Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു അവതാരിക (ഡി. ബാബു പോള്‍ ഐ.എ.എസ്)

Picture

സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ എവിടെയോ പിന്‍കാലൂന്നി എഴുന്നേറ്റ വാനരപൂര്‍വ്വസൂരി അതുവരെ പിന്‍തുടര്‍ന്ന ജീവിതസമ്പ്രദായവും സാമൂഹികബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. രണ്ട് കാലുകളില്‍ നിവര്‍ന്നു നില്‍ക്കുന്ന ജീവികളുടെ സംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കും ഒരു സമൂഹം ഉണ്ടായി. കാലം കാലത്തെ പിന്‍തള്ളിയപ്പോള്‍ മസ്തിഷ്കവികാസം ആ ജീവികള്‍ക്ക് സവിശേഷങ്ങളായ കഴിവുകള്‍ നല്‍കി. അഴ പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഭാഷ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് കുറെ ശബ്ദങ്ങളാണ്. ആ ശബ്ദങ്ങളില്‍ നിന്ന് ഭാഷകള്‍ ഉരുത്തിരിഞ്ഞു. ആ ഭാഷ എഴുതാനാവുമായിരുന്നില്ല. പില്‍ക്കാലത്ത് നാം അതിനെ വായ്‌മൊഴി എന്ന് വിളിച്ചു.

വായ്‌മൊഴിയുടെ ഒരു പരിമിത നേര്‍ക്കുനേര്‍ അല്ലാതെ ആശയവിനിമയം സാധ്യമായിരുന്നില്ല എന്നതാണ്. ഒരു പ്രദേശത്ത് ഒതുങ്ങാതെ ലോകമെങ്ങും പരന്നതോടെ പിറകെ വരുന്നവരുമായി ആശയവിനിമയം വേണം എന്ന് തോന്നാന്‍ തുടങ്ങി. “ഞാന്‍ ഈ വഴി വന്നപ്പോള്‍ ചാരുതയാര്‍ന്ന പക്ഷികളെ കണ്ടു. നോക്കിയാല്‍ നിങ്ങള്‍ക്കും കാണാം അതിന്റെ ഇറച്ചിക്ക് നല്ല സ്വാദാണ്”. എങ്ങനെ അറിയിക്കും? അതുകൊണ്ട് മനുഷ്യന്‍ ചിത്രങ്ങള്‍ വരച്ചും ആറായിരത്തിലേറെ വര്‍ഷങ്ങള്‍ക്കപ്പുറം അമേരിക്കയിലെ കളിമണ്‍പാളികളില്‍ ആ സങ്കേതം അക്ഷരങ്ങളുടെ പങ്ക് അറിയിച്ചതോടെയാവണം നാം എഴുത്തിലും വായനയിലും എത്തിയത്. പത്ത് കോലാടുകളെയും ഒരു ചെമ്മരിയാടിനെയും സൂചിപ്പിക്കുന്ന ലിഖിതങ്ങള്‍ കുറിച്ചയാള്‍ ഉദ്ദേശിച്ചതാണോ വായിച്ചയാള്‍ക്ക് പകര്‍ന്നു കിട്ടിയത് എന്ന് നമുക്കറിഞ്ഞുകൂടാ.

ഏതായാലും ഭാഷ, ലിപി, എല്ലാം അയ്യായിരത്തിലേറെ സംവത്സരങ്ങള്‍ കൊണ്ട് ഏറെ പക്വത നേടി. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചു. കൈ ചുരുട്ടിപ്പിടിച്ച കുരങ്ങന്റെ കഥ മര്‍ക്കടമുഷ്ടിയുടെ അപകടത്തെക്കുറിച്ച് ആ കുരങ്ങനെ കാണാത്തവര്‍ക്കും അറിവ് നല്‍കി.

ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ ശ്രീ. ജോസ് ചന്ദനപ്പള്ളിയുടെ ഈ രചനയാണ് ഇപ്പോള്‍ എന്നെ പ്രേരിപ്പിച്ചത്. വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷദിനങ്ങളും ദിനാങ്കിതശ്രേണിയില്‍ എന്ന സുദീര്‍ഘമായ ഗ്രന്ഥനാമം സൂചിപ്പിക്കുന്നത് പോലെ തന്നെ ബൃഹത്താണ് ഈ കൃതി. ഇത് സാധാരണക്കാര്‍ക്ക് നിത്യവും പാരായണം ചെയ്യാനുള്ളതല്ല. അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍, പൊതുവിജ്ഞാന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഇത്യാദി അറിവ് അന്വേഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ക്കാണ് ശ്രീ. ജോസ് ചന്ദനപ്പള്ളിയുടെ ഈ പരിശ്രമം പ്രയോജനപ്പെടുക.

ഈ പുസ്തകത്തിന്റെ സ്വഭാവം ഗ്രഹിക്കാന്‍ സ്ഥാലീപുലാകന്യായേന ചില നാള്‍വഴികള്‍ നോക്കാം.

ജനുവരി ഒന്ന്, പുതുവര്‍ഷദിനം എന്ന അദ്ധ്യായത്തില്‍ ഒരു അദ്ധ്യാപകന്റെയോ ആദ്ധ്യാത്മികഗുരുവിന്റെയോ ചിത്രമാണ് ആദ്യവരികളില്‍ തെളിയുന്നത്. തുടര്‍ന്ന് പുതുവര്‍ഷം നിര്‍വ്വചിക്കുന്നു. പിന്നെ പഞ്ചാംഗങ്ങള്‍ ഉണ്ടായ കഥ. ഓരോ പഞ്ചാംഗവും തുടങ്ങഉന്ന നാള്‍ ആഘോഷിക്കുന്ന രീതി എങ്ങനെ വ്യാപിക്കുകയും വികസിക്കുകയും ചെയ്തു എന്ന ചരിത്രം. കലണ്ടറുകള്‍ ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തില്‍ പരിഷ്ക്കരിക്കപ്പെട്ട് ഇന്ന് നാം ഉപോയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ എത്തിയ വിധം. ഓരോ ഇംഗ്ലീഷ് മാസത്തിന്റെയും പേര് ഉണ്ടായതെങ്ങനെ, വിവിധ രാജ്യങ്ങളില്‍ പുതുവത്സരം വരവേല്‍ക്കപ്പെടുന്നതെങ്ങനെ എന്നിത്യാദി സാമാന്യം ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ടതൊക്കെ ഈ കുറിപ്പില്‍ നമുക്ക് വായിക്കാം.

അവിടെ നിര്‍ത്തുന്നില്ല ഗ്രന്ഥകാരന്‍. സത്യേന്ദ്രനാഥ് ജോസിന്റെ ജന്മദിനം ആണല്ലോ ജനുവരി ഒന്ന്. അദ്ദേഹത്തിന്റെ ശാസ്ത്രാന്വേഷണങ്ങളാണ് ഇന്നാളിലെ അടുത്ത ചിന്താവിഷയം.

വീണ്ടും യാത്ര തുടരുകയാണ് ജോസ്. തിരുവിതാംകൂര്‍ ചരിത്രമാണ് ഇനി ഭൂമിക. മലയാളിമെമ്മോറിയലാണ് വിഷയം.

മറ്റ് ചില ദിവസങ്ങളില്‍ ഓരോ മഹാപുരുഷന്മാരാണ് സ്മരിക്കപ്പെടുന്നത്. മന്നം, ചാവറയച്ചന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുടങ്ങി കേരള സമൂഹത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച വ്യക്തികള്‍, ടി.എസ്. എലിയട്ടിനെയും ജോണ്‍ കീറ്റ്‌സിനെയും പോലുള്ള കവികള്‍, നമ്മുടെ നാട്ടിലെ പി. ഭാസ്ക്കരന്‍, കക്കാട് എന്നിത്യാദി അവസ്മരണീയര്‍, കൃഷ്ണദേവരായരെപ്പോലെയുള്ള ചരിത്രപുരുഷന്മാര്‍ എന്നിവരൊക്കെ കടന്നുവരുന്നു ഈ താളുകളില്‍. ഇവര്‍ മാത്രം ആണോ ഈ നാളുകളെ അവിസ്മരണീയമാക്കുന്നത് എന്ന് ചോദിക്കരുത്. ഗ്രന്ഥകാരന്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. അത്ര തന്നെ. ജോസിന് ഓരോ ദിവസവും ജനിക്കയോ മരിക്കുകയോ ചെയ്തിട്ടുള്ളവരുടെ കണക്കെടുത്ത് ഓരോ നാളിനും ഓരോ വാല്യം രചിക്കാന്‍ സാധ്യത പ്രദാനം ചെയ്യുന്നതാണല്ലോ ലോകചരിത്രം. ആദ്യപടി എന്ന നിലയില്‍ ജനുവരിയിലെ മഹത്തുക്കള്‍, ഫെബ്രുവരിയിലെ നക്ഷത്രങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് വാല്യങ്ങള്‍ തയ്യാറാക്കാന്‍ ജോസിന് നിഷ്പ്രയാസം സാധിക്കും. ഇനിയും ഒരു പത്തിരുപത്തഞ്ച് കൊല്ലം കൂടെ ഈ ദൃശകര്‍മ്മങ്ങളിലൂടെ നമ്മളെയൊക്കെ മുകളിതഹസ്തരാക്കാന്‍ പോന്ന യൗവ്വനത്താലാണല്ലോ അദ്ദേഹം അനുഗ്രഹീതനായിട്ടുള്ളത്.

വനദിനം, കവിതാദിനം, പ്രവാസിഭാരതീയദിനം തുടങ്ങി വേറെയും ഉണ്ട് ജോസിന്റെ ദിനാങ്കിതശ്രേണിയില്‍ ഇടം പിടിച്ചിട്ടുള്ള വിശേഷദിവസങ്ങള്‍.

നാനൂറിലധികം പേരുകള്‍ വരുന്ന ഈ ഒന്നാം വാല്യം ഒരു തുടക്കം മാത്രം. വരാനിരിക്കുന്നത് ഇതിലും വലുതാണ്. ജോസിനെ പോലെ ജോസ് മാത്രമേ ഉള്ളൂ എന്ന് ഉറക്കെപ്പറയാന്‍ എന്നെപ്പോലൊരാള്‍ക്ക് യാതൊരു മടിയുമില്ല. ശുഭമസ്തു.

ഒരേ സമയം ചരിത്രാഖ്യാനവും സാഹിത്യാസ്വാദനവും ശാസ്ത്രസാഹിത്യവും പൊതുവിജ്ഞാനവും എല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു ബൃഹദ്‌സഞ്ചികയാണിത്. ഇത് കാലാകാലങ്ങളില്‍ പുതുക്കണം. നമ്മുടെ വിപ്ലവനായകനായ അച്യുതാനന്ദന്റെ കാലശേഷം അദ്ദേഹത്തെക്കുറിച്ചു ഒരു കുറിപ്പില്ലാതെ വരരുതല്ലോ.

മറ്റ് സമാനരചനകളും ജോസ് ആലോചിക്കണം. ഉദാഹരണത്തിന് എഴുത്തച്ഛന്‍ പുരസ്ക്കാരജേതാക്കളുടെ സംഖ്യ ഇരുപത്തിയഞ്ചാകുമെന്ന് അവരുടെ രചനകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരു അഞ്ഞൂറ് പേജ് ആകാം.

കേരളത്തില്‍ പെന്‍ഷന്‍ പ്രായംവര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചയ്ക്കും ഈ കൃതി എന്റെ മനസ്സില്‍ വഴിയൊരുക്കി. വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ ജോസ് ഒരു പള്ളിക്കൂടത്തിലെ ഒരു അദ്ധ്യാപകനായി ഒതുങ്ങിയേനെ. അതുകൊണ്ട് വര്‍ദ്ധിപ്പിക്കാതിരിക്കുന്നതാണ് ശരി എന്ന് ഒരു പക്ഷം വാദക്കാം... മറിച്ച് ഇങ്ങനെ ഒരു പ്രതിഭാശാലിയുടെ സേവനം എത്ര കുട്ടികള്‍ക്കാണ് നഷ്ടപ്പെട്ടത് എന്ന് ആലോചിച്ചാല്‍ മറിച്ചും വാദിക്കാം.

ഏതായാലും കൈ വന്ന അവസരം നഷ്ടപ്പെടുത്താതെ ഇത്തരം രചനകളുമായി നമ്മെ തേടിയെത്തുന്ന ജോസ് ചന്ദനപ്പള്ളിയുടെ ആത്മാര്‍ത്ഥത അംഗീകരിക്കാതെ വയ്യ.

പുതിയ പുസ്തക പരമ്പരയ്ക്കായി കാത്തിരിക്കുന്നു ഞങ്ങള്‍ മലയാളികള്‍.



ഡി. ബാബുപോള്‍, ചീരോത്തോട്ടം, കവടിയാര്‍, തിരുവനന്തപുരം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code