Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ ദരിദ്രവാസികളുടെ ജനകീയ പോരാട്ടങ്ങള്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)

Picture

അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ ഒന്നാം നന്പര്‍ ആകുമെന്നുള്ള പ്രചാരണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതിനിടയില്‍ പാവം നാല്‍ക്കാലിയായ പശുവിനെ ദൈവമാക്കി ആരാധിക്കുന്ന ഉത്തരേന്ത്യന്‍ വാര്‍ത്തകളും, അതില്‍ പ്രതിഷേധിച്ചുകൊണ്ടു പന്നിക്ക് പൂണൂല്‍ ചാര്‍ത്തിക്കുന്ന ദക്ഷണേന്ത്യന്‍ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പുരോഗതിക്ക് തടസമായി നില്‍ക്കുന്നത് വിഘടന വാദികളും, നക്‌സലൈറ്റുകളുമാണെന്നും, ഇപ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് മാവോയിസ്റ്റുകളാണെന്നും ഭരണ കൂടങ്ങള്‍ പറയുന്നു.

തിരുനെല്ലി വനാന്തരങ്ങളില്‍ വച്ച് വറുഗീസിന്റെ നെഞ്ചിന്‍കൂട് പിളര്‍ന്ന് അയാളെ വകവരുത്തിയപ്പോളും, എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി രാജനെ ഉരുട്ടിക്കൊലപ്പെടുത്തിയപ്പോളും, നക്‌സല്‍ പ്രസ്ഥാനങ്ങളെ ഉന്മൂല നാശം വരുത്തിയെന്നവകാശപ്പെട്ടിരുന്ന ഭരണ കൂടങ്ങള്‍, അന്നും, ഇന്നും ഇന്ത്യന്‍ ദരിദ്രകോടികളുടെ പ്രതിഷേധത്തിന്റെ കനത്ത പുക കണ്ടിട്ടും, കണ്ടില്ലന്നു നടിക്കുകയാണ്!

ആദിവാസി-തോട്ടം മേഖലകളില്‍ നിന്ന് നക്‌സല്‍-മാവോയിസ്‌റ് പ്രസ്ഥാനങ്ങളുടെ വേരറുക്കല്‍ അസാധ്യമാണെന്ന് ബോധ്യമായത് കൊണ്ടായിരിക്കണം, സര്‍ക്കാര്‍ തലത്തിലുള്ള ക്ഷേമ പദ്ധതികള്‍ ആദിവാസി- തോട്ടം മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും, അതിലൂടെ അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇത്തരം പ്രസ്ഥാനങ്ങളുടെ വേരറുക്കല്‍ സാധ്യമാക്കാം എന്നുമൊക്കെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കണക്കു കൂട്ടലുകള്‍.

കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ സ്വതന്ത്രമായി നില നിന്ന ഒരു രാജ്യത്ത്, ജനസംഖ്യയില്‍ പകുതിയോളം വരുന്ന ഒരു വലിയ കൂട്ടത്തെ ദാരിദ്ര്യ രേഖക്കടിയില്‍ തളച്ചിടപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതേ കാലയളവില്‍ മറ്റേ പകുതിയുടെ സാന്പത്തിക-സാമൂഹ്യ മേഖലകളിലേ മുന്നേറ്റം അസൂയാവഹമായ മാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. ഒരു ജനാധിപത്യ-സോഷ്യലിസ്റ്റു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് നീതിയാണോ?

സ്വാതന്ത്രാനന്തര ഭാരതത്തില്‍ നിലവില്‍ വന്ന ഗവര്‍മെന്റുകള്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ വികസന വിരോധാഭാസമാണ് ഇതിനു വഴി വച്ചത്. പിന്‍വാതിലിലൂടെ ഭരണത്തിലും, അധികാരത്തിലും കയറിപ്പറ്റിയ മേലാളന്മാര്‍, കുമിഞ്ഞു കൂടിയ പൊതുസ്വത്ത് സ്വന്തം പോക്കറ്റിലേക്ക് തന്ത്രപൂര്‍വം അടിച്ചുമാറ്റുന്‌പോള്‍, ചിരിച്ചുകൊണ്ട് ഇവര്‍ തങ്ങളുടെ കഴുത്തറുക്കുകയായിരുന്നു എന്ന് സ്വതന്ത്ര ഭാരതത്തിന് വേണ്ടി കാത്തു കാത്തിരുന്ന ഈ പാവങ്ങള്‍ മനസിലാക്കിയില്ല..

സമാനതകളില്ലാത്ത നന്മ്മകളുടെ നാടാണ് ഭാരതം! ഭൂപ്രകൃതിയും, കാലാവസ്ഥയും, സാംസ്കാരിക സന്പന്നതകളും മറ്റാരില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നു. നമ്മുടെ നാലതിരുകള്‍ക്കുള്ളില്‍ നമുക്ക് വേണ്ടതെല്ലാമുള്ള രാജ്യമാണ് നമ്മുടേത്. സമൃദ്ധമായ സൂര്യപ്രകാശം കൊണ്ടനുഗ്രഹീതമായ കന്നിമണ്ണ് കാത്തു കിടക്കുകയാണ് ഭാരതത്തില്‍! ജലസമൃദ്ധിയില്‍ വെള്ളപ്പൊക്കത്തിന് വിധേയമാവുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും, വറുതിയില്‍ കുടിവെള്ളം മുട്ടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഒരേസമയം പ്രകൃതി ക്ഷോഭ ദുരിതാശ്വാസം അനുവദിക്കേണ്ട വിരോധാഭാസം നടമാടുകയാണ് ഭാരതത്തില്‍?

ഉത്തരേന്ത്യയിലെ അധിക ജലം ദക്ഷിണേന്ത്യയിലേക്കു തിരിച്ചു വിടാനുള്ള ഭാവനയും, അതിനുള്ള തലച്ചോറുമില്ലാത്ത ഭരണ കൂടങ്ങളുടെ ദുരിതാശ്വാസ കമ്മറ്റികളില്‍ കയറിപ്പറ്റി നാല് കാശ് സന്പാദിക്കുകയാണ്, നമ്മുടെ മഹാന്‍മാരായ ജനപ്രതിനിധികള്‍! ഇരിക്കുന്നതിനും, കിടക്കുന്നതിനും, മൂത്രിക്കുന്നതിനും, കാഷ്ഠിക്കുന്നതിനും വരെ ഫീസ് വാങ്ങുന്ന ഇവരുടെ വേതന നിരക്കുകള്‍ ഈയിടെ സര്‍ക്കാര്‍ പുറത്തു വിട്ടത് ഒന്ന് കാണേണ്ടത് തന്നെ! ആരും തലകറങ്ങി വീണുപോകും- അത് വാങ്ങുന്നവര്‍ പോലും!

മൂന്നു വശങ്ങളിലുമുള്ള കടലാഴങ്ങളിലെ വന്പിച്ച മല്‍സ്യ സന്പത്ത് മറ്റു രാജ്യങ്ങള്‍ കപ്പല്‍ ലോഡ് കണക്കിന് കട്ട് കടത്തുന്‌പോള്‍, അവര്‍ നീട്ടുന്ന അല്‍പ്പം കോഴക്ക് വേണ്ടി വായില്‍ പഴം തള്ളി നിശ്ശബ്ദരാവുകയാണ് നമ്മുടെ വല്യേട്ടന്മാര്‍? ധാതു സന്പത്തിന്റെയും, കല്‍ക്കരി ഉള്‍പ്പടെയുള്ള പ്രകൃതി വിഭവങ്ങളുടെയും സ്ഥിതി ഇത് തന്നെ! യൂറേനിയവും, തോറിയവുമടങ്ങിയ ലോഹ മണല്‍ നിറഞ്ഞു കിടക്കുകയാണ് ചവറയിലെ വിശാല കടല്‍പ്പുറങ്ങളില്‍! ധാതു സന്പുഷ്ടമായ കരിമണല്‍ തീരമാണ് ആലപ്പുഴ മേഖലയില്‍ മുഴുവനുമുള്ളത്. ഇരിമ്പും, മംഗനീസും, അഭ്രവും, അലുമിനീയവും സമൃദ്ധമായിട്ടുള്ള നമ്മുടെ നാടിനെന്തിനാണ് ആഗോളവല്‍ക്കരണത്തിന്റെ അന്തിച്ചന്ത? ആഗോളവല്‍ക്കരണത്തിന്റെ അരും നുകത്തിനടിയില്‍ കഴുത്ത് പിണച്ചു കൊടുത്തു കൊണ്ട്, നമ്മുടെ മാര്‍ക്കറ്റുകള്‍ വിദേശ ഉല്‍പ്പാദകര്‍ക്കു തുറന്നു കൊടുത്തതെന്തിന്?

നമുക്ക് വേണ്ടിയിരുന്നത് അവരുടെ ഉല്പന്നങ്ങളായിരുന്നില്ല.അവര്‍ നേടിയ സാങ്കേതിക നൈപുണ്യമായിരുന്നു. നമുക്കാകാത്തിടത്തു അവരുടെ നൈപുണ്യവും, നമ്മടെ അസംസ്കൃത വസ്തുക്കളും കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഒരു ഉല്‍പാദക രാജ്യമാവാനുള്ള വിഭവ ശേഷി കാത്തു കിടന്നപ്പോളും, വെറുമൊരു വാങ്ങല്‍ രാജ്യമായി നമ്മള്‍ അധ:പതിക്കുകയാണ് ഉണ്ടായത്!

ഇത് ഇന്‍ഡ്യാക്കാരനെ അലസനായ അടിപൊളിക്കാരന്‍ ആക്കിയിരിക്കുന്നു.ആ ആയാസകരമായി ധനവാനാകുന്നതില്‍ നിന്ന് നയവൈകല്യങ്ങള്‍ അവനെ പിറകോട്ടടിച്ചിരിക്കുന്നു! അടിമക്കൂ,പൊളിക്കൂ, ആനന്ദിക്കൂ എന്ന ( എന്‍ജോയ് ദ ലൈഫ് ) പടിഞ്ഞാറന്‍ മുദ്രാവാക്യം അവന്‍ ഉശിരോടെ ഏറ്റുവിളിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനുള്ള വഴി തുറക്കുന്നതിനായിരുന്നു, എന്‍ജോയ് ദ ലൈഫ് മൊഴിമാറ്റം നടത്തി 'അടിപൊളി "യാക്കി ഇന്‍ഡിയാക്കാരന്റെ മനസിന്റെ മാര്‍ക്കറ്റിലിറക്കിയത്. അന്‍പതു ശതമാനത്തോളം ജനങ്ങള്‍ ഇന്നും ദാരിദ്ര്യ രേഖക്കടിയിലാണെങ്കിലും, അന്നന്നപ്പം മുട്ടില്ലാത്തവര്‍ ഉള്‍പ്പടെയുള്ള അന്‍പതു ശതമാനം വരുന്ന വാങ്ങലുകാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്. ഇത് അമേരിക്കയിലെ മൊത്തം വാങ്ങലുകാരുടെ ഇരട്ടിയിലധികമാണ്. അനിഷേധ്യമായ ഈ വില്പനാ സാധ്യതയാണ്, വിദേശ കുത്തക കന്പനികളെ ഇന്ത്യന്‍ മണ്ണില്‍ പിടിച്ചു നിര്‍ത്തുന്നത്. ഉല്‍പ്പാദന ചിലവിന്റെ പത്തും അതിലധികവും ഇരട്ടി വിലക്ക് സാധനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഈ കുത്തകകളുടെ ക്രൂര ദൃംഷ്ടങ്ങള്‍ക്കിടയിലേക്ക് ഇന്ത്യന്‍ ജനതയെ എറിഞ്ഞു കൊടുത്ത ഭരണ കൂടങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നതേയില്ല?

എണ്‍പതു ശതമാനത്തിലധികം ജനങ്ങള്‍ നിവസിക്കുന്ന ഗ്രാമങ്ങളുടെ സന്പൂര്‍ണ്ണ പുരോഗതി ലക്ഷ്യം വച്ചുള്ള ആസൂത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാം പരാജയപ്പെട്ടു. പകരം, നഗരങ്ങളിലെ ഇരുപത് ശതമാനത്തിനു വേണ്ടി മൊട്ടസൂചി മുതല്‍ മോട്ടോര്‍ കാര്‍ വരെയുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചെടുക്കുവാന്‍ വേണ്ടി നമ്മുടെ പഞ്ചവത്സര പദ്ധതികളുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കപ്പെട്ടു.ഫാക്ടറികളില്‍ നിന്ന് പുറത്തുവന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയാതെ ഗ്രാമീണ ദരിദ്ര വര്‍ഗ്ഗം തങ്ങളുടെ പരിമിതികളിലേക്കു ചുരുണ്ടു കൂടിയപ്പോള്‍, വ്യവസായ വികസനം കേവലം ജല രേഖയായി പരിണമിച്ചു! വന്‍കിട മൂലധനത്തോടെ സമാരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത് ഇങ്ങിനെയാണ്. അര നൂറ്റാണ്ടിനു ശേഷം കൈവന്ന അല്‍പ്പം വളര്‍ച്ചയിലൂടെ ഇന്ത്യന്‍ വാങ്ങലുകാര്‍ സജീവമായിത്തുടങ്ങിയതോടെ, ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ മത്സരിക്കാന്‍ ആഗോള കുത്തകകളെ അനുവദിക്കുക വഴി, ഇന്ത്യന്‍ വ്യവസായ മേഖലയെ കൊലക്കു കൊടുക്കുവാനാണ്, ഫലത്തില്‍ ആഗോളവല്‍ക്കരണം സഹായിച്ചത്!


രാഷ്ട്ര ശില്പിയെന്ന് നാം ആദരവോടെ വിളിക്കുന്ന നെഹ്റു ഭരണകൂടത്തിന് പറ്റിപ്പോയ വലിയൊരു പിടിപ്പുകേടായിരുന്നൂ ഇത്. ആദ്യകാല പഞ്ചവത്സര പദ്ധതികളില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുത്തിരുന്നുവെങ്കില്‍, വിഭവ സമൃദ്ധിയില്‍ മടിശീല നിറയുന്ന ഗ്രാമവാസി സ്വാഭാവികമായും സുഖഭോഗ വസ്തുക്കള്‍ തേടിപ്പോകുമായിരുന്നു. അപ്പോള്‍ സമാന്തരമായി ഒരു വ്യവസായിക വിസ് പോടനം വളര്‍ന്നു വരികയും, രാജ്യത്തിന്റെ മൊത്തം പുരോഗതിക്ക് രണ്ടും കാരണമായിത്തീരുകയും ചെയ്യുമായിരുന്നു.

ഇന്ന് ഭരണകൂടങ്ങളും, മാധ്യമങ്ങളും ഇന്ത്യന്‍ പുരോഗതിയുടെ വലിയ വൃത്തങ്ങള്‍ വരച്ചിടുന്‌പോള്‍, അവരും, അവരോടൊപ്പം നമ്മളും അറിയുന്നില്ല, ഇന്ത്യന്‍ സമൂഹത്തിലെ പകുതിയോളം ജനങ്ങള്‍ ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്ത ദാരിദ്രാവസ്ഥയിലാണെന്ന്! ഭരണ മാഫിയകള്‍ക്ക് വോട്ടു നേടുവാന്‍ മാത്രമുള്ള ഉപകാരണങ്ങളാക്കി അവരെ ജമീന്ദാരി ഭൂസ്വാമികളുടെ സ്റ്റോറേജുകളില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നു!?

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമുദ്ധാരണത്തിലൂടെ മാത്രമേ ഏതൊരു രാജ്യവും പുരോഗതി പ്രാപിക്കുകയുള്ളു.മുതലാളിത്ത രാജ്യമെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ പരിഹസിക്കുന്ന അമേരിക്കയില്‍ നിലവിലിരിക്കുന്ന മിനിമം വേജസ് നിയമം സൊദ്യലിസ്‌റ് കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്ന ഒരു വന്‍ മുന്നേറ്റമാണ്. ജോലി ചെയ്യാന്‍ തയാറുള്ള ഏതൊരാള്‍ക്കും മിനിമം വേജസ് കിട്ടും. ഈ തുക കൊണ്ട് അയാള്‍ക്ക് ന്യായമായി ജീവിച്ചുപോകാം. അവന്റെ തലയ്ക്കു മുകളില്‍ ദാരിദ്ര്യ രേഖയില്ല. ഇന്ത്യയിലാകട്ടെ, തൊഴിലെടുക്കുന്നവന് പോലും ദാരിദ്ര്യമാണ്.

ഉത്തരേന്ത്യന്‍ ജമീന്ദാരികള്‍ക്കു വേണ്ടി തലമുറകളായി അടിമപ്പണി ചെയ്യുന്ന ദരിദ്ര തൊഴിലാളികള്‍ക്ക് അളന്നു കിട്ടുന്ന അല്‍പ്പം ഗോതന്പാണ് വേതനം. ഈ തൊഴിലാളിയുടെ ഏതോ മുതു മുത്തച്ഛന്‍ ഇന്നത്തെ ജമീന്ദാരുടെ ഏതോ മുതു മുത്തച്ഛനോടു എന്നോ വാങ്ങിയിട്ടുണ്ടന്നു പറയപ്പെടുന്ന കടത്തിന്റെ പലിശക്കാണ് ഇന്നും അവന്‍ പണി ചെയ്യുന്നത്. ഒരു ജീവിതകാലം മുഴുവന്‍ പണിതാലും തീരാത്ത ഈ കടം തന്റെ തലമുറകള്‍ക്കു ഏല്‍പ്പിച്ചു കൊടുത്തിട്ടു ഈ തൊഴിലാളി മരിക്കുന്‌പോള്‍, പുതിയ ജമീന്ദാരും, പുതിയ തൊഴിലാളിയുമായി ഈ ചക്രം വീണ്ടും ഉരുളുകയാണ്. ഈ കടത്തിന്റെ അദൃശ്യ ചങ്ങലയാല്‍ കെട്ടപ്പെടുന്നത് കൊണ്ട് ജോലി ചെയ്യാന്‍ ത്രാണി നേടുന്ന ഏതൊരുവനും പുറത്തു കടക്കാനാവുന്നില്ലാ. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിത്യമായി നിഷേധിക്കപ്പെടുന്നത് കൊണ്ട് പുറത്തെ ലോകം എങ്ങിനെ ചലിക്കുന്നുവെന്ന് ഇവരറിയുന്നില്ല. കാലാകാലങ്ങളില്‍ വോട്ടു ചെയ്യാന്‍ മാത്രമായി അടുത്ത പട്ടണങ്ങളിലേക്കു ആട്ടിത്തെളിക്കപ്പെടുന്ന ഈ അടിമക്കൂട്ടം, ജമീന്ദാര്‍ യജമാനന്മാര്‍ വരച്ചു കൊടുക്കുന്ന ഒരു ചെറിയ വൃത്തത്തിനുള്ളില്‍ തങ്ങളുടെ ലോകം ഒതുക്കുന്നു!

ഈ അടിമകളുടെ മോചനം സുസാധ്യമാകണമെങ്കില്‍, കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ നട്ടെല്ലുള്ള ഭരണ കൂടങ്ങള്‍ വരണം. കുത്തഴിഞ്ഞ ജനാധിപത്യത്തേക്കാള്‍, നട്ടെല്ലുള്ള ഏകാധിപത്യത്തിനു കൂടുതല്‍ ചെയ്യാന്‍ സാധിച്ചേക്കും.കൂട്ടുകക്ഷി രാക്ഷ്ട്രീയത്തിലൂടെ കസേര കളിച്ചു ഭരണത്തിലേറുന്നവര്‍ക്ക്, അതില്‍ അള്ളിപ്പിടിച്ചിരുന്ന് സ്വന്തം കീശ വീര്‍പ്പിക്കാനല്ലാതെ ഒന്നിനും സാധിക്കുകയില്ല. കാരണം, ജമീന്ദാര്‍ വര്‍ഗ്ഗത്തിലുള്ളവരുടെ പണവും കൂടി മുതലിറക്കിയിട്ടാണ് ഇയാള്‍ പാര്‍ലിമെന്റില്‍ എത്തിയിട്ടുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ജമീന്ദാര്‍ പണമിറക്കി, തന്റെ തൊഴിലാളികളെക്കൊണ്ട് വോട്ടു ചെയ്യിച്ചു, തനിക്കു വേണ്ടി പാര്‍ലിമെന്റില്‍ അയച്ചിട്ടുള്ള ഡമ്മികളാണ് ഭൂരിഭാഗം എം .പി.മാരും.പരസ്യമായി രംഗത്തുവരാതെ കോര്‍പറേറ്റ് പ്രഭുക്കന്‍മ്മാരും ഇത് തന്നെ ചെയ്യുന്നു. തങ്ങളുടെ യജമാനന്മാര്‍ക്കെതിരെയുള്ള ഏതൊരു നിയമ നിര്‍മ്മാണത്തെയും ഈ ഡമ്മികള്‍ നഖ ശിഖാന്തം എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. ഫലത്തില്‍, തള്ളക്കോഴിക്ക് മുല വരുന്നത് കാത്തിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ, ഇന്ത്യന്‍ ജനതയിലെ ഈ അടിമക്കൂട്ടങ്ങള്‍ എക്കാലവും ഒരു യാഥാര്‍ഥ്യമായി നില നില്‍ക്കുക തന്നെ ചെയ്യും!

തൊള്ളായിരത്തി നാല്‍പ്പത്തേഴില്‍ ഇന്ത്യ നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം കുരക്കാനുള്ള സ്വാതന്തൃമാണ്. കൂടുതല്‍ ഉച്ചത്തില്‍ കുരക്കുന്നവന്‍ കൂടുതല്‍ പൊതുമുതല്‍ കൈയ്യടക്കുന്ന അവസ്ഥയാണ് സംജാതമായത്. നാല്‍പ്പത്തേഴിന് മുന്‍പും പിന്‍പുമുള്ള സൂര്യോദയങ്ങള്‍ ഇന്ത്യന്‍ ദരിദ്രവാസിക്ക് ഒരുപോലെയാണ്. ബ്രിട്ടീഷ് സായിപ്പന്‍മ്മാര്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്നിടത്ത് ഇന്ന് വീറ്റിഷ് (ഗോതന്പു നിറം) സായിപ്പന്മാര്‍ കോടി വച്ച കാറുകളില്‍ എത്തുന്നു. ജമീന്ദാരുടെ ആതിഥ്യം സ്വീകരിച്ചെത്തുന്ന അവരെ ഭക്ത്യാദരവുകളോടെ ജമീന്ദാരുടെ തൊഴിലാളികള്‍ ഇന്നും കൈ തൊഴുന്നു! തക്കാളിയുടെ നിറമുള്ള തന്പുരാക്കന്മാര്‍ തങ്ങളെ നോക്കി കൈ വീശുന്‌പോള്‍, ഉത്തരേന്ത്യന്‍ വേനല്‍ച്ചൂടില്‍ കത്തിക്കരിഞ്ഞ കറുത്ത തൊഴിലാളികള്‍ ജന്മസാഫല്യമടഞ്ഞ സന്തോഷത്തോടെ കോള്‍മയിര്‍ക്കൊള്ളുന്നു!

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യന്‍ മൂലധന നിക്ഷേപത്തില്‍ നിന്ന് ഒരു ചില്ലിയുടെ പോലും പ്രയോജനം ലഭിക്കാതെ പോയ ഈ വലിയ കൂട്ടം അത് തങ്ങളുടെ കൂടി അവകാശമായിരുന്നുവെന്ന് ഇന്നും അറിഞ്ഞിട്ടില്ല. 'നിന്റെ ദുരന്തം നിന്റെ വിധിയാണ്' എന്ന് ചെവിയില്‍ മന്ത്രിച്ചു കൊടുക്കുവാന്‍ വേണ്ടി മതങ്ങളെയും യജമാന വര്‍ഗ്ഗം ഒരുക്കി നിര്‍ത്തിയിട്ടുണ്ട് ദൈവത്തിന്റെ ലേബല്‍ നെറ്റിയിലൊട്ടിച്ചിട്ടുള്ളത് കൊണ്ട് ഈ നീലക്കുറുക്കന്‍മാരെ പാവങ്ങള്‍ തിരിച്ചറിയുന്നുമില്ല!

മാനവീകതയുടെ മഹത്തായ സാധ്യതകള്‍ സ്വപ്നം കാണുന്ന ഇന്ത്യന്‍ യുവത്വം ഇവര്‍ക്ക് വേണ്ടി ഉണരണം.വിദ്യാഭ്യാസത്തിലൂടെ തങ്ങള്‍ നേടിയ വെളിച്ചം ഇവര്‍ക്ക് കൂടി പകര്‍ന്നേകണം. ഏറ്റവും ചുരുങ്ങിയത് ഒരു പൗരന്‍ എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു അവരെ ബോധവാന്മാരാക്കണം. പുകയില, മദ്യം, ആഭരണങ്ങള്‍ എന്നിവ പൂര്‍ണമായി വര്‍ജ്ജിക്കുവാന്‍ അവരെ പഠിപ്പിക്കണം. പ്രകൃതിയുടെ തോഴന്മാരായ ഇവരെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും, അടിപൊളിയുടെ ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനും സജ്ജരാക്കണം.

സ്വന്തം വര്‍ഗ്ഗത്തെയും, ചോരയെയും തിരിച്ചറിയുന്ന ഒരു ജനകീയ കൂട്ടായ്മയാണ് അവര്‍ക്കാവശ്യം. തങ്ങള്‍ ചൂഷിതരാണ് എന്ന തിരിച്ചറിവ്
ഇവരെ ഉണര്‍ത്തും. ചൂഷകര്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധത്തില്‍ ഇവര്‍ വലിയ ശക്തിയായി മാറും. ആ ശക്തിക്കെതിരെ തോക്കും, ലാത്തിയും ഒന്നുമല്ലാതായിത്തീരുന്ന കാലം വരും!

നിത്യമായ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഉത്തരേന്ത്യന്‍ അടിമകളുടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കാന്‍ മേലാളര്‍ക്കു സാധിച്ചുവെങ്കില്‍, എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങള്‍ വ്യാപകമാവുകയാണ് ഭാരതത്തില്‍! അറിവിന്റെ വെളിച്ചം അല്‍പ്പമെങ്കിലും നേടാന്‍ കഴിഞ്ഞ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ പ്രതിഷേധം കൂടുതല്‍ വ്യാപകവുമാണ്. കേരളത്തില്‍ ഉയര്‍ന്നുയര്‍ന്നു പോകുന്ന കര്‍ഷകരുടെ ആല്മഹത്യകള്‍ വിരല്‍ ക്മഹോന്‍ടുന്നതും ഈ വസ്തുതയിലേക്കാണ്. ഭരണകൂടങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നു ബോധ്യമുള്ള ദരിദ്ര കര്‍ഷകര്‍ സ്വയം പീഠിപ്പിച്ചു കൊണ്ട് കീഴടങ്ങുകയാണ്, ആല്മഹത്യയിലൂടെ! പക്ഷെ, അവരെയും, അവരുടെ ദുരന്തങ്ങളെയും നെഞ്ചേറ്റുന്ന ഒരു വലിയ സമൂഹം ജീവിച്ചിരിക്കുന്നുണ്ട് സമൂഹത്തില്‍?

വിസ്‌പോടനാല്മകമായ ഈ സ്ഥിതിവിശേഷം ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സാധ്യതകളിലേക്ക് ഇന്ത്യയെ നയിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ വളര്‍ന്നു വരികയാണ്. ഇതുവരെ ഭാരതം ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മികവും, സാമൂഹികവും, സാംസ്കാരികവുമായ മൂല്യങ്ങള്‍ ഈ പ്രളയത്തില്‍ കുലംകുത്തിയൊഴുകിപ്പോകുന്‌പോള്‍, ഭാരതീയര്‍ എന്ന നിലയില്‍ നാം ഏറ്റുവാങ്ങേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ അനിര്വചനീയമായിരിക്കും!?

ഇത് തടയാന്‍ ഏറെ കടപ്പെട്ട ഭരണകൂടങ്ങള്‍ അടിയന്തിരമായി ഉണരണം. മേശക്കടിയില്‍ വീഴുന്ന മുറിക്കഷണങ്ങള്‍ കൊണ്ട് ഇനിയിവരെ തടയാനാവില്ലെന്ന് ഭരണകൂടങ്ങള്‍ അറിയണം. എല്ലാ സാന്പത്തിക- സാമൂഹിക- സ്വാന്തനങ്ങളും ഇവരിലേക്ക് തിരിച്ചു വിടണം. ദരിദ്ര മേഖലകളിലെ ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്കു പകരം മെച്ചപ്പെട്ട പാര്‍പ്പിടങ്ങള്‍ ഉയരണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെ പാടേ അവഗണിച്ചുകൊണ്ട്, ജോലിയിലിരുന്നു പരിശീലനം നേടാനുള്ള സംവിധാനത്തോടെ ആകാവുന്നത്ര സര്‍ക്കാര്‍ ജോലികള്‍ ഇവര്‍ക്കായി സംവരണം ചെയ്യണം. ആരോഗ്യ സംരക്ഷണാര്‍ത്ഥം ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കണം.ഈ കാര്‍ഡുകള്‍ കാണിച്ചുകൊണ്ട് ഏതൊരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം. കാര്‍ഡുകളിലേക്കുള്ള പേയ്മെന്റുകള്‍ അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കാര്‍ വഹിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗ്രാമ ഗലികളിലേക്കു കടന്നു ചെല്ലുകയും, പ്രായ ഭേദമന്യേ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയും വേണം. അതിനു തടസമായി നില്‍ക്കുന്നത് ജമീന്ദാരി തന്പുരാക്കന്‍ ആണെങ്കിലും, സവര്‍ണ്ണ പ്രഭുക്കന്മാര്‍ ആണെങ്കിലും, നിയമം മൂലം ഇവരെ നിലക്ക് നിര്‍ത്തണം. സര്‍വോപരി, കൃഷിഭൂമിയിന്മേലുള്ള അവകാശം കൃഷി ചെയ്യുന്നവരായ ഇവരിലേക്ക് വരണം. കായിക ജോലികള്‍ക്കുള്ള വേതന നിരക്ക്, ഓഫീസ് ജോലികള്‍ക്കുള്ളതിനേക്കാള്‍ കൂടുതലാക്കിക്കൊണ്ട് നിയമ നിര്‍മ്മാണം നടത്തണം.

ഇത്രയുമൊക്കെ അടിയന്തിരമായി ചെയ്താല്‍ ഒരു മഹാ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചേക്കും. നഗര മേഖലകളിലെ വികസന വിപ്ലവം ഗ്രാമ ഗലികളിലേക്ക് തിരിച്ചു വിടണം.

പണമെവിടെ എന്നാണോ? പണമുണ്ട്.സമര്‍ത്ഥമായ സംവിധാനത്തിലൂടെ അത് കണ്ടെത്തിയാല്‍ മതി.സര്‍ക്കാര്‍ എഴുതിത്തള്ളാനൊരുങ്ങുന്ന ആദായ നികുതിക്കുടിശ്ശിഖ മാത്രം കോടാനുകോടി വരും.അത് പോലെ ഒളിഞ്ഞുകിടക്കുന്ന പണം മറ്റു മേഖലകളിലും ധാരാളമുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള പിഴ ഉയര്‍ന്ന നിരക്കില്‍ പണമായി ഈടാക്കണം. അപരനെ അടിക്കുന്നവനുള്ള പിഴ ഓടിക്കുന്നവന്റെ ശേഷിക്കനുസരിച്ചു അന്‍പതിനായിരം മുതല്‍, അഞ്ചുകോടി വരെ ഈടാക്കണം. ഇത് ചെയ്താല്‍ ഗുണ്ടാപ്പണി പോലും ക്രമേണ നിന്ന് പോകും?

ഈ വൈകിയ വേളയില്‍ ഒന്നേ പറയാനുള്ളു: അല്‍പ്പസ്വല്‍പ്പം നഷ്ടം സഹിച്ചിട്ടാണെങ്കിലും, അവകാശങ്ങള്‍ പങ്കു വയ്ക്കുകയാണ് അഭികാമ്യം.ആരുടെ നെഞ്ചിലൂടെയും തേര് തെളിച്ചു കൊണ്ടുള്ള ഈ അധികാര ഘോഷയാത്ര അധികം നില്‍ക്കാന്‍ പോകുന്നില്ല. ഓരോ ആല്മഹത്യയും ഓരോ പ്രതിഷേധമാണ്. ഓരോ പ്രതിഷേധവും ഓരോ തീപ്പൊരിയാണ്. തലമണ്ടയുണ്ടെങ്കില്‍ ഈ തീപ്പൊരി പടരാന്‍ അനുവദിക്കരുത്.

നിരാശയുടെ ചുടലക്കളങ്ങളില്‍ നിന്ന് മനുഷ്യപ്പിശാചുക്കള്‍ ഉടലെടുക്കുന്നുവെന്ന് പറഞ്ഞതാരാണ്? വര്‍ക്കിയോ ? ദേവോ? ആരായാലും അത് യാഥാര്‍ഥ്യമാവുകയാണ് ഇന്ത്യന്‍ സമൂഹത്തില്‍- കരുതിയിരിക്കുക!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code