Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രംപിന്റെ കൈകൊടുക്കലും മോദിയുടെ ആലിംഗനവും ഉഭയകക്ഷി ചര്‍ച്ചകളും (പി.സി. സിറിയക് ഐ.എ,എസ്)

Picture

അതിഥികളെ പരിഭ്രമിപ്പിച്ച് ധര്‍മ്മസങ്കടത്തിലാക്കുന്ന ഒരുതരം കൈകൊടുക്കല്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖമുദ്രയാണ്. അതുപോലെതന്നെയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിഥികള്‍ക്കുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തിരിക്കുന്ന ധൃതരാഷ്ട്രാലിംഗനം പോലെയുള്ള ഗാഢാലിംഗനശൈലിയും. ഇരുവരും തങ്ങളുടെ ബ്രാന്‍ഡുകളുടെ പ്രതിച്ഛായ ഈ ഉല്‍പ്പന്നങ്ങളെവച്ച് ബലപ്പെടുത്തിയെടുക്കുന്നു.

രണ്ടുപേരും സമൂഹമാധ്യമങ്ങളുടെ ആരാധകരും അവിടെ എത്തുന്നവരുടെ കണ്ണിലുണ്ണികളുമാണ്. ട്രംപിന് ട്വിറ്ററില്‍ മൂന്നുകോടി മുപ്പത്തൊന്നു ലക്ഷം അനുഗാമികളുണ്ടെങ്കില്‍ മോദിയുടെ പിന്തുണക്കാരുടെ എണ്ണം മൂന്നു കോടി പത്തുലക്ഷം. അടിക്കടി ട്വിറ്റര്‍ മെസേജുകളും ഫേസ്ബുക്ക് പോസ്റ്റിംഗുകളുമെല്ലാം നടത്തുന്നതില്‍ ട്രംപും മോദിയും വിദഗ്ധന്മാരാണ്. അതെല്ലാം വെട്ടിവിഴുങ്ങാന്‍ കാത്തിരിക്കുന്ന ആരാധകവൃന്ദങ്ങളും!

ട്രംപിന്റെ ഷേയ്ക്ക്ഹാന്റിന്റെ വിവരം ആദ്യം പരിശോധിക്കാം. ഇത് സാധാരണ കൈകുലുക്കലല്ല. നയതന്ത്രജ്ഞന്മാര്‍ എവിടെയും ഉപയോഗിക്കാറുള്ള ഈ ഉപകരണം പ്രസിഡന്റ് ട്രംപ് ഒരു സുകുമാര കലയാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അതിഥി അടുത്തെത്തിയാല്‍ ഉടനെ ട്രംപ് മുന്നോട്ടാഞ്ഞ് അയാളുടെ കരം ഗ്രഹിച്ച് മുറുക്കി ഒരുപിടി. പിന്നെയൊരു ഞെക്ക്. അയാളുടെ കൈവിരലുകള്‍ ട്രംപിന്റെ ബലിഷ്ഠമുഷ്ടിക്കകത്ത് ഞെരിഞ്ഞമരും. അടുത്തതൊരു വലിയാണ്. അതിഥി സൂക്ഷിച്ചുനില്‍ക്കുന്നില്ലെങ്കില്‍ അയാളുടെ ബാലന്‍സ് തെറ്റിച്ച് താഴെവീഴ്ത്തുന്ന വലിയാണത്. ഒരുതരം "ആം റസലിംഗ്'. നമ്മുടെ പഞ്ചഗുസ്തിയുടെ പാശ്ചാത്യരൂപം. ട്രംപ്, പ്രസിഡന്റ് പദവി ഏറ്റെടുത്തു കഴിഞ്ഞ ഉടനെ അദ്ദേഹത്തെ ആദ്യം സന്ദര്‍ശിച്ച പ്രധാനമന്ത്രി ജപ്പാനിലെ ഷിന്‍സോ ആബേ ആയിരുന്നു. ആബേയുടെ കൈപിടിച്ച് ട്രംപ് കുലുക്കി കശക്കിയെടുത്തത് 20 സെക്കന്റോളം നേരം നീണ്ടുനിന്നു എന്നാണ് നിരീക്ഷകര്‍ രേഖപ്പെടുത്തിയത്. ആറുതവണയാണത്രെ ട്രംപ് ഷിന്‍സോയുടെ കൈപ്പടം അമര്‍ത്തി തലോടിയത്. ഏറ്റവും സ്‌നേഹനിര്‍ഭരമായ ഒരു സ്വീകരണം നല്‍കി എന്നുവേണമെങ്കില്‍ ട്രംപിന് അവകാശപ്പെടാം. പക്ഷേ മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ട്രംപ് അതിഥിയുടെ കൈപ്പടം ഞെരിച്ചമര്‍ത്തി താനാണ് അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ആള്‍ എന്ന സന്ദേശം നല്‍കുകയാണ് പോലും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ പുതുതായി സ്ഥാനമേറ്റ ജഡ്ജി, ട്രംപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കരംഗ്രഹിച്ച് ട്രംപ് ഒരൊറ്റ വലി! ഒരു വളര്‍ത്തുനായയെ കഴുത്തിലെ ചരട് പിടിച്ചു വലിക്കുന്നതു
പോലെ.

ഇനി നമ്മുടെ നരേന്ദ്ര മോദിജിയുടെ കാര്യം. അദ്ദേഹം ആലിംഗനത്തിന്റെ സ്‌പെഷ്യലിസ്റ്റാണ്. പ്രസിഡന്റ് ട്രംപിനെ വൈറ്റ്ഹൗസില്‍ സന്ദര്‍ശിക്കാന്‍ മോദി ചെന്നപ്പോള്‍ ഒരു ചെറിയ മത്സരമാണ് അവിടെ കണ്ടത്. മോദിയുടെ കരംഗ്രഹിച്ച് തന്റെ "ട്രംപ് ബ്രാന്‍ഡ് ഷേയ്ക്ക്ഹാന്‍ഡ്' നല്‍കാന്‍ മുന്നോട്ടായുന്ന ട്രംപ് ഒരുവശത്ത്. ട്രംപിന്റെ പുറത്ത് ഇടതുകൈകൊണ്ട് തലോടി ഇരുകൈകളും ഉപയോഗിച്ച് അദ്ദേഹത്തെ ആലിംഗനബദ്ധനാക്കാന്‍ വെമ്പുന്ന മോദി മറുവശത്ത്. മോദിയുടെ കൈപിടിക്കാന്‍ ട്രംപിന് സാധിക്കുന്നതിനുമുമ്പ് മോദി മിന്നല്‍വേഗത്തില്‍ തന്റെ ഇടതുകൈകൊണ്ട് ട്രംപിന്റെ മുതുകില്‍ തലോടിക്കൊണ്ട് അദ്ദേഹത്തെ തന്നിലേക്ക് അടുപ്പിച്ച് വലതുകൈ നീട്ടി ആലിംഗന കുരുക്കില്‍ തടവുകാരനാക്കിക്കളഞ്ഞു! ട്രംപിന്റെ ചുളിഞ്ഞ മുഖം, ഈ പരിപാടി തനിക്ക് അത്ര രുചിച്ചില്ല എന്ന തോന്നലുണ്ടാക്കിയെന്നാണ് അവിടെ സന്നിഹിതനായിരുന്ന ഒരാള്‍ പറഞ്ഞത്. വേഗംതന്നെ ജാള്യത മറച്ച് ട്രംപ് മോദിയുടെ മുതുകിലും തഴുകി സന്തോഷം പ്രകടിപ്പിച്ചു. അന്നത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനത്തിനിടയ്ക്ക് രണ്ടു പ്രാവശ്യം, ആദ്യം ചെന്നപ്പോഴും പിന്നെ വിടപറഞ്ഞപ്പോഴും മോദി ട്രംപിനെ ആലിംഗനം ചെയ്തത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

* * * * *

സ്വീകരണം ഊഷ്മളമായിരുന്നു. പക്ഷേ, നമ്മുടെ കാര്യം വല്ലതും സാധിച്ചോ? ചെന്നയുടനെ മോദി ഉണര്‍ത്തിച്ചു, ഇന്ത്യന്‍ സ്വകാര്യ കമ്പനിയായ സ്‌പൈസ്‌ജെറ്റ് 100 ജെറ്റ് വിമാനങ്ങള്‍ക്ക് അമേരിക്കയിലെ ബോയിംഗ് കമ്പനിക്ക് ഓര്‍ഡര്‍ കൊടുക്കുന്ന കാര്യവും, അമേരിക്കയുടെ ഷെയ്ല്‍ ഓയില്‍ കമ്പനികളുടെ എല്‍എന്‍ജി (ഗ്യാസ്) വാങ്ങാനുള്ള ഒരു 50 ബില്യണ്‍ ഡോളര്‍ നിര്‍ദ്ദേശത്തെപ്പറ്റിയും, ടാറ്റാ കമ്പനിയും അമേരിക്കയിലെ ലോക്ക്ഹീഡ് കമ്പനിയുമായി എഫ്-16 വിമാനം നിര്‍മ്മിക്കാന്‍ കരാര്‍ ഉണ്ടാക്കുന്നുവെന്നും. അമേരിക്കയില്‍ നിന്നും അണുവൈദ്യുത നിലയം വാങ്ങാനുള്ള കരാര്‍ നല്‍കാനും മോദി സന്നദ്ധത പ്രകടിപ്പിച്ചു. കൂടുതല്‍ ബിസിനസ് നേടിയെടുക്കുക എന്ന ലക്ഷ്യവുമായി നില്‍ക്കുന്ന ട്രംപിനെ ഇത് സന്തോഷിപ്പിച്ചു. പക്ഷേ, ചൈനയ്‌ക്കെതിരായി ഒരു ഏഷ്യന്‍ ബദല്‍ശക്തിയായി ഇന്ത്യയെ വളര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്കയെക്കൊണ്ടു സമ്മതിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതുപോലെതന്നെ പാക്കിസ്ഥാന് അമേരിക്ക നല്‍കുന്ന സൈനിക സഹായം വെട്ടിക്കുറയ്ക്കാന്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. എങ്കിലും ഇന്ത്യയുടെ യഥാര്‍ത്ഥ സ്‌നേഹിതനാണ് താന്‍ എന്ന് പ്രഖ്യാപിക്കാന്‍ ട്രംപ് മടിച്ചില്ല. ലക്ഷ്യം നേടാന്‍ നമ്മുടെ നയതന്ത്രജ്ഞന്മാര്‍ വിയര്‍പ്പൊഴുക്കി ട്രംപിന്റെ അനുചരന്മാരെ മെരുക്കിയെടുത്താല്‍ മാത്രമേ കാര്യം നടക്കൂ എന്നു തോന്നുന്നു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code