ചങ്ങനാശേരി: ബംഗാള്‍ സ്വദേശിനിയായ യുവതിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഒപ്പം താമസിച്ചിരുന്നആളെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫ് സംഘം കസ്റ്റഡിയിലെടുത്തു. ബംഗാളിലെ മാള്‍ഡ സ്വദേശിനി തസ്ലിമ (22)യെയാണ് മരിച്ചനിലയില്‍ കണ്ടത്.
പായിപ്പാട്മല്ലപ്പള്ളി റോഡില്‍ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഇന്നലെ രാവിലെ പത്തരയോടെയാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലചെയ്യപ്പെട്ടതാകാമെന്നു പോലീസ് പറഞ്ഞു.
തസ്ലിമയുടെ മരണശേഷം വീട്ടില്‍നിന്ന് ഒളിവില്‍പോയ ബംഗാളിലെ മാള്‍ഡ സ്വദേശി റൂഹുള്(44)നെ എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍നിന്ന് ഇന്നലെ വൈകുന്നേരം നാലിനാണ് ആര്‍പിഎഫും പ്രത്യേക പോലീസ് സ്ക്വാഡും ചേര്‍ന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ തൃക്കൊടിത്താനം പോലീസിനു കൈമാറി.
കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആര്.ശ്രീകുമാര്‍, സിഐ കെ.പി.വിനോദ്, തൃക്കൊടിത്താനം എസ്ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങിയ റൂഹുളിനെ ചോദ്യംചെയ്തുവരികയാണ്.
പോലീസ് പറയുന്നതിങ്ങനെ: അഞ്ച് വര്‍ഷമായി റൂഹുള് പായിപ്പാട്ടുള്ള വിവിധ ക്യാന്പുകളില്‍ താമസിച്ചു വിവിധ ജോലികള്‍ ചെയ്തുവരികയാണ്. മൂന്നു മാസംമുന്‍പാണ് തസ്ലിമക്കൊപ്പം വെള്ളാപ്പള്ളി കീഴടിയിലുള്ള വാടകവീട്ടില്‍ റൂഹുള് താമസത്തിനെത്തിയത്. ഇരുവരും ഒരു മുറിയിലും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റൊരു മുറിയിലുമായാണു താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ ജോലിക്കു പോയ കൂട്ടുകാരോടു തസ്ലിമയ്ക്കു പനിയാണെന്നും താന്‍ മരുന്നു വാങ്ങാന്‍ പോവുകയാണെന്നും ഫോണില്‍ വിളിച്ചു പറഞ്ഞു. വീട്ടിലെത്തി തസ്ലിമയെ നോക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു വീട്ടിലെത്തിയ സുഹൃത്തുക്കള്‍ തസ്ലീമയെ വിളിച്ചു. വീടു തുറക്കാതെ വന്നതോടെ കതകുതുറന്ന് അകത്തുകയറി നോക്കിയപ്പോള്‍ യുവതി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവര്‍ കെട്ടിട ഉടമയെയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.
Comments