Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിന്ദുവിന്റെ നര്‍മ്മബിന്ദുക്കളില്‍ സിദ്ധരായ എഴുത്തുകാരുടെ കൈയടക്കം   - പി ശ്രീകുമാര്‍

Picture

'ത്രേ്യസ്യാകുട്ടിയുടെ കുമ്പസാരം' എന്ന കഥയെക്കുറിച്ച് 2001 ഡിസംബര്‍ 12ന് സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതി.

'കലയുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ വിരൂപവും ചൈതന്യത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ നിര്‍ജ്ജിതവുമായ ചില കഥകളില്‍നിന്ന് നമ്മള്‍ നേരേ പോരുന്നത് ബിന്ദു ബൈജു പണിക്കറിന്റെ നര്‍മ്മഭാസുരമായ ത്രേസ്യാക്കുട്ടീടെ കുമ്പസാരത്തിലേക്കാണ്. ത്രേസ്യാക്കുട്ടി സുന്ദരിയാണ്. ആ സൗന്ദര്യംകൊണ്ടാണ് അവള്‍ക്ക് അര്‍ഹയായ ഭര്‍ത്താവിനെ കിട്ടിയത്. അയാള്‍ ഡോക്ടര്‍. പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അയാളെ ത്രേസ്യാക്കുട്ടിയുടെ പ്രാഗത്ഭ്യമാണ് വലിയ ആശുപത്രിയുടെ മേധാവിയാക്കിയത്. അതിനുള്ള ശ്രമങ്ങളെല്ലാം കലാകാരി ഗ്രാമീണഭാഷയില്‍ ഹാസ്യാത്മകമായി ആവിഷ്ക്കരിക്കുന്നു. ത്രേസ്യാക്കുട്ടിക്ക് ദിവസവും കുടിക്കണം. പ്രയത്‌നത്താല്‍ ഭര്‍ത്താവിനെ വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥനാക്കിയതിനാല്‍ അല്‍പം കുടിച്ചാലെന്ത് എന്ന മട്ടാണ് അവള്‍ക്ക്. കഥ ഹാസ്യാത്മകമായി തന്നെ അവസാനിക്കുന്നു. നേരം വൈകിയാല്‍ ഞാന്‍ രണ്ടെണ്ണം വിടുന്നതില്‍ എന്താ തെറ്റ്? എന്റെ വിഷമങ്ങള്‍ ആര് അറിയാനാണ്. ''ലീലേ കുറച്ച് ഐസ് വാട്ടറും ഗ്ലാസും ഇങ്ങെടുത്തോ'' എന്ന ത്രേസ്യാകുട്ടിയുടെ ആജ്ഞയോടുകൂടിയാണ് കഥയുടെ പര്യവസാനം. ജീവിത്തെ നര്‍മ്മഭാസുരമായി വീക്ഷിക്കുന്നു ബിന്ദു ബൈജു പണിക്കര്‍.'

അമേരിക്കയില്‍ ഐടി കമ്പനിയില്‍ ജോലിയുമായി പ്രവാസ ജീവിതത്തിനെത്തിയ ബിന്ദു ബൈജു പണിക്കര്‍ എന്ന സാഹിത്യകാരിയുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അവിടെ. കൃഷ്ണന്‍ നായരുടെ പ്രശംസയെ പ്രചോദനമാക്കി ബിന്ദു പിന്നെയും എഴുതി. കഥകള്‍ക്കു പറമെ കവിതയും പാട്ടുകളും എല്ലാം. സാമ്പ്രദായക രീതികളില്‍ നിന്നു വ്യത്യസ്തമായി എഴുത്തിന്റെ എല്ലാ തലങ്ങളെയും തൊട്ടുതലോടികൊണ്ട് വായനയുടെ നര്‍മ്മഭാസുരമായ ലോലഭാവങ്ങളെയും നൊമ്പരങ്ങളെയും ഭാവാത്മകമായി പ്രകാശിപ്പിക്കുവയായിരുന്നു അവയൊക്കെ.

ബിന്ദുവിന്റെ രചനകള്‍ 'കോഫി വിത്ത് ഗാന്ധാരിയമ്മ' എന്ന പേരില്‍ പുസ്തകരൂപം പൂണ്ടപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് കവി വി. മധുസൂദനന്‍ നായരാണ്.

'ബിന്ദുവിന്റെ നര്‍മ്മബിന്ദുക്കളില്‍ ആദ്യത്തെ കണ്‍തിളക്കങ്ങള്‍ക്കപ്പുറം, അനേകം മര്‍മ്മസന്ധികളുണ്ട്. സിദ്ധരായ എഴുത്തുകാരുടെ കൈയടക്കമാണത്. ഏഴുഭാഗങ്ങളായിത്തിരിച്ച് സംവിധാനം ചെയ്തിരിക്കുന്ന ''കോഫി വിത്ത് ഗാന്ധാരിയമ്മ'' എന്ന ഗ്രന്ഥം മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയതാണ്, ഇതിനുള്ളില്‍ മുങ്ങിയെടുക്കാനേറെയുണ്ടെന്ന്. ദേശാന്തര ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍, അവയ്ക്കുള്ളിലെ നേരുകള്‍, നേരുകേടുകള്‍, ജീവിതരീതി വിത്യാസങ്ങള്‍ ഇവയെല്ലാം നേര്‍മ്മകളും അകപ്പൊരുളുമുള്ള കൊച്ചുവചനങ്ങളിലൊതുക്കാന്‍ ഒന്നാമതായി വേണ്ടത് സിദ്ധിതന്നെയാണ്. സരസമായ നിരീക്ഷണകൗതുകവും സൂക്ഷ്മദര്‍ശനശേഷിയും വിശകലന പാടവവും ആ സിദ്ധിയെ സാഫല്യമുള്ളതാക്കുന്നു. നാട്ടുമനസും നവകാലമനസും കൊരുത്തെടുക്കാനുള്ള നൈപുണി അതിനെ അധികം കാവ്യാത്മകവും ജൈവവുമാക്കുന്നു. അതുകൊണ്ട്, ഒറ്റനോട്ടത്തില്‍, ലഘുവായി വായിച്ചുപോകാവുന്ന ഇതിലെ രചനകളിലെമ്പാടും സമ്പുഷ്ടമായ രസായനശക്തി ഉണ്ട്.' മധുസൂദനന്‍നായര്‍ ആമുഖമായി എഴുതി.
പ്രവാസി മലയാളികളിലെ ഏറ്റവും മികച്ച കഥാകാരിയും കവയത്രിയുമായ ബിന്ദു ബൈജു പണിക്കര്‍ നല്‍കിയ ആഭിമുഖ്യത്തില്‍ നിന്ന്.

? ആദ്യകഥയ്ക്ക് എം. കൃഷ്ണന്‍നായരുടെ പ്രശംസ. ആദ്യ പുസ്തകം അവതരിപ്പിച്ചത് വി. മധുസൂദനന്‍നായരും. സാഹിത്യകാരിക്ക് ഇതിലും വലിയ തുടക്കം എന്തു വേണം?

=സാഹിത്യലോകത്ത് അവരവരുടെ മേഖലയില്‍ മഹാ പ്രതിഭകളായ ഇവരുടെ കയ്യൊപ്പ് ചാര്‍ത്തികിട്ടിയതിനെ മുന്‍ ജന്മ സുകൃതം എന്നേ കാണുന്നുള്ള. കൂടുതല്‍ അമേരിക്കന്‍ ജീവിതത്തിനിടയിയിലും എന്റെ സാഹിത്യവാസന കെട്ടുപോകാനനുവദിക്കാതിരുന്നത് ഇത്തരം ഗുരുക്കന്മാരുടെ നല്ല വാക്കുകളാണ്.

? കഥയാണോ കവിതയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തതരത്തില്‍ രണ്ടു സാഹിത്യരൂപങ്ങളും ഒരുപോലെ കൂട്ടിയോജിച്ച് വാര്‍ത്തെടുത്തതാണ് ബിന്ദുവിന്റെ സൃഷ്ടികള്‍. അന്തര്‍ധാരയായി ഹാസ്യം ഒഴുകുന്ന രചനയില്‍ ആക്ഷേപഹാസ്യ രംഗത്തെ സാമ്രാണ്ട് എന്നു വിശേഷിപ്പിക്കാവുന്ന വികെഎന്നിന്റെ ശൈലി സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുന്നതിനെക്കുറിച്ച്
=സാഹിത്യ അഭിരുചി ഓരോരുത്തര്‍ക്കും വിഭിന്നമായിരിക്കും. ലോകത്തിന്റെ അനീതികള്‍ക്കെതിരെ പൊരുതാന്‍ മുതല്‍ വായനക്കാരന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ത്താന്‍വരെ പോന്ന വിഭിന്ന വിഭാഗത്തില്‍പ്പെടുന്ന സാഹിത്യ രചനകള്‍. എന്റെ അഭിരുചിയെക്കുറിച്ച് പറയുകയാണെങ്കില്‍ എന്നും ചിരിക്കാനും ചിന്തിക്കാനും ഒപ്പം തെല്ല് വിജ്ഞാനം പകരുന്നതിനും ഉതകുന്ന തരത്തിലുള്ള ആക്ഷേപഹാസ്യം എന്ന വിഭാഗത്തോടാണ് താല്‍പര്യം. പ്രത്യേകിച്ച് ചട്ടക്കൂടുകളോ അളവുകോലുകളോ അതിന് വേണമെന്നു തോന്നിയിട്ടില്ല. വികെഎന്‍ എന്ന മഹാപ്രതിഭയുടെ രചനകള്‍ എന്നും എനിക്ക് അത്ഭുതമായി തോന്നിയിരുന്നു. ഓരോ രചനകളിലും ഒളിഞ്ഞിരിക്കുന്ന വിജ്ഞാനത്തിന്റെ വിസ്തൃതിയും അതുദീപിക്കുന്ന ചിന്താധാരയും ഉള്ളുതുറന്നു ചിരിച്ചു പോകുന്ന ഹാസ്യാത്മകതയും ഒരു മഹാനുഭാവനുമാത്രം സ്വന്തം. വി കെ എന്നിന്റെ ശൈലി എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞത് ബഹുമുഖ പ്രതിഭയായ ഡോ.ശ്രീവത്സന്‍ ജെ മോനോനാണ്. അത്തരമൊരു പരാമര്‍ശം പോലും എന്നെ സംബന്ധിച്ചിടത്തോളം മഹാകാര്യമാണ്.

? പഠിച്ചത് ഐ ടി . ജീവിതം അമേരിക്കയില്‍. സാധാരണ രീതിയില്‍ സാഹിത്യത്തിനു അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ ഇങ്ങനെയേറെ എഴുതാന്‍ കഴിയുന്നു.

= കുട്ടിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതുന്ന ശീലം ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലെന്നതുപോലെതന്നെ കലാസാഹിത്യരംഗങ്ങളിലുള്ള വാസനകളേയും അച്ഛനമ്മമാര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു. ചെറിയ സംസ്കൃത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തി പുരാണകഥകളും പഞ്ചതന്ത്രകഥകളും പറഞ്ഞുതന്ന് എന്നെ കഥയുടെ ലോകത്തേയ്ക്കാനയിച്ച, തിരുവാതിരപാട്ടിന്റെ താളം ജീവിതത്തിലൊളിപ്പിച്ചു നടന്ന അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും കഥകളുടെ കെട്ടുകളഴിച്ച് അവധിക്കാലങ്ങളാഘോഷമാക്കിയ അപ്പൂപ്പന്‍ നീലകണ്ഠപിള്ളയും സാഹിത്യത്തിലേക്കുള്ള വാതില്‍ തുറന്നവരാണ്. ബാലമാസികളില്‍ കവിതകള്‍ പ്രസിദ്ധികരിച്ചുവന്നത് പ്രോത്സാഹനമായി. എന്നാല്‍ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ വനിതാമാസികയുടെ പത്രാധിപ 'ഇത് കുട്ടികള്‍ എഴുതിയതാണെന്ന് തോന്നുന്നില്ല' എന്നുപറഞ്ഞ് എന്റെ കഥ മടക്കി അയച്ചു. ഇതെന്നെ വേദനിപ്പിച്ചു.
പ്രസിദ്ധികരണത്തിയച്ചുകൊടുക്കുന്നത് നിര്‍ത്തി. അമേരിക്കയില്‍വന്നശേഷം ഭര്‍ത്താവ് ബൈജുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഇവിടെനിന്ന് പ്രസിദ്ധികരിക്കുന്ന പത്രത്തിലേക്ക് കഥ അയച്ചുകൊടുത്തത്. എം. കൃഷ്ണന്‍നായര്‍ ആ കഥയെകുറിച്ച് അഭിപ്രായം പറഞ്ഞതോടെ വീണ്ടും എഴുതാന്‍ വേണ്ട ഊര്‍ജമായി.

? പ്രവാസി സാഹിത്യകാരിയായതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടോ.

=പ്രവാസികള്‍ എന്നതിനുപകരം ഭൂവാസികള്‍ എന്നു വിളിക്കപ്പെടാനാണ് ആഗ്രഹം. ഭൂമിയുടെ ഏതറ്റവും വാസയോഗ്യമായി കാണുന്നവര്‍ എന്ന നിലയിലാണിത്. എന്റെ രചനകള്‍ വായനക്കാരില്‍ വേണ്ടത്ര രീതിയില്‍ എത്തുന്നില്ല എന്നത് ശരിയാണ്. പ്രവാസജീവിതം നയിക്കുന്നവരുടെ രചനകളോട് വായനക്കാര്‍ക്ക് അനിഷ്ടമൊന്നുമില്ല. ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാള്‍ ബെന്യാമിനല്ലേ?.

?കുടുംബം, ജോലി

=കോട്ടയത്തിനടുത്ത് പൂവന്തുരത്തില്‍ ആര്‍മി ക്യാപ്റ്റന്‍ വാസുദേവന്‍ പിള്ളയുടെയും അധ്യാപിക രത്‌നമ്മയുടെയും മകളായി ജനനം. സ്കൂള്‍കാലം മുതല്‍ കലാസാംസ്കാരികരംഗത്ത് സജീവം. ഭരതനാട്യവും കര്‍ണാടക സംഗീതവും ശാസ്ത്രീയമായി പഠിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പുനെയിലും മുബൈയിലും ജോലി നോക്കി. തുടര്‍ന്ന് അമേരിക്കയിലെ മിഷിഗണില്‍ സ്ഥിരതാമസമാക്കി. ഫോര്‍ഡ്, ജിഎം എന്നി പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ബാങ്ക് ഓഫ് അമേരിക്കയിലും ജോലി നോക്കി. ഇപ്പോള്‍ ജനറല്‍ ഇലക്ട്രിക് എന്ന സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജര്‍. കേരള ക്ലബ് ഓഫ് ഡി ടോയിലറ്റ് പ്രസിദ്ധികരിക്കുന്ന കേരളൈറ്റ് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. കൊമേരിക്ക ബാങ്കിന്റെ ചീഫ് ടെക്‌നൊളജി ഓഫീസര്‍ ബൈജു പണിക്കര്‍ ഭര്‍ത്താവ്. ശ്രീഹരിയും ശ്രീറാമും മകള്‍.

മധുസൂദനന്‍ നായര്‍ ആമുഖം അവസാനിപ്പിക്കുന്നത് ഇങ്ങനെ.

മധുരകാല്പനിക ശൈലിയും ഹാസോപഹാസങ്ങളുടെ നിശിതശെലിയും നിരുപദ്രവും ധ്വനിഭരിതവുമായ നര്‍മ്മശൈലിയും ഒരുപോലെ വരുന്നുണ്ട്. ബിന്ദുവിന്റെ ഉള്ളില്‍നിന്ന്,അന്യദേശവാസംകൊണ്ട് ആത്മഭൂമി വറ്റിപ്പോകുമോ എന്ന ചോദ്യത്തിന് ഇല്ലേയില്ല എന്ന് ഉത്തരം തരുന്ന ബിന്ദുവിന്റെ ഉച്ചാരണങ്ങള്‍, നാട്ടുമനസ്സില്‍ ലോകമനസിനെ നട്ടുപൊടിപ്പിക്കുന്ന ഈ രാസസമന്വയവിദ്യ അനുസന്ധേയമാണ്, അന്യദേശവാസികളായ സാഹിത്യപ്രയത്‌നികള്‍ക്കും എത്ര അയത്‌നലളിതമാണ്, ഔചിത്യഭദ്രമാണ് ആ ഭാഷ. എഴുത്തുകാരന്റെ വചനത്തില്‍ സ്ഥലകാലങ്ങള്‍ വ്യജ്ഞനശക്തിയോടെ സംഗമിച്ച് സാര്‍വകാലികതയിലേക്ക് സഞ്ചരിക്കുമെന്ന് പറയാതെ പറയുന്ന നൈസര്‍ഗികത കൊണ്ട് ധന്യമായ രചനകളാണധികവും. തന്ദ്രിയറ്റ വാഗപാസന, ബലിഷ്ഠമായ സംസ്കാരാധാനം, സന്തുലിതമായ ദര്‍ശനം ഇവകൊണ്ട് ബിന്ദുവിന്റെ കാവ്യഭാഷ രസബിന്ദുക്കളായിരിക്കുന്നു. ഇനി നൂറ്റൊന്നാവര്‍ത്തിയേ വേണ്ടൂ അത് അധികതേജസാര്‍ജിക്കാന്‍. ആത്മാവര്‍ത്തനവൈരസ്യം തെല്ലുമില്ലാതെ ബിന്ദുവിന്റെ വചനയജ്ഞം ലോകോക്ഷരപ്രകാശമായി വളരട്ടെ. കാലം അതിലൂടെ കണ്‍തുറക്കുമാറാകട്ടെ.

അതെ, ബിന്ദു പണിക്കരുടെ സാഹിത്യയജ്ഞത്തിനു മുന്നില്‍ കാലം കണ്‍തുറക്കുന്നതിന് അധ കം കാത്തിരിക്കേണ്ടിവരില്ലന്ന് ആദ്യ പുസ്തകം തന്നെ തെളിയിക്കുന്നു

(കടപ്പാട്: പി ശ്രീകുമാര്‍- ഇ മലയാളി)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code