ പുറത്തെടുത്തില്ല?’

‘ അതിനുള്ള സാഹചര്യം അവിടെ കണ്ടില്ല. എമിലിക്കപ്പോള്‍ വേദന തുടങ്ങീരുന്നില്ല.’

‘ഡോക്ടര്‍ പറഞ്ഞു എമിലിക്ക് കടുത്ത പനിയും പ്രഷര്‍ അബ്‌നോര്‍മാലിറ്റിയും ഉണ്ടായിരുന്നെന്ന്, അങ്ങനെയായാല്‍ മഷികുടിക്കാതെ കുട്ടിയെ നേരത്തെ സിസേറിയന്‍ വഴി പുറത്തെടുക്കണ്ടിയിരുന്നില്ലേ?’

‘ വേണ്ട. അങ്ങനെ മഷികുടിക്കണമെന്ന് നിര്‍ബന്ധമില്ല. പിന്നെ സിസേറിയാന്‍ ചെയ്താലും കുട്ടി മഷി കുടിക്കാം.’

‘എത്രവര്‍ഷത്തെ എക്‌സ്പിരിയന്‍സാണ് നിങ്ങള്‍ക്കുള്ളത്?’

മുപ്പത്തിയഞ്ച് വര്‍ഷത്തെ.’

‘ഇത്രയും പരിചയസമ്പത്തുണ്ടായിട്ടും കുട്ടി മഷികുടിച്ച് മരിച്ചത് പിടിപ്പുകേടല്ലേ?’

‘ഒരിക്കലുമല്ല. ആവുന്നവിധത്തിലെല്ലാം ഞാന്‍ ശ്രമിച്ചു. അത് എന്റെ ഡ്യൂട്ടിയാണ്.’

അവര്‍ കണ്ണെടയൂരി മുഖം തുടച്ചു.

പൂച്ചയപ്പോള്‍ താഴോട്ട് ചാടാതെ കരഞ്ഞുകൊണ്ട് ന്യായാധിപന്മാരുടെ പീഠത്തിനു പുറകിലൂടെ ഓടി. അവര്‍ പൂച്ചയെ ശ്രദ്ധിക്കാതെ എഴുതിക്കൊണ്ടേയിരുന്നു. അപ്പുറം കോടതിഓഫീസാണ്...അതിനുള്ളിലൂടെയും പൂച്ചഅനായാസം നടക്കുന്നതുകണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. ആരുമതിനെ ഓടിച്ചു വിടാനോ,തൊഴിച്ച് മാറ്റാനോ ശ്രമിച്ചിരുന്നില്ല. എങ്കിലും പൂച്ച ആളുകള്‍ക്കിടയിലൂടെ ചാടിമാറി നടന്ന്് അത് വീണ്ടും അവരുടെ പുറകില്‍ വന്ന് കുത്തിയിരുന്നു. മുഖം തുടക്കാന്‍ തുടങ്ങി. ഇപ്പോളതിനെ ആളുകള്‍ ഗൗനിച്ചില്ല. അതെവിടെയങ്കിലുമിരിക്കട്ടെ എന്ന് കരുതി.

‘നോക്കൂ ....’

മറ്റോരു പേപ്പര്‍ തപ്പിയെടുത്ത് കരിമ്പുലി വായിച്ചിട്ട് പറഞ്ഞു. ‘കേസ് ഷീറ്റില്‍ പ്രസവിത്തിനാണന്ന് രേഖപ്പെടുത്തിരിക്കുന്നല്ലോ. പക്ഷെ ഡോക്ടര്‍ പറയുന്നു. പനിയും പ്രഷറുമായിരുന്നെന്ന്.എതാണ് ശരി?’

‘രണ്ടും ശരിയാണ്.’

‘നിങ്ങള്‍ പറഞ്ഞു പുലര്‍ച്ചേ അഞ്ചുമണിയോടെയാണ് കുട്ടിയെ പുറത്തെടുത്തതെന്ന്. തലേന്ന് രാത്രി ഒമ്പതു മണിക്ക് എമിലിക്ക് ബ്‌ളീഡിംഗ് തുടങ്ങിയതയായി ഫോണ്‍ വന്നില്ലേ?’

‘ആ സമയം ഞാന്‍ അങ്ങോട്ട് വിളിച്ച് എമിലിയെപ്പറ്റിച്ചോദിച്ചപ്പോള്‍ ബ്‌ളീഡിംഗാണന്ന് ഹെഡ് നഴ്‌സാണ് പറഞ്ഞത്.’

‘അത് ശരിയായിരുന്നില്ലേ. പിന്നെന്തുകൊണ്ട് ഡോക്ടര്‍ അന്നേരം പോയില്ല?’

‘അല്ല..ഹെഡ്ഡ് നഴസ് പരിശോധിച്ചപ്പോള്‍ അങ്ങനെയല്ലന്നും ചെറിയ ഡിസ്ചാര്‍ജാണന്നുമാണ് പറഞ്ഞത്.’

‘പിന്നെയാരാണ് ബ്‌ളീഡിംങ്ങാണന്ന് പറഞ്ഞത്?’

‘എമിലിപറഞ്ഞൂന്ന് ഹെഡ്‌നഴ്‌സ് അറിയിക്കുകയായിരുന്നു.’

ഏതോ ഇരയെ വീണ്ടും കണ്ടിട്ടാവണം പൂച്ചയപ്പോള്‍ ജനലില്‍ക്കേറിയിരുന്ന് പുറത്തെ ആഴത്തിലേക്ക് ചാടുന്നതു കണ്ടു. അപ്പോള്‍ പൂച്ചക്ക് എത്ര ഉയരത്തീന്നും ചാടാനുള്ള കഴിവുണ്ടന്നും, മാത്രമല്ല എത്ര ഉയരത്തീന്ന് ചാടിയാലും നാലുകാലില്‍ പൂച്ച ബാലന്‍സ് ചെയ്യുമെന്നും ആളുകളോര്‍ത്തു. അതിനെ ഓടിച്ചില്ലങ്കില്‍ മറ്റൊരു ഇരയുമായി പൂച്ച വീണ്ടും വരുമെന്നും അവര്‍ വ്യാകുലപ്പെട്ടു. അങ്ങനെ കോടതിമുറി വീണ്ടും ചോരയായേക്കാം. പക്ഷെ നിശ്ബദതയില്‍ ബന്ദിക്കപ്പെട്ട് പോയ അവര്‍ നിവൃത്തികെട്ട് ഇരുന്നു.

കരിംപുലി ഫയലഴിച്ച് നോക്കി ചോദിച്ചു.

‘ബ്ലീഡിങ്ങാണന്നറിയിച്ചിട്ടും നിങ്ങള്‍ ചെന്നില്ലന്നാണല്ലോ എമിലിപറയുന്നത്.’

‘ബ്‌ളീഡിങ്ങല്ല. ഡിസ്ചാര്‍ജാണ് അതില്‍ രക്തമുണ്ടായിക്കാണാം. അതിന് കുട്ടിക്ക് കുഴപ്പം വരണമെന്നില്ല.തലേന്നും യാതൊരു വക ഡെവലപ്പ്‌മെന്റും എമിലിയില്‍ കണ്ടില്ല.’

അത്ഭുതം

പൂച്ചയപ്പോള്‍ ജനല്‍പ്പടിയിലേക്ക് വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. ഇപ്പോളതിന്റെ വായില്‍ ഒരു തൂക്കണാംകുരുവി ചിറകറ്റ് കിടക്കുന്നു. പെട്ടന്നത് പഴയതുപോലെ വീണ്ടും അകത്തേക്ക് ചാടി അവരുടെ പുറകില്‍ ഇരുപ്പറപ്പിച്ചു.

അതിനെ കളിപ്പിക്കാന്‍ എത്രനോക്കിയിട്ടും പൂച്ചക്ക് പറ്റിയില്ല. അന്നേരം അത് ചത്തതായിക്കണ്ട് അതിനേയുമെടുത്തുകൊണ്ട് പൂച്ച ന്യായാധിപന്മാര്‍ക്ക് പുറകിലെക്ക് പോയി് അവിടെക്കിടന്നു. ഇപ്പോള്‍ ആളുകള്‍ക്ക് അതിനെ കാണാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ചിന്തിച്ചു പൂച്ച അതിനെ തിന്നുകയായിരിക്കും.

‘ദാറ്റ്‌സ് ഓള്‍ യുവറോണര്‍..ഇവിടെ പ്രതി കുറ്റക്കാരിയാണന്നും,ഡ്യൂട്ടിയിലെ പിഴവാണ് കുട്ടിമരിക്കാന്‍ കാരണമെന്നും അസന്നിഗ്ദമായിതെളിഞ്ഞിരിക്കുന്നു. അതിനാല്‍ എന്റെ കക്ഷിക്ക് ഉപഭോക്തൃനിയമം വഴി നഷ്ടപരിഹാരമായി പത്ത് ലക്ഷം കൊടുക്കാന്‍ ബഹുമാനപ്പെട്ട ഫോറം ഉത്തരവാകണമെന്ന് ദയവായി അപേക്ഷിക്കുന്നു.’

കരിമ്പുലി ശ്വാസം ശക്തിയില്‍ തള്ളി ബഞ്ചിലേക്കിരുന്ന് വിയര്‍പ്പു തുടച്ചു. അപ്പോളയാളുകാലില്‍ ആരോതൊട്ടതായി തോന്നി. നോക്കുമ്പോള്‍ പൂച്ചയാണ്. അയാളതിനെ തൊഴിച്ചുവിട്ടു. ‘പോ..പൂച്ചേ.!’

പ്രതിഭാഗം വക്കീലപ്പോള്‍ എഴുന്നേറ്റ് ശക്തമായി അപലപിച്ചു.

‘ഒബ്ജക്ഷന്‍ യുവറോണര്‍. എന്റെ കക്ഷിയുടെ അന്തസ്സും, മാന്യതയും നോക്കാതെ ഇതുവരെ ആക്ഷേപകരമായി ചേദിച്ചതൊക്കെ തള്ളണം.. മാത്രമല്ല എനിക്ക് ചിലകാര്യങ്ങള്‍ക്കൂടി ചോദിച്ച് എന്‍െറ കക്ഷിയുടെ നിസ്സാഹായത കോടതിക്ക് ബോദ്ധ്യമാകണമെന്ന് അപേക്ഷിക്കുന്നു.’

‘പ്രോസീഡ്..’

‘തലേന്ന് രാത്രി ഡോക്ടര്‍ എന്തിനാണ് ഹോസ്പിറ്റലിലേക്ക് വിളിച്ച്ത്?’

‘എമിലിയുടെ സ്ഥിതി അറിയാന്‍.’

ങേ ! പൂച്ച ഇരയെ തിന്നിരുന്നില്ല. ഇക്കുറി പക്ഷിക്കുഞ്ഞിനേയുമെടുത്ത് വീണ്ടും പൂച്ച അവരുടെ പുറകിലിട്ട് വീട്ടും കളിപ്പിക്കാന്‍ നോക്കുകയാണ്. അതിന് ജീവനുണ്ടോന്ന് വീണ്ടും വീണ്ടും തട്ടി തട്ടി നോക്കുകയാണ്.

ഈ പൂച്ചയിവിടെ ആദ്യമാണ്. ആദ്യം എലിക്കുഞ്ഞ് പിന്നെ പക്ഷിക്കുഞ്ഞ്. ആരോ പറയുന്നത് കേട്ടു അയാള്‍ സ്ഥിരം വരവുള്ള വക്കിലായിരിക്കണം.

ഈ പൂച്ച ഇത്ര ഉയത്തിലേക്ക് കഷ്ടപ്പെട്ട് ഇങ്ങനെ കേറിവന്നിട്ട് എന്തിനാണിങ്ങനെ ചെയ്യുന്നത്. അത് കോടതിമുറീമുഴുവന്‍ ചോരയാക്കിയിട്ടും മതിവരാതെ ഓരോന്നുചെയ്യുകയാണ്.. ഇതിനെ ആര്‍ങ്കിലുമൊന്ന് ഓടിച്ചുവിട്ടാലെന്താണ്. പൂച്ച ഇത്തവണ അനങ്ങാതിരുന്ന് ഓരോരുത്തരേയും മാറിമാറിനോക്കാന്‍ തുടങ്ങി. അപ്പോള്‍ ആളുകള്‍ അതിനെ ഇഷടപ്പെടാത്തരീതിയില്‍ എന്തൊക്കയോ പറഞ്ഞുകൊണ്ട് ഓടിച്ചുവിടാന്‍ നോക്കി. അതിന് കഴിയാത്തതിന്റെ നിസ്സാഹായത എല്ലാവരിലുംകണ്ടു. കാരണം കോടതിയില്‍ മാന്യതയും, നിശബ്ദതയും പ്രധാനമാണ്.

‘എന്നിട്ട് എന്താണറിഞ്ഞത്?’

‘എമിലിക്ക് ഡിസ്ചാര്‍ജ് കണ്ടൂന്ന്.’

~‘അന്നേരം ഡേക്ര്‍ എന്തു പറഞ്ഞു? ’

‘ശ്രദ്ധിക്കണമെന്ന്. ആവശ്യമുണ്ടെങ്കില്‍ രാത്രി എന്നെ വിളിക്കണമെന്നും പറഞ്ഞേപ്പിച്ചു.’

‘പിന്നെ എപ്പോഴാണ് വിവരം അറിയുന്നത്?’

‘പുലര്‍ച്ചേ അഞ്ചരക്ക്.’

‘ആരാണ് വിളിച്ചത്?’

‘ഹെഡ് നഴ്‌സ്.’

‘എന്താണ് അറിയിച്ചത്?’

‘വേഗം ചെല്ലണമെന്നും എമിലി അറ്റ് റിസ്ക്കിലാണന്നും..’

‘ഡോക്ടര്‍ എന്തു ചെയ്തു?’

‘അപ്പത്തന്നെ പുറപ്പെട്ടു.’

‘ചെല്ലുമ്പോള്‍ എന്തുകണ്ടു?’

‘ഡോക്ടര്‍ ജാക്‌സനും, ഹെഡ്‌നഴ്‌സും ചേര്‍ന്ന് കുട്ടിയെ എടുക്കുന്നത്.’

‘ഡോക്ടര്‍ എന്തു ചെയ്തു?’

‘ഞാനുങ്കൂടി ചേര്‍ന്ന് കുട്ടിയെ എടുത്തു.’

‘എപ്പോഴാണ് കുട്ടി മഷികുടിച്ചതായി കണ്ടത്?’

‘മഷികുടിച്ച കുട്ടിയെ ആണ് ഞങ്ങള്‍ പുറത്തെടുത്തത്.’

‘കുട്ടിയെ രക്ഷിക്കാന്‍ എന്തൊക്കെ ചയ്തു?’

‘ആവുന്നതെല്ലാ ചെയ്തു ഞാനും ഡോക്ടര്‍ ജാക്‌സനും ചേര്‍ന്ന്’.

‘ദാറ്റ്‌സ് ഓള്‍... ഇവിടെ എന്റെ കക്ഷി ഡ്യൂട്ടികൃത്യമായി നിര്‍വഹിച്ചിട്ടും കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയാണ്. ആയതിനാല്‍ ഇവിടെ എന്റെ കക്ഷി നിരപരാധിയാണന്ന് തെളിഞ്ഞതിനാന്‍ എന്റെ കക്ഷിക്കുണ്ടായ കഷ്ടനഷ്ടത്തിന് മറുകക്ഷിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നും ബഹുമാനപ്പെട്ട ഫോറം മുമ്പാകെ വിനീതമായി അപേക്ഷിക്കുന്നു.’

‘യെസ്...യെസ്....’ വാദിഭാഗം കരിമ്പുലി ചാടി എഴുന്നേറ്റു.

‘ഇപ്പോള്‍ കോടതിക്ക് കാര്യങ്ങള്‍ തികച്ചും വ്യക്തമായന്ന് വിശ്വസിക്കുന്നു. അതായത് ഡ്യൂട്ടിയിലില്ലാതിരുന്ന പീഡിയാട്രീഷനായ ഡോക്ടര്‍ ജാക്‌സനെങ്ങനെ പാതിരാത്രി സമയത്ത് ഹോസ്പിറ്റലില്‍ എത്തി. അതിനര്‍ത്ഥം രാത്രിമുഴുവന്‍ എമിലി ക്രൈസിസിലായിരുന്നുവെന്നല്ലേ.....ആരും നോക്കാനില്ലാതെ!’

പൂച്ചയപ്പോള്‍ ചത്ത പക്ഷിക്കുഞ്ഞിനെയും മെടുത്ത് ജനലിലൂടെ പുറത്തേ ആഴത്തിലേക്ക് അതിവേഗം ചാടുന്നതാണ് കണ്ടത്. പക്ഷെ ആളുകള്‍ക്ക് അറിയാമായിരുന്നു എന്നാലുമത് നാലുകാലില്‍ വളരെ കൃത്യമായി ബാലന്‍സ് ചെയ്യുമെന്ന്.

ആളുകളപ്പോള്‍ ചിന്തിക്കയായിരുന്നു ദൈവമേ ....ഇനിയെപ്പോഴാണോ ആവോ അത് വീണ്ടും വരിക.

******

ജോസ് പാഴൂക്കാരന്‍,

പാടിച്ചിറ. പി.ഒ,
പുല്‍പ്പള്ളി 673579, വയനാട്,
ഫോണ്‍, 9495532101, 9061215783

email:pazhukaran@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code