Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പപ്പാച്ചി (കഥ: ദീപ അജയ്)

Picture

സിയാച്ചിനിലെ മഞ്ഞുമലകള്‍ക്കിടയിലെ കൂടാരങ്ങളിലും രാജസ്ഥാനിലെ പൊള്ളുന്ന മരുഭൂമിയിലുമൊക്കെ ദിനരാത്രങ്ങള്‍ ചിലവഴിക്കുമ്പോള്‍ മനസ്സറിയാതെ ഇരവിപുരമെന്ന എന്റെ ഗ്രാമത്തിലേക്ക് മനസ്സോടിചെല്ലുക പതിവായിരുന്നു.

ആ ഓര്‍മകള്‍ തന്നെ ഒരു കുളിര്‍ മഴയാണ്. കാട്ടുചോലകളും, പുല്‍മേടുകളും ഇടവഴികളും, ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞു കാണാവുന്ന കണ്ണാടി പോലെ തെളിഞ്ഞ പുഴയും, പച്ച വിരിച്ച വയലേലകളും കുന്നുകളും നിറഞ്ഞ തനി നാടന്‍ ഗ്രാമം. എന്റെ ഇരവിപുരം. പല തരം കിളികളും പൂക്കളും പൂമരങ്ങളും പൂമ്പാറ്റകളും സമൃദ്ധമായിരുന്നു അവിടെ. എപ്പോഴും സുഗന്ധം നിറഞ്ഞൊരു കുളിര്‍മയുള്ള കാറ്റ് വീശിക്കൊണ്ടിരിക്കുംഎങ്ങും.

ഇതൊക്കെ എന്റെ കുട്ടിക്കാലത്തെ കാഴ്ചകള്‍ മാത്രമാണ് കേട്ടൊ.പതിയെപ്പതിയെ ഗ്രാമത്തിന്റെ മുഖം മാറി.

പൂമരങ്ങളൊക്കെ മുറിച്ചു മാറ്റപ്പെട്ടു. ഓലപ്പുരകള്‍ നിന്നിടങ്ങളില്‍ മണിമന്ദിരങ്ങള്‍ ഉയര്‍ന്നു വന്നു. ഇടവഴികള്‍ ടാറിട്ട റോഡുകളായി. വയലേലകളും കുന്നുകളും നോക്കിനില്‍ക്കെ അപ്രത്യക്ഷമായി.
ഇന്നും ഞാനോര്‍ക്കാറുണ്ട്. ചാണകം മെഴുകിയ തറയില്‍ വിരിച്ച പുല്‍പ്പായയില്‍ പോക്കാച്ചി ത്തവളകളുടെ "പേ -ക്രോം " പാട്ടുകേട്ട് കണ്ണു മിഴിച്ച് അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ആ രാത്രികള്‍ ..ഇന്നീ എയര്‍ കണ്ടീഷന്‍ മുറിയില്‍ കിടക്കുമ്പോ ഒരിക്കലും ആ സുഖം കിട്ടാറില്ല.

ഉറക്കം വരാതെ ചെവിയോര്‍ത്ത് കിടക്കുമ്പോ ദൂരെയുള്ള കുന്നില്‍ നിന്നും മഴയുടെ വരവ് കേള്‍ക്കാം. ഒരാരവം.... അങ്ങനെ അടുത്തടുത്ത് വന്ന് ഓലപ്പുരയ്ക്ക് മേല്‍ ആര്‍ത്തലച്ച് ചെയ്യുമ്പോ... വല്ലാത്ത തണുപ്പ് അരിച്ചു കയറും ദേഹത്ത്.അപ്പോ അമ്മയുടെ ദേഹത്തേക്ക് കുറച്ചു കുടി ചേര്‍ന്ന് ചുരുണ്ടുകൂടും.
പുലര്‍ച്ചെ എണീറ്റ് മുറ്റത്തേക്കിറങ്ങുമ്പോള്‍ പച്ചിലകളിലും ചെടിയില്‍ നിന്നുമൊക്കെ നീര്‍ത്തുള്ളികളങ്ങനെ ഇറ്റുവീണു കൊണ്ടിരിക്കും' പൂമരങ്ങളും ചെയ്യുന്നുണ്ടാകും അപ്പോഴും. ദൂരെയുള്ള കുന്നുകള്‍ കാണാനാവാത്ത വിധം കോടമഞ്ഞ് മൂടിക്കിടക്കും...
തനിക്കെന്നോ നഷ്ടപ്പെട്ടു പോയ കാഴ്ചകള്‍ ആണിവ. ഗ്രാമത്തെ കുറിച്ചോര്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരുന്ന മുഖമാണ് പ്രാന്തന്‍ പപ്പാച്ചിയുടേത്.

എന്റെ കുട്ടിക്കാലം മുതലേ അയാളാ നാട്ടിലുണ്ട്. മതിലു കെട്ടിത്തിരിച്ച കൂറ്റന്‍ ബംഗ്ലാവും പത്തൊ,പന്ത്രണ്ടോ ഏക്കര്‍ വരുന്ന ഭൂസ്വത്തിന്റെ ഉടമയായിട്ടും മുട്ടോളം എത്തുന്ന ഒരു കീറത്തോര്‍ത്തായിരുന്നു അയാളുടെ വേഷം. കാലില്‍ ചെരുപ്പിടാറില്ല, ആരെയും നോക്കാതെ ചിരിക്കാതെ തെരുവിലൂടെ അയാളിങ്ങനെ നടക്കും... വെടി കൊണ്ട പന്നിയെപ്പോലെ.
ആരെങ്കിലും കൊടുക്കുന്ന കഞ്ഞി മോന്തും ' അന്തിക്ക് ആ കൂറ്റന്‍ ബംഗ്ലാവില്‍പ്പോയിക്കിടക്കും.
ചില രാത്രികളില്‍ ഉറങ്ങാതെ കിടക്കുമ്പോ ഞാന്‍ പപ്പാച്ചിയെ കുറിച്ചോര്‍ക്കാറുണ്ട്. ആ വലിയ ബംഗ്ലാവില്‍ എന്തു ചെയ്യുകയാവും അയാള്‍? കരിങ്കല്ലുകൊണ്ട് പണിതുയര്‍ത്തിയ സായിപ്പിന്റെയാ പഴയ ബംഗ്ലാവ് കാണുമ്പോഴേ പേടിയാകും. ആരും കടന്നു ചെല്ലാറില്ല അവിടേയ്ക്ക് .

പ്രേതങ്ങള്‍ വിഹരിക്കുന്നുണ്ടത്രേ അവിടെ.പപ്പാച്ചിയെക്കാണുമ്പോ പിള്ളാര്‍ ഉറക്കെ വിളിച്ചു കൂവും." പ്രാന്തന്‍ പപ്പാച്ചി വരണേ... ഹോയ്... ഹോയ്....
മന്ത്രവാദി പപ്പാച്ചി വരണേ... ഓടിക്കോ..."
അയാള്‍ക്കപ്പോഴും ഒരു കൂസലുമുണ്ടാവില്ല.
സത്യത്തില്‍ അയാള്‍ മറ്റേതോ ലോകത്തായിരിക്കും അപ്പോഴും.
പപ്പാച്ചി ദുര്‍മന്ദ്ര വാദിയാണ്, കൂടോത്രക്കാരനാണ്, ഇങ്ങനെ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ആരോ പറഞ്ഞു കേട്ട അയാളുടെ ചരിത്രം ഇതാണ്.
സായിപ്പിന്റെയും മദാമ്മയുടെയും കുശിനിക്കാരനായിരുന്നു പപ്പാച്ചി.പപ്പനാവന്‍ എന്ന പത്മനാഭന് മദാമ്മയിട്ട ചെല്ല പേരാണ് പപ്പാച്ചി.

സ്വാതന്ത്ര്യനന്ദരം സായിപ്പ് രാജ്യം വിട്ടപ്പൊ വിശ്വസ്ഥസേവകന് പതിച്ചു കൊടുത്തതാണത്രേ ആ ബംഗ്ലാവും വസ്തുക്കളും. ഒരു കാലത്ത് അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ഒപ്പം. അയാളുടെ സ്വത്ത്കണ്ട് മകളെ കെട്ടിച്ചു കൊടുത്തതായിരുന്നു ആരോ' എന്നാല്‍ കറുത്തിരുണ്ട് കുള്ളനായ പപ്പാച്ചിയെ അവള്‍ക്കിഷ്ടമായിരുന്നില്ലത്രേ. ഒരു കുഞ്ഞിക്കാലുപോലും ആ ദാമ്പത്യത്തില്‍ ഉണ്ടായില്ല. കാറ്റും മഴയുമുളള ഒരു രാത്രിയില്‍ അവള്‍ ആരോടൊപ്പമോ ഒളിച്ചോടിപ്പോയി. പിന്നീടാണത്രേ അയാള്‍ തെരുവില്‍ ഇങ്ങനെ അലഞ്ഞു തുടങ്ങിയത്.

പപ്പാച്ചിയുടെ ചുമലില്‍ എപ്പോഴും ഏതെങ്കിലും ഒരു ജീവി കാണും. ഒരു പൂച്ചയോ, നായ്ക്കുട്ടിയോ, ഒരു കാക്കക്കുഞ്ഞോ.... എന്തെങ്കിലും ' എച്ചില്‍ കൂനകളില്‍ നിന്നൊക്കെ അവയെ തപ്പിയെടുത്ത് അയാള്‍ മാറോടൊതുക്കിപ്പിടിച്ച് വരുമ്പോ എല്ലാരും അറപ്പോടുംവെറുപ്പോടും കൂടി മാറിക്കളയും.
എന്നിട്ട് പറയും " കണ്ടില്ലെ ഇവറ്റകളുടെ ചോര കൊണ്ട് ദുര്‍മന്ത്രവാദം നടത്താനാ' ദുഷ്ടന്‍. പാവങ്ങളുടെ ചോരയും മാംസവുമാ ആഹാരം.അവന്റെ കണ്ണിലെ ചോര ചുവപ്പു കണ്ടില്ലെ"
അത് കേട്ടാലും പപ്പാച്ചിക്കൊരു കൂസലുമുണ്ടാവില്ല.. ചിലപ്പോള്‍ അയാള്‍ നാട്ടില്‍ കാണുന്ന ചെടികളുടെയും മരങ്ങളുടെയുമൊക്കെ ഫലങ്ങള്‍ പറിച്ചെടുത്ത് സഞ്ചി നിറയ്ക്കും. പഴുത്ത് കൊഴിയുന്ന മാമ്പഴങ്ങളും ,ചക്കപ്പഴവും ശേഖരിക്കും എന്നിട്ടവയുടെ കുരുവെടുത്ത് സഞ്ചിയിലിടും. നിറയുമ്പോ തോളിലിട്ട് കൊണ്ട് പോകും. ദുര്‍മന്ദ്രവാദത്തില്‍ ഇവയ്‌ക്കെന്തു പ്രസക്തിയെന്ന് നാട്ടുകാര്‍ എത്ര ചുഴിഞ്ഞു തലപുകച്ചിട്ടും പിടികിട്ടിയില്ല എന്നാല്‍ കുറേനാള്‍ കഴിഞ്ഞ് ആ പുരയിടം നിറയെ മരങ്ങള്‍ പൊങ്ങി വന്നപ്പോഴാണ് ജനങ്ങള്‍ക്ക് സംഗതി പിടി കിട്ടിയത്.കാടുപോലെ വളര്‍ന്ന് മരങ്ങളും വള്ളികളും നിറഞ്ഞപ്പോ നാട്ടുകാര്‍ക്ക് സഹിച്ചില്ല... ആ പുരയിടം പാമ്പുകള്‍ നിറഞ്ഞു 'ചില നേരം അവ പുറത്ത് വന്നപ്പോ ഭയന്ന നാട്ടുകാര്‍ ബഹളം വച്ചു. മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ടു.പാപ്പാച്ചി ഒന്നും ശ്രദ്ധിച്ചില്ല തന്റെ പ്രവൃത്തി തുടര്‍ന്നു കൊണ്ടേയിരുന്നു'. നിയമപരമായി നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല.
അവര്‍ അയാളെ കൂടുതല്‍ വെറുത്തു 'അറപ്പോടെ ആട്ടിയോടിച്ചു തുടങ്ങി.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാതായി. വര്‍ഷങ്ങള്‍ ഞങ്ങളിലും മാറ്റങ്ങള്‍ വരുത്തി.പ0നം കഴിഞ്ഞ് രാജ്യ സേവനത്തിനായി ഞാനും നാടുവിട്ടു.ഇടയ്ക്കിടയ്ക്ക് അവധിക്ക് നാട്ടിലെത്തുമ്പോ മാത്രം നാട്ടുവിശേഷങ്ങളറിഞ്ഞു'...
നാടിന്റെ പുരോഗതികളും, പുഴ വറ്റി മെലിഞ്ഞു പോയതും, മഴ ഒരു കനവായി മാറിയതും, നാട്ടിലാദ്യമായ് ബസ് വന്നതും, ഒക്കെ അമ്മയുടെ എഴുത്തുകളിലൂടെ അറിഞ്ഞു.ദൂരെയിരുന്ന് അനുഭവിച്ചു.പപ്പാച്ചിയും പടുവൃദ്ധനായി. ഓട്ടം പതുക്കെ നടത്തമായി. പിന്നെയത് കാല്‍ വലിച്ചു വച്ച് വേച്ചുവേച്ചുള്ള നടത്തമായി.ഉണങ്ങിയൊരു പേക്കോലമായിട്ടും അയാള്‍ തന്റെ പതിവ് പരിപാടികള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒരു നാള്‍ അമ്മയെഴുതി. മോനെ ഇപ്പോ നമ്മടെ പാപ്പാച്ചിയെ കാണാറേയില്ല. ചത്തോ ആവോ.... ആര്‍ക്കറിയാം."
അക്കൊല്ലം അവധിക്ക് നാട്ടില്‍പ്പോയപ്പോ തീരുമാനിച്ചിരുന്നു.പാപ്പാച്ചിയുടെ യാ മന്ദ്രവാദക്കോട്ടയില്‍ക്കയറണം' അയാള്‍ക്കെന്ത് സംഭവിച്ചെന്നറിയണം.
നാട്ടിലാകെ വേനല്‍ കടുത്ത സമയം. വെള്ളം കിട്ടാതെ നാവു വരണ്ട് മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി.കരിഞ്ഞുണങ്ങിയ മരങ്ങള്‍ നിലംപൊത്താറായിരുന്നു' ഒരു തുള്ളി ദാഹനീരിനായി ആളുകള്‍ നെട്ടോട്ടമോടി. അങ്ങ് ദൂരെ നിന്നും ലോറികളില്‍ വെള്ളം കൊണ്ടുവന്ന് വില്‍ക്കാന്‍ ചിലര്‍ തുടങ്ങി.
അപ്പോഴാണ് ചിലര്‍ ശ്രദ്ധിച്ചത് 'പാപ്പാച്ചിയുടെ പുരയിടത്തിലെ മരങ്ങള്‍ക്കു മാത്രം ഇപ്പോഴും നല്ല പച്ചപ്പ്. അതിന്റെ രഹസ്യമറിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും തുരുമ്പെടുത്ത ആഗേറ്റ് പൊളിച്ച് അകത്തു കയറി. കുറേ നടന്നു 'അതൊരു നിബിഡ വനം പോലെ തോന്നിച്ചു .മാവും പ്ലാവും വള്ളിച്ചെടികളും പേരറിയാത്ത ഏതൊക്കെയോ വൃക്ഷങ്ങളും നിറഞ്ഞിരുന്നു. വഴിയില്‍ പാമ്പുകളേയും പൂക്കളേയും പൂമ്പാറ്റകളേയും ഞങ്ങള്‍ കണ്ടു.... ഏറെ നടന്നപ്പോ ഉള്ളിലായി ഇടിഞ്ഞു പൊളിഞ്ഞ ഒരു ബംഗ്ലാവിന്റെ അവശിഷ്ടങ്ങള്‍ .അതിനകത്ത് ഒരസ്ഥികൂടം കമിഴ്ന്നു കിടന്നിരുന്നു...
ചുറ്റും എണ്ണമറ്റ ജീവികള്‍.അതിനെ ഉറ്റുനോക്കി നായകളും പൂച്ചകളും മുയലുകളും മറ്റേതൊക്കെയോ പക്ഷികളും മൃഗങ്ങളും.

ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല... അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ച ആ അസ്ഥികൂടത്തിനരുകിലൂടെ ഒരു നീര്‍ചാല്‍.ആ തെളിനീരുറവ ചെന്നു വീഴുന്നിടത്ത് ഒരു ചെറിയ തടാകം രൂപപ്പെട്ടിരിക്കുന്നു 'മുഖം കാണാവുന്ന വിധം കണ്ണാടി പോലെ തിളങ്ങുന്ന അതിലെ ജലം'....
അതെ ! അമ്പരപ്പോടെ,
അതിലേറെ ആശ്വാസത്തോടെ ഞങ്ങളാജലം കൈക്കുമ്പിളില്‍ ക്കോരിയെടുത്തു. അത് പപ്പാച്ചിയുടെ ജീവരക്തമാണെന്ന് ഞങ്ങള്‍ അറിയുകയായിരുന്നു.
(ശുഭം )

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code