Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസ്ത്യാനികളും വീഞ്ഞും (വാല്‍ക്കണ്ണാടി: കോരസണ്‍)

Picture

വീഞ്ഞിന്റെ സുവിശേഷം; ലഖൈമ്മ്!!!

ഈ വര്‍ഷവും താങ്ക്‌സ്ഗിവിങ്ങ് ദിനത്തിലെ അത്താഴത്തിനു അയല്‍ക്കാരന്‍ സ്‌കോട്ട് ഞങ്ങളെ ക്ഷണിച്ചപ്പോള്‍ അല്‍പ്പം പരുങ്ങല്‍ ഉണ്ടാകാതിരുന്നില്ല. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം ഉള്ള കൂട്ടത്തിലേക്കു ഞങ്ങളെ ക്ഷണിച്ചത്, ഞങ്ങളുടെ മക്കള്‍ തമ്മില്‍ ഉള്ള സുഹൃത്ബന്ധവും, അടുത്ത ചങ്ങാത്തവും കൊണ്ടായിരിക്കാം. യഹൂദന്മാരുടെ ആ കൂട്ടത്തില്‍ ഒറ്റയ്ക്ക് ആകുന്നതില്‍ പ്രയാസം ഉണ്ടാകാം എന്ന് സംശയിക്കാതിരുന്നില്ല. ഏതായാലും ക്ഷണം സ്വീകരിച്ചു ഞങ്ങള്‍ പോയി. കുറെ വര്ഷങ്ങളായിട്ടു ഉള്ള പരിചയം ആയതിനാല്‍, സ്‌കോട്ടും ഓഡ്രിയും കുഴപ്പമില്ലാതെ കരുതും എന്ന ഒരു ആത്മവിശ്വാസം തന്ന ചെറിയ പ്രതീക്ഷയുമായിട്ടാണ് അവരുടെ വീട്ടില്‍ എത്തിയത്.

മക്കള്‍ ചെറു പ്രായത്തില്‍ മുതല്‍ സോക്കര്‍, ബാസ്കറ്റ്ബാള്‍ ഒക്കെ കളിക്കുന്നുണ്ടായിരുന്നതുകൊണ്ട് അവരുടെ ഹൈസ്കൂള്‍ പഠനം തീരുന്നതുവരെ, മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പ്രാക്ടീസ് അല്ലെങ്കില്‍ ഗെയിം ഇങ്ങനെ നിലക്കാത്ത ഓട്ടങ്ങള്‍ തന്നെയായിരുന്നു. ഇപ്പോള്‍ അവര്‍ വിവിധ കോളേജുകളില്‍ താമസിച്ചു പഠിക്കയാണ്,എന്നാലും സൗഹൃദത്തിന് കോട്ടം വന്നിട്ടില്ല. സ്കൂളിലെ ഗെയിംസ് അല്ലെങ്കില്‍ ലോക്കല്‍ ക്ലബ്ബിലെ കളികള്‍ക്ക് പങ്കെടുത്ത വര്‍ഷങ്ങള്‍ ആയുള്ള നിരന്തര ഓട്ടങ്ങള്‍, അതിനിടെ പരിചയപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍, കോച്ചുകള്‍ ഒക്കെ അമേരിക്കയുടെ മനസ്സിനെ അടുത്തറിയാന്‍ ഉപകരിച്ചു എന്ന് വേണം കരുതാന്‍. അങ്ങനെ അടുത്ത് ഇടപെട്ട ഒരു കുടുംബം ആയിരുന്നു സ്‌കോട്ടും ഓഡ്രിയുടെയും. ഓഡ്രിയുടെ പിതാവ് വാറന്‍, 'അമ്മ ലാറി, അവരുടെ മറ്റു മക്കള്‍, അടുത്ത ചില കസിന്‍സ് ഒക്കെ വിര്‍ജീനിയയില്‍ നിന്നും ഫ്‌ലോറിഡയില്‍നിന്നും ഒക്കെ ഈ അത്താഴത്തിനായി ന്യൂയോര്‍ക്കിലേക്കു പറന്നു എത്തിയതാണ്. അമേരിക്കക്കാരെ സംബന്ധിച്ചു താങ്ക്‌സ്ഗിവിങ്ങ് ദിനത്തിലെ ഒത്തുചേരല്‍ വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികള്‍ക്ക് പ്രായമുള്ളവരുടെ ഈ ഒത്തുചേരലില്‍ അത്ര സന്തോഷം ഒന്നും ഇല്ല എന്ന് മനസ്സിലായി, കിട്ടിയ സമയം കൊണ്ട് അവര്‍ പട്ടികളെയും കൊണ്ട് നടക്കാന്‍ പോയിരുന്നു. മകന്‍ കോള്‍ട്ടന്‍, മറ്റുകുട്ടികളോട്കൂടി തിരക്കുപിടിച്ചു പുറത്തേക്കു ഇറങ്ങി ഓടുമ്പോള്‍ കൈതട്ടി ഒരു അലങ്കാര ചിത്രം അടുത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ വീഴുകയും, അത് ശ്രദ്ധിക്കാതെ കുട്ടികള്‍ ഇറങ്ങി ഓടുകയുമായിരുന്നു. പിറകില്‍ നിന്ന് മുത്തച്ഛന്‍ വാറന്‍ വിളിച്ചത് കേള്‍ക്കാതെ ഓടിയതില്‍ അദ്ദേഹം അക്ഷോഭ്യനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കോള്‍ട്ടണ്‍ തിരികെ എത്തിയപ്പോള്‍ 'അമ്മ ഓഡ്രി അവനോടു പറഞ്ഞു, നിന്റെ മുത്തച്ഛന്‍ അപകടം കണ്ടില്ലായിരുന്നെങ്കില്‍ ഈ വീട് മുഴുവന്‍ നിമിഷം കൊണ്ട് കത്തുമായിരുന്നു, ഒരു നിമിഷത്തെ തിരക്കും അശ്രദ്ധയും വലിയ അപകടമാണ് ഉണ്ടാക്കുന്നത് എന്ന് ഉച്ചത്തില്‍ തന്നെ പറഞ്ഞു മനസ്സിലാക്കി. കോള്‍ട്ടന്‍ മുത്തച്ഛനോടു വിനീതനായി ക്ഷമ ചോദിച്ചത് യാതൊരു മടിയും കൂടാതെയായിരുന്നു.

അതിനിടെ ഓഡ്രിയുടെ കസിന്‍ സൂസന്‍ ഫോണില്‍ ഇറ്റലിയിലുള്ള കൊച്ചുമകളുമായി സംസാരിക്കുകയായിരുന്നു, അല്‍പ്പം വൈന്‍ കഴിച്ചതിനാലാകാം അവര്‍ വളരെ വികാരാധീന ആയിരുന്നു. അമ്മയും കുട്ടിയും തമ്മില്‍ ഫോണിലൂടെയുള്ള മുഖാമുഖം ഓരോരുത്തരെയും കാണിച്ചുകൊണ്ടേയിരുന്നു. പതിനേഴാമത്തെ വയസ്സില്‍ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ പഠിക്കാന്‍ പോയതാണ് മകള്‍, അവിടെ വിവാഹം ചെയ്തു താമസിക്കുകയാണ്, തിരിച്ചു അമേരിക്കയിലേക്ക് വരുന്നില്ല. അതിന്റെ സങ്കടം കണ്ണുകളില്‍ നിഴലിച്ചിരുന്നു. നിങ്ങളുടെ 'അമ്മ എവിടെയാണ്?, ഓ, ഇന്ത്യയില്‍ താമസിക്കയല്ലേ, അപ്പോള്‍ അവര്‍ക്ക് എന്റെ സങ്കടം മനസ്സിലാക്കാന്‍ സാധിക്കും അവരുടെ കണ്ണുകളില്‍ ബാഷ്പബിന്ദുക്കള്‍ നക്ഷത്രങ്ങള്‍ പോലെ തുടിച്ചു നിന്നിരുന്നു. എറിക്കും നാഥാനും അറ്റ്‌ലാന്റയില്‍ അവര്‍ വളര്‍ത്തുന്ന പൂച്ചകളുടെയും പട്ടിയുടെയും വിശേഷങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ വാറന്‍ എന്റെ സഹധര്‍മ്മിണിയോട് ഇന്ത്യയിലെ ആയുര്‍വേദ ചികിത്സയെയും, യോഗയെയും പറ്റി നിര്‍ത്താതെ സംസാരിക്കുകയായിരുന്നു.

ഡിന്നര്‍ തയ്യാറായി എന്ന് സ്‌കോട്ട് വിളിച്ചു പറഞ്ഞു, എല്ലാവരും അത്താഴ മേശക്കു ചുറ്റും ഇരുന്നു. ഓഡ്രി ഓരോരുത്തര്‍ക്കും ഉള്ള വൈന്‍ ഗ്ലാസ്സുകളില്‍ പകര്‍ന്നു വച്ചു. വല്യമ്മ ലാറി ഉച്ചത്തില്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, പരമ്പരാഗതമായ അവരുടെ ചടങ്ങുകള്‍ ആരംഭിച്ചു. ഓരോരുത്തരായി അവരവര്‍ക്കു പ്രീയപ്പെട്ട കാര്യങ്ങള്‍ നടന്നതിന് ഈശ്വരനോട് നന്ദി പറയാന്‍ തുടങ്ങി. ഓരോരുത്തര്‍ നന്ദി പറഞ്ഞുകഴിയുമ്പോളും വൈന്‍ ഗ്ലാസ് ഉയര്‍ത്തി "ല ഖൈമ്മ് " (ഘ 'ഇവമശാ ) എന്ന് ഹീബ്രൂ വാക്കു ഉച്ചത്തില്‍ പറഞ്ഞു ഗ്ലാസ്സുകള്‍ മുട്ടിച്ചു ടോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അവിചാരിതമായി ഉണ്ടായ ഹൃദയാഘാതത്തില്‍ നിന്നും തലനാരിഴടക്കു രക്ഷപെട്ട ഈയുള്ളവന്റെ നന്ദി പറച്ചില്‍, അത് നേരിട്ട് ഉയരങ്ങളില്‍ ഉള്ള പിതാവിനോട് ഹൃദയം തുറന്നത് ആയതുകൊണ്ടാകാം ഉച്ചത്തിലാണ് എല്ലാവരും 'ലഖൈമ്മ്' ടോസ്റ്റിഗ് നടത്തിയത്. എന്തായാലും ഈ 'ലഖൈമ്മ്' എന്ന ഹീബ്രൂ പദം അറിയാതെ മനസ്സില്‍ കയറിപറ്റി. ഏറ്റവും ഒടുവില്‍ നന്ദി പറയാന്‍ ഉള്ളത് ലാരിവല്ല്യമ്മ ആയിരുന്നു. അവര്‍ ഗദ്ഗദഖണ്ഡയായി കണ്ണടച്ച്‌കൊണ്ടു തേങ്ങി. എന്തൊക്കെയോ സങ്കടങ്ങളുടെ കുത്തൊഴുക്ക് മുഖത്തു കാണാമായിരുന്നു. ഇത്രനാള്‍ അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ്ങ് ആഘോഷിച്ചതിലും ഏറ്റവും മനസ്സുകൊണ്ട് തൃപ്തി തോന്നിയ ഒരു ദിവസമായി അത് മാറുകയായിരുന്നു.

ഡിന്നറിനുശേഷം വല്യപ്പന്‍ വാറന്‍ 'ലഖൈമ്മ്' എന്ന വാക്കിന്റെ അര്‍ഥം " റ്റു ലൈഫ് " അഥവാ 'ജീവനു വേണ്ടി' എന്നാണെന്നു വിശദീകരിച്ചു. അത് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഒരു യഹൂദ പാരമ്പര്യമാണ്. ഏദന്‍ തോട്ടത്തിലെ അറിവിന്റെ വൃക്ഷം മുന്തിരിവള്ളി ആയിരുന്നത്രേ. അത് മരണമാണ് മനുഷ്യന് സമ്മാനിച്ചത് . മഹാ പ്രളയത്തിന് ശേഷം നോഹ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി, പിന്നെ ഉണ്ടായ നാണക്കേട് ബൈബിളിലെ ഉത്പത്തിപ്പുസ്തകത്തില്‍ 9 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. 19 ആം അധ്യായത്തില്‍ മകന്‍ ലോത്ത് മദ്യപിച്ചു മകളോടൊപ്പം ശയിച്ച അതി ദാരുണമായ കഥയും ഒക്കെ നിഷേധാത്മകമായ ജീവിത അനുഭവം ആണ് കാണിച്ചു തരുന്നത്, അതുകൊണ്ട് ഇനിയും മരണമല്ല, നല്ല ഒരു ജീവിതത്തിനായി ആശംസിക്കാം എന്നാണ് 'ലഖൈമ്മ്' കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊലക്കുറ്റത്തിനുള്ള വിചാരണക്ക് ശേഷം തൂക്കിക്കൊല്ലാനുള്ള വിധി പ്രസ്ഥാപിക്കുന്നതിനു മുന്‍പ്, ജൂതന്മാരുടെ കോടതിയില്‍, ന്യായാധിപന്‍, വിധികര്‍ത്താക്കളുടെ സമിതിയോട് അവസാനമായി ചോദിക്കുമായിരുന്നു. 'അല്ലയോ മാന്യരേ, അന്യായക്കാരനെ എന്ത് ചെയ്യണം?' അവന്‍ തുടര്‍ന്ന് ജീവിക്കാനാണ് അവര്‍ തീരുമാനിക്കുന്നതെങ്കില്‍ ''ലഖൈമ്മ്" അഥവാ 'റ്റു ലീവ് ' എന്ന് പറഞ്ഞു വീഞ്ഞ് പാത്രം ഉയര്‍ത്തി ടോസ്റ്റ് ചെയ്യും. മരിക്കണം എന്നാണ് അവരുടെ അഭിപ്രായമെങ്കില്‍ "ലമിഥാ" അഥവാ 'റ്റു ഡെത്ത് ' എന്നും പറയണം. "ലമിഥാ "ആണെങ്കില്‍ കുറ്റവാളിയെ വീര്യമുള്ള വീഞ്ഞ് കുടിപ്പിച്ചു കൊല്ലാനായി കൊണ്ടുപോകും. അത്തരം ഒരു സാഹചര്യം ജീസസിന്റെ വിചാരണയിലും സംഭവിച്ചിരുന്നല്ലോ (ലൂക്കോസ് 24 :22 ). യഹൂദ വിശ്വാസം അനുസരിച്ചു വീണ്ടെടുപ്പിനായി (ങീവെശമരവ) മ്ശിഹാ വരുമ്പോള്‍, മഹത്വത്തിന്റെ വിരുന്നില്‍ വീഞ്ഞ് ഉയര്‍ത്തി ''ലഖൈമ്മ്" പറയണം.

യഹൂദന്മാര്‍ അവരുടെ സുന്നഗോഗുകളില്‍ വീഞ്ഞു ശേഖരിച്ചിരുന്നു. യഹൂദ മതത്തിന്‍റെ കൈവഴിയായി പുറത്തുവന്ന ക്രിസ്തുമതം വീഞ്ഞിന്റെ കാര്യത്തില്‍ അതേ പാരമ്പര്യം തുടരുകയായിരുന്നു. കാനായിലെ വിവാഹ വിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുത പ്രതിഭാസം സുപരിചിതമാണല്ലോ. ക്രിസ്തു വീഞ്ഞു നിറച്ച പാനപാത്രം എടുത്തു വാഴ്ത്തി: 'ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍' (ലൂക്കോസ് 22: 17). യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; എന്നാല്‍ തിന്നിയും കുടിയനുമായ മനുഷ്യന്‍; എന്നു എതിരാളികള്‍ യേശുവിനെപ്പറ്റി പറഞ്ഞു. (മത്തായി 11:19 ). ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിനും വീഞ്ഞു പ്രധാനമായിരുന്നു. വീഞ്ഞിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി തിമൊഥെയൊസ് 1 അദ്ധ്യായം 5:23 ല്‍ പറയുന്നു 'മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക'. എന്നാല്‍ അമിത മദ്യപാനത്തെപ്പറ്റി വളരെ രൂക്ഷമായിത്തന്നെ ബൈബിളില്‍ പറയുന്നു 'വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ' (എഫെസ്യര്‍ അദ്ധ്യായം 5:18 ).

വേദപുസ്തകത്തില്‍ 247 ഇടങ്ങളില്‍ മദ്യത്തെപ്പറ്റി പറയുന്നു, 40 ഇടങ്ങളില്‍ അതിന്റെ ദൂഷ്യത്തെപ്പറ്റിയും 145 ഇടങ്ങളില്‍ അനുഗ്രഹമായിട്ടും 62 ഇടങ്ങളില്‍ നിഷ്പക്ഷമായിട്ടും പരാമര്‍ശിക്കുന്നു. വളരെ കരുതലോടെ ഉപയോഗിക്കേണ്ട സംഗതിയാണ് വീഞ്ഞ് എന്നും, ആത്മനിയന്ത്രണം അത്യാവശ്യമാണെന്നും വിവിധ ഇടങ്ങളില്‍ വേദപുസ്തകം കാട്ടിത്തരുന്നുണ്ട് . ക്രിസ്ത്യന്‍ പള്ളികളുടെ പുറത്തും, വിശുദ്ധ സ്ഥലങ്ങളിലും പുരോഹിതരുടെ കുപ്പായങ്ങളിലും മുന്തിരിവള്ളി ചിത്രീകരിച്ചിരിക്കുന്നത്! കാണാറുണ്ടല്ലോ. പാരമ്പര്യ ക്രിസ്ത്യാനികള്‍ ആഘോഷമായിത്തന്നെ വീഞ്ഞ് ഉയര്‍ത്തി 'ലഖൈമ്മ്' പാനോപചാരം അര്‍പ്പിക്കുന്നത്, ആരാധനയില്‍ പങ്കാളികളായവര്‍ക്കുള്ള അനുഗ്രഹത്തിനും നിത്യ ജീവന്‍ നല്‍കുന്ന അനുഭവത്തിനും വേണ്ടിയാണ്.

െ്രെകസ്തവവിശ്വാസപ്രകാരം വീഞ്ഞ് ദൈവത്തിന്റെ വരദാനമാണ്. ലോകത്തിന്റെ പാപത്തെ തുടച്ചുകളയുവാന്‍ തന്റെ സ്വന്ത പുത്രനെ ബലിയായി നല്‍കിയ ദൈവത്തിന്റെ വലിയ സ്‌നേഹമാണ് വീഞ്ഞ് നല്‍കുന്ന അടിസ്ഥാന സന്ദേശം എന്നാണ് പൗരാണിക ക്രിസ്ത്യന്‍ സഭകളുടെ മതം. അതിലൂടെ ദൈവകോപത്തിന്റെ മുള്‍ശിഖിരങ്ങള്‍ മാറ്റി, വിശ്വസിക്കുന്നവര്‍ക്ക് മരുഭൂമിയിലെ നീരുറവയായി മാറുകയാണ് വീഞ്ഞിന്റെ കാല്പനിക സങ്കല്‍പം. അതുകൊണ്ടു വീഞ്ഞ് ഉപയോഗിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് പുതിയ ജീവന്റെ തുടിപ്പിന്റെ പ്രതീകമാണ്.

കാറില്‍ കയറാന്‍ തുടങ്ങുന്നതുവരെ വാറന്‍മുത്തച്ഛന്‍ ഒപ്പം വന്നു. ഇലപൊഴിച്ചിലിന്റെ കാലമായതിനാല്‍ കരീലകൂട്ടങ്ങള്‍ക്കിടയിലുള്ള കുഴികള്‍ ശ്രദ്ധിച്ചു നടക്കണമെന്ന് ഓര്‍മ്മപ്പെടുത്തി. 'നിങ്ങളുടെ നാട്ടില്‍ മദ്യപാനം ഒരു പ്രശ്‌നമാണെന്ന് കേട്ടിരിക്കുന്നു' , വാറന്‍ കാറിന്റെ ഡോര്‍ അടച്ചുകൊണ്ടു പറഞ്ഞുനിറുത്തി. കേരളം, ലോക മദ്യപന്മാരുടെ ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട വിവരം വാറന്‍ എങ്ങനെ അറിഞ്ഞു എന്ന് അതിശയിച്ചു നില്‍ക്കുമ്പോള്‍ കാറിന്റെ അകത്തെ കടുത്ത തണുപ്പിലേക്ക് ചൂടുള്ളകാറ്റ് പ്രവഹിക്കാന്‍ തുടങ്ങി. കരീലകൂട്ടങ്ങള്‍ കാറ്റിന്റെ പ്രവാഹത്തില്‍ എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടിരുന്നു, അവ ഏതു മരത്തില്‍നിന്നാണെന്നു അപ്പോഴേക്കും മറന്നു കഴിഞ്ഞിരിക്കണം , അവ പൂര്‍ണ്ണമായും കാറ്റിന്റെ നിയന്ത്രണത്തില്‍ ആക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലഖൈമ്മ്!!!, ഞങ്ങള്‍ അറിയാതെ പറഞ്ഞുപോയി.

ഡിസംബര്‍ 9 , രണ്ടായിരത്തിപതിനേഴ് .

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code