Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംവാദങ്ങള്‍ അവസാനിക്കുന്നില്ല (ജോണ്‍ മാത്യു)

Picture

ലാനയുടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദേശീയ സമ്മേളനം കഴിഞ്ഞു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നു സാഹിത്യരംഗത്ത് സജ്ജീവമായി ചിന്തിക്കുന്നവര്‍ ഒത്തുകൂടി എഴുത്തിന്റെ സമകാലീന ഭാവങ്ങള്‍ ചര്‍ച്ച ചെയ്തു. അവിടെ മുന്നോട്ടുവെച്ച ചില വിഷയങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണിത്.

മലയാള കവിതയിലെ പുതു പ്രവണതകളോടെയായിരുന്നു സംവാദങ്ങളുടെ തുടക്കം. മലയാള കവിത കെട്ടുപാടുകളില്‍ നിന്ന് മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നുവേണം കരുതാന്‍. പക്ഷേ ഇതും വിവാദ വിഷയമാണ്. പ്രതിരോധത്തിന്റെ ഈ എഴുത്തുകള്‍ സാഹിത്യ വേദികളിലും സാമൂഹിക മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്തും മാത്രമാണ് ഇന്നും പ്രസക്തം. അത് അങ്ങനെയോ വരാന്‍ തരമുള്ളൂ.

വരേണ്യവര്‍ഗ്ഗത്തിന്റെ വിനോദമായിരുന്ന, സങ്കേത-നിയമ നിബിഡമായിരുന്ന, ആയിരിക്കുന്ന കവിത ഹൃദയത്തിന്റെ താളത്തിലേക്ക് നാടന്‍ വാക്കുകളുടെ അകമ്പടിയോടെ ഇറങ്ങിവന്നത് വലിയ മാറ്റം തന്നെ. അതായത് എഴുത്തച്ഛനില്‍ നിന്ന് പൊയ്കയില്‍ അപ്പച്ചനിലേക്കുള്ള മാറ്റം, അതേ, ആരോ എഴുതിയതുപോലെ പമ്പക്ക് തീ കൊളുത്തിയ കുമാരഗുരു എന്ന യോഹന്നാന്‍ അപ്പച്ചനിലേക്കു വന്ന മാറ്റം. മനസ്സില്‍ കൊണ്ടുനടക്കാവുന്ന, ഈണത്തില്‍ പാടാന്‍ കഴിയുന്നതു മാത്രമാണോ കവിത? ഛന്ദസ്സും ഭാഷാശാസ്ത്രവും അറിയാത്തവരുടെയും ഹൃദയത്തില്‍ കവിതയില്ലേ. സാങ്കേതികതയില്‍ക്കൂടിയല്ല താളവും, വികാരവും. അതുകൊണ്ടുതന്നെ ഈ സംവാദം ഇവിടെ അവസാനിക്കുന്നില്ല. അമേരിക്കയുടെ സുഖസമൃദ്ധിയില്‍ ജീവിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ ഈ പുതുപരിവര്‍ത്തനം അനുകരിക്കാമെന്ന് കരുതേണ്ട. അങ്ങനെയായാല്‍ അതും വീണ്ടും വരേണ്യവര്‍ഗ്ഗത്തിന്റെ അഭ്യാസം മാത്രമാകും. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതയാഥാര്‍ത്ഥ്യം അംഗീകരിക്കുക, ആ ശബ്ദം ഒന്നു കേള്‍ക്കൂ. അതാണ് ലാനയിലെ പുതു തലമുറ നിങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ചര്‍ച്ചക്ക് അവതരിപ്പിച്ചത്.

മുഖ്യാതിഥിയായെത്തിയ ശ്രീ. പി.എഫ്. മാത്യൂസ് വളരെ പ്രസക്തമായ ഒരു ചോദ്യമാണ് അമേരിക്കയിലെ എഴുത്തുകാരുടെ മുന്നിലേക്ക് കൊടുത്തത്. എഴുത്തിന് ഒരു സന്ദേശം ആവശ്യമുണ്ടോ? അങ്ങനെയൊന്ന് വേണ്ടായെന്നു അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

പിന്നെ ചോദ്യങ്ങളുടെ ഒരു പ്രവാഹം.

ഒരു സന്ദേശം കൊടുക്കാനില്ലെങ്കില്‍, സാമൂഹിക പ്രതിബദ്ധതയില്ലെങ്കില്‍ സാഹിത്യം എങ്ങനെ സാഹിത്യമാകും?

ഈ "സന്ദേശം' എന്ന സങ്കല്പം തന്നെ എവിടെ നിന്ന് തുടങ്ങി. നാല്പതുകളിലെയും അമ്പതുകളിലെയും പുരോഗമന സാഹിത്യത്തിന്റെ "കാപട്യം' തുറന്നുകാട്ടാന്‍ അന്ന് "ആധുനിക'രാണ് ഈ സന്ദേശമെന്ന സങ്കല്പം നിരാകരിച്ചത്. ആധുനികര്‍ വാദിച്ചത് ഇങ്ങനെ: എഴുത്തുകാരന്‍ എഴുതുക, വായനക്കാരനു ആവശ്യമുണ്ടെങ്കില്‍ സന്ദേശം വായിച്ചെടുത്തുകൊള്ളും. ഇവിടെ ഒളിഞ്ഞിരിക്കുന്ന ഒരു പ്രഖ്യാപനവുമുണ്ട്. ഞങ്ങള്‍ എഴുതുന്നത് രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളുടെ വിടുപണി ചെയ്യാനല്ല, ഞങ്ങള്‍ സ്വതന്ത്രരാണ്, ഞങ്ങളുടെ ചിന്തക്ക്, മനസ്സിന് ആരും കടിഞ്ഞാണിടേണ്ട. ലോക വിപ്ലവാശയങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മാത്രം എഴുതി സമ്പന്നരായിക്കൊണ്ടിരുന്ന മുതിര്‍ന്ന സാഹിത്യകാരന്മാരോടുള്ള വെല്ലുവിളി. സന്ദേശം വേണ്ടായെന്ന് പറയുന്നതിന്റെ പൊരുള്‍ ഞങ്ങള്‍ സ്വതന്ത്രരാണെന്ന് ഘോഷിക്കുന്നതു തന്നെ, അല്ലാതെ നന്മക്കു പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നല്ല.

ഒരു കഥയെഴുതിയാല്‍ കവിതയെഴുതിയാല്‍ സാഹിത്യ "സാംസ്കാരിക നായക'ന്മാരാകുന്ന സമൂഹമാണ് നമ്മുടേത്. ഒരു അംഗീകാരം കിട്ടിയാലോ ഉപദേശങ്ങളുമായി, സന്ദേശങ്ങളുമായി ഓടി നടക്കരുത്്. അതു തുറന്നു പറഞ്ഞ ശ്രീ. പി.എഫ്. മാത്യൂസിന് നന്ദി.

ഭാരതീയതയിലേക്കുള്ള മടങ്ങിപ്പോക്ക് ആയിരുന്നു ഡോ. എന്‍.പി. ഷീലയുടെ പ്രഭാഷണ വിഷയം.

നമ്മുടെ ഇതിഹാസങ്ങള്‍ ഭാരതീയ ഭാഷാ സാഹിത്യകാരന്മാരെ എന്നും സ്വാധീനിക്കുന്നു, ഇതൊരു സത്യമാണ്. പക്ഷേ, പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണോ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം? എല്ലാം പഴയ എഴുത്തുകളില്‍ ഉണ്ടെന്ന വാദം ശരിയായിരിക്കാം, എങ്കിലും ഇന്നത്തെ സാഹചര്യത്തിലല്ല അത് എഴുതിയത്. അതുകൊണ്ട് മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമുണ്ടോ? ഇവിടെയും ഒരു തുടര്‍ ചര്‍ച്ചയാവാം.

ഡോ. മാത്യു തെക്കേടത്തിന്റെ പ്രഭാഷണത്തിന് ഏറെ പുതുമ തോന്നി. മലയാളത്തിന്റെ പ്രസക്തി സ്വാഭാവികമായി കുറഞ്ഞു വരുമ്പോള്‍ ഇംഗ്ലീഷില്‍ എഴുതുന്ന ചെറുപ്പക്കാരെയും കൂടി കണ്ടെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലാന സമ്മേളനങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല, വിവിധ കൂടിവരവുകളില്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. സാഹിത്യ പ്രസ്ഥാനങ്ങളുടെ വെളിച്ചത്തില്‍, സാഹിത്യ കലാമേഖലകളിലുണ്ടാകുന്ന ചില പ്രവണതകള്‍ പരിചയപ്പെടുത്തി, അത്രതന്നെ! ലാന ഒരു സംഘടനയല്ല, പകരം ഒരു മുന്നേറ്റമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code