Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലയുടെ വര്‍ണ്ണങ്ങളും സുഗന്ധവും വാരിവിതറിയ മിത്രാസ് ഉത്സവം.   - പ്രൊഫ. എം. പി. ലളിത ബായ്

Picture

കഴിഞ്ഞ കുറെ കാലമായി ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന എന്റെ മകളുടെയൊപ്പം വിരുന്നുപാര്‍ക്കാന്‍ വരുമ്പോഴൊക്കെ ഇവിടെ നടന്നിരുന്ന പല പരിപാടികളും കണ്ടിരുന്നു. കലാസാംസ്കാരിക സംഘടനകള്‍, ജാതിമതസംഘടനകള്‍, എന്നിങ്ങനെ പലരും മലയാളമണ്ണിന്റെ മണമുള്ള പരിപാടികള്‍ അരങ്ങത്തു അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നു നടന്ന മിത്രാസ് ഉത്സവം അതില്‍നിന്നൊക്കെ വേറിട്ടൊരു അനുഭവമായി മാറി. തുടക്കംമുതല്‍ ഒടുക്കം വരെ സദസ്യരെ ഒന്നടങ്കം പിടിച്ചിരുത്തത്തക്ക വര്‍ണ്ണപകിട്ടു കൊണ്ട് ചേതോഹരമായിരുന്നു പരിപാടികള്‍ എല്ലാം തന്നെ.

ഉദ്ഘാടനച്ചടങ്ങില്‍ തന്നെ പുതുമയും എളിമയും ദൃശ്യമായിരുന്നു. കലാരൂപങ്ങള്‍ കാണാന്‍ കൊതിച്ചെത്തുന്നവര്‍ക്കു ഉത്ഘാടന ചടങ്ങു ഒരു പേടി സ്വപ്നമാണ്. പലപ്പോഴായി വൈകിമാത്രം തുടങ്ങുന്ന പരിപാടിയില്‍ ഉദ്ഘാടകന്റെയും മറ്റു പ്രസംഗപ്പടയുടെയും വാചാടോപങ്ങളും ഉപദേശങ്ങളും, ഗീര്‍വാണങ്ങളും കേട്ടിരിക്കാന്‍ കലാപ്രേമികളായ സദസ്യര്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെ അത്തരത്തിലൊന്നുണ്ടായില്ല. ഹാളില്‍ കയറിയവരുടെ പേരുകളില്‍ നിന്നും ഒരാളെ നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു, ആ വ്യക്തി ഒരു മെഴുകുതിരിയിലേക്കു വെളിച്ചം പകരുന്നു. ഒരു പൂവിരിയുംപോലെ അത്ര സ്വാഭാവികമായും അനായാസവുമായി മിത്രാസ് ഉത്സവത്തിന് തുടക്കം കുറിക്കുന്നു. ജാതിമതരാഷ്ട്രീയ ഭിന്നതകളൊന്നുമില്ലാതെ ഇന്നാട്ടില്‍ എത്തപ്പെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്‌നേഹംകൊണ്ട് ഊടുംപാവും നെയ്ത ഒരു അത്യപൂര്‍വ കൂട്ടായ്മ. സ്‌നേഹിക്കുന്നവര്‍ക്കും, എല്ലാവരെയും സമഭാവനയോടെ കാണാന്‍ സാധിക്കുന്ന ആര്‍ക്കും ഒടുങ്ങാത്ത സൗഹൃദം കൊതിക്കുന്നവര്‍ക്കും ഇതില്‍ പങ്കാളികളാവാം. അനുഗൃഹീത കലാകാരന്മാരിലെ പ്രതിഭയും, സിദ്ധിയും, പ്രാഗത്ഭ്യവും അന്യംനിന്നുപോകാതെ അവരിലെ സമസ്ത വൈഭവങ്ങളെയും ഊതി തിളക്കുന്ന ഒരു സംഘടന. അതാണ് മിത്രാസ്. അവതാരകയുടെ ചുരുങ്ങിയ വിവരണം ഇത്രയുമേയുള്ളൂ.

മിത്രാസിനൊപ്പം ഞാന്‍ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരുകള്‍, രാജന്‍, ഷിറാസ്. കലകളോടുള്ള സ്‌നേഹവും, ആരാധനയും, അഭിനിവേശവുമാണ് അവരുടെ കൈമുതല്‍. അമേരിക്കയെന്ന അതിവിസ്തൃത ഭൂവിഭാഗത്തില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെയും അവരില്‍നിന്നും കണ്ടെത്തിയ കലാകാരന്മാരെയും കലവറയില്ലാതെ സ്‌നേഹിക്കുകയും അവരെ സ്വന്തം ഹൃദയത്തില്‍ ഏറ്റുവാങ്ങുകയും ചെയ്യുകയാണ് ഈ 'അപൂര്‍വ സാഹോദരന്മാര്‍. തങ്ങളുടെ ജീവനും, ധനവും, ഭാഗ്യവും, മോഹവുമെല്ലാം കലയാണെന്ന് വിശ്വസിക്കുന്ന ഈ കൂടപ്പിറപ്പുകളുടെ പ്രയത്‌നങ്ങള്‍ അത്യുന്നതങ്ങളിലേക്കു എത്തപെടുമെന്നതിനു സംശയമില്ല.

തൂവെള്ളവേഷമണിഞ്ഞു ആദ്യമെത്തിയ ഗായകരുടെ മധുരസ്വരത്തിലൂടെ ജാതിമതാതീതമായ അല്ലെങ്കില്‍ നാനാജാതിമതങ്ങള്‍ ഒന്നാണെന്ന ദിവ്യമായ ഒരനുഭൂതി എല്ലാവരിലും നിറഞ്ഞു. സകലവിദ്യകളുടെയും സര്‍വ കലകളുടെയും ദേവതയായ കുടജാദ്രിയിലെ മഹേശ്വരിയെ പാടിയുണര്‍ത്തി, സ്‌നേഹത്തിന്റെയും സഹനത്തിന്റെയും നാഥനായ ശ്രീ യേശുദേവനെയും, പരമ കാരുണീകനായ അള്ളാഹുവിനെയും, പുണ്യപാപചുമടുകളെ ഒരുപോലെ താങ്ങുന്ന ശബരീശനെയും പാടിയുണര്‍ത്തി ഉദാത്തമായൊരു അനുഭവത്തിലേക്ക് ഏവരെയും എത്തിക്കുകയുണ്ടായി ആദ്യഗാനം. പിന്നീടങ്ങോട്ട് നൃത്യ, നൃത്ത, നാട്യ, ഗാനങ്ങളുടെ അരങ്ങേറ്റമായിരുന്നു. കണ്ടുമടുത്തതില്‍നിന്നും വ്യത്യസ്തമായി പല നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ ജുഗല്ബന്ധി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി , കഥക് എന്നിങ്ങനെയുള്ള ഉത്തര, മധ്യ, ദക്ഷിണേന്ത്യന്‍ നൃത്തരൂപങ്ങള്‍ ഭാരതത്തിന്റെ അഖണ്ഡതയ്ക് അടിവരയിടുന്നതായിരുന്നു. ഗാനാവതരണത്തിലും കാണാമായിരുന്നു ഈ പുതുമ. വിവിധ ഭാഷാഗാനങ്ങള്‍ പരസ്പരം അലിഞ്ഞു ചേരുന്നതുപോലെ ഗായകര്‍ അവതരിപ്പിക്കുകയുണ്ടായി. മനോഹരമായ പാട്ടുകളുടെ ആത്മാവ് ചോര്‍ത്തിക്കളഞ്ഞു, തോന്നിയതുപോലെ നീട്ടിയും കുറുക്കിയും സംഗീതോപകരണങ്ങളുടെ അതിപ്രസരത്തില്‍ നടക്കുന്ന കൊലവിളികള്‍ പോലെയുള്ള പാട്ടുകള്‍ ഫ്യൂഷന്‍ സോങ്‌സ് എന്നപേരില്‍ കേട്ടിട്ടുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം കേള്‍ക്കാന്‍ കൊതിചിരുന്ന പഴയപാട്ടുകളും പുതിയപാട്ടുകളും താളലയ സമന്വയത്തോടെ കോര്‍ത്തിണക്കിയ ഗാനങ്ങളുടെ അവതരണം ശ്രോതാക്കളെ ഗന്ധര്‍വലോകത്തു എത്തിച്ചതുപോലെ തോന്നി. സംഗീതോപകരണങ്ങളേതുമില്ലാതെ വായ്ത്താരികളെ ഉപകാരണസംഗീതമാക്കി ചിട്ടപ്പെടുത്തിയ 'അക്കാപ്പെല്ല' എന്ന സംഗീതരൂപവും കര്‍ണസുഖം പകരുന്നത് തന്നെയായിരുന്നു. അരങ്ങിലെത്തിയ എല്ലാപരിപാടികളും ഹൃദ്യമായിരുന്നു. ഓരോന്നിനെക്കുറിച്ചും വിശദമാക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല, എങ്കിലും അറ്റലാന്റയില്‍നിന്നും വന്ന കലാകാരികള്‍ അവതരിപ്പിച്ച ഗാനവും നൃത്തവും ഏറെ ശ്രദ്ധേയമായി.

ബാലകൗമാരയൗവ്വനങ്ങള്‍ അരങ്ങത്തു അണിനിരത്തിയാണ് മിത്രാസിന്റെ ആഘോഷപരിപാടികള്‍ മുന്നേറിയത്. അതില്‍ പിഞ്ചോമനകള്‍ പാടിയ പാട്ടുകള്‍ ഏവരെയും അത്ഭുതപെടുത്തുക തന്നെ ചെയ്തു. നാലുമുതല്‍ പത്തുവയസുവരെയുള്ള കുട്ടികള്‍ ഒരേ സ്വരത്തില്‍ താളഭംഗമോ, ശ്രുതിഭംഗമോ, അക്ഷരത്തെറ്റുകളോ കൂടാതെ അതിമനോഹരമായി പാടി. എന്നാല്‍ കുഞ്ഞു മുഖങ്ങളെ മറച്ചുകൊണ്ട് അവരെ ധരിപ്പിച്ചിരുന്നു കറുത്ത കണ്ണട അതീവഹൃദ്യമായി അവതരിപ്പിച്ച സംഗീതത്തിന് യോജിച്ചതായി തോന്നിയില്ല. മുഖം വിഴുങ്ങുന്ന കറുത്ത കണ്ണട അവരുടെ ഓമന മുഖങ്ങള്‍ കുറച്ചൊക്കെ മറച്ചുകളഞ്ഞു.

'സ്വര്‍ഗ്ഗത്തിലെ കൂട്ടുകുടുംബം' എന്ന ലഘുനാടകത്തില്‍ കൃതഹസ്തരായ അഭിനേതാക്കള്‍ അരങ്ങു തകര്‍ത്തു എന്ന് തന്നെ പറയാം. മതമൈത്രിയും, മാനവസ്‌നേഹവും ഇതിന്റെ അന്തര്ധാരയായി പ്രവഹിക്കുന്നുണ്ടെങ്കിലും ഹാസ്യത്തിലൂടെയാണ് അത് ഇതള്‍ വിരിയുന്നത്. സ്വര്‍ഗത്തില്‍ യേശുദേവനും, കൃഷ്ണനും മറ്റു എല്ലാ ദൈവങ്ങളും ഒരുമിച്ചിരുന്നു പാപികളെ, കൊള്ളക്കാരെ, സ്ത്രീപീഡകരെയെല്ലാം ശിക്ഷിക്കുന്ന രീതിയിലാണ് ഇതിവൃത്തം രൂപംകൊണ്ടിരിക്കുന്നതു. കാലികപ്രസക്തികൊണ്ടും, അഭിനയത്തികവുകൊണ്ടും, ആശയപ്പെരുമകൊണ്ടും നാടകം രസനീയമായിരുന്നു.

നോര്‍ത്ത്അമേരിക്കയിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചതും ശഌഘനീയം തന്നെ.

ഈ പരിപാടികള്‍ക്കെല്ലാം പരഭാഗശോഭ പരത്തികൊണ്ടു രണ്ടു മഹത്കാര്യങ്ങളും രംഗത്ത് നടന്നു. ഒന്ന്, ശാന്ത എന്ന പഴയകാല നാടകനടിയെ ആദരിക്കുന്ന ഗുരുപ്രണാമം. പതിറ്റാണ്ടുകളായി നീണ്ടുനിന്ന നാടകാഭിനയത്തില്‍ കേരളത്തിലെ നൂറുകണക്കിന് വേദികള്‍ കീഴടക്കിയ ശാന്ത എന്ന അതുല്യനടി കാലത്തിന്റെ കളിത്തോണി തുഴഞ്ഞു തുഴഞ്ഞു അമേരിക്കയില്‍ വന്നെത്തി ഇന്ന് മകന്റെയൊപ്പം താമസിക്കുന്നു. മറുപടിയായി അവര്‍ പറഞ്ഞ വാക്കുകളും ഹൃദ്യവും ആത്മാര്ഥതയുമുള്ളതായിരുന്നു.

മറ്റൊന്ന് ഒരു പരിചയക്കാരിക്കുവേണ്ടി സ്വന്തം കിഡ്‌നി പകുത്തുനല്‍കിയ രേഖ നായരെ വേദിയിലേക്ക് എത്തിച്ചാണ്. സദസ് ഒന്നടങ്കം എഴുനേറ്റു നിന്ന് രേഖയെ ആദരിച്ചു. കണ്ടവരുടെയെല്ലാം കണ്ണിനു രേഖ പുണ്യദര്‍ശനമായി. ഒരു പരിചയക്കാരിക്ക് വേണ്ടി ആര് ചെയ്യും ഈ ത്യാഗം? അവയവം കൊടുത്തതുമാത്രമല്ല, എടുത്തതിനു ശേഷം അനുഭവിക്കുന്ന നീറി പുകയുന്ന വേദന, ശാരീരിക വ്യതിയാനങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ എല്ലാം രേഖ അനുഭവിച്ചുകാണും.

“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ! വിവേകികള്‍”

കുമാരനാശാന്റെ ഈ വരികള്‍ പഠിക്കുകയും തലമുറകളെ പഠിപ്പിക്കുകയുംചെയ്ത ഞാന്‍ അന്യജീവനു വേണ്ടി സ്വന്തം ജീവിതത്തെ പകുത്തുനല്‍കിയ ഒരാളെ നേരിട്ട് കാണാന്‍ സാധിച്ചതിനാല്‍ എന്റെ ഇത്തവണത്തെ അമേരിക്കന്‍ യാത്ര ധന്യമായി എന്ന് ഞാന്‍ കരുതുന്നു. താന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്നു രേഖ സദസ്യരോട് പറഞ്ഞത് അവരുടെ മഹാമനസ്കതകൊണ്ടുമാത്രം. രേഖയുടെ മഹാപുണ്യത്തെപ്പറ്റി പറയാന്‍, എഴുതാന്‍ വാക്കുകള്‍ക്കു ക്ഷാമം അനുഭവിക്കുന്ന എനിക്ക് ഇത്രയേ പറയാനുള്ളൂ. രേഖ, പൊന്നുമകളെ! നിന്റെ മുന്‍പില്‍ ഈ അമ്മയും തലകുനിക്കുന്നു!!

Picture2

Picture3

Picture

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code