കൊച്ചി: ജീവനെ ആദരിക്കുന്ന സംസ്കാരം കുടുംബങ്ങളിലും സമൂഹത്തിലും വളര്ത്തിയെടുക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റുമായി സഹകരിച്ച് ആലുവ കാര്‍മല്‍ ആശുപത്രിയില്‍ നടത്തിയ പ്രോലൈഫ് ദിനാചരണത്തില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും സന്ദര്‍ശിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭൂമിയിലേക്കു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി എത്തിയിരിക്കുന്ന കുഞ്ഞുങ്ങളെ കാണുന്നതുപോലും സന്തോഷകരമാണ്. മനുഷ്യജീവന് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും ദാനവുമാണ്. അമ്മയുടെ ഉദരത്തില്‍ രൂപപ്പെടുന്ന നിമിഷംമുതല്‍ ആ ജീവനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ട്.
ജീവനെ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ ആര്‍ക്കും അവകാശമില്ല. ഗര്‍ഭഛിദ്രം നടത്തുക, പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുക, കാരുണ്യവധം നടത്തുക തുടങ്ങിയവ സമൂഹത്തില്‍ വര്‍ധിക്കുന്നത് അപകടകരമാണ്. കത്തോലിക്കാ വിശ്വാസം ജീവന് സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും എല്ലാവരോടും ആവശ്യപ്പെടുന്നുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
ആശുപത്രി ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ടെസി കുര്യന്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഹെലന്മേരി, സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, അശോകപുരം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോസഫ് കല്ലറയ്ക്കല്‍, സഹവികാരി ഫാ. ബിബിന്‍ പറന്പി, നഴ്സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രേമ ജോര്‍ജ്, സിസ്റ്റര്‍ ഡോ. സൗമ്യ തോമസ്, സിസ്റ്റര്‍ ഡോ. ജോഫി, ഡോ. ശാന്തകുമാരി, ഡോ. ശാന്ത ജോര്‍ജ്, ഡോ. ശ്രുതി, പിആര്‍ഒ സാജന് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments