Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മനുഷ്യവിഭവശേഷിക്ക് പ്രാധാന്യം നല്‍കേണ്ടത് എന്തിന്? (പി.സി. സിറിയക് ഐ.എ.എസ്)

Picture

ഇന്ന് ഇന്ത്യയില്‍ അഭ്യസ്തവിദ്യര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന ഐ.ടി. സര്‍വീസ് മേഖലയാണ്. 1991-ലെ ഉദാരവത്കരണത്തിനുശേഷം നമ്മുടെ സമ്പദ്‌വ്യവസ്ഥ നേടിയ വന്‍ കുതിപ്പിന് ഒരു പ്രധാന കാരണം ഐ.ടി. മേഖലയുടെ അനുസ്യൂതമായ വളര്‍ച്ചയായിരുന്നു. പക്ഷേ കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഐ.ടി. മേഖല സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. കൃത്രിമ ഇന്റലിജന്‍സ് (Artifical Intelligence - AI), ഡിജിറ്റൈസേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് ടെക്‌നോളജി, പുറംജോലി കരാറുകള്‍ക്ക് ഉണ്ടായിരിക്കുന്ന പ്രതിബന്ധങ്ങള്‍ ഇവയെല്ലാം കൂടി നമ്മുടെ ഐ.ടി. വ്യവസായത്തിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും തൊഴില്‍ തേടിയെത്തുന്നവരുടെ പുതിയ തലമുറയില്‍ ഒന്നര കോടി ചെറുപ്പക്കാരുണ്ട്. ഇവര്‍ക്കെല്ലാം ആവശ്യത്തിനു പ്രതിഫലം ലഭ്യമാക്കുന്ന തൊഴിലവസരങ്ങള്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. നമ്മുടെ ചെറുപ്പക്കാര്‍ക്ക് വിപണിയിലുള്ള പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഫലപ്രദമായി ജോലിചെയ്യാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.

ഇന്ന് ജോലിയിലിരിക്കുന്നവരില്‍ എത്ര പേര്‍ക്ക് അടുത്ത 20-25 കൊല്ലക്കാലത്തെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അവയെ സ്വാംശീകരിച്ചുകൊണ്ട് ഉദ്യോഗത്തില്‍ മുന്നോട്ടുള്ള വഴി ഉറപ്പിക്കാനും കഴിയും? ഇന്ന് ഉദ്യോഗത്തിലിരിക്കുന്ന ഒരു വ്യക്തിക്ക് കൈവശമുള്ള കഴിവുകളില്‍ മൂന്നിലൊന്നു മാത്രമേ അടുത്ത 20 കൊല്ലക്കാലം കഴിഞ്ഞ് ആവശ്യമായി വരൂ. ഉദ്യോഗത്തിന്റെ അന്നത്തെ വെല്ലുവിളികള്‍ നേരിടാനും ഉദ്യോഗം നിലനിറുത്താനും പുതിയ കഴിവുകള്‍ (ടസശഹഹ)െ നേടിയെടുത്തേ തീരൂ. അപ്പോള്‍ പുതിയ ടെക്‌നോളജിയുടെ ആവശ്യങ്ങളനുസരിച്ച് മനുഷ്യവിഭവശേഷി വളര്‍ത്തിയെടുക്കുക എന്നത് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ദൗത്യമായി കരുതണം.
18, 19 നൂറ്റാണ്ടുകളില്‍ ഉണ്ടായ വ്യവസായ വിപ്ലവത്തില്‍ ഇന്ത്യയ്ക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. അന്ന് നാം കൊളോണിയല്‍ നുകത്തിന്‍ കീഴിലായിരുന്നു. രണ്ടാമത്തെ വ്യവസായ വിപ്ലവത്തിലും നമുക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. അന്ന് പുതുതായി സ്വാതന്ത്ര്യം നേടി ഭീകരമായ പല പ്രശ്‌നങ്ങളുമായി മല്ലിട്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യ അടിത്തറയും അരക്കിട്ടുറപ്പിക്കാന്‍ നാം ബദ്ധപ്പെടുന്ന കാലമായിരുന്നു. (1950കള്‍ മുതലുള്ള കാല്‍നൂറ്റാണ്ട്). മൂന്നാമത്തെ വ്യവസായവിപ്ലവത്തിലാണ് നമുക്ക് പങ്കെടുക്കുവാനും ഐ.ടി. വ്യവസായത്തിന്റെ തോളിലേറി മുന്നോട്ടുപോകാനും കഴിഞ്ഞത്. ഇനി ഇവിടെനിന്നു മുന്നോട്ടുപോകാന്‍ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ ആരോഗ്യവും കഴിവുമുള്ള വിദ്യാസമ്പന്നരായ ജനതതിയെ കെട്ടിപ്പടുത്താല്‍ മാത്രമേ കഴിയൂ.

ഇന്ന് ഇന്ത്യയില്‍ 130 കോടി ജനങ്ങള്‍ക്കുവേണ്ടി ആരോഗ്യ സംരക്ഷണത്തിന് നാം ചെലവാക്കുന്നത് ഒരു വര്‍ഷം ഉദ്ദേശം 35,000 കോടി രൂപ മാത്രമാണ്. ഇത് നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 3 ശതമാനത്തില്‍ താഴെ മാത്രമാണ്. ചൈന ഏറ്റവും ശ്രദ്ധയൂന്നുന്നത് വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിലാണ്.

നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തൊഴില്‍ പരിശീലനവും ചേര്‍ക്കേണ്ടത് അത്യാവശ്യം. പക്ഷേ, ഈ സമഗ്രമായ മാറ്റത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചാല്‍ ഫലമുണ്ടാകില്ല. സ്വകാര്യമേഖലയെകൂടെ സജീവമായി ഇടപെടുത്തണം.

കേരളത്തെ സംബന്ധിച്ചിടത്തോളം ആണ്ടുതോറും 4-5 ലക്ഷം ചെറുപ്പക്കാരാണ് തൊഴില്‍ അന്വേഷകരായി പ്ലസ്ടു പരീക്ഷയെങ്കിലും കഴിഞ്ഞ് തൊഴില്‍വിപണയില്‍ എത്തുന്നത്. പ്ലസ്ടു ജയിക്കാത്തവാരാണെങ്കില്‍പോലും ഇവരും സ്വയം അഭ്യസ്തവിദ്യരായി കരുതുന്നു. കാര്‍ഷികമേഖല തുടങ്ങിയുള്ള പല മേഖലകളിലും ലഭ്യമായ അണ്‍സ്കില്‍ഡ് തൊഴിലവസരങ്ങള്‍ ഉപേക്ഷിക്കുന്നു. (അന്യസംസ്ഥാന തൊഴിലാളികള്‍ ഈ വിടവുകളില്‍ കയറിപ്പറ്റുന്നു). ഈ സാഹചര്യത്തില്‍ ബൗദ്ധിക വിദ്യാഭ്യാസ മേഖലയില്‍ മുന്നോട്ടുപോകാന്‍ കഴിവില്ലാത്ത നമ്മുടെ ചെറുപ്പക്കാര്‍ക്ക് (ഉദാഹരണത്തിന് പ്ലസ്ടു പരീക്ഷ പാസാകാന്‍ കഴിയാത്തവര്‍) തൊഴില്‍ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കി അവരെ അങ്ങോട്ട് ആകര്‍ഷിക്കേണ്ടത് അത്യാവശ്യം. ഇതിനെന്താണ് വഴി?

ഇന്ന് കേരളത്തില്‍ പതിനായിരം എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുകൊണ്ടുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍പോലും ഉയര്‍ന്ന ഫീസും നല്‍കി പാവപ്പെട്ടവര്‍പോലും ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ. സ്കൂളുകളെ തേടിപ്പോകുന്നു. അതേസമയം യോഗ്യതയുള്ളവരും പ്രവൃത്തിപരിചയമുള്ളവരുമായ സമര്‍ത്ഥരായ അധ്യാപകരുമുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ബെഞ്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അവിടെ സി.ബി.എസ്.ഇ. സിലബസ് നടപ്പിലാക്കി തൊഴില്‍പരിശീലനത്തിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും.

ഇതിനു പുറമേ കെട്ടിട സൗകര്യങ്ങള്‍ ആവശ്യത്തിനുമാത്രം ലഭ്യമായ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഡവലപ്‌മെന്റ് പദ്ധതിയിന്‍കീഴില്‍ ഐ.ടി.ഐകള്‍ തുറക്കാന്‍ ആ മാനേജ്‌മെന്റുകള്‍ക്ക് അനുവാദവും സഹായധനവും ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചിരിക്കുന്ന സ്കില്‍ ഡവലപ്‌മെന്റ് വകുപ്പിന്‍കീഴില്‍ കോടിക്കണക്കിനു രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് കേരള സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നേടിയെടുത്ത് നമ്മുടെ ഗവണ്‍മെന്റ്/എയ്ഡഡ് സ്കൂളുകളില്‍ മുഴുവന്‍ ആധുനിക ഐ.ടി.ഐകള്‍ സ്ഥാപിക്കാനായി ആ സ്കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ലഭ്യമാക്കുക. കെട്ടിടവും സ്ഥലസൗകര്യവും ഒരുക്കുന്നത് മാനേജ്‌മെന്റുകളുടെ ചുമതല. ഈ പരിപാടി സജീവമായി നടപ്പിലാക്കിയാല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് സാങ്കേതികമേഖലയില്‍ നല്ല വരുമാനം കിട്ടുന്ന തൊഴിലവസരങ്ങള്‍ തുറന്നുകിട്ടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code