Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വോട്ടിംഗ് സൗകര്യമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Picture

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ഇ-ബാലറ്റ് ഏര്‍പ്പെടുത്താമെന്ന് തത്ത്വത്തില്‍ സമ്മതിച്ചുവെന്ന് കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്നും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുവെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ എ.എസ്.ജി പി.എല്‍. നരസിംഹ ബോധിപ്പിച്ചിരുന്നു. പാര്‍ലമന്‍െറില്‍ വെക്കാന്‍ കരട്ബില്‍ കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്. സുപ്രീം കോടതി ഈ ആവശ്യത്തോട് അനുകൂല സമീപനമെടുത്തതോടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായി.

ഇ- പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത്് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്ന് 2014 ഒക്‌ടോബറില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു. ഡോ. ഷംസീര്‍ വയലിലിന്‍െറ ഹരജിയിലാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കമീഷന്‍ അനുകൂലമായി പ്രതികരിച്ചത്. അതോടെ പ്രവാസി വോട്ട് ഉടനെ യാഥാര്‍ഥ്യമാകുമെന്ന പ്രതീതിയുണ്ടായെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.

2010ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചിരുന്നെങ്കിലും ഇത് ഓണ്‍ലൈനിലുടെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരം മാത്രമായിരുന്നു. വോട്ടുചെയ്യാന്‍ നാട്ടില്‍ തന്നെ പോകണമായിരുന്നു. അതിന് സാധിക്കുന്നവരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. ഇത് മനസ്സിലാക്കിയതോടെയാണ് പരമോന്നത കോടതിയും വിഷയം ഗൗരവമായി കണ്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിക്ക് വിദേശത്ത് നിന്ന് വോട്ടുചെയ്യാനുള്ള സാധ്യത കോടതി ആരാഞ്ഞെങ്കിലും തപാല്‍ വോട്ട് സാധ്യമല്ലെന്നും ഓണ്‍ലൈന്‍ വോട്ട് അടുത്തതവണ പരിഗണിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചത്. തുടര്‍ന്ന് 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നും വോട്ട് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ എവിടെയായാലും വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പിന്നെ ശ്രദ്ധ തെരഞ്ഞെടുപ്പ് കമീഷനിലേക്കായി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വെച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല.

ഒരോ തവണ കേസ് പരിഗണനക്ക് വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. 2015 ജനുവരിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ശിപാര്‍ശ നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് എട്ടാഴ്ച സമയം അനുവദിച്ചിരുന്നു.പിന്നീട് കഴിഞ്ഞ വര്‍ഷം ജുലൈ എട്ടിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ഇ- ബാലറ്റ് ഏര്‍പ്പെടുത്താമെന്ന് തത്ത്വത്തില്‍ സമ്മതിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പാര്‍ലമന്‍െറില്‍ വെക്കാന്‍ കരട്ബില്‍ കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്നും അറിയിച്ചിരുന്നു.തുടര്‍ന്ന് നിയമഭേദഗതിയിലൂടെ രണ്ടുമാസത്തിനകം പ്രവാസി വോട്ട് നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. ആ നിര്‍ദേശവും ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമയം നീട്ടിനല്‍കാനാവില്ലെന്ന് സുപ്രീംകോടതി ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ഇ ബാലറ്റ് വന്നാല്‍
ഇലക്‌ട്രോണിക് തപാല്‍ വോട്ടാണ് പ്രവാസികള്‍ക്കായി തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് രീതിയില്‍ വോട്ടര്‍ക്ക് നല്‍കുകയും വോട്ടു ചെയ്തശേഷം തപാലില്‍ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്.ഇതനുസരിച്ച് പ്രവാസി ആദ്യം തപാല്‍ വോട്ടിന് അപേക്ഷ നല്‍കണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇന്‍റര്‍നെറ്റ് വഴി അയച്ചുകൊടുക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍െറടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തന്‍െറ മണ്ഡലത്തിലെ വരണാധികാരിക്ക് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code