Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ബോര്‍ഡ് ജീവനക്കാര്‍ മാപ്പുപറഞ്ഞ് കര്‍ഷകരോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കുചേരണം: ഇന്‍ഫാം

Picture


കോട്ടയം: റബര്‍ബോര്‍ഡിനും കര്‍ഷകര്‍ക്കും വരാന്‍പോകുന്ന വന്‍പ്രതിസന്ധികളെക്കുറിച്ച് ഇക്കാലമത്രയും ആവര്‍ത്തിച്ച് പറഞ്ഞ ഇന്‍ഫാം നിലപാടുകളെ പുശ്ചിച്ചുതള്ളിയ റബര്‍ബോര്‍ഡു ജീവനക്കാര്‍ ഇപ്പോള്‍ സ്വന്തം അടിത്തറയിളകിയപ്പോഴെങ്കിലും സത്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയത് സ്വാഗതാര്‍ഹമാണെന്നും ഇനിയെങ്കിലും കര്‍ഷകരുടെ പക്ഷംചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനവും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് കേന്ദ്രസര്‍ക്കാരിനെ പ്രീണിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുമാണ് അനിയന്ത്രിത റബര്‍ ഇറക്കുമതിക്കും ഇന്നു നാം നേരിടുന്ന റബര്‍ പ്രതിസന്ധിക്കുമുള്ള മുഖ്യകാരണം. ഇതിന് ഒത്താശചെയ്തത് റബര്‍ബോര്‍ഡിലെ ഉന്നതന്മാരാണെന്ന് ഇനിയെങ്കിലും ബോര്‍ഡിലെ സാധാരണജീവനക്കാര്‍ മനസ്സിലാക്കണം. റബര്‍ബോര്‍ഡ് ആസ്ഥാന മന്ദിരത്തിന്റെ മുകളില്‍ കയറിനിന്നല്ല, കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മുമ്പില്‍ ചെന്നാണ് ജീവനക്കാര്‍ സമരം ചെയ്യേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഈ മാസം 25-ാം തീയതി റബര്‍ബോര്‍ഡ് കര്‍ഷകരുടെ പ്രതിനിധികളുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രവും പ്രഹസനവുമാണ്. റബര്‍ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ ഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ചിലരെ വിളിച്ചുചേര്‍ത്ത് കര്‍ഷകരെല്ലാം ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് പിന്നിലാണെന്ന് റിപ്പോര്‍ട്ടുസമര്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരും കര്‍ഷകരോടൊപ്പം ഇതിനെതിരെ പ്രതികരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code