Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാങ്കേതിക മികവും വേഗതയും -മെട്രോ പദ്ധതി കണ്ടുപഠിക്കണം (പി.സി.സിറിയക് ഐ.എ.എസ്)

Picture

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെ ആയിരം ദിവസങ്ങള്‍ക്കകം പദ്ധതി മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നൂറുകൂട്ടം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പദ്ധതിയുടെ ആദ്യഘട്ടം മാത്രമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കുന്നു. മെട്രോ വിദഗ്ധന്‍ ഇ. ശ്രീധരന്റെ സാന്നിധ്യവും കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്ജിന്റെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനവും പ്രശ്‌നങ്ങളെ മറികടക്കാനും പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനും സഹായകരമായി.

നിര്‍മ്മാണപ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം യഥാസമയം ഏറ്റെടുത്ത് നല്‍കാന്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് കഴിയാതെപോയി. മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും സുതാര്യമായ രീതിയില്‍ മൂന്നു കമ്പനികള്‍ക്ക് കോണ്‍ട്രാക്ടുകള്‍ നല്‍കിയിരുന്നെങ്കിലും ആലുവ മുതല്‍ സ്റ്റേഡിയം വരെ കോണ്‍ട്രാക്റ്റ് എടുത്തിരുന്ന എല്‍&ടി കമ്പനി മാത്രമാണ് ഒരുപരിധിവരെയെങ്കിലും തൃപ്തികരമായ പ്രകടനം കാഴ്ചവച്ചത്്. മറ്റ് രണ്ടു കമ്പനികളും അവസരത്തിനൊത്ത് ഉയര്‍ന്നില്ല.

പണി നടത്താന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ റവന്യുവകുപ്പിന് അപചയം ഉണ്ടായി. സ്ഥലമെടുപ്പ് കാര്യങ്ങള്‍ കുറേക്കൂടി കാര്യക്ഷമമായി പ്രതിബദ്ധതയോടുകൂടി നടത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

സമരങ്ങളുടെ ഒരു പരമ്പരതന്നെയായിരുന്നു നമ്മുടെ മെട്രോ റെയില്‍പദ്ധതി നേരിടേണ്ടിവന്നത്. ആദ്യം കമ്പികെട്ടുന്ന തൊഴിലാളികളുടെ സമരം. അതുകഴിഞ്ഞ് കയറ്റിറക്ക് തൊഴിലാളികള്‍, പിന്നീട് പ്രാദേശിക തൊഴിലാളികള്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കണമെന്ന വാദം, ഓരോ യൂണിയന്റെയും പ്രതിനിധികള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് മറ്റൊരു വാദം. മണലും മെറ്റലും സപ്ലൈ ചെയ്യുന്ന ക്വാറിക്കാരുടെ സമരം, സാധനങ്ങള്‍ എത്തിക്കുന്ന ലോറിക്കാരുടെ സമരം.... ഇവരുടെയെല്ലാം സമരങ്ങള്‍ മാറിമാറി അരങ്ങേറി. കേരളത്തിന്റെ ഈ സമരസംസ്കാരം എന്ന് നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമോ?

സമരങ്ങള്‍ക്കു പുറമേയാണ് ഇടയ്ക്കിടെ വിവിധ കക്ഷികളുടെ നേതാക്കന്മാര്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍! ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതോടെ ജനങ്ങള്‍ മാളങ്ങളിലേക്ക് വലിയുന്നു. മുഴുവന്‍ ജോലികളും മുടങ്ങുന്നു. ഏത് ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവ് പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ആണെങ്കിലും ഇതാണ് ജനങ്ങളുടെ പ്രതികരണം. സര്‍ക്കാരാണെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തോടെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ പിന്‍വലിക്കുന്നു. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നു. അങ്ങനെ ഹര്‍ത്താലിനെ വിജയകരമാക്കാന്‍ എല്ലാവരുംകൂടി സഹായിക്കുന്നു. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിരാശയോടെ നോക്കിനില്‍ക്കും. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയ ശ്രീധരനും ഏലിയാസ് ജോര്‍ജിനും അഭിനന്ദനം!

കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പില്‍നിന്നും കേരളം പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. ഈ പദ്ധതി കേരളത്തില്‍ ഇതുവരെ നാം കണ്ടിട്ടില്ലാത്ത പുതിയ കണ്‍സ്ട്രക്ഷന്‍ യന്ത്രങ്ങളെയും പുതിയ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് തന്ത്രങ്ങളെയും അവതരിപ്പിച്ചു. ഇനി കേരളത്തില്‍ നാം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വലിയ പദ്ധതികളെല്ലാംതന്നെ സാങ്കേതിക മികവിനും വേഗത്തില്‍ പ്രവൃത്തി നടക്കാന്‍ വേണ്ടിയും ആധുനിക യന്ത്രസംവിധാനങ്ങള്‍ പരക്കെ ഉപയോഗിക്കട്ടെ.

അതുപോലെതന്നെ മെട്രോ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് താമസമുണ്ടാക്കിയ സമരസംസ്ക്കാരവും ഹര്‍ത്താല്‍ സംസ്ക്കാരവും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമരങ്ങളും ഹര്‍ത്താലുകളും ഇവിടെ പതിവുപോലെ തുടരാനാണ് നമ്മുടെ ഭാവമെങ്കില്‍ കേരളത്തിന്റെ ഭാവിയെപ്പറ്റിയുള്ള നമ്മുടെ സ്വപ്നങ്ങള്‍ പലതും ഉപേക്ഷിക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങള്‍ നമ്മെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയും ചെയ്യും. കേരളത്തിന്റെ ഭരണാധികാരികളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കന്മാരും ഈ സത്യം ഇനിയെങ്കിലും മനസ്സിലാക്കുമോ? അവര്‍ ഒട്ടകപ്പക്ഷിനയം സ്വീകരിച്ച് കാലത്തിന്റെ മാറ്റം കാണാന്‍ വിസ്സമ്മതിച്ചാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അവരെ തുടച്ചുമാറ്റി പുരോഗമന ആശയങ്ങളുള്ളവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ തയ്യാറാകുമോ?

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ നമ്മുടെ ടി.വി., പത്രമാധ്യമങ്ങള്‍ നടത്തിയ ആഘോഷം കണ്ടാല്‍ സമയത്തിനു മുമ്പുതന്നെ പദ്ധതി മുഴുവന്‍ പൂര്‍ത്തീകരിച്ചു എന്ന പ്രതീതിയാണ് നമ്മുടെ മനസ്സിലുണ്ടാകുന്നത്. എല്ലാം ശരിയാണ്, എല്ലാം ഭംഗിയായി നടക്കുന്നു എന്നു പ്രഖ്യാപിക്കാന്‍ "എല്ലാം ശരിയാകും' എന്നു പറഞ്ഞ് വോട്ട് നേടിയവര്‍ക്ക് ആകാംക്ഷയുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ മുകളില്‍ വിവരിച്ചിരിക്കുന്ന സത്യാവസ്ഥ കേരളം മനസ്സിലാക്കണം.

വലിയ പ്രതിബന്ധങ്ങളുണ്ടായിട്ടും പദ്ധതിയുടെ ഒന്നാംഘട്ടം ഇപ്പോള്‍ പൂര്‍ത്തിയാക്കിയ കെ.എം.ആര്‍.എല്‍. അധികൃതരെ വീണ്ടും നമുക്ക് അഭിനന്ദിക്കാം. പദ്ധതിക്ക് അനുകൂലമായി സര്‍വകക്ഷി സമന്വയം, സുതാര്യമായ നിര്‍വഹണരീതി, കാഷ്ഫ്‌ളോയുടെ കാര്യത്തില്‍ തടസ്സമില്ലാതെ പദ്ധതിക്ക് ആവശ്യമായ പണം ലഭ്യമായത് ഇവയെല്ലാം അനുകൂല ഘടകങ്ങളായിരുന്നെങ്കിലും നമ്മുടെ സമരസംസ്ക്കാരവും ഭരണസംവിധാനത്തിന്റെ കാര്യക്ഷമതക്കുറവും താമസമുണ്ടാക്കുകയായിരുന്നു. ഇനി കൃത്യസമയത്ത് ട്രിപ്പുകള്‍ നടത്തി ബ്രേക്ക്ഡൗണുകളും അപകടങ്ങളും ഒഴിവാക്കി ഒരു പുതിയ പ്രവര്‍ത്തനസംസ്കാരം കേരളീയരുടെ മുന്നില്‍ അവതരിപ്പിക്കാനും ഈ പദ്ധതിക്ക് കഴിയുമാറാകട്ടെ!

ഇനി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃപ്പൂണിത്തുറ, കാക്കനാട് ഇന്‍ഫോപാര്‍ക്ക് എന്നിവയെക്കൂടി മെട്രോയുടെ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ച പ്രയോജനം നമുക്ക് ലഭിക്കൂ. ആലുവ മുതല്‍ വൈറ്റില മൊബിലിറ്റി ഹബ്ബുവരെയുള്ള ഭാഗമെങ്കിലും ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്ന കുറേ അധികം ആളുകളെ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് മെട്രോ യാത്രാക്കാരാക്കി മാറ്റാന്‍ കഴിഞ്ഞേക്കും. അങ്ങനെ വരുമ്പോള്‍ റോഡില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് കുരുക്ക് ഒഴിവാക്കി സാധാരണക്കാരുടെ യാത്ര ഒരു പരിധിവരെയെങ്കിലും സുഗമമാക്കാന്‍ കഴിയും. ഇനി അതാകട്ടെ കെ.എം.ആര്‍.എല്ലിന്റെയും ശ്രീധരന്റെയും മറ്റും ലക്ഷ്യം. വൈറ്റില ഹബ്ബുവരെയുള്ള ഭാഗം 2018 ആദ്യംതന്നെ പൂര്‍ത്തിയാക്കുക. ഈ ലക്ഷ്യത്തില്‍ നാം അവര്‍ക്ക് വിജയം നേരുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code