Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയസമാഗമം (കവിത: നിഷ ഉണ്ണി)

Picture

ഇലച്ചാര്‍ത്തുകളെ ഈറനണിയിച്ച് മഞ്ഞുതുളളികള്‍ തിളങ്ങി നിന്നു.അതിലൂടെ കടന്നു പോയ കാറ്റിനും കുളിര്‍ ചൂടിക്കാതിരിക്കുവാനായില്ല.
മഞ്ഞുകാറിനാല്‍ പാതിമറയ്ക്കപ്പെട്ട
നിലാവിന്‍ മുഖം മിഴികള്‍ പാതികൂമ്പിയൊരു പെണ്ണിനേപോല്‍ തോന്നിച്ചു.

നേര്‍ത്തൊരു പുഞ്ചിരിയോടെ നിന്‍റെ
മുഖത്തേയ്ക്കു നോക്കും നേരം നിന്‍റെ കണ്ണുകള്‍ എന്നെ കവര്‍ന്നിരുന്നു.കണ്ണുകളാലുളള എന്‍റെ
ചോദ്യത്തിനു മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചു ദൃഷ്ടി നീ വീണ്ടും മഞ്ഞുകാറിലൊളിച്ച നിലാവിനെ തിരയുവാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കൈകളെ നിന്‍ ചൂടുകരങ്ങള്‍ക്കുളളിലൊതുക്കിയിരുന്നു.

പിന്നീടുളള ഓരോ നിമിഷവും കുളിരു കൂടിക്കൊണ്ടിരുന്നു.ശരീരത്തെ തണുപ്പ്
കീഴടക്കിത്തുടങ്ങിയിരിക്കുന്നു.ചുണ്ടുകള്‍ വരണ്ടൂ വിറകൊളളവെ നമ്മുടെ നിശ്വാസങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു
ശരീരങ്ങളെ ചൂടുപിടിപ്പിച്ച് വികാരങ്ങള്‍
അലയടിച്ചുയരവെ നീഹാരത്തെ നോക്കി ചിരിച്ചൂ..നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുളളികള്‍.ഉള്‍പ്രേരണകളുടെ സമാഗമസമാപ്തിയില്‍ ആ രാവില്‍
നിദ്രയെ പുല്കുമ്പോള്‍ ഒരിക്കലും
വിട്ടകലാതിരിക്കുവെന്നോണം നിന്‍റെ കരങ്ങളെ ചേര്‍ത്തണച്ചിരുന്നു.

ഓര്‍ക്കുന്നുവോ ഇന്നും? ഇന്നീ രാവിലെ ആദ്യമഞ്ഞുതുളളി എന്‍റെ മാറില്‍ വീണിട്ടും ആ കുളിരെനിക്കു അനുഭവപ്പെടുന്നില്ല.അന്നു നാണത്താല്‍ ചിരിച്ചവര്‍ ഇന്നെന്നില്‍ വീണുടഞ്ഞു കരയുന്നു.നിന്‍റെ തണുത്തുവിറച്ച ചുണ്ടുകള്‍ക്കു ചൂടു പകരുവാന്‍ ഇന്നെനിക്കാവില്ല.നിനക്കായി ഒരു ചുടു നിശ്വാസം പോലും എന്നില്‍ അവശേഷിക്കുന്നില്ല.ഞാന്‍ നിന്നെ കാണുന്നു,ജാലകത്തിനരുകില്‍ ഇപ്പോഴും നീ എന്നെ നോക്കുന്നതും.എന്തിനാണു ആ മിഴികള്‍ നിറയുന്നത്?

നീ കാണുന്നുണ്ടോ നമ്മുടെ പാരിജാതം പൂവിട്ടിരിക്കുന്നത് .എത്ര മലരുകളാണതില്‍.നല്ല സുഗന്ധം പടര്‍ന്നിട്ടുണ്ട്.എന്‍റെ ഇഷ്ടങ്ങള്‍ നിന്നോളം മനസ്സിലാക്കിയതാരും തന്നെയില്ല.ഞാനീ പൂങ്കാവില്‍ തനിയെ ...

പറഞ്ഞപോലെ ഈ പൂങ്കാവനം ഞാന്‍ പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു.നീ വരാമെന്നു പറഞ്ഞ സമയം ആഗതമായിരിക്കുന്നു..അതേ ഞാന്‍ കേള്‍ക്കുന്നു ആരുടേയോ കരച്ചില്‍ മക്കളുടേതല്ലേ...കാത്തിരുപ്പുകള്‍ക്കൊടുവില്‍ നീ എന്‍റെയരികില്‍...

ഒടുവിലിന്നു ആകാശവും ഭൂമിയും മഴമേഘങ്ങള്‍ നല്കിയ മഴക്കുപ്പായം നെയ്തു തുടങ്ങി.കുപ്പായമണിഞ്ഞ ഭൂമിപ്പെണ്ണിന്‍റെ താപമെല്ലാം കുളിരെടുത്തു.നിന്‍റെ ആഗ്രഹം പോലെ നമുക്കാ അമ്പോറ്റിക്കുന്നിന്‍റെ നെറുകയിലേയ്ക്കുപോകാം .ആ കുപ്പായത്തിലൊന്നു നമുക്കുമണിയാം..

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code