Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അവതാരിക (ഡി. ബാബു പോള്‍ ഐ.എ.എസ്)

Picture

സുഭാഷിതങ്ങള്‍ ജ്ഞാനസാഹിത്യത്തില്‍പ്പെടും. ജ്ഞാനസാഹിത്യവിഭാഗത്തിലെ ഏറ്റവും വലിയ ബൈബിള്‍ കൃതി ഇതാണ് എന്ന് കരുതപ്പെടുന്നു. പഴഞ്ചൊല്ലുകളുടെ സമാഹാരമായ ഈ കൃതി നിലവിലിരുന്നവയുടെ തുന്നിച്ചേര്‍ക്കലാണ്; സമാഹരിച്ചതുപോലും കൃതി നിലവില്‍ വരുന്നതിനു മുമ്പാണ് എന്നു പറയുന്നവരുണ്ട്.

ഏഴു സമുച്ചയങ്ങളായാണ് ഇവ സാധാരണ തിരിക്കാറുള്ളത്. 1:1-9:18 ഇസ്രായേല്‍ രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ സുഭാഷിതങ്ങള്‍ എന്നറിയപ്പെടുന്നു. ജ്ഞാനസമ്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ വാക്യങ്ങള്‍ വെവ്വേറെ എന്നതുപോലെയോ അതിലുപരി ഒരു പ്രബന്ധം പോലെയോ വായിക്കാന്‍ കഴിയും. മറ്റ് സമുച്ചയങ്ങളുടെ കാര്യത്തില്‍ ഇത് അത്ര ഉറപ്പിച്ചു പറയാന്‍ കഴിയുകയില്ല. ജ്ഞാനം യഹോവയുടേതാണ് എന്നതാണ് കാതല്‍. ഇതിന്റെ രചനാകാലം ക്രി. കീ. നാലാം നൂറ്റാണ്ട് എന്ന് പറയപ്പെടുന്നത്. മറ്റ് സമുച്ചയങ്ങളെല്ലാം സമാഹരിച്ച ശേഷം ഇത് ഒരു മുഖവുരയായി ചേര്‍ത്തതാണഅ എന്ന് ഒരു അഭിപ്രായം കാണുന്നു.

രണ്ടാമത്തെ വിഭാഗം 10:1-22:16 ആണ്. ശലോമോന്റെ പഴഞ്ചൊല്ലുകള്‍ അഥവാ സദൃശ്യവാക്യങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. 375 പ്രസ്താവനകളാണ് ഈ വാക്യങ്ങളില്‍ ഉള്ളത്. നല്ലനടപ്പിനുള്ള ഉപദേശങ്ങളാണ് ഇഴ. ഏറ്റവും പഴയത് ഈ വിഭാഗം ആണ് എന്ന് എല്ലാവരും സമ്മതിക്കുന്നു. രചനാകാലം ശലോമോന്റെ ഭരണകാലം (ക്രി.കീ. 961-922) തന്നെ എന്‌നതും പ്രായേണ സര്‍വ്വസമ്മതമായി കാണുന്നു.

മൂന്നാത്തെ വിഭാഗം ‘ജ്ഞാനികളുടെ വചസ്സുകള്‍’ എന്ന് അറിയപ്പെടുന്നു. 22:17-24:22. ഇത് സാമൂഹികമായ മര്യാദകളും മിതത്വത്തിന്റെയും മദ്യവര്‍ജ്ജനത്തിന്റെയും മഹത്വവും ആണ് ഊന്നിപ്പറയുന്നത്. ‘അമേനെമോപ്പിന്റെ ജ്ഞാനം’ എന്ന ഈജിപ്ഷ്യന്‍ കൃതിയുമായി ഇതിനുള്ള സാമ്യം മക്കെന്‍സി ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘മുപ്പത് ചൊല്ലുകള്‍’ എന്നാണ് ഈജിപ്തുകാര്‍ കൊടുത്തിട്ടുള്ള പേര്. ഇത് ക്#ി.മുത. 1000-600 കാലത്താണ് ഈജിപ്തില്‍ എഴുതപ്പെട്ടത്. അതുകൊണ്ട് ഈ സമുച്ചയം ഒരു പ്രവാസപൂര്‍വ്വരചന എന്നാണ് ഗണിക്കപ്പെടുന്നത്. ഈജിപ്തിലെ കൃതിയെ ആശ്രയിച്ചു എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥം ഇല്ല. രണ്ടു രചയിതാക്കളും ഒരു പൊതുസ്രോതസ്സിനെ ആശ്രയിച്ചതല്ല എന്ന് ഉറപ്പിച്ചു പറയാനും വയ്യ.

24:23-34 ആണ് അടുത്ത വിഭാഗം. അദ്ധ്വാനശീലത്തിന്റെ പ്രാധാന്യമാണ് സന്ദേശം. ഇതും പ്രവാസപൂര്‍വ്വരചനയായിട്ടാണ് എണ്ണപ്പെടുന്നത്. 25-29 അദ്ധ്യായങ്ങളാണ് അഞ്ചാം ഭാഗം. യൂദാരാജാവായ ഹെസക്കിയയുടെ അനുയായികള്‍ പകര്‍ത്തിയത് എന്നാണഅ വിവരണം. ഇതു ശലോമോന്റെ രചനകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു; സമാഹരിക്കപ്പെട്ടത് ക്രി.മു. 700-ല്‍ എന്ന് കരുതപ്പെടുന്നുവെങ്കിലും.

ആഗൂറിന്റെ വാക്യങ്ങളാണ് ആറാം ഭാഗം. ഇത് 30-ാം അദ്ധ്യായം ആണ്. സംഖ്യകള്‍ക്കും മൃഗലോകത്തിലെ ഉദാഹരണങ്ങള്‍ക്കും പഞ്ഞമില്ല. രചനാകാലം അനിശ്ചിതം. ലെമുവേലിനെ അമ്മ പഠിപ്പിച്ചതാണ് അടുത്ത ഇനം. അദ്ധ്യായം 31.

ജീവിതത്തിന്റെ നാനാമുഖങ്ങളെ ബാധിക്കുന്ന സംഗതികളാണ് ഈ പുസ്തകത്തില്‍. ഇത് മുഴുവന്‍ ശലോമോന്‍ എഴുതിയതാണെന്നോ സമാഹരിച്ചതാണെന്നോ പറഞ്ഞുകൂടാ. എന്നാല്‍ രണ്ട് വിഭാഗങ്ങളെങ്കിലും ശലോമോന്‍ എഴുതിയതാവണം. ശേഷം ശലോമോനില്‍ ആരോപിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ ജ്ഞാനിയായ ശലോമോന്‍ കരുതപ്പെടുന്നതിനാലാവാം. ദൈവത്തെ സ്‌നേഹിക്കുകയും വരമായി വേണ്ടത് വിവേകമാണെന്ന് അപേക്ഷിക്കുകയും ആ വിവേകം വിനയപൂര്‍വ്വം കൊണ്ടുനടന്ന് നീതിനിര്‍വ്വഹണത്തിനും ഭരണസാമര്‍ത്ഥ്യത്തിനും സംഘടനാപാടവത്തിലും ഒക്കെ പ്രയോജനപ്പെടുത്തുകയും ചെയ്തുവല്ലോ ശലോമോന്‍.

അഞ്ച് രചയിതാക്കളെയാണ് മറ്റ് ചില പണ്ഡിതര്‍ കാണുന്നത്. ശലോമോന്‍, ജ്ഞാനികള്‍, ഹെസക്കിയയുടെ രായസക്കാര്‍, ആഗൂര്‍, ലെവേല്‍. ക്രി.മു. 14-13 നൂറ്റാണ്ടുകളിലെ ഉഗാരിത് സാഹിത്യവുമായും ഈജിപ്ഷ്യന്‍ സാഹിത്യവുമായും ബന്ധപ്പെടുത്തുന്നവരും ഉണ്ട്. അങ്ങനെ നോക്കിയാല്‍ ഒട്ടുമിക്ക സംസ്ക്കാരങ്ങളും സദുപദേശങ്ങള്‍ കൊണ്ട് സമ്പന്നമാകയാല്‍ സദൃശ്യവാക്യങ്ങള്‍ക്ക് സമാനമായ സംഗതികള്‍ കാണാത്ത സമൂഹങ്ങളായിരിക്കും കുറവ്. മെസപ്പൊട്ടേമിയയിലും ഈജിപ്തിലും ഒക്കെ ഉള്ള അറിവുകള്‍ ജീവിതവിജയം പ്രാഥമിക ലക്ഷ്യമാക്കുമ്പോള്‍ സുഭാഷിതങ്ങള്‍ ജ്ഞാനത്തെ ദൈവദത്തവും നീതിനിഷ്ഠവും ഹിതകരവും ആയ ജീവിതത്തിനുള്ള ഉപാധിയാക്കുന്നത് വഴി ഒരു ധാര്‍മ്മികമാനം കൂടുതലായി നല്‍കുന്നു എന്ന് പറയാറുണ്ട്. എന്നാല്‍ ഭാരതീയ സാഹിത്യത്തിലേക്ക് വന്നാല്‍ സമാനചിന്തകള്‍ ധാരാളം കാണാം. എല്ലാവരുടെയും ലക്ഷ്യം സുഖം തന്നെ. എന്നാല്‍ ധര്‍മ്മം പാലിച്ചില്ലെങ്കില്‍ സുഖം അലഭ്യമാവും എന്നു പറയുന്ന വരികള്‍ ശലോമോനും തോന്നാവുന്നതല്ലേ?

ഈ മഹദ്‌വചന സമാഹാരത്തിലെ 224 ആശയങ്ങളാണ് ശ്രീമാന്‍ അര്‍ണോള്‍ഡ് ഇവിടെ ശ്ലോകരൂപത്തില്‍ പുനരാവിഷ്ക്കരിച്ചിട്ടുള്ളത്. ചെറിയ കുട്ടികള്‍ക്കും വലിയ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കും പോലും എളുപ്പത്തില്‍ ഗ്രഹിക്കുവാനും ഹൃദിസ്ഥമാക്കുവാനും ഉതകുന്ന സമ്പ്രദായമാണ് ഈ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന സംഗതി ഇതിന് ചാരുത ചാര്‍ത്തുന്നു.

ശ്രീ. അര്‍ണോള്‍ഡ് നേരത്തെയും പല രചനകളും നിര്‍വ്വഹിച്ചിട്ടുണ്ട്. അവരോട് ചേര്‍ന്നുപോകുന്നതാണ് ഈ കൃതി. ഇത് സണ്ടേ സ്കൂളിലും ബാലസംഘങ്ങളിലും എല്ലാം വ്യാപകമായി വായിക്കപ്പെട്ടു എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.


ഡി. ബാബു പോള്‍
കവടിയാര്‍, തിരുവനന്തപുരം- 695 003


സംസ്ഥാന ഓംബുഡ്‌സ്മാന്‍ ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍വ്വീസ് സ്റ്റോറിയുടെയും (ഗിരിപര്‍വ്വം, 1976) ആദ്യത്തെ ബൈബിള്‍ നിഘണ്ടുവിന്റെയും (ബദശബ്ദരണാകരം, 1997). കര്‍ത്താവ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code