Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമ്മുടെ റോഡുകളിലെ കുരുക്ക് അഴിക്കാന്‍ (പി.സി. സിറിയക് ഐ.എ.എസ്)

Picture

സ്വകാര്യവാഹനങ്ങളുടെ ബഹുലത കേരളത്തിലെ റോഡുകളെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റോഡിലിറങ്ങുന്ന പുതിയ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ കേരളമാണ് ആളൊന്നിന് ഏറ്റവും കൂടുതല്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനം എന്നു നമുക്ക് ബോധ്യമാകും. ചുമ്മാതല്ല കേരളത്തിലെ റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നത്. ഇതിനു പരിഹാരം എന്ത്?

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്ന് പറയാവുന്ന പൊതു ഉപയോഗത്തിനുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം. പ്രൈവറ്റ് ബസ്സുകള്‍, കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍, ട്രെയിന്‍, മെട്രോ റെയില്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും.

വൈറ്റില മൊബിലിറ്റി ഹബ്ബുവരെയെങ്കിലും എത്താന്‍ കഴിയാത്തതുകൊണ്ട് മെട്രോ റെയിലിന് നമ്മുടെ ഗതാഗതമേഖലയില്‍ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈറ്റില വരെ ആറുമാസത്തിനകം എത്തിയേതീരൂ എന്ന വാശിയോടെ കൊച്ചി മെട്രോ റെയില്‍ ഒരു തീവ്രയത്‌ന പരിപാടി നടത്തേണ്ടത് ആവശ്യം. ഈ പദ്ധതിക്കായി വന്‍തുക മുടക്കി പല ബുദ്ധിമുട്ടുകളും സഹിച്ച നമുക്ക് മെട്രോ റെയില്‍ പദ്ധതി അങ്ങനെ പ്രയോജനകരമാക്കിത്തരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇതിനുവേണ്ടി കൊച്ചി നഗരം സമ്മര്‍ദ്ദം ചെലുത്തണം.

മെട്രോ റെയിലിന്റെ വരവോടെ കൊച്ചിയിലെ സ്വകാര്യബസ്സുകളുടെ റൂട്ടുകള്‍ മുഴുവന്‍ പുനഃസംവിധാനം ചെയ്ത് ഒരു മാനേജ്‌മെന്റിന്റെ കീഴില്‍ അവര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വളരെയധികം സാധ്യതകളുള്ള ഈ ഏകോപിപ്പിക്കല്‍ പരിപാടി വേണ്ടവിധത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞേക്കും.
ജനോറാം പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും സൗജന്യമായി ലഭിച്ച നൂറില്‍പരം ബസ്സുകള്‍ ഇവിടെയുണ്ട്. അവയില്‍ പലതും എയര്‍കണ്ടീഷന്‍ ബസ്സുകളാണ്. ഇവ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വേണ്ടി ഇവിടെ ഉപയോഗിക്കുന്നതിനു പകരം കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കാന്‍വേണ്ടി കൂടുതല്‍ വരുമാനം കിട്ടുന്ന ദീര്‍ഘദൂര റൂട്ടുകളിലാണ് ഓടുന്നത്. എയര്‍കണ്ടീഷന്‍ സുഖസൗകര്യത്തോടെ നഗരത്തില്‍ യാത്രചെയ്യാന്‍ സാധിക്കുമെങ്കില്‍ സ്വകാര്യ കാറുകളും ടൂ-വീലറുകളും ഉപേക്ഷിച്ച് ഈ ബസ്സുകളില്‍ യാത്രചെയ്യാന്‍ ജനങ്ങള്‍ മുന്നോട്ടുവരും. റോഡിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം അങ്ങനെ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചാല്‍ റോഡിലെ തിരക്ക് കുറയുമല്ലോ.

കേരളത്തിലെ ഏറ്റവും വലിയ ബസ്സ് ഗതാഗത സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമതക്കുറവും അവര്‍ വരുത്തിവയ്ക്കുന്ന ഭീമമായ നഷ്ടവും കേരളത്തിന് അപമാനകരമാണ്.

ആറായിരം ബസ്സുകളുള്ള കെ.എസ്.ആര്‍.ടി.സി. പ്രതിദിനം റോഡില്‍ ഇറക്കുന്നത് 5000ത്തില്‍ താഴെ ബസ്സുകള്‍ മാത്രമാണ്. കാര്യക്ഷമമായ മെയിന്റനന്‍സ്, കൃത്യമായ പരിശോധനകളും നടക്കാതെ പോകുന്നതുകൊണ്ടാണ് ബ്രേക്ക്ഡൗണുകളും റിപ്പയര്‍ ജോലികളും കൂടുതല്‍ ഉണ്ടാകുന്നതും വണ്ടികള്‍ ട്രിപ്പ് മിസ്സ് ചെയ്യാന്‍ ഇടയാകുന്നതും. കൃത്യമായ സമയത്ത് വണ്ടി വരുമെന്നും ബ്രേക്ക്ഡൗണ്‍ ഇല്ലാതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും ഉറപ്പുണ്ടായാല്‍ കൂടുതല്‍ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രചെയ്യാന്‍ തയ്യാറാകും. കൂടുതല്‍ യാത്രക്കാര്‍ വരുന്നതോടെ വരുമാനവും വര്‍ധിക്കും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയുകയും ചെയ്യും.

കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതും അത്യാവശ്യം. 16 മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യുന്നു എന്ന കാരണം പറഞ്ഞ് മൂന്നു ദിവസത്തെ പണി മാത്രമാണ് അവര്‍ ഒരാഴ്ചയില്‍ ചെയ്യുന്നത്. 16 മണിക്കൂര്‍ പണി ഒരാള്‍ക്ക് തുടര്‍ച്ചയായി എന്നും ചെയ്തുകൊണ്ടിരിക്കുക സാധ്യമല്ല. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ജീവനക്കാരുടെ എണ്ണം കര്‍ശനമായി കുറയ്ക്കണം. അതോടൊപ്പം ഏറ്റവും വലിയ ചെലവിനമായ ഡീസലിന്റെ ഉപഭോഗം കുറയ്ക്കാനായി ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കണം. ഓരോ വണ്ടിയിലും എരിഞ്ഞുതീരുന്ന ഇന്ധനത്തിന്റെ കണക്ക് കൃത്യമായി പരിശോധിച്ച് കിലോമീറ്റര്‍ ഒന്നിന് ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ഡീസല്‍ ഉപഭോഗത്തിന് ഇടവരുത്തുന്ന ഡ്രൈവര്‍മാരുടെ പേരില്‍ നടപടിയെടുക്കണം.

വളരെയധികം വികസന സാധ്യതകളുള്ള റെയില്‍വേയുടെ കാര്യത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് നീതികിട്ടുന്നില്ല. നമുക്ക് ആവശ്യം നാഗര്‍കോവില്‍ മുതല്‍ മംഗലാപുരം വരെയുള്ള റെയില്‍വേ ലൈന്‍ പരിപൂര്‍ണമായി വൈദ്യുതീകരിക്കുക. മുഴുവന്‍ ലൈനിലും ഇരട്ടപ്പാത പൂര്‍ത്തിയാക്കുക. സിഗ്നലിംഗ് സംവിധാനം ആധുനികവത്കരിച്ച് ലൈനില്‍ കൂടുതല്‍ വണ്ടികള്‍ ഓടാന്‍ സൗകര്യമൊരുക്കുക. ഈ മൂന്നു കാര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ അടുത്ത ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുക. അതുകഴിഞ്ഞ് നാഗര്‍കോവിലില്‍നിന്ന് മംഗലാപുരം വരെ ഇരുദിശകളിലും അരമണിക്കൂറിന് ഒന്നുവച്ച് പാസഞ്ചര്‍ ട്രെയിനുകള്‍ വിടുക. ബസ്സുകള്‍ ഈ റെയില്‍വേലൈനില്‍ ഫീഡറുകളായി പ്രവര്‍ത്തിക്കും. അങ്ങനെയും റോഡുകളിലെ കുരുക്ക് നിയന്ത്രിക്കാന്‍ കഴിയും



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code