Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഋതുഭേദ്യങ്ങള്‍ (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

1 അനാഘ്രാത

പൊട്ടിത്തെറിച്ചു കളിച്ചുനടന്നൊരെന്‍
വീട്ടില്‍ വിരുന്നുകാര്‍ വന്നിടുമ്പോള്‍
എന്നെയണിയിച്ചൊരുക്കിനിര്‍ത്തീടുവാന്‍
എല്ലാര്‍ക്കുമുത്സവമേളമെന്തേ ?

കാണട്ടെ വീടും തൊടിയും പറഞ്ഞവര്‍
കൂട്ടത്തില്‍ ഞങ്ങളെ വിട്ടുമാറി ;
കണ്ടു , പറഞ്ഞു , മിഴികോര്‍ത്തുനില്‍ക്കവെ
കോരിത്തരിച്ചൂ തനുമനങ്ങള്‍ !

തൊട്ടുതൊടാതെ, യരികത്തുനിന്നയാള്‍
ഇഷ്ടമല്ലേയെന്നൊരൊറ്റ ചോദ്യം :
ആയിരമര്‍ത്ഥമൊളിക്കുമെന്‍ മൌനത്തി
നാദ്യാര്‍ഥമോതുവാന്‍ കാല്‍തരിച്ചു !

എന്താ അഹല്യയായ് തീര്‍ന്നുവോ, നീയിനി
ഇപ്പുറത്തേക്ക് വരികയില്ലേ ?
യാത്രപറയുവാന്‍ ചെക്കന് നിന്മുഖം
കാണണം ; നിന്മൊഴി കേള്‍ക്കണംപോല്‍

മേടമാസത്തിലന്നുച്ചക്കു പെയ്‌തൊരാ
വേനല്‍മഴയില്‍ തുളുമ്പി നാണം .
നാണംകുതിര്‍ന്ന മനസ്സില്‍ സ്മിതവുമായ്
യൌവനം മിന്നിയൊഴിഞ്ഞുമാറി !

എന്‍റെ ഉറക്കം കവര്‍ന്നൊരാ തസ്കരന്‍
എന്‍റെ ഉണര്‍ച്ചയും സ്വന്തമാക്കി ;
പുസ്തകം നീര്‍ത്തിയാല്‍ പുഞ്ചിരിക്കും മുഖം
തെല്ലൊന്നടച്ചാലുറച്ചശബ്ദം !

സ്വച്ഛന്ദസുന്ദരശാന്തമെന്നുള്ളാഴി
പ്രക്ഷുബ്ധമാക്കുവാന്‍ വന്നകള്ളന്‍
ഭൂതംമറന്നൊരെന്‍ ഭാവിയിലുജ്വല
വര്‍ണംപടര്‍ത്തുകെന്‍ ചിത്രകാരാ ...

നിന്നുടെ ആനന്ദഹര്‍ഷബിന്ദുക്കളെ
എന്‍ മണിച്ചെപ്പിലൊതുക്കിവെക്കും ;
നിന്‍റെ ദു:ഖങ്ങളെ ... ( ഇല്ലാതിരിക്കട്ടെ )
ഒപ്പുന്ന താളായി മാറിടും ഞാന്‍ .

നിന്‍റെ ശ്വാസംവലിത്താരാട്ടുകേട്ടു ഞാന്‍
നിന്‍ കരക്കൂട്ടിലുറങ്ങിടൂലോ .
നിന്‍റെ ജ്വരത്തിന്‍റെ ഉഷ്ണം ശമിക്കുവാന്‍
മഞ്ഞുകുളുര്‍മഴയായി മാറും .

ആശ്വമേധത്തിന്‍ കുതിരയാമെന്നെ നീ
കീഴടക്കീടാന്‍ മെനക്കെടേണ്ട ;
എന്നെ ഞാനെന്നും സമര്‍പ്പിച്ചിടാം നിന്‍റെ
കാല്‍ക്കീഴിലക്രീതദാസിയായി .

കാണുന്നതുണ്ട് ജ്വലിക്കുന്ന കണ്‍കളും
കഷ്ടംവരയ്ക്കുന്ന കൈവിരലും
വേണ്ടാ പ്രസംഗവും ഗ്വാ ഗ്വാ വിളികളും
സ്ത്രീമുഖം പര്‍ദ്ദയണിഞ്ഞതെന്നും .

പൂരുഷസ്പര്‍ശവും ഗന്ധവുമേല്‍ക്കാതെ
ഒറ്റക്കുവാഴുകിലെന്തു നേട്ടം?
വേണമെനിക്കു വിമോചനം , നമ്മുടെ
തീപ്പൊരിനായികമാരില്‍നിന്നും .


2 വിവാഹിത

ധ രാധയും സീതയും ശീലാവതിയുമായ്
സ്ത്രീത്വം ജ്വലിച്ചൊരീ ആര്‍ഷഭൂവില്‍
ഭര്‍ത്തൃചിതയിലെരിയും സതികളില്‍
കാലവും കല്പവും മൂകസാക്ഷി ! പ

അന്നു മുളച്ചോരനുരാഗനാമ്പുകള്‍
പൂത്തുലഞ്ഞീടും മനസ്സുമായി
ആശ, യാകാംക്ഷാ, പരിഭ്രമ, ലജ്ജയില്‍
മുങ്ങി മണിയറപൂകി കന്യ .

വാലിട്ടകണ്‍കളും വാസനത്തൈലവും
ചൂടാമലരിന്‍ പരിമളവും
കാലില്‍ തളകളും ശോണാധരങ്ങളും
കാമദേവന്നു അകമ്പടിയായ് .

കാതോര്‍ത്തുനിന്നുഞാന്‍ 'ഓമനേ' കേള്‍ക്കുവാന്‍
കാതില്‍ പതിഞ്ഞതടന്തതാളം .
രൂക്ഷംമണക്കും മണിയറക്കുള്ളിലെന്‍
സ്വപ്നംകരിഞ്ഞ മണംകലര്‍ന്നോ ?

ആദ്യസമാഗമവേളയില്‍ കാന്തനു
ആത്മസമര്‍പ്പണം ചെയ വതിന്നായ്
നാണംകുതിര്‍ന്ന മനസ്സുമായ് കന്യക
നിന്നൂ ; മതികെട്ടുറങ്ങി മാരന്‍ !

വര്‍ഷങ്ങള്‍കൊണ്ടു നിറഞ്ഞുകവിഞ്ഞൊരെന്‍
പ്രേമസരിത്തിന്‍ പളുങ്കുവെള്ളം
ശ്വേതജലത്തിന്‍ 'പുളിക്കും' നുരയുമായ്
മത്സരത്തിന്നു മുതിര്‍ന്നിടേണോ ?

" എന്തെടീ കണ്ണുകലങ്ങിച്ചുവന്നത് ? "
വെള്ളിടിവെട്ടി മുതിര്‍ന്ന രാവില്‍ .
കല്യാണരാത്രിയിലാദ്യത്തെ ഭാഷണം
കല്ലേപ്പിളര്‍ക്കുമശനിയായി .

കാണുവാന്‍ വന്നൊരു കാമസ്വരൂപനെ
കാമിച്ചുപോയൊരു കാമിനി ഞാന്‍ ;
കാത്തുസൂക്ഷിച്ചൊരെന്‍ കന്യാവിശുദ്ധികള്‍
കാകന്‍ഭുജിക്കും നിവേദ്യമായോ ??

" കല്യാണരാത്രി കരഞ്ഞുകലക്കുവാന്‍
കച്ചീട്ടെടുത്തു നീ വന്നതാണോ ?
എന്നെ ഭരിക്കുവാന്‍ നോക്കിയാല്‍ എന്‍റെ, യീ
കൈയിന്‍റെ ചൂട് അറിയും നീയ് ."

ഞെട്ടിത്തരിച്ചു ഞാന്‍ സ്തംഭിച്ചുനില്‍ക്കവെ
പൊട്ടിച്ചിരിച്ചയാള്‍ ഭ്രാന്തനെപ്പോല്‍ ...
അമ്മേ ... നമുക്കു പിഴച്ചുവോ കാലടി ?
പിന്നോട്ടെടുക്കാ, നെളുപ്പമല്ല

" ആണിന്‍റെ മൂകത മാറ്റുവാന്‍ സൃഷ്ടിച്ച
'സ്ത്രീ' യെന്ന് വേദവും ചൊല്ലിടുന്നു .
എന്‍റെ ഹിതത്തിനും എന്‍റെ സുഖത്തിനും
മാത്രമായ് സൃഷ്ടിച്ചതാണ് നിന്നെ "

ഇത്തരം മാലിന്യസൂക്തങ്ങള്‍കൊണ്ടെരെന്‍
കല്യാണരാതി പ്രഭാതമായി .
മാതാപിതാക്കളും ബന്ധുമിത്രങ്ങളും
ഉത്തമമെന്നു പറഞ്ഞബന്ധം !

കാമവും ക്രോധവും ശൌര്യവുമേറിയ
ദുഷ്ടന്‍റെ ദൃഷ്ടിയില്‍ 'സാധനം' ഞാന്‍
എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും
പെണ്ണിന്‍റെ വാക്കൊരു പൊണ്ണവാക്ക് !

എന്തും സഹിക്കുന്ന പുണ്യവതികളെ
പാടിപ്പുകഴ്ത്തും പുരുഷവര്‍ഗം .
പെണ്ണിന്‍റെ ശബ്ദം മുളയിലേനുള്ളുവാന്‍
ശീലാവതികളും കൂട്ടുനില്‍ക്കും

മാനവരൂപം ധരിച്ച മൃഗത്തിനായ്
ഹോമിച്ചു ജീവനൊടുക്കണോ ഞാന്‍ ?
ഇല്ലേ എനിക്കിതില്‍നിന്നു വിമോചനം ;
ഇല്ലേ എനിക്കിനി മുക്തിയില്ലേ ?


3 തിരസ്കൃത !

കണ്ടു, പിടിച്ചു, മനസ്സില്‍ പ്രതിപ്രതിഷ്ഠിച്ച
ദേവന്‍റെ മംഗളസന്നിധിയില്‍
മോഹിച്ചുനാണിച്ചണഞ്ഞൊരെന്‍
ഉള്ളം തപിച്ചു ; തനു തളര്‍ന്നു ...

പുത്തരിച്ചോറിലെ കല്ലുകടിച്ചപോല്‍
പൊട്ടിക്കരഞ്ഞു പുറത്തുവന്ന
കന്യാവധുവിനെ നേരിടാനാകാതെ
നിദ്ര...നടിച്ചു വരന്‍റെ കൂട്ടര്‍ !

പ്രേമത്തിന്‍ ഭാജനമെന്നു ചൊല്ലുമ്പോഴും
കാമത്തിന്‍ ഭോജനമെന്ന സത്യം
നേരത്തറിഞ്ഞഞാന്‍ അഛനുമമ്മയും
വന്നതും മിണ്ടാതിറങ്ങികൂടെ .

" കോളേജില്‍ 'ചെത്താന്‍' തുടങ്ങി കുടിയവന്‍
പെട്ടെന്നുനിര്‍ത്താന്‍ പ്രയാസമല്ലേ ?
നിങ്ങടെ മോളൊരു ശീലാവതിയായി
നേരെയാക്കീടണമെന്‍റെ മോനെ "

പിന്നെയുംപിന്നെയും വന്നൂ .. പുരുഷന്‍റെ
വീട്ടില്‍നിന്നാളുകള്‍ ഭീഷണിയായ്
" നിങ്ങടെ മൂധേവിപ്പെണ്ണിനെവേട്ടതു
കുട്ടന്‍റെ നല്ല മനസ്സുകൊണ്ട് ....

ഇന്നുമവന്നു ലഭിച്ചിടും പൈങ്കിളി
പെണ്ണുങ്ങളായിരം കൈഞൊടിച്ചാല്‍
കുട്ടനെക്കെട്ടുവാന്‍ നോമ്പുനോറ്റീടുന്ന
കന്യാതരുണിമാരാണ് ചുറ്റും "

" ആയിരം പെണ്ണിനെ വേള്‍ക്കുവാന്‍ കുട്ടന്
ആദ്യത്തെ പെണ്ണ് തടസ്സമെന്നോ !
നിങ്ങടെ 'കൊട്ട'നുമൊപ്പം വരുമെങ്കി
ലാക്ഷണം ബന്ധമൊഴിഞ്ഞിടാം ഞാന്‍ "

ഇന്നുമെനിക്കറിയില്ലലോ കുട്ടനു
കിട്ടിയോ കുട്ടിയെ കൂട്ടിനായി .
നേരുന്നുമംഗളം ആത്മാര്‍ഥമായിഞാന്‍
അജ്ഞാതയായൊരെന്‍ സോദരിക്ക് .

ഒട്ടുമേ വൈകാതറിഞ്ഞതുകാരണം
നഷ്ടപ്പെടാത്ത വിശുദ്ധിയോടെ
പാവം 'തിരസ്കൃത' കോളേജില്‍ ചെന്നതും
കൂട്ടുകാര്‍ ഹാര്‍ദ്ദമായ് സ്വീകരിച്ചു .

4 പരിഷ്കൃത

കെട്ടിയ കുട്ടനെ കെട്ടുകെട്ടിച്ചവള്‍
കെട്ടിയ കന്യകയായി വാണു .
കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞമദംപൂണ്ടു
പൊട്ടിത്തെറിച്ചുനടന്നു മോദം .

കെട്ടുകഴിഞ്ഞു മണിക്കൂറിനുള്ളിലായ്
ബന്ധമൊഴിഞ്ഞ വിശുദ്ധകന്യ
അദ്ധ്യയനത്തില്‍ പുറകിലായെങ്കിലും
വേലത്തരങ്ങളില്‍ ലീഡറായി .

താക്കീത് പന്തുപോല്‍ തട്ടിക്കളയുവാന്‍
കൂടെ സമാനസതീര്‍ത്ഥകളും ;
ഹോട്ടലും ഗാര്‍ഡനും തീയേറ്ററുമെല്ലാം
പാഠ്യക്രമത്തിന്‍റെ ഭാഗമായി !

ദേവനും ദേവിയും മാലയും ക്ഷേത്രവും
നോമ്പും വ്രതങ്ങളും അന്യമായി .
ഈസ്റ്ററും ക്രിസ്മസ്സും ന്യൂ ഇയര്‍പാര്‍ട്ടിയും
ക്ലാസ്സു 'കട്ടു' ന്നതും ഫാഷനായി !

പാര്‍ക്കിലും ക്ലബ്ബിലും പാര്‍ലറിലും പിന്നെ
മിക്‌സഡ് കളിയിലും കേമിയായി .
പുത്തന്‍പണത്തിനു ഫൈവ്സ്റ്റാറുകോവിലില്‍
' തീര്‍ത്ഥം ' വിളമ്പുന്ന ദേവിയായി

രാത്രിമുഴുവനും 'ആക്ഷന്‍' കഴിഞ്ഞിട്ട്
റൂമില്‍ വരുമ്പോഴുറക്കമാവും .
കോളേജില്‍പോയിട്ടു നാളുകളേറെയായ്
കൂട്ടുസതീര്‍ഥ്യരും വിട്ടകന്നു .

ടൌണില്‍ മുഴുവനും സംസാരബിന്ദുവായ്
മാറിയ പെണ്ണിന്‍റെ പേരുവെട്ടി
സര്‍വസ്വതന്ത്രയെന്നട്ടഹസിച്ചവള്‍
പുച്ഛരസത്തിലെതിര്‍വിളിച്ചു

ഭര്‍ത്താവ് കണ്‍കണ്ട ദൈവമാണെങ്കിലീ
ഭര്‍തൃവര്‍ഗത്തെ വിളിപ്പതെന്ത് ?
ജീവിതം മുന്തിരിച്ചാറെന്നുചൊല്ലിയ
മാഡമാണിന്നെന്‍റെ മാതൃരൂപം !

പട്ടണമാണെന്‍റെ കോട്ട ; ചുറ്റും കറ
ങ്ങുന്ന വണ്ടുകളാണെന്‍റെ ശക്തി
നാട്ടിന്‍പുറത്തുള്ള ചാണകക്കൂരയില്‍
വേണ്ടാ എനിക്കിനി സ്ഥാനമൊന്നും .

ഗ്രാമത്തിലെങ്ങോ പിറന്ന ശിശുയവള്‍
കാട്ടിലും മേട്ടിലും പാറിനടന്നവള്‍
അന്യരെക്കാണുമ്പോളോടിയൊളിച്ചവള്‍
ഇന്നൊരു മോഡേണ്‍ 'പരിഷ്കൃത'യാണവള്‍

.... inevitabiltiy of a Greek Tragedy .

C.S.Sankara Warrier , Anubhuti Cherussery 680 306Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code