Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലുവ യു.സി കോളജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം- വീണ്ടും, പഴയ കാലൊച്ചകള്‍

Picture

ആലുവ: മഹാഗണി ചില്ലകളുടെ നിഴല്‍വീണ മണ്ണ് ഒരിക്കല്‍ക്കൂടി ആ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു. 96 വര്‍ഷത്തിനിടെ, പല കാലങ്ങളിലായി പഠിച്ചുപോയവരുടെ പരിചിതമായ കാലൊച്ചകള്‍. നവംബറിലെ രണ്ടാം ശനിയാഴ്ച യു.സി കോളജിനു പൂര്‍വ വിദ്യാര്‍ത്ഥി ദിനമാണ്. കാലമെത്ര മാറിയാലും അതിനു മാറ്റമില്ല. കാമ്പസിലെ ഗാന്ധിമാവിന്‍ ചുവട്ടിലേക്ക് അന്നു ഓര്‍മ്മകളുടെ തോള്‍സഞ്ചിയും തൂക്കി ആരും ക്ഷണിക്കാതെ പഴയ കുട്ടികള്‍ പടികടന്നെത്തും. പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് പഞമില്ല. അതിനാല്‍ അവരിലോരാളാകും മുഖ്യാതിഥി. പതിറ്റാണ്ടുകളായുള്ള മറ്റൊരു പതിവ്.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബു പോളാണ് ഇത്തവണ സംഗമം ഉദ്ഘാടനം ചെയ്തത്. അമ്പതുകളുടെ ഒടുവില്‍ യു.സിയില്‍ ഹോസ്റ്റല്‍ അന്തേവാസിയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ഭാവി ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവുള്ള അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്ന് ബാബു പോള്‍ ഓര്‍മ്മിപ്പിച്ചു. "ഇംഗ്ലീഷ് പഠിപ്പിച്ച റവ. കെ.സി ജോസഫ് ഞാന്‍ കളക്ടറാകുമെന്നു പറഞ്ഞിരുന്നു. സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പ്രവചനം. കളക്ടര്‍ പദവി എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. അച്ചന്‍ പറഞ്ഞശേഷമാണ് ഐ.എ.എസിനെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിച്ചത്. ഇരുപത്തൊമ്പതാം വയസ്സില്‍ കളക്ടറായി- അദ്ദേഹം പറഞ്ഞു.

ശതാബ്ദിയിലേക്ക് ചുവടുവെയ്ക്കുന്ന കലാലയത്തിനു ഗുരുദക്ഷിണയായി അദ്ദേഹം മൂന്നു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അടുത്ത ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വീതം നല്‍കും. ബാബു പോള്‍ പുരാവസ്തു വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് യു.സി കോളജിലെ പഴയ കച്ചേരിമാളിക സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കാര്യം അപ്പോള്‍ സദസിലിരുന്ന പലരുടേയും മനസിലൂടെ കടന്നുപോയി. അതാണ് കലാലയത്തിനുള്ള തന്റെ ആദ്യ ഗുരുദക്ഷിണയെന്ന് അദ്ദേഹം എഴുതിയിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. പി. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മാനേജര്‍ റവ. തോമസ് ജോണ്‍, എ. ജയശങ്കര്‍, പ്രഫ. ജോസഫ് അഗസ്റ്റിന്‍, സി.കെ. വിദ്യാസാഗര്‍, ഫാ. കെ.വി. പൗലോസ്, ഡോ. എം.ഐ. പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു. എഴുപതുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാസന്ധ്യ അവിസ്മരണീയമായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code