Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സായി വചനങ്ങള്‍ക്ക് ഒരു അവതാരിക (ഡി. ബാബുപോള്‍ ഐ.എ.എസ്)

Picture

ഷിര്‍ദിബാബയും പുട്ടപര്‍ത്തിബാബയും ഈശ്വരസാക്ഷാത്ക്കാരം പ്രാപിച്ചതിനാല്‍ മനുഷ്യരായിരിക്കെ ഭഗവാന്‍ എന്ന് വാഴ്ത്തപ്പെട്ടവരാണ്. രണ്ട് പേരും രണ്ട് കാലഘട്ടങ്ങളില്‍ ജീവിക്കുകയും തങ്ങളുടെ സമകാലികര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ഈശ്വരനെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തവരാണ് എന്ന സംഗതി സുവിദതമാണല്ലോ. ശ്രീകൃഷ്ണന്‍ വിശ്വരൂപദര്‍ശനം അര്‍ജ്ജുനന് അനുവദിച്ചപ്പോള്‍ ഈശ്വരനെ മനുഷ്യന് പരിചയപ്പെടുത്തുകയായിരുന്നു. ശ്രീയേശു തന്റെ ശിഷ്യരില്‍ ഏറ്റവും വിശ്വസ്തരായ മൂന്ന് പേര്‍ക്ക് മാത്രം ആണ് തേസ്ക്കരണം കാണാന്‍ സന്ദര്‍ഭം നല്‍കിയതെങ്കിലും “എന്നെ കണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു” എന്ന പ്രസ്താവനയിലൂടെ മനുഷ്യന് ദൈവത്തെ കാണിച്ചുകൊടുത്തു.

ശ്രീകൃഷ്ണനും ശ്രീയേശുവും ഈ ദൃശ്യങ്ങള്‍ അനുവദിച്ചുവെങ്കിലും ഈശ്വരന്‍ അനുവദിക്കുമ്പോഴാണ് മനുഷ്യന് ഈശ്വരനെ തിരിച്ചറിയാനാവുന്നത് എന്ന് സൂചിപ്പിക്കുകയും ചെയ്തു.

മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുസാ

ദിവ്യം ദദാമി തേ ചക്ഷുഃ വശ്യ മേ യോഗമൈശ്വരം

എന്നാണ് കൃഷ്ണകല്പന. കൃഷ്ണന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചതുകൊണ്ടായില്ല. അത് കാണാന്‍ അര്‍ജ്ജുനന്റെ കണ്ണുകള്‍ക്ക് പ്രാപ്തി ഉണ്ടാവണം. സാധാരണഗതിയില്‍മനുഷ്യനേത്രങ്ങള്‍ക്ക് അസാദ്ധ്യമായത് സാധ്യമാകണമെങ്കില്‍ ഈശ്വരന്‍ കനിയണം. അതുകൊണ്ടാണ് ‘ദിവ്യം ദദാമി തേ ചക്ഷുഃ’ എന്ന് ഗീതയില്‍ നാം വായിക്കുന്നത്. നിനക്ക് ദിവ്യമായ ഒരു കണ്ണ് ഞാന്‍ ഇതാ നിനക്ക് തരുന്നു. അങ്ങനെ ഈശ്വരന്‍ അനുവദിക്കുമ്പോള്‍ “മേ ഐശ്വരം യോഗം വശ്യ” എന്നാണ് ഈശ്വരന്‍ പറയുന്നത്. എന്റെ ഈശ്വരരൂപസ്ഥിതി നീ കണ്ടുകൊള്ളുക.

ശ്രീയേശു ശിഷ്യന്മാരോട് ചോദിച്ചു ഞാന്‍ ആരാണ് എന്നാണ് നിങ്ങള്‍ ധരിച്ചിട്ടുള്ളത്? ശിഷ്യപ്രമുഖനായിരുന്ന പത്രോസ് പറഞ്ഞു, അങ്ങ് ഈശ്വരാവതാരമാണ്. പ്രത്യുത്തരമായി ക്രിസ്തു ഉവാച: “ജഡരക്തങ്ങളല്ല നിനക്ക് ഈ ബോധോദയം അനുവദിച്ചത്. അത് ഈശ്വരന്‍ തന്നെ ആണ്.” മറ്റൊരിടത്ത്, ഈശ്വരന്‍ അനുവദിക്കാതെ ആര്‍ക്കും തന്നെ സമീപിക്കാന്‍ കഴിയുകയില്ല എന്നും പറയുന്നുണ്ട് ക്രിസ്തുഭഗവാന്‍.

അങ്ങനെ തന്നെ കാണാന്‍ ഈശ്വരന്‍ ആരെയൊക്കെ അനുവദിക്കുന്നുവോ അവരാണ് ഭഗവല്‍പദവി ആര്‍ജ്ജിക്കുന്നത്. ശിര്‍ദിബാബയും പുട്ടപര്‍ത്തിബാബയും ഒരേ ഭാഷ അല്ല സംസാരിച്ചത്. ഒരേ ശൈലി അല്ല പിന്‍തുടര്‍ന്നത്. എന്നാല്‍ സത്തയും സാരാംശവും പ്രായേണ ഒന്ന് തന്നെ ആയിരുന്നു. അവരവര്‍ ജീവിച്ചിരുന്ന കാലത്തിന്റെ അക്ഷാംശത്തിലും രേഖാംശത്തിലും പരിമിതികള്‍ അനുഭവിച്ചിരുന്ന സാധാരണ മനുഷ്യര്‍ക്ക് “ദിവ്യം ദദാമി തേ ചക്ഷുഃ” എന്ന് ശ്രീകൃഷ്ണന്‍ കല്പിച്ചതുപോലെ ഉപദേശങ്ങളിലൂടെ പരിമിതികള്‍ അതിജീവിക്കുവാന്‍ പ്രാപ്തി നല്‍കുകയാണ് ബാബമാര്‍ ചെയ്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ “വശ്യ മേ യോഗമൈശ്വരം” എന്ന കല്പന മനുഷ്യന് പ്രയോജനപ്പെടും.

ഈ മഹാസത്യമാണ് ഡോ. സുഭദ്രാനായര്‍ ഈ ലഘുകൃതിയില്‍ കൂടെ പ്രകാശിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുള്ളത്. ജനിക്കാന്‍ തയ്യാറായിരുന്ന ആയിരക്കണക്കിന് ശിശുക്കളെ ജനിക്കാന്‍ സഹായിച്ച അമ്മയാണ് ഡോക്ടര്‍. ഈ കൃതിയിലും അതേ ധര്‍മ്മമാണ് ആ മഹതി നിര്‍വ്വഹിക്കുന്നത്. ശാരീരികവും മാനസീകവും ആയ ജനിച്ചും വളര്‍ന്നും കഴിഞ്ഞ ശേഷം ആത്മീയമായി ജനിക്കാന്‍ തയ്യാറായിരിക്കുന്ന നമ്മെ ആത്മാവില്‍ ജനിപ്പിക്കുവാന്‍ പോന്ന ‘സ്പിരിച്വല്‍ ഒബ്സ്റ്റട്രിക്‌സ്’ ആയിട്ടാണ് ഈ കൃതിയെ ഞാന്‍ കാണുന്നത്.കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ ദിവ്യദൃഷ്ടി; ക്രിസ്തു പത്രോസില്‍ തിരിച്ചറിഞ്ഞ ദിവ്യദൃഷ്ടി: അതാണ് ഈ കൃതിയിലൂടെ ഡോക്ടര്‍ സുഭദ്രാനായര്‍ ആദ്ധ്യാത്മിക ജനനം കാംക്ഷിക്കുന്നവര്‍ക്ക് പ്രദാനം ചെയ്യുന്നത്.

ഇങ്ങനെ ഒരു കൃതി നിര്‍മ്മിക്കുവാന്‍ ഗ്രന്ഥകര്‍ത്രിയെ പ്രേരിപ്പിച്ച സര്‍വ്വശക്തനായ ഈശ്വരനെ നമുക്ക് നമസ്ക്കരിക്കാം. ഈ മഹദ് വചനങ്ങള്‍ നമുക്ക് ദിവ്യനേത്രങ്ങളായി ഭവിക്കട്ടെ. ഭഗവാന്റെ വിശ്വരൂപദര്‍ശനത്തിന് ഈ ദിവ്യനേത്രങ്ങള്‍ സഹായകീഭവിക്കട്ടെ.

*****



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code