Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി

Picture

കാഞ്ഞിരപ്പള്ളി: കത്തോലിക്കാ സഭയിലെയും ഇതര ക്രൈസ്തവ സഭകളിലെയും മെത്രാപ്പോലീത്താമാരും മെത്രാന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷികളായ ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭാ കൂരിയ മെത്രാനായി അഭിഷിക്തനായി. മെത്രാഭിഷേക കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ ആരംഭിച്ചു. അഭിഷേകകര്‍മ്മത്തിന് മുന്നോടിയായി ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണപാതയുടെ ഇരുവശങ്ങളിലായി യൂണീഫോമണിഞ്ഞ 200 പേര്‍ മുത്തുക്കുടകള്‍ വഹിച്ചു. ഏറ്റവും മുമ്പിലായി സ്വര്‍ണക്കുരിശ്, അതിനുപിന്നിലായി തിരികള്‍, യൂണിഫോമണിഞ്ഞ് പേപ്പല്‍പതാകയേന്തിയ 100 ബാലികമാര്‍, തിരുവസ്ത്രങ്ങളണിഞ്ഞ വൈദികര്‍, വികാരിജനറാള്‍മാര്‍, മെത്രാന്മാര്‍, ധൂപം, സ്ലീവ, ഏവന്‍ഗേലിയോന്‍, ആര്‍ച്ച്ഡീക്കന്‍, നിയുക്തമെത്രാന്‍, സഹകാര്‍മ്മികര്‍, പ്രധാനകാര്‍മ്മികന്‍ എന്നിങ്ങനെയായിരുന്നു പ്രദക്ഷിണത്തിന്റെ ക്രമം. ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണക്കത്തോടുകൂടി മെത്രാഭിഷേക കര്‍മ്മം ആരംഭിച്ചു. തുടര്‍ന്ന് നിയുക്തമെത്രാന്‍ വിശ്വാസപ്രതിജ്ഞ നടത്തി. സഭയുടെ സത്യവിശ്വാസവും മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടുമുള്ള വിധേയത്വം നിയുക്തമെത്രാന്‍ ഏറ്റുപറഞ്ഞു. നാല് കാനോന പ്രാര്‍ത്ഥനകള്‍ക്കുശേഷം മെത്രാഭിഷേകത്തിന്റെ പ്രധാനചടങ്ങായ കൈവയ്പു ശു്രശൂഷയിലേയ്ക്കു കടന്നു.

കൈവയ്പ് പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മ്മികരായ മെത്രാന്മാര്‍ നിയുക്തമെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വയ്ക്കുന്ന ചടങ്ങുനടന്നു. തുടര്‍ന്ന നിയുക്തമെത്രാന്‍ ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പുവച്ചു. മെത്രാഭിഷേക കര്‍മ്മത്തില്‍ സന്നിഹിതരായിരുന്ന മെത്രാപ്പോലീത്താമാരും മെത്രാന്മാരും നിയുക്ത മെത്രാനെ ആശ്ലേഷിച്ച് തങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് തനിക്ക് മെത്രാപ്പോലീത്താ കൈമാറിയ കൈസ്സീവാ ഉപയോഗിച്ച് സ്സീവാചുംബനം നടത്തി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

അഭിഷേകകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തൃശൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് റൈറ്റ് റവ.ഡോ. മരിയ കലിസ്റ്റ് സൂസൈപാക്യം തിരുവചനസന്ദേശം നല്‍കി. റവ.ഫാ.ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മ്മശുശ്രൂഷകളുടെ ആര്‍ച്ചുഡീക്കനായിരുന്നു. അഭിഷേകശുശ്രൂഷകളുടെ ആരംഭത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയുക്തമെത്രാന്റെ നിയമന ഉത്തരവ് വായിച്ചു. വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ അനുഗ്രഹാശംസകള്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ പോസ്റ്റ്‌ലേറ്റര്‍ ജനറലുമായ റവ.ഡോ.ജോസ് ചിറമ്മേല്‍ വായിച്ചു. അഭിഷേകകര്‍മ്മങ്ങള്‍ക്കുശേഷം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്നുനടന്ന സ്‌നേഹവിരുന്നില്‍ 5000-ഓളം വിശ്വാസികള്‍ പങ്കെടുത്തു.

അഭിഷേക കര്‍മ്മത്തില്‍ പങ്കെടുത്ത അഭിവന്ദ്യ പിതാക്കന്മാര്‍

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പെരുന്തോട്ടം. ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, റൈറ്റ് റവ.ഡോ.മരിയ കലിസ്റ്റ് സൂസൈപാക്യം, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ നാടാര്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസഫ് കൊടക്കല്ലില്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ എപ്രേം നരിക്കുളം, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസഫ് പാംപ്ലാനിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജൂലിയസ് , മാര്‍ അലക്‌സ് വടക്കുംതല, ബിഷപ് യോഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, യൂഹന്നാന്‍ മാര്‍ തിയഡോര്‍ഷ്യസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ അബ്രാഹം വിരുതുക്കുളങ്ങര, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരി, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, മാര്‍ ആന്റണി കരിയില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്.

അഭിഷേക കര്‍മ്മത്തില്‍ പങ്കെടുത്ത പ്രമുഖര്‍

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ ജോസ് കെ.മാണി. ജോയിസ് ജോര്‍ജ്, ആന്റോ ആന്റണി, എം.എല്‍.എ.മാരായ ഡോ.എന്‍.ജെയരാജ് റോഷി അഗസ്റ്റിന്‍ . മുന്‍ എം.പി.മാരായ പി.സി തോമസ്, ജോര്‍ജ് ജെ. മാത്യു, ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വിവിധ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികള്‍, മതസാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, വിവിധ സന്യാസി സന്യാസിനി സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ഫാ.മാത്യു പുത്തന്‍പറമ്പില്‍
പി.ആര്‍.ഒ., കാഞ്ഞിരപ്പള്ളി രൂപത.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code