Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മനുഷ്യന്റെ അനശ്വരമായ സുരക്ഷിതത്വം (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

Picture

ഭൂമിയിലെ മനുഷ്യ ജീവിതത്തിന് എന്നെന്നും അത്യന്താപേക്ഷിതമായ കാര്യം സുരക്ഷിതത്വമാകുന്നു. അനുദിനമെന്നോണം മനുഷ്യന് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സുരക്ഷിതത്വവും സമാധാനവുമാകുന്നു. ഒരു നാലഞ്ച് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ മനുഷ്യനുണ്ടായിരുന്ന സുരക്ഷിതത്വത്തിന്റെ പകുതി പോലും ഇന്നില്ലെന്നുള്ളതാണ് സത്യം. ധനവും ജീവിത സൗകര്യങ്ങളും ഏറെ വര്‍ദ്ധിക്കുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് വിവരിക്കുവാനാവാത്ത വിധത്തിലുള്ള ഭയത്തിലും ആകുചചിന്തയിലും അരക്ഷിതാവസ്ഥയിലുമാകുന്നു ആധുനിക മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത് എന്നുള്ളതാകുന്നു സത്യം.

അത്രയ്ക്ക് സംഭ്രമജനകവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തകളാകുന്നു വര്‍ത്തമാനപത്രങ്ങളിലൂടെയും റ്റി.വിയിലൂടെയുമൊക്കെയായി നാം ഇന്ന് കണ്ടും കേട്ടുകൊണ്ടിരിക്കുന്നത്. പണ്ട് വന്യമൃഗങ്ങളെ ആയിരുന്നു മനുഷ്യന്‍ ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് മനുഷ്യര്‍ മനുഷ്യരെ തന്നെയാണ് ഏറെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഐ എസ് ഐ എസ് പോലുള്ള ഇസ്ലാം മത തീവ്രവാജ സംഘടനകളഉം ടെറോറിസ്റ്റുകളഉം, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്നു. പ്ലെയിനില്‍ യാത്ര ചെയ്യുവാന്‍ പോലും മനുഷ്യര്‍ ഇന്ന് ഭയപ്പെടുന്നു. കാരുണ്യവാനായ ദൈവമെന്ന് വാഴ്ത്തപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവം നിഷ്ഠൂരമായ ഈ ദൃശ്യമായ നരഹത്യയില്‍ പ്രസാദിക്കുമോ? എല്ലാ വര്‍ഗ്ഗീയ ശത്രുതകളും അധികം കൂട്ടക്കൊലകളഉം ദൈവത്തിന്റെ പേരിലുമാണല്ലോ. കേരളത്തിലെയും മറ്റു പല സ്ഥലങ്ങളിലെയും ക്രൈസ്തവ ദേവാലയങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തമ്മിലടികളഉം, കത്തിക്കുത്തുകളഉം ശത്രുതകളും കോടതി കേസ്സുകളുമൊക്കെ നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം എന്ന് കല്‍പ്പിച്ച ദൈവത്തിനു വേണ്ടിയാണെന്നും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. “എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും” എന്ന് (സങ്കീ. 58:8) ല്‍ പറഞ്ഞിട്ടുള്ളത് മനുഷ്യന്റെ ഈ ദൃശ്യമാ ഭക്തി പ്രകടനങ്ങള്‍ കണ്ടുകൊണ്ടാകുന്നു.

കേരളം ഉള്‍പ്പെടെ ലോകത്തിന്റെ ഒരു കോണിലും മനുഷ്യന് ഇന്ന് സുരക്ഷിതത്വമില്ല. സമാധാനമില്ല. അഭ്യസ്തവിദ്യരുടെയും ദൈവത്തിന്റെയും നാട് എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന കേരളത്തിലാകുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അധര്‍മ്മവും അക്രമങ്ങളും ആത്മഹത്യയും കൊലപാതകങ്ങളും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് പകല്‍ പോലും തനിയെ പുറത്തിറങ്ങി നടക്കാന്‍ പറ്റുകയില്ലെന്ന് വന്നിരിക്കുന്നു. സ്ത്രീകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നതും കേരളം എന്ന ഈ ഒന്നാം നമ്പര്‍ മദ്യപാന്മാരുടെ നാട്ടിലുമാകുന്നു!

ഇനിയും ആരോഗ്യമണ്ഡലം ഒന്ന് പരിശോധിച്ചാല്‍ ശാരീരികവും മാനസ്സീകവുമായ രോഗികളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അമേരിക്കയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ന് ഉറങ്ങുന്നത് ഉറക്ക ഗുളികകളുടെ സഹായത്താലാകുന്നു. കേരളീയരില്‍ ബഹുഭൂരിപക്ഷം പേരും പ്രായഭേദമന്യേ ഇന്ന് രോഗികളാകുന്നു. ഒന്നിലധികം രോഗങ്ങള്‍ യൗവ്വനക്കാരെപ്പോലും ബാധിച്ചിരിക്കുന്നു, 35-40 വര്‍ഷം മുന്‍പുണ്ടായിരുന്ന രോഗങ്ങളെക്കാള്‍ കുറഞ്ഞത് 25 ഇരട്ടിയായി. അതിന് വര്‍ദ്ധിച്ചിരിക്കുന്നു. കിഡ്‌നി, ലിവര്‍, ഹാര്‍ട്ട്, സ്‌ട്രോക്ക്, ബ്ലോക്ക് മുതലായ അസുഖങ്ങളും, ക്യാന്‍സര്‍ എന്ന ഭയാനകമായ ഈ രോഗം നിര്‍ദ്ദയം മനുഷ്യരെ ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്നു. കൊന്നുകൊണ്ടിരിക്കുന്നു.

ഓര്‍ക്കാപ്പുറത്തായി ബ്ലഡ് കാന്‍സര്‍ ബാധിച്ച് അവശതയിലായ പ്രസിദ്ധനായ ഒരു അമേരിക്കന്‍ മലയാളി നോവലിസ്റ്റിനെ കഴിഞ്ഞ വര്‍ഷം ന്യൂജേര്‍സിയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ പോയി കണ്ട കാര്യം ഞാന്‍ ഇത്തരുണത്തില്‍ ഇവിടെ ഓര്‍ക്കുന്നു. മരിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് ഭാര്യാസമേതം ന്യൂജേര്‍സിയില്‍ നിന്നും എന്നെ കാണാനായി എന്റെ വീട്ടിലേക്ക് കടന്നുവന്ന, ക്രിസ്തുമസ് രാത്രിയും, നീലസാഗരവും പ്രസിദ്ധമായ മലകളഉം താഴ്‌വരകളും എന്ന കമനീയമായ കൃതിയും രചിച്ച അദ്ദേഹം അമേരിക്കയിലെ എന്റെ ഒരാത്മ സുഹൃത്തായിരുന്നു. ഇത്രയധികം സ്‌നേഹസമ്പന്നനും, വിനയാന്വിതനും, വിശാലഹൃദയനുമായിരുന്ന മറ്റൊരു അമേരിക്കന്‍ മലയാള സാഹിത്യകാരനെയും ഞാന്‍ അറിയുന്നില്ലെന്ന് ഭംഗ്യന്തരേണ ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. രോഗത്തിന്റെ കഷ്ടതയും വേദനയും മൂലം എന്തു പാതകം ചെയ്തിട്ടാകുന്നു ഇത് എന്നെ ബാധിച്ചതെന്ന് എന്നോടു ചോദിച്ച നീതിമാനായിരുന്നു അദ്ദേഹം ഒരു ശത്രുവിനു പോലും ഈ രോഗം വരുത്തരുതേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ വാചകം അദ്ദേഹം അവസാനിപ്പിച്ചത്. ഉദയനക്ഷത്രം പോലെ നിസ്വാര്‍ത്ഥ സുന്ദരമായ അനശ്വരസ്‌നേഹത്തിന്റെ ദീപ്തി പരത്തി അസ്തമിച്ച ശ്രീ ജോര്‍ജ്ജ് കുര്യന്‍ എന്ന ആ മീനടം കോട്ടയംകാരന്‍ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. സ്‌നേഹത്തിനു വേണ്ടി സ്‌നേഹിക്കുകയും മനുഷ്യരെ നിഷ്ക്കാമമായി സേവിക്കുകയും ചെയ്തിട്ടുള്ള സുകൃതാത്മക്കള്‍ പ്രവാചക തുല്യം എന്നെന്നും അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും. ഇന്നിന്റെ ഏറ്റവും വലിയ ആവശ്യം മറ്റുള്ളവരെ കരുതുന്ന സ്‌നേഹമാകുന്നു. ആത്മീയലോകത്തു പോലും ഈ ദൈവസ്‌നേഹം ഇന്ന് ഇല്ലെന്ന് വന്നിരിക്കുന്നു. ആരാധനക്കായി ദേവാലയങ്ങളിലൊക്കെ പോകുന്നവര്‍ ഈ സത്യം മനസ്സിലാക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

എന്റെ പ്രതിപാദ്യവിഷയം ഇവിടെ സുരക്ഷിതത്വമാകുന്നു. ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെയും വലിയ ആകുല ചിന്തയാകുന്നു ഇത്. താങ്ങുകയും സംരക്ഷിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്ന ദൈവകൃപ കൂടാതെ മനുഷ്യന് ജീവിതത്തില്‍ സുരക്ഷിതത്വം ഒരിക്കലും അനുഭവിക്കുവാന്‍ സാധ്യമല്ലെന്ന് നാം അറിയണം. യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു എന്ന് ദൈവം മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നു. ജീവിച്ചിരിക്കുന്നു എന്നുള്ളതല്ലേ നമ്മുടെ പലരുടേയും മിടുക്കിന്റെയും ധാര്‍ഷ്ട്യപ്രകടനങ്ങളുടെയുമൊക്കെ കാരണം. എന്നാല്‍ സ്‌നേഹനിധിയായ ദൈവത്തിന്റെ കരുണയും കരുതലുകൊണ്ടും മാത്രമാകുന്നു നാം ഇന്നും ജീവിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്ന എത്ര ശതമാനം അമേരിക്കന്‍ മലയാളികളുണ്ട്? സര്‍വ്വശക്തനായ ദൈവത്തിന്റെ അത്ഭുതകരങ്ങളില്‍ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കുന്നവനെ ‘ബുദ്ധിമാന്‍’ എന്ന് വിശുദ്ധ ബൈബിള്‍ വിശേഷിപ്പിക്കുന്നു.

ഇന്ന് എവിടെയാകുന്നു നമ്മുടെ ആശ്രയവും വിശ്വാസവും രക്ഷയും? പണം ഏറെയുണ്ടെങ്കില്‍ അത് നമ്മേ രക്ഷിക്കുമോ? ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പരസ്പരം രക്ഷിക്കുവാന്‍ കഴിയുമോ? അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ രക്ഷിക്കാന്‍ ഇന്ന് കഴിയുമോ? ആര്‍ക്ക് ആരേ രക്ഷിക്കുവാന്‍ ഇന്ന് കഴിയും? കൂട്ടുകാരനെ വിശ്വസിക്കരുത്. സ്‌നേഹിതനില്‍ ആശ്രയിക്കരുത്. മനുഷ്യന്റെ ശത്രുക്കള്‍ അവന്റെ വീട്ടുകാര്‍ തന്നേ എന്ന് മീഖാപ്രവാചകന്‍ പറഞ്ഞു. ആരും നിന്നെ രക്ഷിക്കയില്ലെന്ന് യെശയ്യാ പ്രവാചകനും പറഞ്ഞിരിക്കുന്നു. കരഞ്ഞുകൊണ്ട് ജനിക്കുന്ന മനുഷ്യന്‍ കരഞ്ഞുകൊണ്ടു തന്നേ അന്ത്യയാത്രയും പോകുന്നു എന്നുള്ളതല്ലേ സത്യം? സങ്കീര്‍ത്തനക്കാരന്റെ വാക്കുകളെ നമുക്ക് ഇവിടെ ശ്രദ്ധിക്കാം. “നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുത്; സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുത്” (സങ്കീ. 146:3). പിന്നെ ആരില്‍ നാം ആശ്രയിക്കും? മനോഹരമായ 121-ാം സങ്കീര്‍ത്തനത്തിലൂടെ ദൈവം നമുക്ക് ഇതിന് ഉത്തരം നല്‍കുന്നു. ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്ക് സഹായം എവിടെ നിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍ നിന്നു വരുന്നു. യഹോവ നിന്റെ പരിപാലകന്‍. യഹോവ ഒരു ദോഷവും തട്ടാത്ത വണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും പരിപാലിക്കും. ഇതിനേക്കാള്‍ വലിയതും വിശ്വസനീയമായ മറ്റൊരു സുരക്ഷിതത്വവും ലോകത്തില്‍ ഇല്ല. വിലയേറിയ മനുഷ്യജീവിതത്തെ നിത്യസൗഭാഗ്യമാക്കി തീര്‍ക്കുന്ന അനശ്വരമായ സുരക്ഷിതത്വം ഇതാകുന്നു.

************

Picture2



Comments


Good Writing
by Thomas Koovalloor, New York on 2017-03-28 01:58:09 am
Through this article Thomas Philip Parackamannil once again proved that he is a Wise Man. Those who listen to the Wise are the Blessed.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code