Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ ഉത്തേജകപദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല: ഇന്‍ഫാം

Picture

കൊച്ചി: ചെറുകിട കര്‍ഷകര്‍ക്ക് റബര്‍ വിലത്തകര്‍ച്ചയില്‍ ആശ്വാസമായ സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജകപദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി തുടരുവാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി അടിയന്തരമായി പുനര്‍ജ്ജീവിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

റബര്‍ ഉത്തേജകപദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോള്‍. ആദ്യഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ 300 കോടിയും ഈ സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ 500 കോടിയും കഴിഞ്ഞ ബജറ്റില്‍ 500 കോടിയും അനുവദിച്ചതുള്‍പ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയില്‍ വകയിരുത്തിയത്. 4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 3.44 ലക്ഷം കര്‍ഷകര്‍ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 2017 ജൂണ്‍ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണിവിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ജൂണ്‍മാസം മുതലുള്ള ബില്ലുകള്‍ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടില്ല. മെയ് മുതലുള്ള പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കിയായ 23.76 കോടി രൂപ ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

വിറ്റഴിച്ച റബറിന്റെ ബില്ലുകള്‍ ആര്‍പിഎസുകള്‍ വഴി കര്‍ഷകര്‍ കൃത്യമായി എത്തിക്കുമ്പോഴും ജിഎസ്ടിയും സാങ്കേതിക തകരാറുകളുമുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അനീതിയും കര്‍ഷകദ്രോഹവുമാണ്. ചെറുകിട റബര്‍ വ്യാപാരികള്‍ക്ക് ജിഎസ്ടി ബാധകമല്ല. പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായിട്ടും ഇതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുള്ള സസ്ഥാന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും മുഖം തിരിഞ്ഞുനില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ സബ്‌സിഡിയുടെ പിന്‍ബലത്തില്‍ മാത്രമാണ് ചെറുകിട കര്‍ഷകര്‍ റബറുല്പാദനം തുടരുന്നത്. സബ്‌സിഡിക്കുകൂടി തടസ്സം നേരിട്ടാല്‍ കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇങ്ങനെ ആഭ്യന്തര ഉല്പാദനം തകര്‍ത്ത് ഇറക്കുമതിക്കുള്ള അവസരം സൃഷ്ടിക്കാനുള്ള കര്‍ഷകവിരുദ്ധരുടെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്താശചെയ്യുന്നത് നീതികേടാണ്. ഉല്പാദനം കൃത്രിമമായി ഉയര്‍ത്തിക്കാട്ടി വിപണിവിലയിടിക്കാനുള്ള നീക്കത്തില്‍ നിന്ന് റബര്‍ബോര്‍ഡും പിന്മാറണം. കഴിഞ്ഞ അഞ്ചു മാസമായി റബര്‍ സബ്‌സിഡി മുടങ്ങിയിരിക്കുന്നതുകൊണ്ടും കര്‍ഷകര്‍ മഴമൂലം ടാപ്പിംഗില്‍നിന്ന് പിന്‍മാറിയിരിക്കുന്നതുമൂലവും വിപണിയില്‍ വ്യാപാരംകുറഞ്ഞ് ചെറുകിട റബര്‍ വ്യാപാരികളും പ്രതിസന്ധിയിലാണ്. ഉല്പാദന ഇടിവുമൂലമാണ് രാജ്യാന്തരവിലയേക്കാള്‍ അല്പം മെച്ചമായിട്ടിപ്പോള്‍ ആഭ്യന്തരവിപണി നിലനില്‍ക്കുന്നത്.

കഴിഞ്ഞ 5 മാസങ്ങളിലെ റബര്‍ ഉത്തേജകപദ്ധതി വിഹിതം കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും തുടര്‍ന്നും കര്‍ഷകര്‍ക്ക് പണം ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കണമെന്നും പദ്ധതി അംഗങ്ങളായ കര്‍ഷകരുടെയും റബര്‍ ഉല്പാദക സംഘങ്ങളുടെ പ്രതിനിധികളുടെയും കൂട്ടായ്മകള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും നവംബറില്‍ ഇന്‍ഫാം വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code