Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദ്യപാനത്തിന്റെ രക്തസാക്ഷി (സിബി നെടുംചിറ)

Picture

സമയം രാത്രി ഒരുമണി പ്രകൃതി സുഖസുഷുപ്തിയിലുറങ്ങുന്ന രാത്രിയുടെ യാമത്തില്‍ അവള്‍ക്ക് മാത്രം ഉറങ്ങാന്‍ കഴിഞ്ഞില്ല
ഇതുവരെയും അജയേട്ടന്‍ എത്തിയിട്ടില്ല,

അവള്‍ തന്‍റെ ഭര്‍ത്താവിനെയും കാത്ത് വഴിക്കണ്ണുമായി കാത്തിരുന്നു.....,

ഇനി മദ്യപിക്കുകയില്ലെന്നും പറഞ്ഞു തന്‍റെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടുപോയ ആള്‍.... അരിയും വീട്ടുസാധനങ്ങളുമായി വരാമെന്നു പറഞ്ഞു തനിക്കു ശമ്പളം കിട്ടിയ കാശിന്‍റെ ബാക്കിയുമായ് പോയതാണ്.....

അജയേട്ടന്‍റെ സ്വഭാവം ശരിക്കുമറിയാവുന്നതുകൊണ്ടു അയല്പക്കത്തുനിന്ന് കുറച്ച് അരി കടം മേടിച്ചാണു കുട്ടികള്‍ക്കുള്ള. ഭക്ഷണമുണ്ടാക്കിയത്, കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചു കുട്ടികള്‍ കിടന്നുറങ്ങി, മിക്കവാറും മദ്യപിച്ചു വെളിവില്ലാതെ ഉടുതുണിയഴിച്ച് തലയില്‍ കെട്ടികൊണ്ടായിരിക്കും വീട്ടില്‍വരുന്നത്....

വന്നുകഴിഞ്ഞാല്‍ പൂരപ്പാട്ടിന്‍റെ പെരുമഴയായിരിക്കും ഉളള വസ്തുവകകളെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞു വിറ്റുതുലച്ചു.... ഇനി ബാക്കിയുള്ളത് ഈ പുരയിടവും അതിനു ചുറ്റുമുള്ള ഒരുത്തുണ്ടു ഭൂമിയും മാത്രം....

വന്ന വിവാഹാലോചനകളെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് സ്‌നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിപോന്നതാണ്....

"'അറിയപ്പെടുന്ന നല്ലൊരു ഓട്ടോമൊബൈല്‍ മെക്കാനിക്കായിരുന്നു അജയേട്ടന്‍, "'

ജോലിയിലുള്ള നൈപുണ്യം അയാള്‍ക്ക് ധാരാളം കസ്റ്റംമേഴ്‌സിനെ നേടിക്കൊടുത്തു, ധാരാളമായി പണം കൈയില്‍ വന്നുതുടങ്ങിയപ്പോള്‍ കണക്കിലധികം സുഹൃത്തുക്കളുമുണ്ടായി, അവരോടൊത്ത് ഒരു രസത്തിനുവേണ്ടി തുടങ്ങിയ മദ്യപാനം....

അതിലൂടെ ലഹരിയുടെ മാസ്മരലോകത്തിലേക്ക് തന്‍റെ ഭര്‍ത്താവ് പിച്ചവെക്കുകയായിരുന്നു.....പിന്നിട് ലഹരിയില്ലാതെ ജീവിക്കാന്‍പ്പറ്റില്ലെന്ന അവസ്ഥയിലായ്...
മദ്യപിച്ചുകൊണ്ടു വണ്ടിനന്നാക്കുന്നതൊന്നും ശരിയാകാതെവന്നപ്പോള്‍ അയാളുടെ നൈപുണ്യത്തെ വാനോളം പുകഴ്ത്തിയ കസ്റ്റംമേഴ്‌സ് ആരുംതന്നെ വര്‍ഷോപ്പില്‍ വരാതെയായ്...

ഇനിയും കൂടെ നിന്നാല്‍ അവന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്നു മനസ്സിലാക്കിയ സുഹൃത്തുക്കള്‍ ഓരോരുത്തരായ് അജയേട്ടനെ വിട്ടുപോയി...
ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാതെവന്നപ്പോള്‍ താന്‍ അടുത്തുള്ള ചെമ്മീന്‍ ഫാക്ടറിയില്‍ ജോലിയ്ക്ക് പോയിത്തുടങ്ങി, അതില്‍നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം..... അതാണിപ്പോള്‍ കുടുംബത്തിന്‍റെ ഏക ആശ്രയം
ചിലപ്പോള്‍ ആ പണവും തന്നില്‍നിന്നും ബലമായി മേടിച്ചുക്കൊണ്ടുപോകും പിന്നിട് നാല് കാലിലിഴയുന്ന നാല്ക്കാലിക്ക് സമമായിട്ടായിരിക്കും വീട്ടിലെത്തുന്നത് കൂടുതലെന്തെങ്കിലും ചോദിച്ചാല്‍.... ശാരീരിക മര്‍ദ്ദനമായിരിക്കും ഫലം അതുകണ്ടിട്ട് കുട്ടികളെങ്ങാനും കരഞ്ഞുകൊണ്ടുവന്നാല്‍, അയാളുടെ ലഹരിമൂത്ത കണ്ണുകളില്‍ തെളിയുന്നത് മക്കളുടെ മുഖത്ത് മിന്നിമറയുന്ന സ്വന്തം ഛായക്കുപകരം അന്യപുരുഷന്‍മാരുടെ ഛായയായിരിക്കും....... പിന്നെ അതുപറഞ്ഞുകൊണ്ടായിരിക്കും അടുത്തബഹളം,

കുടിച്ചുകുടിച്ചു കരള്‍ ദ്രവിച്ചിരിക്കുകയാണ്, ഇനിയും മദ്യപാനം തുടര്‍ന്നാല്‍......??

. അകലെനിന്നും ഒരു ടോര്‍ച്ചിന്‍റെ വെട്ടം,
"ഹാവൂ അജയേട്ടനായിരിക്കും'
"ചിലപ്പോള്‍ മദ്യപിച്ചിട്ടുണ്ടാവുകയില്ല''
പാതിതുറന്നിട്ട ജനല്പഴുതിലൂടെ അകത്തേക്കൊഴുകിയെത്തുന്ന കാറ്റിന്‍റെ ശീല്‍ക്കാരശബ്ദം...

അവള്‍ പ്രതീക്ഷയോടെ വാതില്‍ തുറന്നു
ടോര്‍ച്ചിന്‍റെ വെട്ടം അടുത്തടുത്തു വരവേ അവള്‍കണ്ടു ആരൊക്കെയോകൂടി തന്‍റെ അജയേട്ടനെ. എടുത്തുകൊണ്ടു വരുന്നു
അവളുടെ, നെഞ്ചിനകത്തൊരു കാളല്‍....
കൂട്ടത്തില്‍വന്ന ആരോ പറയുന്നതുകേട്ടു അജയേട്ടന്‍ മദ്യപിച്ചു ബോധമില്ലാതെ പെരുവഴിയില്‍ കിടക്കുകയായിരുന്നുവെന്ന്...

".കുഞ്ഞുങ്ങള്‍ക്ക് അരിമേടിക്കുവാന്‍ വെച്ചിരുന്ന കാശുമായിപ്പോയ ആള്‍.....??'

അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു വന്നവര്‍ ഭര്‍ത്താവിനെ ചായ്പ്പിലുള്ള കയറുകട്ടിലില്‍ കിടത്തിയിട്ട് പോയി....

അവളുറങ്ങാതെ അയാള്‍ക്ക് കാവലിരുന്നു സാധാരണവന്നുകഴിയുമ്പോള്‍ പൂരത്തെറിയാണ്,
"ഇന്നതിനും ശേഷിയില്ലാതെയാണു വന്നിരിക്കുന്നത്',

"വളര്‍ന്നുവരുന്ന മക്കള്‍.....??'

"അവരുടെ ഭാവി....??'

അനിശ്ചിതമായ ഭാവിയെയോര്‍ത്ത് നെടുവീര്‍പ്പെടവേ അവളുടെ കണ്‍പോളകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു..
ആരോ ശര്‍ദ്ദിക്കുന്ന ശബ്ദം..
അവള്‍ ഞെട്ടിയുണര്‍ന്നു..

. ലൈറ്റിടുവാന്‍ വേണ്ടി സ്വുച്ചിനുവേണ്ടി പരതവേ നിലത്തുകിടന്ന കൊഴുത്ത ദ്രാവകത്തില്‍ ചവിട്ടി കാലുകള്‍ വഴുതി, ലൈറ്റിന്‍റെ മഞ്ഞവെളിച്ചത്തില്‍ അവള്‍കണ്ടു വളരെ ആയാസപ്പെട്ട് കട്ടിലില്‍ എഴുന്നേറ്റിരിക്കുന്ന ഭര്‍ത്താവ്, അയാളുടെ വായില്‍നിന്നു മഴത്തുള്ളികള്‍പ്പോലെ ഒളിച്ചിറങ്ങുന്ന രക്തത്തുള്ളികള്‍ നിലത്ത് തളംക്കെട്ടിക്കിടക്കുന്നു, അവളുടെ നെഞ്ചിനകത്തൊരു കൊള്ളിയാന്‍ മിന്നി എന്തുചെയ്യണമെന്നറിയാതെ പകയ്ച്ചുനില്‌ക്കേ, അയാള്‍ വിണ്ടുംവീണ്ടും രക്തം ശര്‍ദിച്ചു... പിന്നെ മുറിച്ചിട്ട പാഴ്ത്തടിപോലെ പുറകോട്ട് മറിഞ്ഞു...ഒരുനിമിഷം ആ ശരീരമൊന്നു പിടഞ്ഞു, പിന്നെയെല്ലാം നിശ്ചലം...

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും, യുവത്വം ബാക്കിനില്ക്കുന്ന ഭാര്യയെയും അനാഥരാക്കികൊണ്ടു കാലം തന്നെയേല്പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാതെ അയാള്‍ യാത്രയായി മദ്യപാനത്തിന്‍റെ മറ്റൊരു രക്തസാക്ഷിയായി.....അപ്പോഴും തങ്ങളെ കാത്തിരിക്കുന്ന ദുരന്തമൊന്നുമറിയാതെ തളര്‍ന്നുറങ്ങുകയായിരുന്നു ആ പാവം കുഞ്ഞുങ്ങള്‍....

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code