Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാരായണ കവചം (ആത്മീയ ലേഖനം: തൊടുപുഴ കെ. ശങ്കര്‍)

Picture

അനാദികാലം മുതല്‌ക്കേ, ഒരു യുദ്ധത്തില്‍ പങ്കെടുക്കുന്ന വീരയോദ്ധാക്കള്‍, ആത്മരക്ഷയ്ക്കായി പടച്ചട്ടയണിയുന്നതായി നാം കേട്ടിട്ടുണ്ട്. പുരാതന ഇതിഹാസ ചിത്രങ്ങളില്‍ നാം കണ്ടിട്ടുമുണ്ട്. അപ്പോള്‍ പടച്ചട്ടയെപ്പറ്റി അഥവാ, കവചത്തെപ്പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാം. ശത്രുക്കളില്‍ നിന്നും സ്വന്തം ജീവനെ രക്ഷിക്കയെന്നതാണ് പടച്ചട്ടയണിയുന്നതിന്റെ പരമമായ ലക്ഷ്യം. ചുരുക്കത്തില്‍, യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ആവശ്യം ധരിക്കുന്ന കവചം ആ പടയാളിയെ സംബന്ധിച്ചിടത്തോളം മുഖ്യമായ ഘടകമാണ്. പടച്ചട്ട (Armon) ധരിക്കാത്തെ യുദ്ധം ചെയ്യുന്ന ഭടന്, ജീവഹാനിയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ബാഹ്യശത്രുക്കളില്‍ നിന്നും സ്വയരക്ഷനേടുവാനും, ആത്മാവിനെപരിരക്ഷിയ്ക്കുവാനും ഒരു പരിധിവരെ നാം വിജയിച്ചേക്കാം. ശത്രുക്കള്‍ രണ്ടുതരത്തിലുണ്ട്:-

1. ബാഹ്യശത്രുക്കള്‍,
2. ആന്തരീക ശത്രുക്കള്‍ (രാഗദ്വേഷാദികള്‍-അഷ്ടരാഗങ്ങള്‍)

പടച്ചട്ടയുണ്ടെങ്കില്‍, യുദ്ധത്തില്‍ ജയിച്ചുകൊള്ളുമെന്ന് യാതൊരുവിധത്തിലുമുള്ള ഉറപ്പൊന്നുമില്ലെങ്കിലും പടച്ചട്ടയണിഞ്ഞില്ല, എന്ന ന്യൂനതയുടെ പ്രതികൂലബോധം മാനസികമായി ഒരു ഭടനെ തളര്‍ത്താതിരിയ്ക്കും. മുന്‍കരുതലെടുത്തില്ലെങ്കില്‍, ചിലപ്പോള്‍ തക്കസമയത്ത് പ്രതിവിധി കാണാതെ, മനസ്സു ചഞ്ചലിച്ച്, പരാജയത്തിനു കാരണമായി ശത്രുവിനോട് അടിയറ പറയേണ്ടി വന്നേക്കാം. എന്നാല്‍, കവചം ധരിച്ചവന്, ശത്രുവിനെ സധീരം നേരിടാനുള്ള കരുത്തുണ്ടാകും.

ബാഹ്യശത്രുക്കള്‍ എത്രയോ അപകടകാരികളാണെന്നു മാത്രമല്ല, അവരെ തിരിച്ചറിയാനോ, മുന്‍കൂട്ടിയറിഞ്ഞിരിയ്ക്കാനോ, നമുക്കു സാദ്ധ്യമല്ല. എന്നാല്‍ അവരെക്കാളേറെ, അപകടകാരികളാണ് നമ്മുടെ കൂടെ നാം തീറ്റിപ്പോറ്റി വളര്‍ത്തുന്ന മിത്രഭാവേന കഴിയുന്ന ആന്തരിക ശത്രുക്കള്‍! പഞ്ചഭൂത നിര്‍മ്മിതമായ പ്രാകൃത ശരീരത്തിന്റെ ഉടമകളായ നമ്മുടെയുള്ളില്‍ സഹോദരങ്ങളെപ്പോലെ കഴിഞ്ഞുകൊണ്ട് നമ്മളെ മിക്കപ്പോഴും നേര്‍വഴിക്കു നടത്താതെ, തെറ്റായ മാര്‍ഗ്ഗവും കാട്ടിത്തരുന്ന പഞ്ചശത്രുക്കളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്ന പേരിലറിയപ്പെടുന്ന പഞ്ചേന്ദ്രിയങ്ങള്‍. വിദ്യുതരക്തിപോലെ, അവയെ നിയന്ത്രിച്ചുകൊണ്ടുപോയാല്‍ അവ നമുക്ക് ജീവിതകാലം മുഴുവന്‍ ആത്മാര്‍ത്ഥസേവനം ചെയ്യും. കണ്ണ് കാഴ്ചകൊണ്ടും, കാത് ശ്രവണം കൊണ്ടും, മൂക്ക് ഗന്ധം കൊണ്ടും, നാക്ക് രുചി കൊണ്ടും, ത്വക്ക് സ്പര്‍ശനം കൊണ്ടും നമ്മുടെ ജീവിതത്തില്‍ തരളതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഈ അഞ്ച് തന്മാത്രകളെയും ചൊല്പടിക്ക് നിര്‍ത്താന്‍ കഴിയാത്തവര്‍ ത്രിഗണനും, നിര്‍ത്താന്‍ കഴിയുന്നവര്‍ നിര്‍ഗ്ഗുണനായ ജ്ഞാനിയുമാകുന്നു. നിര്‍ഗ്ഗുണന്‍ എന്ന പരമപാവനമായ പദത്തിന്, അഹര്‍ഹനായവന്‍ സാക്ഷാല്‍ നാരായണന്‍ മാത്രം!

നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ നാം നിര്‍ദ്ദയം നിയന്ത്രിച്ചാല്‍ അനുസരണാശീലത്തോടെ അവ മെരുക്കിയെടുത്ത വന്യമൃഗങ്ങളെപ്പോലെ അനുസരണാശീലത്തോടെ, അവ നമ്മെ നേര്‍വഴിയ്കു നടത്തും. നിയന്ത്രിയ്ക്കാതെ വളര്‍ത്തിയാല്‍, നമ്മെ വഞ്ചിച്ച്, അഞ്ചു കുതിരകളെ പൂട്ടിയ നമ്മുടെ ശരീരമാകുന്ന രഥത്തെ അധഃപതനത്തിന്റെ പുര, ആത്മനാശത്തിന്റെയും അഗാധഗര്‍ത്തത്തില്‍ പതിപ്പിക്കുന്നു. അഞ്ചു കുതിരകളും നിയന്ത്രണമില്ലാതെ പരസ്പരധാരണയോ, സഹകരണ മനോബാവമോ ഇല്ലാതെ, അങ്ങോട്ടുമിങ്ങോട്ടും വലിയ്ക്കുന്നു. അവയ്ക്ക് പാര്‍ശ്വവീക്ഷണം തടയുന്ന അക്ഷീകവചങ്ങളിട്ട് അവയെ നിയന്ത്രിച്ചില്ലെങ്കില്‍, ചഞ്ചലഹൃദയങ്ങള്‍ അവയുടെ അടിമകളായി സ്വയം നശിക്കുന്നു. അതില്‍ നിന്നും ആര്‍ക്കും രക്ഷിക്കുവാന്‍ കഴിയാതെ വന്നാലും, ഭക്തിയോടെ, ആത്മസമര്‍പ്പണത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ജഗദീശ്വരന്‍ രക്ഷിക്കും.

സാധാരണ രോഗനിവാരണത്തിന് നാം ഒരു നല്ല ഭിഷഗ്വരനെക്കൊണ്ട് ഔഷധങ്ങള്‍ വാങ്ങിക്കഴിച്ച് രോഗവിമുക്തരാകാറുണ്ട്. അതുപോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ മൂലം നമുക്കുണ്ടാകുന്ന നാശത്തിന്റെ മാരകരോഗങ്ങള്‍ മാറ്റാന്‍, പറ്റിയ ഭിഷഗ്വരനാണ് സാക്ഷാല്‍ ശ്രീനാരായണന്‍! സൃഷ്ടി, സ്ഥിതി, സംഹാരാദികള്‍ നടത്തി, പ്രപഞ്ചത്തെ സമയാസമയങ്ങളില്‍, തന്നില്‍ ഉള്‍ക്കൊണ്ടും, വീണ്ടും ബാഹ്യരൂപത്തിലാക്കിയും പരമാത്മാവായി പരംപൊരുളായി, പരബ്രാഹ്മമായി, പ്രകൃതിശക്തിയായി, ദൃഷ്ടിഗോചരനല്ലാതെ നിലകൊള്ളുന്ന സാക്ഷാല്‍ നാരായണന്‍! അതെ, പഞ്ചേന്ദ്രിയങ്ങള്‍ മൂലം മനസ്സിനേര്‍പ്പെടുന്ന എല്ലാ വ്യാധികള്‍ക്കും തക്കതായ ഔഷധം നിര്‍ദ്ദേശിക്കുന്ന പരമഭിഷഗ്വരനായ, പുരുഷോത്തമനായ ശ്രീമന്നാരായണന്‍!

അത്തരത്തില്‍, വിശ്വാസികളായ എല്ലാ ഹൈന്ദവ ഭക്തന്മാരും വീടുകളില്‍ പാരായണം ചെയ്യപ്പെടേണ്ട, ഉല്‍കൃഷ്ടമായ ഒരു ഔഷധവീര്യമുള്ള വരദാനമാണ്, ശ്ലോകാവലിയായ നാരായണകവചം! ഇതു നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന ശത്രുക്കളെ നിഷ്ക്കാസനം ചെയ്ത് നമ്മെ സംരക്ഷിക്കുന്നു. ഒരു പ്രതിസന്ധിഘട്ടത്തില്‍, ശത്രുക്കളില്‍ നിന്നു രക്ഷനേടാന്‍, ദേവേന്ദ്രന് വിശ്വനുപന്‍ എന്ന ഋഷീശ്വരന്‍ ഇത് ഉപദേശിച്ചതായി വിശ്വസിയ്ക്കപ്പെടുന്നു. ശത്രു രക്ഷയ്ക്കായി, ചിതാനന്ദസ്വരൂപനും, വിശ്വോല്പത്തിയ്ക്കു കാരണഭൂതനുമായ നാരായണനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്, നാരായണവചം.

122 വരികളോളം വരുന്ന ഈ ശ്ലോകാവലി നിത്യവും വായിക്കുകയാണെങ്കില്‍ ബാഹ്യശത്രുക്കളില്‍ നിന്നു മാത്രമല്ല, ആന്തരീകശത്രുക്കളില്‍ നിന്നും, നമുക്ക് സര്‍വ്വദാ രക്ഷ ലഭിയ്ക്കുന്നു. ജലത്തിലോ, സ്ഥലത്തിലോ ശത്രുക്കളുടെ ആക്രമണത്തിനിരയാകാതെ തന്നെ രക്ഷിയ്ക്കണമേ എന്നുള്ള അഭ്യര്‍ത്ഥനയാണ് ഇതിലെ മുഖ്യമായ വിഷയം.

വിഷ്ണു വന്ദനത്തോടെ സമാരംഭിയ്ക്കുന്ന ഈ ശ്ലോകാവലി ഭോഗ്യവസ്തുക്കളിലും, സ്വാര്‍ത്ഥലാഭത്തിലും മനസ്സുവ്യാപരിയ്ക്കാതെ പകരം, പ്രസന്നമന്ദസ്മിതധാരിയായ, നാരായണാ അങ്ങയുടെ സുന്ദരമായ മുഖാംബുജം മാത്രം സന്തരം ദര്‍ശിയ്ക്കാന്‍ എന്നെ എന്നും അനുഗ്രഹിയ്ക്കണമേ എന്ന പ്രാര്‍ത്ഥനയോടെ സമാപിയ്ക്കുന്നു. സമാപനശ്ലോകം താഴെ കുറിയ്ക്കുന്നു.

ന ഭോഗ്യവസ്തുനിനനാര്‍പൃഷ്ഠം
ന സിദ്ധിലാഭം പരമീശകാംക്ഷേ,
പ്രസന്ന മന്ദസ്മിത സുന്ദരം തേ,
മുഖാംബുജം ദര്‍ശയ സന്തതംമേ!

ചുരുക്കത്തില്‍, നമ്മുടെ അകത്തും പുറത്തുമുള്ള രാഗദ്വേഷാദികളുള്‍പ്പെടെയുള്ള എല്ലാവിധ, ജ്ഞാതാജ്ഞാത ശത്രുക്കളില്‍ നിന്നും രക്ഷനേടുവാന്‍ നാം അണിയുന്ന രക്ഷാകവചം അഥവാ സൃഷ്ടിയ്ക്കുന്ന സുശക്ത രക്ഷാവലയമാണ് നാരായണകവചം എന്ന പേരിലറിയപ്പെടുന്ന പുണ്യശ്ലോകാവലി!

*********

Picture2



Comments


Narayana kavacham
by Lakshmy N, Mumbai on 2017-08-25 11:15:45 am
Very interesting and thought provoking article


Narayana Kavacham
by Nochur Ramanathan, Toronto on 2017-08-18 16:22:22 pm
I read. with great interest the newest literary work of Thodupuzha K. Shankar titled Narayana Kavacham. While the poem was thought provoking, in general, it was a bit tough for me to understand and digest fully its message.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code