കുമ്പള/മഞ്ചേശ്വരം: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ യുവാവിനെ കഴുത്തറുത്തുകൊന്ന് തല വേര്‍പെടുത്തി. സുഹൃത്തിന് കുത്തേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയില്‍ ആംബുലന്‍സ് കാറിലിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.
മൊഗ്രാല്‍ പേരാലിലെ പൊട്ടോടി മൂല ഹൗസില്‍ എം.എ. മുഹമ്മദ് ഹാജിയുടെ മകന് അബ്ദുസ്സലാമാണ് (22) കൊല്ലപ്പെട്ടത്. കുമ്പള നായ്ക്കാപ്പ് ബദ്രിയ നഗറില്‍ താമസിക്കുന്ന കര്‍ണാടക ബെള്ളാരി സ്വദേശി നൗഷാദിനാണ് (28) കുത്തേറ്റത്. ഇയാളെ ഗുരുതരനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികരായ മള്ളങ്കൈ സ്വദേശി അന്തുഞ്ഞി ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്റയുടെയും മുഹമ്മദ് കുഞ്ഞിയുടെയും മകള്‍ മംഗളൂരു യേനപ്പോയ സ്കൂള്‍ പി.യു.സി വിദ്യാര്‍ഥിനി മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പേരാല്‍ മാളിയങ്കര കോട്ട പള്ളിക്കു സമീപത്തെ ആളൊഴിഞ്ഞപറമ്പിലാണ് തലയറ്റ മൃതദേഹം കണ്ടത്. അറുത്തുമാറ്റിയ തല 30 മീറ്റര്‍ അകലെ കൊണ്ടിട്ടനിലയിലാണ്. ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അബ്ദുസ്സലാം, കുത്തേറ്റ നൗഷാദ് എന്നിവര്‍ ഉള്‍പ്പെടെ നാലംഗസംഘത്തെ ശനിയാഴ്ച രാത്രി ആയുധങ്ങളുമായി ഓട്ടോയില്‍ കറങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയോടെ ഇവരെ വിട്ടയച്ചു. മണിക്കൂറുകള്‍ക്കകമാണ് കൊലനടന്നത്. മണല്‍ക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്കുപിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ്? പറഞ്ഞു. സംഭവസ്ഥലത്ത് രണ്ടു ബൈക്കും ഓട്ടോയും മറിഞ്ഞനിലയില്‍ കണ്ടെത്തി.
Comments