കൊച്ചി: ആവേശമഞ്ഞയായി അലയടിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തി കേരളത്തിന്റെ കൊമ്പന്മാര് സമനില വഴങ്ങി. ആര്‍ത്തിരമ്പിയെത്തിയ ആരാധകൂട്ടത്തിനു ഒരു ഗോള്‍പോലും സമ്മാനിക്കാതെ എടികെ കോല്‍ക്കത്തയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പങ്കുവച്ചു.
ഗാലറിയുടെ ഇരമ്പത്തിന്റെ ആവേശത്തില്‍ ആദ്യ അഞ്ച് മിനുട്ടുകളില്‍ ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്സില്‍നിന്നും കളിപിടിച്ചെടുത്ത എടികെ പിന്നീടങ്ങോട്ട് നിയന്ത്രണം ഏറ്റെടുത്തു. കോല്‍ക്കത്ത നിയന്ത്രണം ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കു പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തില്‍. സ്റ്റാര്‍ സ്ട്രൈക്കര്‍ ബെര്‍ബറ്റോവിനു പന്തു ലഭിക്കാതെ മധ്യനിരയിലേക്കിറങ്ങേണ്ടിവന്നു.
ഗോളി പോള്‍ റച്ചൂക്കയുടെ കിടിലന്‍ സേവുകളാണ് പലപ്പോഴും കൊമ്പന്മാരുടെ സമനില തെറ്റാതെ കാത്തത്. കോല്‍ക്കത്തയുടെ ഹിതേഷ് ശര്‍മയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് മുഴുനീള ഡൈവിലൂടെ തടുത്തിട്ടതടക്കം നിരവധി സേവുകളാണ് റിച്ചൂക്ക നടത്തിയത്.
പ്രതിരോധതത്തില് സന്ദേശ് ജിങ്കാനും നെമഞ്ച പെസിച്ചും പാറപോലെ ഉറച്ചുനിന്നതും തോല്‍വി ഒഴിവാക്കി. പ്രതിരോധത്തിലെ കണിശതയ്ക്കു പെസിച്ചിനെ കളിയിലെ ഹീറോയായും തെരഞ്ഞെടുത്തു. കോഴിക്കോട്ടുകാരന് പ്രശാന്ത് രണ്ടാം പകുതിയില്‍ ആദ്യ ഐഎസ്എല്‍ മത്സരത്തിനിറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. വലതുവിംഗില്‍ ചില മിന്നല്‍ നീക്കങ്ങള്‍ പ്രശാന്തിന് ഗാലറിയുടെ കൈയടി ലഭിച്ചു.
(ദീപിക)
Comments