Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമ്മുടെ വിദ്യാലയങ്ങള്‍ യുദ്ധഭൂമികളായി മാറുന്നോ? (പി.സി. സിറിയക്)

Picture

1950 കളുടെ അവസാനം കേരളത്തിലെ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ ഭരിക്കുന്ന സമയത്ത് ആ സര്‍ക്കാരിനെതിരായി വളരെയധികം ബഹുജന പങ്കാളിത്തത്തോടെ ഒരു വലിയ സമരം - വിമോചനസമരം - നടന്നു. ഇടതുപക്ഷ കക്ഷികളായ ആര്‍.എസ്.പിയും കെ.എസ്.പിയും പോലും ഈ സമരത്തില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമൊപ്പം അണിനിരന്നു. അന്ന് വിദ്യാര്‍ത്ഥികളും വളരെ സജീവമായി ഈ സമരത്തില്‍ പങ്കെടുത്തിരുന്നു. പക്ഷെ അത് സമാധാനപരമായ സമരമായിരുന്നു. പിന്നീട് 1960 കളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു., കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനയായ സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്നിവ സജീവമായി പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരം നടത്തി. അന്നും മിക്കവാറും സമാധാനപരമായ സമരരീതികളായിരുന്നു ഇരുകൂട്ടരും സ്വീകരിച്ചത്. 1970 കളായപ്പോഴേയ്ക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയം അക്രമാസക്തമാവുകയായിരുന്നു. സമരങ്ങള്‍ നടത്തുമ്പോള്‍ കല്ലേറ് പതിവ് പ്രയോഗമായി. കല്ലെറിഞ്ഞ് പോലീസിനെ ആക്രമിച്ചു. സ്ഥാപനങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ തകര്‍ത്തു. ഇരുവിഭാഗം വിദ്യാര്‍ത്ഥി സംഘടനകളും ഇക്കാര്യത്തില്‍ മോശമല്ലായിരുന്നു. ഇവര്‍ തമ്മിലും സംഘട്ടനങ്ങള്‍ ഉണ്ടായി. അവിടെ കല്ലേറ് മാത്രമല്ല, കത്തിക്കുത്തും അസാധാരണമല്ലായിരുന്നു. ഇത്തരം അക്രമപ്രവൃത്തികള്‍ നടത്തി ബഹളമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളെ പ്രേരിപ്പിച്ചത് സ്വാര്‍ത്ഥമതികളായ രാഷ്ട്രീയ നേതാക്കന്മാരുടെ കുതന്ത്രം. വിദ്യാര്‍ത്ഥികളെ കുരങ്ങന്മാരാക്കി ചുടുചോറ് വാരിക്കുകയായിരുന്നു അവര്‍.

1990 കളായതോടെ നമ്മുടെ വിദ്യാലയന്തരീക്ഷം അല്പം ശാന്തമായിത്തീരുന്നതാണ് കണ്ടത്. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട് അംഗഭംഗം ഉണ്ടായി ശിഷ്ടജീവിതകാലം കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളുടെ നില മറ്റുള്ളവരെയും അക്രമത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഒരു പരിധിവരെ സഹായകരമായി. വിദ്യാലയ കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ല എന്ന രീതിയില്‍ ഹൈക്കോടതികളില്‍നിന്നും മറ്റും വന്ന ചില തീര്‍പ്പുകളും ഇതിന് സഹായകരമായിരുന്നു. കേരളത്തിലെ കോളേജുകളില്‍ നിന്നും പ്രീഡിഗ്രി നീക്കം ചെയ്ത് ആ ക്ലാസുകള്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് മാറ്റിയപ്പോള്‍ നമ്മുടെ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞു. സ്വാശ്രയ മേഖലയില്‍ കേരളത്തിലും, തമിഴ്‌നാട്, കര്‍ണാടക മുതലായ സംസ്ഥാനങ്ങളിലും വന്‍തോതില്‍ പ്രൊഫഷണല്‍ കോളേജുകള്‍ പൊന്തിവന്നതും നമ്മുടെ വിദ്യാര്‍ത്ഥികള്‍ വളരെയധികം പേര്‍ അങ്ങോട്ട് ചേക്കേറിയതും നമ്മുടെ കോളേജുകളിലെ സമരസാധ്യതകള്‍ക്ക് വീണ്ടും അവസരം കുറയ്ക്കുകയായിരുന്നു. പല സ്വകാര്യ മാനേജ്‌മെന്റുകളും ഹൈക്കോടതി വിധിയുടെ ബലത്തില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള യൂണിയന്‍ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ പത്തിരുപത് കൊല്ലം ശാന്തമായിരുന്ന നമ്മുടെ കലാലയ അന്തരീക്ഷം ഇപ്പോഴിതാ വീണ്ടും കലുഷിതമാകുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിഭാഗം അധ്യാപകരും എസ്.എഫ്.ഐ. യൂണിയന്‍കാരും കൂടിചേര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ ശബ്ദമുയര്‍ത്തുന്നു. നിയമമനുസരിച്ച് പഠിപ്പിക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന അധ്യാപകര്‍ക്ക് താക്കീത് നല്‍കിയതാണ് പ്രിന്‍സിപ്പല്‍ ചെയ്ത കുറ്റം. പ്രിന്‍സിപ്പലിന്റെ കസേര വിദ്യാര്‍ത്ഥി നേതാക്കള്‍ പുറത്തെടുത്ത് കത്തിച്ചുചാരമാക്കുന്നു. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ നടന്ന സംഭവങ്ങളും അക്രമാസക്തമായിത്തീരുകയും കോളേജ് കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ വിദ്യാര്‍ത്ഥികള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരിക്കുന്നു. തിരുവനന്തപുരത്ത് ലോ അക്കാദമിയിലും നീണ്ടുനിന്നു, വിദ്യാര്‍ത്ഥി സമരങ്ങള്‍. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും മറ്റും എസ്.എഫ്.ഐ. സംഘടനയില്‍ ചേരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണത്രെ. അവിടെയും അക്രമമാണ് എതിരാളികളെ കീഴ്‌പ്പെടുത്താനായി സംഘടനാ നേതാക്കള്‍ ഉപയോഗിക്കുന്ന ആയുധം.

ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രധാന ചുമതല ശ്രദ്ധാപൂര്‍വ്വം പഠിക്കുക എന്നതുതന്നെയാണ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യണം. അന്യായങ്ങള്‍ക്കും അധര്‍മ്മങ്ങള്‍ക്കുമെതിരെ രോഷാകുലരായാല്‍ പോലും അക്കാര്യം പറഞ്ഞ് അക്രമത്തിനിറങ്ങി കോളേജ് സ്ഥാപനത്തില്‍ കല്ലേറ് നടത്തുകയും പൊതുമുതല്‍ തീവച്ചും കല്ലെറിഞ്ഞും നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തിലോ മറ്റു പ്രസക്ത വിഷയങ്ങളിലോ തെറ്റായ സമീപനമോ പ്രവൃത്തികളോ അധ്യാപകരുടെയോ മാനേജ്‌മെന്റിന്റേയോ ഭാഗത്തുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ ഉണരണം, പ്രതികരിക്കണം, പ്രതിഷേധിക്കണം. അതേസമം, പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിനിറങ്ങി പുറപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളേജ് മാനേജ്‌മെന്റിനു ചുമതലയുണ്ട്. അത്തരം അച്ചടക്കനടപടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ഇവിടെ മഹാരാജാസ് കോളേജില്‍ കസേര കത്തിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായികോളേജ് മാനേജ്‌മെന്റ് ഒരു നടപടിയും എടുത്തിട്ടില്ല. സര്‍ക്കാരിന്റെ കീഴിലുള്ള ഈ കോളേജില്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് കൈക്കൊള്ളാന്‍ പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം കൊടുക്കേണ്ട മേലധികാരികള്‍ നിശ്ശബ്ദം. ആ കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ പറഞ്ഞത്, വികാരഭരിതരാകുന്ന വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ ചുമതലപ്പെട്ട മുതിര്‍ന്നവരും വികാരഭരിതനായി പ്രവര്‍ത്തിക്കുന്നു എന്നാണ്. ഇരുകൂട്ടരെയും ചെറുതായി വിമര്‍ശിച്ച് തൃപ്തിപ്പെടുകയാണ് അദ്ദേഹം ചെയ്തത്. കേരളം മുഴുവനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാര്യം മനസ്സിലാകാന്‍ വേണ്ടി പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ക്ക് ന്യായമായ ശിക്ഷ നല്‍കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കുകയായിരുന്നില്ലേ, മുഖ്യമന്ത്രി അവിടെ ചെയ്യേണ്ടിയിരുന്നത്.? കാര്യങ്ങള്‍ മനസ്സിലാക്കുകയും വികാരപ്രകടനത്തിന്റെ പേരില്‍ അക്രമത്തിനിറങ്ങാതെ പക്വതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിസമൂഹവും കടമ മറക്കാത്ത അധ്യാപകസമൂഹവും കേരളത്തില്‍ ഉണ്ടാകുന്നത് കാണാന്‍ നമ്മുടെ തലമുറയ്ക്ക് ഭാഗ്യമുണ്ടോ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code