Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ് നാലാം മാദ്ധ്യമസമ്മേളനം (അവലോകനം: മുരളി ജെ. നായര്‍, ഫിലഡെല്‍ഫിയ)

Picture

കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി വിവിധ "ഇന്‍ഡോ-അമേരിക്കന്‍" സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്നിട്ടുള്ള ആളെന്ന നിലയില്‍ ആദ്യമേതന്നെ പറയട്ടെ: ഫിലഡെല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടലില്‍ ഒക്ടോബര്‍ 7-8 വാരാന്ത്യത്തില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബിന്റെ (ഐ.എ.പി.സി) മീഡീയാ കോണ്‍ഫറന്‍സ് തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. ഇക്കാര്യത്തില്‍ ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, മുന്‍ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, വൈസ് ചെയര്‍പേര്‍സണ്‍ വിനീതാ നായര്‍ എന്നിവര്‍ക്കും മറ്റ് ഐ.എ.പി.സി. ഭാരവാഹികള്‍ക്കും അനുമോദനങ്ങള്‍!

2013-ല്‍ സ്ഥാപിതമായ, അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളിലുള്ള 11 ചാപ്റ്ററുകളിലായി നൂറുകണക്കിനു അംഗങ്ങളുള്ള, ഐ.എ.പി.സി.യുടെ നാലാമതു വാര്‍ഷികസമ്മേളനമായിരുന്നു ഇത്.
അനാവശ്യമായ വ്യക്തിപൂജകളോ അനര്‍ഹമായ ആദരിക്കലുകളോ മനം മടുപ്പിക്കുന്ന അവകാശവാദങ്ങളോ ഒന്നും ഇല്ലാതിരുന്ന ഈ കൂടിച്ചേരല്‍ കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍കൊണ്ടു ധന്യമായിരുന്നു. അതോടൊപ്പംതന്നെ, പങ്കെടുത്തവരെയെല്ലാം സമഭാവനയോടെ പരിഗണിക്കാനുള്ള ഭാരവാഹികളുടെ സന്മനസ്സ് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിലധികം ആളുകള്‍ പങ്കെടുത്ത ഈ ഒത്തുചേരല്‍ ഒരുപാടു പുതിയ സൌഹൃദങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍, കേരള നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിരവഹിച്ചു. തദവസരത്തില്‍, ഭാരതത്തില്‍നിന്നെത്തിയ വിശിഷ്ടാതിഥികളെയും ഐ.എ.പി.സി. ഭാരവാഹികളെയും കൂടാതെ ന്യൂജേഴ്‌സി കൌണ്‍സില്‍മാന്‍ സ്റ്റെര്‍ലി സ്റ്റാന്‍ലിയും പ്രത്യേകം ക്ഷണിതാവായി സന്നിഹിതനായിരുന്നു.

ഉച്ചയ്ക്കുശേഷം മൂന്നു സെമിനാറുകള്‍ നടന്നു - "മാദ്ധ്യമങ്ങളിലെ നൂതനപ്രവണതകള്‍", "പത്രങ്ങളുടെ വളര്‍ച്ചയ്ക്ക് സ്വന്തം ടി.വി. ചാനലുകള്‍ ആവശ്യമാണോ?", "ഭാരതത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍" എന്നിവയായിരുന്നു വിഷയങ്ങള്‍. പാനലിസ്റ്റുകളുടെ ആധികാരികമായ അവതരണചാതുരികൊണ്ടും ഐ.എ.പി.സി. അംഗങ്ങളുടെയും സദസ്യരുടെയും സജീവ ഭാഗഭാഗിത്വം കൊണ്ടും ഈ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ സമഗ്രങ്ങളായിരുന്നു.

ഞായറാഴ്ച രാവിലത്തെ ബിസിനസ് ഫോറത്തില്‍ ഒരു നിക്ഷേപസൌഹൃദസംസ്ഥാനം എന്ന നിലയില്‍ കേരളം നേരിടുന്ന ഭീഷണികളെപ്പറ്റി വളരെ ആവേശകരമായ ചര്‍ച്ചയാണു നടന്നത്.
അതിനുശേഷം നടന്ന ടോക്ള്‍ ഷോയില്‍, പ്രവാസിമലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ അടിസ്ഥാനസൌകര്യങ്ങളുടെ പരിമിതികളും ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിസ്സംഗതയും ചര്‍ച്ചാവിഷയമായി. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ക്കും പരാതികള്‍ക്കുമെല്ലാം മുന്‍ മന്ത്രി എം.എ. ബേബി തന്റെ സ്വതസ്സിദ്ധമായ സരസശൈലിയില്‍ മറുപടി പറഞ്ഞു.

ഉച്ചയ്ക്കുശേഷം, ഇമ്മിഗ്രേഷന്‍ നിയമരംഗത്തെ പ്രമുഖ അഭിഭാഷകന്‍ ഓംകാര്‍ ശര്‍മ്മ ഇന്‍വെസ്റ്റ്‌മെന്റ് വിസയായ "ഇ.ബി.ഫൈവ്" കാറ്റഗറിയെപ്പറ്റി ഒരു പ്രസന്റേഷന്‍ നടത്തി.

അതിനുശേഷം നടന്ന യൂത്ത് സെഷന്‍ ഒരു വ്യത്യസ്ത തലത്തിലുള്ളതായിരുന്നു. ഇത്തരം ഒരു കോണ്‍ഫറന്‍സിന്റെ ഗൌരവം ഒട്ടും കുറയ്ക്കാതെ, മുതിര്‍ന്നവര്‍ക്കുപോലും തീരെ മുഷിവുതോന്നാതെ, ഇളംതലമുറയ്ക്കായി ഒരു സെഷന്‍ മാറ്റിവയ്ക്കാന്‍ കഴിഞ്ഞത് ശ്‌ളാഘനീയമാണെന്നു പറയേണ്ടിയിരിക്കുന്നു.

വൈകുന്നേരം ബാന്‍ക്വറ്റിനോടൊപ്പം നടന്ന പൊതുസമ്മേളനത്തില്‍, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്‌കോട്ട് പെട്രിയും വിവിധ സാമൂഹ്യസംഘടനാനേതാക്കളും സന്നിഹിതരായിരുന്നു.

ഈ സമ്മേളനത്തിനു കേരളത്തില്‍നിന്നെത്തിയ രാഷ്ട്‌റീയസാരഥികളെക്കൂടാതെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം റോസമ്മ ഫിലിപ്പ്, മാദ്ധ്യമപ്രവര്‍ത്തകരായ സി.എല്‍. തോമസ് (മീഡിയ വണ്‍), പ്രമോദ് രാമന്‍ (മനോരമ ന്യൂസ്), ജെ.എസ്. ഇന്ദുകുമാര്‍ (ജയ്ഹിന്ദ് ടി.വി), മാങ്ങാട് രത്‌നാകരന്‍ (ഏഷ്യാനെറ്റ്), എന്നിവരടക്കമുള്ള പ്രമുഖരെ പരിചയപ്പെടാന്‍ കഴിഞ്ഞത് സുകൃതമായി കരുതുന്നു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code