Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തില്‍ ആരെയും തകര്‍ക്കുവാന്‍ എളുപ്പം (ഡോ. എം.കെ.ലൂക്കോസ്)

Picture

തിരുവനന്തപുരത്ത് സമൂഹത്തിനുമുന്നില്‍ ആക്ഷേപിക്കപ്പെടുകയും കേസില്‍ അകപ്പെട്ട് ജയിലിലായ നിരപരാധിയായ വ്യക്തിയുടെ തകര്‍ന്നുപോയ ജീവിതാനുഭവം ആണ് ഈ വാര്‍ത്തയുടെ പിന്നില്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് ആത്മഹത്യയുടെ മുനമ്പില്‍ നിന്നാണ് ഈ മനുഷ്യനെ ഞങ്ങള്‍ക്ക് രക്ഷിക്കുവാന്‍ സാധിച്ചത്.

കേരളത്തില്‍ ആരെയും തകര്‍ക്കുവാന്‍ നിമിഷങ്ങള്‍ മതി. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ അധികാരങ്ങള്‍ നിലനിര്‍ത്തുവാനും അനര്‍ഹമായ സ്ഥാനങ്ങള്‍ പിടിച്ചുപറ്റുവാനും എളുപ്പവഴികള്‍ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും. എതിരാളിയെ തകര്‍ക്കുവാന്‍ യാതൊരു ദയയുമില്ലാതെ ഏതു ഹീന പ്രവര്‍ത്തിയും ചെയ്യുവാന്‍ ഒരു മടിയുമില്ല. കേരളത്തില്‍ രാഷ്ട്രീയ രംഗത്തും, ഉദ്യോഗസ്ഥരുടെ ഇടയിലും ഇത് ഏറെ മുന്നിലാണ്.

ഒരു പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറോ, ഇന്ത്യന്‍ പീനല്‍കോഡ് ( ഐപിസി) അത്യാവശ്യം അറിയാവുന്ന അഭിഭാഷകനോ, മാധ്യമങ്ങളുമായി ബന്ധമുളള ഒരു വ്യക്തിയോ അഥവാ മാധ്യമ പ്രവര്‍ത്തകനോ, ഒരു ലോക്കല്‍ രാഷ്ട്രീയക്കാരനും ഒരുമിച്ചു നിന്നാല്‍ നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പ് ഒരുവന്റെ ജീവിതം തകര്‍ക്കുവാന്‍ ഈ സമയം അധികമാണ്.

വര്‍ഷങ്ങള്‍ ഒരാളെ നിയമക്കുരുക്കില്‍ ജയിലിലാക്കുവാന്‍ ഒരു സ്ത്രീയോ കുട്ടിയോ The Protection of Children from Sexual Offences Act (POCSO Act) വിചാരിച്ചാല്‍ എളുപ്പമാകും. അധികാരത്തിനും, കാര്യങ്ങള്‍ സാധിക്കുന്നതിനും വേണ്ടി സ്വന്തം ഭാര്യയെപ്പോലും അറിഞ്ഞുകൊണ്ട് കൂട്ടിക്കൊടുക്കുന്ന വിദ്വാന്മാരും കുറവല്ല.

കുട്ടികള്‍ മുതല്‍ വിദ്യാഭ്യാസമില്ലാത്തവരും കൂലിവേല മുതല്‍ ഉന്നതസ്ഥാനത്തുളളവര്‍ വരെ കൂടുതല്‍ സമയം സാമൂഹിക മാധ്യമങ്ങള്‍ക്കുമുന്നില്‍ ചെലവഴിക്കുന്നതുകൊണ്ട് പത്രവാര്‍ത്തയോ ടെലിവിഷന്‍ വാര്‍ത്തക്കോ വലിയ പ്രസക്തിയല്ല. നിമിഷങ്ങള്‍കൊണ്ട് വാര്‍ത്തകള്‍ ലക്ഷങ്ങളിലേക്ക് എത്തുവാന്‍ വളരെ എളുപ്പമാണ്. അത് ആളുകളില്‍ ഷെയര്‍ചെയ്തു പോകുന്നതുകൊണ്ട് വേഗത്തില്‍ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം അതായിരിക്കുകയില്ല.

കേരളത്തില്‍ അഴിമതി, സ്തീ പീഡനം, ബാലപീഡനം തുടങ്ങിയ കേസുകളില്‍, നിരവധി വ്യക്തികള്‍, മന്ത്രിമാര്‍, അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍, തുടങ്ങി നിരവധി സ്ഥാപനങ്ങളും തകര്‍ന്ന ചരിത്രമാണ് കഴിഞ്ഞ യൂഡിഎഫിന്റെ കാലത്തും ഇപ്പോള്‍ ഭരിക്കുന്ന ഗവണ്‍മെന്‍ും കണ്ടത്. സ്ത്രീ പീഡന കേസുകളില്‍ എംഎല്‍എ സ്ഥാനവും, മന്ത്രി സ്ഥാനവും, ആശ്രമ ആള്‍ദൈവങ്ങളുടെ സ്ഥാപനങ്ങള്‍, തിരുമേനിമാര്‍, അച്ചന്‍മാര്‍, സ്വാമിമാര്‍, അദ്ധ്യാപകര്‍ എന്തിനേറെ പറയുന്നു,പഞ്ചായത്തിലെ മെമ്പര്‍മാര്‍ വരെ ഈ ഗണത്തില്‍പ്പെടുന്നു, ഇതിലേറെ രസം ഇങ്ങനെ പിടിക്കപ്പെട്ടവരില്‍ 50% മറ്റുളളവരെ തകര്‍ക്കുവാന്‍ കൂട്ടുനിന്നവരും അങ്ങനെ ചെയ്തവരുമാണ്. ഒരുത്തനെ വീഴ്ത്തി ഉളളില്‍ സന്തോഷിക്കുന്നവര്‍ തനിക്കെതിരെ മലകയറിവരുന്ന അനര്‍ത്ഥങ്ങള്‍ തല്‍ക്കാലത്തേക്ക് കാണുന്നില്ലെന്ന് മാത്രം.

ടെലിവിഷന്‍ മാധ്യമങ്ങളില്‍ സന്ധ്യാ ചര്‍ച്ചകളില്‍ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികള്‍ കുളിച്ചു കുറിയിട്ട് ഓലിയിടുന്ന സന്ധ്യ നായ്ക്കളെപ്പോലെ അലറി വിളിക്കുന്നു. അവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരുന്നു. വാര്‍ത്താ അവതാരകന്‍ ആടിനെ പട്ടിയാക്കിയും ആറു ചോദ്യങ്ങള്‍ അന്തരീഷത്തില്‍ ഉയര്‍ത്തിക്കാട്ടിയും, പണ്ട് ഓണക്കാലങ്ങളില്‍ നടത്തിയിരുന്ന ഉറിയടിമത്സരം പോലെ തുടര്‍ന്നുപോകുകയും ചെയ്യുന്നു.

നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ വേദനയും നിലവിളിക്കും കേട്ടിട്ട് ചെവി കൊട്ടിയടക്കുകയും ചെയ്യുന്നവര്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യര്‍ ചെയ്യുന്ന അപരാധങ്ങളുടെ ഫലങ്ങള്‍ അവരുടെയും അവരുടെ സന്തതികളുടെയും മേല്‍ വന്നു പതിക്കുന്നത് സിനിമാക്കഥ പോലെ വളരെ വേഗതയിലാണ്.

കേരളത്തിലെ സിനിമാ മേഖലയില്‍ സുന്ദരി, സുന്ദരന്മാരുടെ അളിഞ്ഞ കഥകളുടെ പരമ്പര കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുകയും ചിലര്‍ ജയില്‍ അഴിക്കുളളിലും മറ്റു ചിലര്‍ അഴി കാത്ത് ഭയപ്പെട്ട് കഴിയുന്നവരുമാണ്. അമേരിക്കയിലെ ലൂസിയാന, ടെക്‌സാസ്, ഫ്‌ളോറിഡാ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ ആഞ്ഞടിച്ച ഹാര്‍വിയും ഇര്‍മയും മനുഷ്യന് ഒരു പാഠമാണ്. ലക്ഷക്കണക്കിന് ഡോളര്‍ വിലയുളള വീടുകളും, വാഹനങ്ങളും മറ്റു സാമാനങ്ങളും ഉപേക്ഷിച്ച് ഒടിപ്പോകുന്ന കാഴ്ച ഭയാനകമായിരുന്നു. മറ്റുളളവരെ തകര്‍ക്കുവാന്‍ കൂട്ടു നില്‍ക്കുന്നവരും, അത് ചെയ്യുന്നവരും,വാക്കുകള്‍കൊണ്ടും,പ്രവൃത്തികള്‍കൊണ്ടും നിരപരാധികളുടെ വഴികളെ തടയുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ.

ഡോ. എം.കെ.ലൂക്കോസ്,
ഡയറക്ടര്‍: എല്‍സിഎഫ്, സെര്‍വ് ഇന്ത്യാ കൗണ്‍സിലിംഗ് സെന്റര്‍.

Picture2



Comments


Keralathil areyum thakarkan aluppam
by Mammen C Jacob, Florida on 2017-09-13 09:19:15 am
what you said in the article is true,good article let us focus our thoughts in to right direction Dr.Mammen C.Jacob.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code