Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസോസ്തമും ക്രിസോസ്തമും (ഡി. ബാബുപോള്‍ ഐ.എ.എസ്)

Picture

ക്രിസോസ്റ്റം തിരുമേനിക്ക് 99 തികഞ്ഞും തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കെ കണ്ട മറ്റൊരു തിരുമേനിയില്ല കേരളത്തില്‍. ഭാരതത്തില്‍ നൂറ് കഴിഞ്ഞ 103 എന്നാണോര്‍മ്മ- ഒരു മെത്രാന്‍ ഉണ്ട്. ലോകത്തൊട്ടാകെ നൂറ് കഴിഞ്ഞ മെത്രാന്മാര്‍ ഒട്ടാകെ ഒരു ഡസന്‍ ഇല്ല. അതുകൊണ്ട് പ്രായം ഇത്രയുമായി എന്നത് പ്രധാനം തന്നെയാണ്. എന്നാല്‍ അതല്ല തിരുമേനിയുടെ വ്യക്തി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. നമ്മുടെ പ്രിയങ്കരനായ ക്രിസോസ്തം ഷഷ്ഠിപൂര്‍ത്തിക്ക് മുന്‍പ് കാലം ചെയ്തില്ല.

ക്രിസോസ്റ്റം മാര്‍ത്തോമ്മായെ എന്നാണ് ആദ്യം കണ്ടത് എന്ന് ഓര്‍മ്മ വരുന്നില്ല. എന്റെ അച്ഛനെ എന്നാണ് ആദ്യം കണ്ടത് എന്നും ഓര്‍മ്മ വരുന്നില്ല. എന്നും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ധാരണ. അത് എന്റെ പോരായ്മ അല്ല. ആരെക്കുറിച്ച് നമുക്ക് അങ്ങനെ തോന്നുന്നുവോ, അവരുടെ മഹത്വത്തിന്റെ പ്രതിഫലനമാണ് ആ ധാരണ.

പൗരസ്ത്യ പാരമ്പര്യത്തില്‍ പൂര്‍വ്വാശ്രമം ഉപേക്ഷിക്കുമ്പോള്‍ പേര് മാറും. റമ്പാനാവുമ്പോഴും മെത്രാനാവുമ്പോഴും. മേല്പട്ടസ്ഥാനത്തേക്ക് നിയോഗിക്കുന്ന ആളുടെ മനസ്സ് ബുദ്ധിയുമായി സംവദിക്കുമ്പോള്‍ പരിശുദ്ധാത്മാവ് ഇടയ്ക്ക് കയറി നിര്‍ദ്ദേശിക്കുന്നതാണ്, അദ്ദേഹം സ്ഥാനം ഏല്‍ക്കുന്ന ആള്‍ക്ക് നല്‍കുന്ന പേര്. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ വാഴ്ച കഴിഞ്ഞ സായാഹ്നത്തില്‍ കുഞ്ഞുമോന്‍ (പഴയ സുപ്രീംകോടത് ജഡ്ജി ജസ്റ്റിസ് കെ. റ്റി. തോമസ്) വാഴ്ചാവിശേഷങ്ങള്‍ പറയാന്‍ ഫോണില്‍ വിളിച്ചു. “എന്തായിരിക്കും പേരെന്ന് ഊഹിക്കാമോ” എന്നു ചോദിച്ചു. “തെയോഫിലോസ്?” എന്റെ മറുപടി. “ഇതെങ്ങനെ ഇത്ര കൃത്യമായി ഊഹിച്ചു.” “അതുമൊരു പാരമ്പര്യമാണ്. സാധാരണ ഗതിയില്‍ പാത്രിയര്‍ക്കീസോ കാതോലിക്കായോ ഇഗ്നാത്തിയോസും ബസേലിയോസും ആയി കഴിഞ്ഞാല്‍ ആദ്യം വാഴിക്കുന്ന മെത്രാന് തന്റെ എപ്പിസ്‌കോപ്പല്‍ നാമം നല്‍കും. അതുകൊണ്ട് ഊഹിച്ചതാണ്.”

മേല്പട്ടക്കാരുടെ പേരുകളെക്കുറിച്ചുള്ള ചര്‍ച്ച ഏറെ നീണ്ടു. വിശദാംശങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. പ്രസക്തിയുള്ളത് യൂഹാനോന്‍ തിരുമേനി നല്‍കിയ പേരുകള്‍ക്കും ക്രിസോസ്റ്റം തിരുമേനി പേര് മാറ്റരുത് എന്ന് കെ.റ്റി. തോമസ് ജഡ്ജി പിന്നീട് നിര്‍ബന്ധിച്ചതിനുമാണ്.

യൂഹാനോന്‍ തിരുമേനി മൂന്നുപേരെ വാഴിച്ചപ്പോള്‍ ഓരോരുത്തരുടെയും നല്‍വരം തിരിച്ചറിഞ്ഞ് ആയുഷ്ക്കാലം മുഴുവന്‍ വെല്ലുവിളി ആയിരിക്കേണ്ട പേരുകളാണ് നല്‍കിയത്. സ്വന്തം പേരുകൊടുത്തത് അഞ്ചാമത്ത് ആള്‍ക്ക് അല്ലേ? അത് അല്പായുസ്സ് ആകുകയും ചെയ്തു. ദൈവകൃപയുടെ തണലില്‍ ജീവപര്യന്തം കഴിഞ്ഞ ആളെ യൂഹാനോന്‍ മാര്‍ത്തോമ്മാ, തെയോഫിലോസ് എന്നു വിളിച്ചു. ദൈവത്തെ സ്‌നേഹിക്കാതെ സ്വന്തം പേര് ഓര്‍ക്കാനാവാത്ത കുരിശാണ് വെച്ചുകൊടുത്തത്. അടുത്തയാളെ അത്താനാസ്യോസ് എന്നു വിളിച്ചു. ഈ മൂന്നു തിരുമേനിമാരുടെ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ത്തോമ്മാ സഭയുടെ സത്യവിശ്വാസം ദൈവത്തിനു പഥ്യമാണോ എന്നതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയുള്ളവര്‍ക്ക് ആ പേരിന്റെ സാംഗത്യം പിടികിട്ടും. വിശ്വാസം ക്രോഡീകരിച്ച ആള്‍ ആയിരുന്നല്ലോ അത്താനാസ്യോസ്. ആരുടെ നവീകരണ വിശ്വസം വെല്ലുവിളിക്കപ്പെട്ടുവോ ആ ആള്‍ക്ക് ഈ പേര് നല്‍കിയത് സഭാദ്ധ്യക്ഷന്റെ ഒരു പ്രസ്താവന ആയിരുന്നു. അതേ ദിവസമാണ് ഇപ്പോഴത്തെ ശ്രേഷ്ഠ വലിയ മെത്രാപ്പോലീത്തായെ ക്രിസോസ്റ്റം എന്നു വിളിച്ചതും.

ക്രിസോസ്റ്റം തിരുമേനിയുടെ നിസ്തുല വ്യക്തിത്വത്തോട് അടുത്ത തലമുറയ്ക്കുള്ള ആദരവാണ് അദ്ദേഹം പേര് മാറ്റരുത് എന്നുപറഞ്ഞവരുടെ വീക്ഷണത്തില്‍ പ്രതിഫലിച്ചത്. തീത്തൂസ് പ്രഥമനില്‍ നിന്ന് തോമസ് മാര്‍ അത്താനാസ്യോസിലേക്കുള്ള ഈ മടക്കയാത്ര വേണ്ടിയിരുന്നില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഫിലിപ്പോസ് മാര്‍ത്തോമ്മാ എന്നറിയപ്പെട്ടാല്‍ ഒരു ദോഷവും ഉണ്ടാകുമായിരുന്നില്ല. മെത്രാനാകുമ്പോള്‍ തന്നെ ഫിലിപ്പ് ഉമ്മന്‍ അച്ചന്‍ പ്രശസ്തനായിരുന്നു. എന്നുവച്ച് കെ. പി. യോഹന്നാന്‍ തിരുമേനി എന്നു പറയുമ്പോലെ ഫിലിപ്പ് ഉമ്മന്‍ തിരുമേനി എന്നു വിളിക്കുമായിരുന്നോ? ക്രിസോസ്റ്റം തുടരണമെങ്കില്‍ തന്നെ ഫിലിപ്പോസ് ഉപേക്ഷിച്ച് ക്രിസോസ്റ്റം മാര്‍ത്തോമ്മാ എന്നു പറയാമായിരുന്നു. ഇത് ഇപ്പോള്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് എന്നതുപോലെ തന്നെയായി. ചില ആധാരത്തിലൊക്കെ എഴുതുന്നതുപോലെ. ഇതൊക്കെ സൗകര്യം പോലെ മാറ്റി മറിക്കാതിരിക്കുന്നതാണ് ഉത്തമം. അതിരിക്കട്ടെ, അതല്ല എന്റെ പ്രമേയം. ജീവിതയാത്രയില്‍ ഒരു ഇടത്താവളത്തില്‍ കിട്ടിയ പേര് ഈ ലോകത്തിലെ അവസാന താവളത്തിലും തുടരണമെന്ന് ജനങ്ങള്‍ക്ക് തോന്നുമാറ് ക്രിസോസ്റ്റം എന്ന അക്ഷരങ്ങള്‍ക്ക് മാന്ത്രികമാസ്മരികത നല്‍കാന്‍ തിരുമേനിക്ക് കഴിഞ്ഞുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

ക്രിസോസ്റ്റം തിരുമേനി എനിക്കൊരു പ്രഹേളികയാണ്. ചിലര്‍ യോഹന്നാന്‍ സ്‌നാപകന്‍ എന്നും മറ്റുചിലര്‍ ഏലിയാവെന്നും വേറെ ചിലര്‍ പ്രവാചകന്മാരിലൊരുത്തനോ എന്നും പറഞ്ഞാല്‍ കൃത്യമായി ഉത്തരം പറയാന്‍ ഞാന്‍ പാറയല്ലല്ലോ. എങ്കിലും ഒന്നു ഞാന്‍ അറിയുന്നു; അവിടുന്ന് ദൈവത്തിന്റെ അഭിഷിക്തനാണ്.

തിരുമേനി ഫലിതപ്രിയനാണ് എന്നതാണല്ലോ സാധാരണക്കാര്‍ ഏറ്റവും ശ്രദ്ധിക്കുന്ന മുഖം. ഫലിതം പറയുന്ന തിരുമേനിമാരെയും പറയാന്‍ ദയനീയമായി ശ്രമിക്കുന്ന തിരുമേനിമാരെയും എനിക്ക് പരിചയം ഉണ്ട്. അന്തസ്സുറ്റതും സന്ദേശം ഉള്‍ക്കൊള്ളുന്നതും സ്വാഭാവികവും ആയ ഫലിതം വേറെ ഇതിനോടടുത്ത് കേട്ടിട്ടുള്ളത് പടിയറ കര്‍ദ്ദിനാള്‍ തിരുമേനിയുടെ മുഖത്തു നിന്നു മാത്രമാണ്. ഒടുവില്‍ പാര്‍ക്കിന്‍സോണിസത്തിന്റെ പ്രാരാബ്ധങ്ങള്‍ സമ്മാനിച്ച നിസ്സഹായതയില്‍പോലും ആ പിതാവിന്റെ നര്‍മ്മബോധത്തിന് അടങ്ങിക്കഴിയാനായില്ല. കാത് കൂര്‍പ്പിച്ചിരുന്നാലേ ഗ്രഹിക്കാമായിരുന്നുള്ളൂ എങ്കിലും എല്ലാവരും കാത് കൂര്‍പ്പിക്കുമായിരുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ പരേതാത്മാവിന്റെ നര്‍മ്മബോധത്തിന് ആദരാഞ്ജലി എന്ന രൂപത്തില്‍ ഒരു കഥ കുറിച്ചുകൊള്ളട്ടെ. ഇടവക സന്ദര്‍ശനത്തിനെത്തുന്ന മെത്രാനെ അനാവശ്യമായ ആര്‍ഭാടങ്ങളോടെ സ്വീകരിക്കുന്ന ഒരു രീതി റോമന്‍ കത്തോലിക്കാ സഭയില്‍ ഉണ്ട്. അത് അവസാനിപ്പിക്കണമെന്ന് മോഹിച്ച ആളായിരുന്നു കര്‍ദ്ദിനാള്‍. അദ്ദേഹം പറഞ്ഞു: “ഞാന്‍ ഇടവ സന്ദര്‍ശനം നിര്‍ത്താന്‍ പോകുകയാണ്. കഴിഞ്ഞകൊല്ലം എന്നെ ആഘോഷമായി വരവേറ്റ ഒരു ഇടവകയുടെ കണക്ക് പരിശോധിച്ചതോടെയാണ് ഈ ചിന്ത ഉദിച്ചിട്ടുള്ളത്. അവരുടെ കണക്കില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്, കര്‍ദ്ദിനനാളിനെ വെടിവെച്ചുകൊണ്ടുവരാന്‍ ചെലവ് രൂപ രണ്ടായിരം എന്നാണ്.”

പറഞ്ഞുവന്നത് ക്രിസോസ്റ്റം ഫലിതങ്ങളെക്കുറിച്ചാണ് അത് മാര്‍ത്തോമ്മാക്കാര്‍ക്ക് എന്നെക്കാള്‍ ഭംഗിയായി അറിയാവുന്ന കാര്യമാണ്. ഞാന്‍ വിവരിക്കുന്നില്ല. എന്നാല്‍ തിരുമേനിയുടെ വ്യക്തിത്വത്തിന്റെ വളരെ ചെറിയ ഒരു അംശമാണ് ഈ ഭാവത്തില്‍ തെളിയുന്നത് എന്നു പറയാതെ വയ്യ. ശ്രേഷ്ഠമായ നേതൃത്വസിദ്ധിയും സൂക്ഷ്മമായ നിരീക്ഷണശക്തിയും പ്രവാചനക സദൃശമായവീക്ഷണവിശേഷവും പണ്ഡിതപ്രകാണ്ഡങ്ങളെ അതിശയിക്കുന്ന മസ്തിഷ്ക സിദ്ധിയും ഉപരി സൂചിപ്പിക്കുന്ന നര്‍മ്മബോധത്തോട് ചേരുമ്പോള്‍ ഒരു നല്ല നേതാവ് രൂപപ്പെടുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയോ അമേരിക്കയുടെ പ്രസിഡന്റോ ഒക്കെ ആയിരിക്കാന്‍ അതുമതി. എന്നാല്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് അതുപോരാ.

വലിയ മെത്രാപ്പോലീത്താ സുതാര്യമായ വ്യക്തിത്വത്തിന്റെയും സമഗ്ര സമര്‍പ്പണത്തോടെയുള്ള ദൈവാശ്രയത്തിന്റെയും ആള്‍രൂപം ആയിരിക്കണ. ക്രിസോസ്റ്റം തിരുമേനിയില്‍ ശ്രദ്ധേയമായി ഞാന്‍ കാണുന്നത് ഈ രണ്ട് സംഗതികളാണ്. “വാത്സല്യമക്കളേ ബലഹീനനായ നാം” എന്ന ശൈലി തിരുമേനിക്ക് അന്യമാണ്. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തിരുമേനി മെത്രാനായി. ഞാന്‍ ഹൈസ്ക്കൂളില്‍ എത്തിയപ്പോള്‍ തിരുമേനി കാന്റര്‍ബറിയിലോ ഓക്‌സ്‌ഫോര്‍ഡിലോ ആണ്. എന്നാല്‍ പൂലാത്തീനിലും മാരാമണ്ണിലും അഭിമുഖം ഇരിക്കുമ്പോള്‍ തിരുമേനി എന്നെ ധരിപ്പിക്കുന്നത് ഞങ്ങള്‍ സഹയാത്രികരാണ് എന്നത്രേ. ഇത് തിരുമേനിയുടെ നാട്യമല്ല. നാല്പതു വര്‍ഷം രാഷ്ട്രീയക്കാരുടെ കൂടെ ജീവിച്ചവനാണ് ഞാന്‍. നട്ടുവന്മാരെ വേഗം തിരിച്ചറിയും! യേശുവിന്റെസന്നിധിയില്‍ നിന്നുള്ള സമഗ്രസമര്‍പ്പണത്തില്‍ നിന്നാണ് തിരുമേനിയുടെ വിജയം തുടങ്ങുന്നത്. അത് അവസാനിക്കുന്നതും ആ മടിത്തട്ടില്‍ തന്നെ.

പണ്ട് അലക്‌സന്ത്രിയന്‍ പിതാക്കന്മാരില്‍ നിന്ന് വിശുദ്ധ ക്രിസോസ്റ്റത്തെ വേര്‍തിരിച്ചത് വേദവ്യാഖ്യാനങ്ങളില്‍ ക്രിസോസ്റ്റം പാലിച്ച ജീവിതോന്മുഖ പ്രായോഗികതയാണ്. ബൈബിള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രസക്തമാകുന്നു എന്നതായിരുന്നു ആ പിതാവിന്റെ പ്രധാന ചിന്ത. കുസ്തന്തീനോപ്പോലീസില്‍ പാത്രിയര്‍ക്കീസായിരുന്നപ്പോള്‍ ധനാഢ്യരെ വിളിച്ച് സല്‍ക്കരിക്കുന്ന രീതി അദ്ദേഹം നിര്‍ത്തലാക്കി. പണക്കാരും പട്ടക്കാരും പിണങ്ങിപ്പോയെങ്കിലും പാവപ്പെട്ടവര്‍ക്ക് ഈ ആദര്‍ശപരത അഭികാമ്യമായി തോന്നി. (ഇപ്പോഴും തിരുവനന്തപുരത്ത് രണ്ട് സഭകള്‍ ഈ പരിപാടി നടത്തുന്നുണ്ട്. ഞാന്‍ പോകാറുമുണ്ട്. അടുത്ത കൊല്ലം മുതല്‍ ആ പോക്ക് നിര്‍ത്തിയാലോ എന്ന് ആലോചിക്കയാണ് ഞാന്‍. ആതിഥേയപിതാക്കന്മാര്‍ ധിക്കാരിയായി എഴുതിത്തള്ളുമോ എന്നാണ് ഭയം!) ഉപഭോഗപരതയ്‌ക്കെതിരെ ശബ്ദിച്ചു പഴയ ക്രിസോസ്തവും: “നിങ്ങള്‍ വിസര്‍ജ്യം ശേഖരിക്കാന്‍ വെള്ളികൊണ്ട് കമ്മോഡുണ്ടാക്കുന്നു. ദൈവം സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിച്ച മറ്റൊരാള്‍ തണുത്തുവിറച്ച് പട്ടിണി കിടന്നു. രണ്ടും ഒരേസമയം നാണമില്ലേ നിങ്ങള്‍ക്ക്? ആമോസിനേയും ഒബാദിയയെയും കുറിച്ച് കുറിച്ച് അജ്ഞരായിരിക്കെ പന്തയക്കുതിരകളുടെ വിജയസാധ്യതകളെക്കുറിച്ച് പാണ്ഡിത്യം സമ്പാദിക്കുന്നവരെയും ക്രിസോസ്റ്റം പരിഹസിച്ചു. നമ്മുടെ വലിയ തിരുമേനിയുടെ ദര്‍ശനങ്ങള്‍ പഴയ പിതാവിന്റെ ദര്‍ശനങ്ങളോട് ഒത്തുപോവുന്നത് ശ്രദ്ധിക്കുക. ഒരു വാക്യം കൂടെ ഉദ്ധരിച്ച് ഈ താരതമ്യം അവസാനിപ്പിക്കാം.

“Consider how Christ teaches us to be humble, by making us see that our virtue does not depend on our work alone but on grace from on high. He commands, each of the faithful who prays to do some universally, for the whole world. For he did not say “thy will be done in me or in us”, but ‘on earth’, the whole earth, so that error may be banished from it, truth take root in it, all vice be destroyed on it, virtue flourish on it, and earth no longer differ from heaven.”

ഈ വിശ്വമാനവിക ദര്‍ശനത്തില്‍ രണ്ട് ക്രിസോസ്റ്റംമാരും യോജിക്കുന്നു എന്നതില്‍ സംശയം വേണ്ട. കാര്‍ഡിനല്‍ ന്യൂമാന്‍ പഴയ ക്രിസോസ്തത്തെക്കുറിച്ച് പറഞ്ഞതും നമ്മുടെ ക്രിസോസ്റ്റത്തിനും യോജിക്കും: “Bright, cheerful, gentle soulms”

തിരുമേനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞ് ഞാന്‍ അന്നുതന്നെ പൂലാത്തീനില്‍ എത്തി. രോഗം നിസ്സാരമാണെന്ന ഉപരിപ്ലവമായ അമിത ലളിതവത്ക്കരണമോ കാന്‍സര്‍ ഗുരുതരമാണെന്ന സത്യത്തിന്റെ ഭീകരഭാവമോ തിരുമേനിയില്‍ കണ്ടില്ല. ഇതുമൊരു അനുഭവം എന്ന് പക്വതയാണ് ഞാന്‍ ആ സമീപനത്തില്‍ ദര്‍ശിച്ചത്. ജീവിക്കുന്നത് ക്രിസ്തു, മരിക്കുന്നത് ലാഭം; നിങ്ങളെ പ്രതി ജീവിച്ചിരിക്കാനാണ് ഇഷ്ടം എന്ന് പൗലോസ് പറഞ്ഞില്ലേ?

ഫിലിപ്യ ലേഖനം 1:21-25. എനിക്ക് പ്രിയപ്പെട്ട വേദഭാഗമാണ്. എന്റെ (അമ്മയില്ലാത്ത) മക്കളെയാണ് അവിടെ ഞാന്‍ ഓര്‍ക്കുന്നത്. വലിയ മെത്രാപ്പോലീത്താ ഓര്‍ക്കുന്നത് അമ്മയില്‍ നിന്ന് ജനിപ്പിച്ചവരല്ലാതെ ആത്മാവില്‍ തനിക്ക് മക്കളായവരെ ആയിരിക്കും.

ക്രിസോസ്റ്റം തിരുമേനിയുടെ ദീര്‍ഘായുസ്സും ആരോഗ്യവും കര്‍മ്മശേഷിയും ഭാരത ക്രൈസ്തവ സമൂഹത്തിന് ഇനിയും വേണ്ടതുണ്ട്. അതുകൊണ്ട്മരണത്തിന്റെ ലാഭം നിഷേധിച്ച് ജീവിതത്തിന്റെ ഭാരം നമുക്കായി വഹിപ്പാനുള്ള കൃപ തിരുമേനിക്ക് കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുക നാം: നിത്യവും ബ്രഹ്മമുഹൂര്‍ത്തത്തില്‍ തിരുമേനിയെ ഓര്‍ക്കുമ്പോള്‍ അതാണ് എന്റെ പ്രാര്‍ത്ഥന.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code