Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വലിച്ചെറിയുക നമ്മുടെ ഈ വസ്ത്രങ്ങള്‍ പോലും ഫാദര്‍ ഡേവിസ് ചിറമേല്‍ (വാല്‍ക്കണ്ണാടി കോരസണ്‍)

Picture

"വെടിയുകേ മോഹന ജീവിത വാഞ്ചനകള്‍ , തേടുക തപസ്സത്തില്‍നിന്നും ജഢതയില്‍ നിന്നും , നിദ്രയില്‍ നിന്നും മൃതിയുടെ ചപല കരങ്ങളില്‍ നിന്നും..."

“നഗ്‌നത ഏല്‍ക്കപ്പെടുകയാണ് മൗന്‍ഷ്യജീവിതത്തിലെ ഏറ്റവും അവമാനിതമാകുന്ന സന്ദര്‍ഭം, അതും പരസ്യമായി ശരീരം അനാവരണം ചെയ്യപ്പെടുമ്പോള്‍ അനുഭവിക്കുന്ന മാനസീക പീഡനം കൊടും ക്രൂരമായ ശാരീരീരിക പീഡനത്തെക്കാള്‍ കുറവാകില്ല. അത്തരം ഒരു അനുഭവമാണ് ക്രിസ്തുവിനു മനുഷ്യനായി അനുഭവിക്കേണ്ടിവന്ന ഏറ്റവും കടുത്ത വേദന. തങ്ങളെ പൊതിയുന്ന ആവരണങ്ങളെ തിരസ്കരിക്കലാണ് ദൈവത്തിലേക്ക് നടന്നടുക്കാനുള്ള കുറുക്കുപാത. സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളും വാഹനവും ഉപയോഗിക്കുന്നവര്‍ ഇന്നുണ്ട്. നാം അറിയാതെ എടുത്തണിയുന്ന സുന്ദര മോഹന ആകാരങ്ങള്‍ , ആടആഭരണങ്ങള്‍ ഒക്കെ ഉപേക്ഷിച്ചു കഴിയുമ്പോള്‍ വളരെ ലാഘവത്വവും മിതത്വവും അനുഭവവേദ്യമാകും. മഹാത്മാ ഗാന്ധിയും ഇതേ മാര്‍ഗമാണ് സ്വീകരിച്ചതെന്ന് കാണാം. അര്‍ദ്ധ നഗ്‌നനായ ഗാന്ധിജിയാണ് ഒരു വലിയ മനുഷ്യ ജനതയെ സ്വതന്ത്രരാക്കിയത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. ചിലതൊക്കെ ചിലപ്പോഴൊക്കെ പൂര്ണമായിത്തന്നെ ഉപേക്ഷിക്കാന്‍ ഉള്ള ധൈര്യമാണ് നമ്മെ മഹത്വത്തിലേക്കു നയിക്കുന്നത്”, ഫാദര്‍ ഡേവിസ് ചിറമേല്‍ വാചാലനായി. അദ്ദേഹം തന്റെ കഥകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു, ഞങ്ങള്‍ ഒരു പുഴയുടെ സംഗീതംപോലെ അത് ശ്രവിച്ചുകൊണ്ടേയിരുന്നു.

ഒരു അപകടത്തില്‍ പെട്ട് തന്റെ രണ്ടു കണ്ണിണന്റെയും കാഴ്ച പൂര്‍ണമായി നഷ്ട്ടപ്പെട്ട ഒരു കുട്ടിയെ അമേരിക്കയില്‍ വച്ച് കണ്ടുമുട്ടി. ഓരോ പ്രാവശ്യം കാണുമ്പോഴും അവള്‍ കൂടുതല്‍ തേജസ്സിലേക്കു നടന്നു പോകയാണ് എന്ന് അവള്‍ കാട്ടിത്തന്നു. കാഴ്ച ഒരിക്കലും തിരികെ വരില്ല എന്ന സത്യം മനസ്സിലാക്കിയവള്‍ , തന്റെ ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കുവാനും, സന്തോഷം കണ്ടെത്തുവാനും ശ്രമിച്ചു. അവള്‍ക്കു ഇന്ന് ദൈവത്തെ കാണാം എന്നാണ് അവള്‍ പറയുന്നത്. ബാഹ്യ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടപ്പോള്‍ അവളുടെ ആന്തരീക കണ്ണുകള്‍ പ്രഭാപൂരിതമായി , ഒപ്പം അവള്‍ തിരഞ്ഞുപിടിച്ചു കൈപിടിച്ച് കൊണ്ടുപോകുന്ന നിരാശിതരായിരുന്ന ഒരു കൂട്ടം കുട്ടികളും. നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ കടന്നുവരുന്ന പ്രതിസന്ധികളില്‍ നിന്നും ഓടി ഒളിക്കാനല്ല, നേരിടുകയും , കീഴടക്കുകയുമാണ് വേണ്ടതെന്നു ആ കുട്ടി ജീവിതം കൊണ്ട് കാണിച്ചുതരുന്നു. എത്ര സന്തോഷവതിയാണ് അവള്‍ ഇന്ന് , ഞാന്‍ കടന്നുചെന്നപ്പോള്‍ തനിയെ വന്നു വാതില്‍ തുറന്നു , അകത്തു കൂട്ടികൊണ്ടുപോയി സ്വീകരിച്ചു, അത്ഭുതം തോന്നി ആ വലിയ മനസ്സിലെ രൂപാന്തരം കണ്ടപ്പോള്‍, ഈ ജീവിതം നമുക്ക് മുന്‍പില്‍ വരച്ചു കാട്ടുന്നതെന്തു സന്ദേശമാണ് എന്ന് നാം ഉള്‍ക്കൊള്ളണം.

ഒരിക്കലും കുട്ടികള്‍ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു ദമ്പതികള്‍ക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച മറ്റൊരു വനിതയെ കാണാനായി. സഹോദരിക്കുവേണ്ടി കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ അവര്‍ തയ്യാറായി. രണ്ടുമാസം പ്രായമുള്ള കുട്ടികളെ യാതൊരു ബാധ്യതകളും കൂടാതെ കൈമാറുവാനും പതിനാലു വയസ്സ് വരെ ആരുടെ ശരീരത്തിലാണ് കുട്ടികള്‍ വളര്‍ന്നതെന്ന കാര്യവും രഹസ്യമാക്കി വയ്ക്കാന്‍ അവര്‍ തയ്യാറായി. മറ്റുള്ളവരുടെ ശൂന്യമായ ജീവിതത്തിനു പ്രകാശമേകാന്‍ നമുക്ക് ത്യാഗം സഹിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത്തരമൊരു മഹത്വത്തിന്റെ വില കണ്ടെത്താനാവൂ. ഞാനും ഞാനും മാത്രം നിറഞ്ഞു നില്‍ക്കുന്ന ലോകത്തു , ചെറുതും വലുതുമായ ത്യാഗങ്ങളാണ് വലിയ സന്തോഷവും സമാധാനവും ലോകത്തിനു നല്‍കുന്നത്.

ഫാദര്‍ ചിറമ്മല്‍ തന്റെ സ്വതസിദ്ധമായ ഗ്രാമീണ ശൈലിയിലൂടെ ഞങ്ങളുടെ കഠിന ഹൃദയങ്ങളെ സ്പര്‍ശിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവര്‍ത്തങ്ങള്‍ കാണുവാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി . തൃശൂര്‍ വച്ച് , അദ്ദേഹം നേതൃത്വം നല്‍കുന്ന അവയവദാന പദ്ധതിയുടെ ഭാഗമായി അവയവങ്ങള്‍ തമ്മില്‍ സ്വീകരിച്ചവരുടെ സ്‌നേഹ സംഗമം , ജീവിതത്തില്‍ ഒരു മറക്കാനാവാത്ത അനുഭവമായി മാറി. മതമോ വര്‍ഗ്ഗമോ വരണമോ ഒന്നും നോക്കാതെ, അവയവം കൊടുത്തവരും സ്വീകരിച്ചവരും തമ്മിലുള്ള സല്ലാപം ശ്രദ്ധിച്ചാല്‍, നാമെല്ലാം ഒരേ സൃഷ്ടിയുടെ നിര്‍മാണ ഉപകരണങ്ങള്‍ മാത്രം ആണെന്നും, ഇവിടെ സ്പര്‍ധ ഉണ്ടാക്കുന്നത് വെറും മൗഢ്യം ആണെന്നും ആരും പറഞ്ഞുതരേണ്ട കാര്യമാവില്ല.

പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരുകൂട്ടം ആളുകള്‍ വീട്ടിലേക്കു കടന്നു വന്നു. അല്‍പ്പം സ്വകാര്യ സംഭാഷണത്തിനാണെന്നു പറഞ്ഞു അച്ചന്‍ അവരെ വീടിന്റെ ഒരു കോണില്‍ കൊണ്ടുപോയി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു. ഞങ്ങള്‍ അച്ചനായി കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ പരിചയപ്പെടുത്തി. രണ്ടു കിഡ്‌നികളും നഷ്ട്ടപ്പെട്ട ഒരു പെണ്‍കുട്ടിക്കുവേണ്ടി അവളുടെ ഭര്‍ത്താവും മകളും ചില സുഹൃത്തുക്കളുമായി എത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ അച്ചന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ കിഡ്‌നി കൊടുക്കാമെന്നു സമ്മതിച്ചിരിക്കയാണ്. അവരെ തമ്മില്‍ ഒന്ന് ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുന്‍പ് ആ ധൗത്യം കൂടി നിര്‍വഹിക്കുകയായിരുന്നു.

കത്തോലിക്കാ പുരോഹിതനായ അദ്ദേഹത്തിന്റെ ഒരു കിഡ്‌നി ഇപ്പോഴും ഒരു ഹിന്ദുവിന്റെ ശരീരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയവദാനം എന്ന മഹത്തായ കര്‍മ്മത്തിനു ഇത്രയേറെ പ്രചാരം നല്‍കിയ വ്യക്തികള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറയാം. അദ്ദേഹത്തോടൊപ്പം ഒരു വലിയ പ്രസ്ഥാനമാണ് കേരളത്തിലും പുറത്തുമായി വളര്‍ന്നു വരുന്നത്. കത്തോലിക്കാ സഭയില്‍ പെടാത്ത രാജുവും മധുവും മൈലുകള്‍ താണ്ടി അച്ഛന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നിരന്തരം പ്രവര്‍ത്തിക്കുന്നു, അങ്ങനെ അനേകരും..

കേരളത്തിലെ വിശാലമായ കത്തോലിക്കാ സമൂഹത്തില്‍ തന്നെ ചില പുരോഹിതന്മാരുടെ വഴിവിട്ട പോക്കുകള്‍ക്കു പുരോഹിതന്മാര്‍ മുഴുവനായി തെറ്റിദ്ധരിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യ സ്‌നേഹികളായ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളില്‍ നിന്നും കടന്നുവരുന്ന മനുഷ്യഗന്ധിയായ ക്രിസ്തു സ്‌നേഹത്തിന്റെ തരുണിമ, അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. ശാന്തമായ മേച്ചില്പുറങ്ങളിലേക്കല്ല ഈ പുഴകള്‍ ഒഴുകുന്നത് , പക്ഷെ സ്വച്ഛമായ തടാകത്തിന്റെ അരികത്തേക്കു നമ്മെ നയിക്കുവാനുള്ള ത്രാണി ചില പുരോഹിതന്മാര്‍ക്കുണ്ട് (മുന്‍പില്‍ നില്ക്കാന്‍ അര്‍ഹന്‍) എന്നത് വളരെ പ്രതീക്ഷ നല്‍കുന്നു.

സ്വാര്‍ത്ഥന്മാര്‍ കുടിയിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ സ്വയം ജീവന് വെല്ലുവിളി ഉയരുമ്പോഴും ധാര്‍മ്മികതയെ ഉള്ളില്‌നിന്നും വിളിച്ചുണര്‍ത്താന്‍ ഈശ്വരന്‍ കടം തന്ന വരദാനമാവണം ഇത്തരം മനുഷ്യര്‍!

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code