Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആകാശ ഗോപുരങ്ങളിലെ അത്ഭുതക്കാഴ്ചകള്‍ (കാരൂര്‍ സോമന്‍)

Picture

ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയും ബ്രിട്ടനിലെ സ്പിനാക്കര്‍ ടവറും നേരില്‍ കാണുമ്പോള്‍ ചരിത്രത്താളുകളില്‍ കപ്പല്‍ച്ചാദങ്ങളുടെയും കഥ പറയുന്ന പോര്‍ട്‌സ്മൗത്തിലെ സ്പനേക്കര്‍ ടവര്‍ എന്നില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കി. മാത്രവുമല്ല വിശ്വപ്രസിദ്ധനായ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ജന്മദേശം കൂടിയാണിത്. ഈ പ്രദേശത്തിനു വലിയൊരു ചരിത്രവുമുണ്ട്. മുകളില്‍ കയറിയാല്‍ നല്ല തെളിഞ്ഞ സാഹചര്യത്തില്‍ കുറഞ്ഞത് 23 ല്‍ൈ ദൂരം വരെ കാണാമത്രേ. അവിടെ ഉയരത്തില്‍വച്ച് പാര്‍ട്ടികള്‍ മീറ്റിംഗുകള്‍ എല്ലാം നടത്താം. പക്ഷേ നല്ല പണച്ചിലവാണ്. മുകളിലേക്കു നോക്കുമ്പോള്‍ സുതാര്യമായ ഗാലറി ഫ്‌ളോറിലൂടെ ലില്ലിപ്പൂട്ടുകാരെപ്പോലെ ആളുകള്‍ നടക്കുന്നത് കാണാനാവും. ഇവിടെനിന്നു താഴെയിറങ്ങി അത്ഭുതദ്വീപില്‍ നിന്നുള്ള ഫെറിയില്‍ കയറിയാല്‍ അതു മറ്റൊരു അനുഭവമാണെന്നു പറയാതെ വയ്യ.

വാഹനങ്ങളും യാത്രക്കാരും ഒരുമിച്ചാണ് ബോട്ടില്‍ കയറുക, ഏതാണ്ട് ഒരു ഫെറി സര്‍വീസ് തന്നെ. പിന്നെ അര മണിക്കൂറോളം ഇംഗ്ലീഷ് ചാനലിലെ സോലന്റ് കടലിടുക്കിലൂടെ അത്ഭുത കാഴ്ചകള്‍ കണ്ട് കണ്ട് യാത്ര ചെയ്യാം. ഇതിനിടെ ഹോവര്‍ ക്രാഫ്റ്റുകള്‍ അതിവേഗതയില്‍ കടലിലൂടെ പാഞ്ഞുവന്ന് കരയിലൂടെ അതേ വേഗതയില്‍ പോകുന്നതു കാണാം. തിരിച്ചു പോകുന്നതും. അതുമൊരു അത്ഭുതം തന്നെ.

1545 ജൂലായ് 19നു സോലെന്റ് കടലിടുക്കിലാണ് മേരി റോസ് എന്ന കപ്പല്‍ മുങ്ങിത്താഴ്ന്നത്. തന്റെ പ്രിയപ്പെട്ട കപ്പല്‍ മുങ്ങിത്താഴുന്നതിന് പോര്‍ട്‌സ്മിത്ത് സൗത്ത്‌സി കൊട്ടാരത്തില്‍ നിന്ന ഹെന്റി എട്ടാമന്‍ രാജാവ് ദൃക്‌സാക്ഷിയായി. കടലില്‍ ഇടയ്ക്കിടെ കോട്ടകള്‍ കാണാമായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ചതാണത്. ഡക്കിലും റസ്റ്റോറന്റിലും ഒന്നു കയറി ഇറങ്ങുമ്പോഴേയ്ക്കും ഫെറി ഫിഷ്‌ബോണ്‍ തീരമണഞ്ഞു. പലരും കാറിനു പുറത്ത് കുട്ടികള്‍ക്കു കളിക്കാനായി കൊച്ചു ബോട്ടുകളും മറ്റും വച്ചു കെട്ടിയാണ് അവധി ആഘോഷിക്കാന്‍ ദ്വീപിലെത്തിയത്.

ബീച്ച് തീരത്ത് ഏക്കറുകളോളം സ്ഥലമുള്ള തോണസ്സ് ബേയില്‍ താമസ സൗകര്യമുണ്ട്. ബഡ്ജറ്റിനനുസരിച്ച് താമസം സൗകര്യപ്പെടുത്താമെന്ന പ്രയോജനവും ഇവിടെയുണ്ട്. ഏറെയും ഇംഗ്ലീഷുകാര്‍ തന്നെ. ഫാമിലി ഔട്ടിങ്ങിനാണ് പലരും ഇവിടെ എത്തുന്നത്. അവിടെ നൂറിലധികം കാരവനുകളും ഷാലെകളും ഉണ്ട് താമസിക്കാന്‍. നമുക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാം. ഒരു കൊച്ചു വീടിനുള്ള സൗകര്യം എല്ലാമുണ്ടാവും. രണ്ടു കിടക്കമുറികളുള്ള ഷാലെകളുണ്ടാവും. ടെന്റ് കെട്ടി കിടക്കാന്‍ തയ്യാറെങ്കില്‍ അതിനുമുണ്ട് സൗകര്യം. തുറസ്സായ സ്ഥലത്ത് പാചകം ചെയ്യാം. കോമണ്‍ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കാം. ഷാലെ ഒരു കോണ്‍ക്രീറ്റ് ബേസ്‌മെന്റില്‍ ഒരു വലിയ തടിപെട്ടി വച്ചതു പോലെയാണ്. വീഞ്ഞപ്പെട്ടിത്തടിപോലെ. പക്ഷേ ഒരു ചിതലും കയറാതെ അതങ്ങനെ ഇരിക്കും.

കാരീസ്ബ്രൂക്ക് ഗ്രാമത്തിലെ കൊട്ടാരത്തിലെത്തിയാല്‍ കാഴ്ചകള്‍ ഏറെയാണ്. ചുറ്റും കിടങ്ങുകളും വന്‍ കോട്ടയും കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ തോന്നാം, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്. ഓരോ 10 മിനിറ്റിലും കൊട്ടാരചരിത്രത്തെപ്പറ്റി ചെറിയ ഫിലിം ഷോ ഉണ്ട്. ഇടയ്ക്കിടെ ഫിലിം ക്ലിപ്പിങ്ങുകളുടെ സഹായത്തോടെ ജൂപ്പിറ്റര്‍ എന്ന കഴുതയാണ് കഥ പറയുന്നത്. ഒരു ട്രെഡ് വീല്‍ ചവിട്ടി കറക്കിയാണ് കഴുതയുടെ കഥ പറച്ചില്‍.
1899-ല്‍ പുതുക്ക പണിത സെന്റ് നിക്കോളാസ് ചര്‍ച്ചിലേക്കും ഇവിടെനിന്നു പോകാം. ബിയാട്രീസ് രാജകുമാരിയുടെ മകന്‍, 1914-ല്‍ മരിച്ച മോറീസ് ഉള്‍പ്പെടെ ദ്വീപില്‍ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണ്. ഇന്നിത് ഒരു പള്ളിയായി പരിവര്‍ത്തനം ചെയ്‌തെടുത്തിരിക്കുന്നു. ഇസബെല്ലാ പ്രഭ്വിയുടെ കൊട്ടാരമായിരുന്നു ആദ്യം കാരിസ്ബ്രുക്ക് കാസില്‍. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധ സമയത്ത് ചാള്‍സ് ഒന്നാമനെയും മകളെയും തടവിലാക്കിയിരുന്നത് ഇവിടെയാണ്. അവിടെ ജനലിലൂടെ ചാടി രക്ഷപ്പെടാനുള്ള ശ്രമം പാഴായതിനെ തുടര്‍ന്ന് 14 മാസ തടവിനുശേഷം 1649-ല്‍ അദ്ദേഹം വധിക്കപ്പെട്ടു. ആ ജനല്‍ പിന്നീട് അടച്ചു. 12 വയസ്സുകാരി രാജകുമാരി 1950 -ല്‍ തടവില്‍ വച്ചുതന്നെ മരിച്ചു. അദ്ദേഹത്തെയും രാജകുമാരിയെയും പാര്‍പ്പിച്ചിരുന്ന മുറികള്‍ കണ്ടു. വളരെ ഭംഗിയില്‍ ഫര്‍ണിച്ചര്‍ സഹിതം ഇട്ടിട്ടുണ്ട്. രാജകുമാരിയുടെ മുടിക്കഷണങ്ങള്‍ അവരുടെ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്്. വിക്‌ടോറിയാ രാജ്ഞി സൂക്ഷിച്ചിരുന്ന മുടി പിന്നീട് അവര്‍ മ്യൂസിയത്തിനു നല്‍കിയതാണത്രെ.

പണ്ട് കോണ്‍വെന്റില്‍ പഠിപ്പിക്കാറുള്ള ഔവര്‍ ഫാദര്‍ ഹു ആര്‍ട്ട് ഇന്‍ ഹെവന്‍ എന്ന പ്രാര്‍ത്ഥനയുള്ള, പോക്കറ്റ് ബുക്ക് പേജ് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. വളരെ പഴമയുണ്ട് അതിനും. ഇന്റര്‍ ആക്ടീവ് ഗെയിംസ് കുട്ടികള്‍ക്കു കളിക്കാന്‍ സൗകര്യമുണ്ട്. മുകള്‍ നിലയില്‍ ഈസ്റ്റ് കോവസ് കൊട്ടാരത്തില്‍നിന്നുകൊണ്ടുവന്ന വലിയ ക്ലോക്കിന്റെ ഡയല്‍ മാത്രല്ല, ക്ലോക്ക് മെക്കാനിസം മുഴുവന്‍ കാണാം. മൈസൂര്‍ കൊട്ടാരത്തിലെ ക്ലോക്ക് ഓര്‍മ്മിക്കും അത് ചിലപ്പോള്‍. എലിസബത്തന്‍ കാല ഫര്‍ണീച്ചറുകള്‍ വൃത്തിയിലും വെടുപ്പിലും വച്ചിട്ടുണ്ട്. 1602-ലെ ഒരു സംഗീതോപകരണം ഉതിര്‍ക്കുന്ന സംഗീതവും ആസ്വദിക്കാം.

കവി, ലോഡ് ടെന്നിസണ്‍ 40 വര്‍ഷം താമസിച്ചിരുന്നത് ദ്വീപിലെ ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ ഫാരിംഗ് ഫോഡ് ഹൗസിലാണ്. ഇപ്പോള്‍ അതു ഹോട്ടലാണ്. ആലം ബേയില്‍നിന്നുള്ള യാത്രയില്‍ റോഡ് സൈഡില്‍ നിന്നു, വ്യക്തമല്ലാത്ത ദൂരദൃശ്യം കിട്ടും. ദ ചാര്‍ജ് ഓഫ് ദ ലൈറ്റ് ബ്രിഗേഡ് അദ്ദേഹം എഴുതിയത് ഇവിടെ വച്ചാണ്. ക്രോസിങ് ദ ബാര്‍ എഴുതിയത് മെയിന്‍ ലാന്‍ഡില്‍നിന്നു ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേയാണ്. അദ്ദേഹത്തിന്റെ പല സാധനങ്ങളും മ്യൂസിയത്തിലുണ്ട്. ക്രോസിംഹ് ദ ബാറിന്റെ പിയാനോ നോട്ട്‌സ് ഉള്ള പഴയ പുസ്തകം അവിടെ വച്ചിട്ടുണ്ട്.

ഭൂമികുലുക്കങ്ങളെക്കുറിച്ചു പഠിച്ച, സിസ്‌മോഗ്രാഫ് കണ്ടു പിടിച്ച ഡോ. ജോണ്‍ മിന്‍ന്റെ പഠനങ്ങളും പഴയ പുസ്തകങ്ങളും അദ്ദേഹത്തിന്റെയും ജപ്പാന്‍കാരിയായ ഭാര്യയുടെയും മറ്റും ഫോട്ടോകളും കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഭൂമികുലുക്ക മിന്‍ എന്നാണത്രേ. 1900-കളില്‍ ദ്വീപിലുള്ള അദ്ദേഹത്തിന്റെ വീട് ഒരു ഭൂമുകുലുക്ക പഠനകേന്ദ്രം തന്നെയായിരുന്നു.
കൊട്ടാരത്തില്‍ പണി ചെയ്തിരുന്നവര്‍ക്കു കൂടി കൊടുത്തിരുന്നതിന്റെ നാള്‍വരി കണക്ക് എഴുതിയ വളരെ പഴയ രജിസ്റ്റര്‍ അത്ഭുതമായിരിക്കുന്നു. നിവര്‍ത്തിവച്ചിരുന്ന പേജുകള്‍ വ്യക്തമായി വായിക്കാം.
ഡോങ്കി സെന്ററില്‍ കഴുതയുണ്ട്. പേര് വിളിച്ചാല്‍ മനസ്സിലാകുന്ന കഴുത. പഴയ കാലത്ത് കൊട്ടാരത്തില്‍ കിണറില്‍നിന്നു വെള്ളം കോരിയിരുന്നത് കഴുതകളായിരുന്നു. കഴുതകള്‍ ചവിട്ടി കറക്കുന്ന ട്രെഡ് വീല്‍ ആണ് ഉപയോഗിച്ചിരുന്നത്. 17 പ്രാവശ്യം കഴുത ചക്രത്തില്‍ കറങ്ങുമ്പോള്‍ കിണറ്റില്‍നിന്ന് കയര്‍ താഴെ പോയി വെള്ളം മുക്കി മുകളിലെത്തിക്കാനുള്ള ദൂരമാകും. വെല്‍ഹൗസ് ഇപ്പോഴുമുണ്ട്.

മറ്റു പല പൂന്തോട്ടങ്ങളും കണ്ടു കഴിഞ്ഞ് ഇവിടെ വന്നാല്‍ ബിയാട്രീസ് രാജകുമാരിയുടെ ഗാര്‍ഡന്‍ അത്രയൊന്നും ആകര്‍ഷകമായി തോന്നില്ല. പക്ഷേ ഗാര്‍ഡനു പുറത്ത് ഫ്രാന്‍സിസ് ബേക്കണ്‍ന്റെ "ഓഫ് ഗാര്‍ഡ'നിലെ ദൈവം ആദ്യം പൂന്തോപ്പുണ്ടാക്കി' എന്നു തുടങ്ങുന്ന വരികള്‍ ഉദ്ധരിച്ചു വച്ചിരിക്കുന്നതു കാണാം.

ലണ്ടനിലെ ബിഗ് ബെന്‍, ലണ്ടന്‍ എയെക്കാള്‍ പൊക്കം കൂടുതലാണ് ഈ ആകാശ ഗോപുരത്തിന്. 170 മീറ്റര്‍ ഉയരം. യാത്രകള്‍ വെറും കൗതുക കാഴ്ചകള്‍ കണ്ടു പോകുന്നതല്ല മറിച്ച് അത് നമ്മില്‍ യാഥാര്‍ത്ഥ്യമായി പരിണമിക്കുന്നതുകൂടിയാകണം. ആ തിരിച്ചറിവ് നല്‍കുന്നത് സഞ്ചാരി ചരിത്രത്തില്‍ കൂടി യാത്ര ചെയ്യുമ്പോഴാണ്.

Email : karoorsoman@yahoo.com, www.karoorsoman.com

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code