Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുറുകെപ്പിടിക്കണം മൂല്യങ്ങള്‍ (ഡോ. തോമസ് ജോണ്‍ കോളാകോട്ട്)

Picture

പാര്‍ട് ടൈമായി ആശുപത്രിയിലെത്തുന്ന ന്യൂറോ സര്‍ജന്‍ അലംഭാവത്തോടെ നടത്തിയ ശസ്ത്രക്രിയ, ഐസിയു സ്റ്റാഫിന്റെ അശ്രദ്ധ മൂലം വീണു കാലിനുണ്ടായ ഒടിവ്, ചികില്‍സാ നിര്‍ണയം മുതല്‍ തുടങ്ങിയ പിഴവുകള്‍ – തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എന്റെ സഹോദരന്‍ മാത്യു ജോണ്‍ കോളാകോട്ടിന്റെ (63) ജീവന്‍ അപഹരിച്ചത് ഇതെല്ലാമാണ്. ചികില്‍സാ പിഴവാണെന്നു വ്യക്തമായ തെളിവുകളുണ്ടായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. കണക്കുപറഞ്ഞ് 5.3 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

എന്റെ സഹോദരനെ ശരീരഭാരം കുറയലും തലകറക്കവും ക്ഷീണവുമായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാനിങ്ങില്‍ ഹൈഡ്രോസെഫാലസ് (മസ്തിഷ്കത്തില്‍ സെറിബ്രോ സ്‌പൈനല്‍ ദ്രവം നിറഞ്ഞ് മര്‍ദമുണ്ടാകുന്ന രോഗം) എന്ന അവസ്ഥയുണ്ടെന്നു മനസ്സിലായത്. ജന്മനാ ഉള്ള ഈ അവസ്ഥ കൊണ്ടാകാം സഹോദരന്‍ ഓട്ടിസം ബാധിതനായിരുന്നു. തുടര്‍ന്ന് ഷന്റ് ഇംപ്ലാന്റ് നടത്താന്‍ ന്യൂറോ സര്‍ജന്‍ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം സെപ്റ്റംബര്‍ 13ന് ആശുപത്രി വിട്ടു; 1.3 ലക്ഷമായിരുന്നു ചെലവ്.

എന്നാല്‍ പിന്നീട് എന്തുകഴിച്ചാലും ഛര്‍ദിക്കാന്‍ തുടങ്ങി. സിടി സ്കാന്‍ ചെയ്തപ്പോള്‍ ഓട്ടമാറ്റിക്കായി പ്രവര്‍ത്തിക്കാത്ത ഷന്റ് (വില 9000 രൂപ) ഘടിപ്പിച്ചതു മൂലമുള്ള പ്രശ്‌നങ്ങളാണെന്നു കണ്ടെത്തി. 1.3 ലക്ഷം വാങ്ങിയിട്ടും നല്ല ഷന്റ് ഘടിപ്പിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല. എന്തായാലും പഴയ ഉപകരണം നീക്കി 50,000 രൂപയുടെ ഓട്ടമാറ്റിക് ഷന്റ് ഘടിപ്പിച്ചു. ശസ്ത്രക്രിയ വിജയമാണെന്നു പറഞ്ഞ് ഒരാഴ്ചത്തെ ഐസിയു വാസത്തിനു ശേഷം വാര്‍ഡിലേക്കു മാറ്റി. സഹോദരന്‍ അപ്പോഴേക്കും തീരെ അവശനായിരുന്നു.

ഫിസിയോതെറപ്പിസ്റ്റ് നോക്കിയപ്പോള്‍ കാല്‍മുട്ടില്‍ നീരും മുറിവുകളും ഓയിന്‍മെന്റ് കൂടുതല്‍ പുരട്ടിയതിനെ തുടര്‍ന്നു പൊള്ളിയതുപോലെയുള്ള പാടുകളും കണ്ടു. തുടര്‍ന്നുള്ള സ്കാനിങ്ങില്‍ കാലില്‍ ഒടിവു കണ്ടെത്തി. തനിയെ ശുചിമുറിയില്‍ പോകുകയും നടക്കുകയുമെല്ലാം ചെയ്തിരുന്ന വ്യക്തിക്ക് ഈ അത്യാഹിതം സംഭവിച്ചത് ഐസിയുവില്‍ വച്ചാകാം. തൊട്ടടുത്ത ദിവസങ്ങളിലാണ് ഒടിവുണ്ടായതെന്ന് അസ്ഥിരോഗ വിദഗ്ധന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കയ്യബദ്ധം പറ്റിയതാകാം. കാലിലും ശസ്ത്രക്രിയ വേണ്ടിവന്നു.

ആശുപത്രിയിലെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ അപസ്മാരമുണ്ടായി. മരുന്നു കൊടുക്കരുതെന്നു കെയര്‍ ടേക്കര്‍ ആവുന്നതു പറഞ്ഞിട്ടും നഴ്‌സുമാര്‍ കേട്ടില്ല. മരുന്നു കുത്തിവച്ചതോടെ മാത്യു അബോധാവസ്ഥയിലായി. വീണ്ടും ഐസിയുവിലെ പീഡനങ്ങളിലേക്ക്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിട്ടും ഫീഡിങ് ട്യൂബിട്ടു. അതിന്റെ ആഘാതത്തിലുണ്ടായ കടുത്ത പനിയില്‍ ബ്ലാങ്കറ്റ് പോലുമില്ലാതെ മാത്യു ഐസിയുവില്‍ കിടന്നു വിറച്ചു. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോഴാണു ശരീരം മുഴുവന്‍ മൂടും വിധത്തില്‍ വലുപ്പമുള്ള ബ്ലാങ്കറ്റ് അനുവദിച്ചത്.

വിവിധ വകുപ്പുകളുടെ ഏകോപനം ചികില്‍സയില്‍ വേണ്ടിയിരുന്നെങ്കിലും ഡോക്ടര്‍മാരുടെ ‘ഈഗോ’ പ്രശ്‌നങ്ങള്‍ കാരണം അതും ശരിയായി നടന്നില്ല. തലയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി കഴുത്തിലുണ്ടാക്കിയ ദ്വാരമാകട്ടെ, അപ്പോഴേക്കും പഴുത്തു വീര്‍ത്തിരുന്നു. വീട്ടില്‍ പോകണമെന്ന മാത്യുവിന്റെ ആഗ്രഹം മനസ്സിലാക്കിയ ഞങ്ങള്‍ ഡിസംബര്‍ രണ്ടിന് ആശുപത്രിവിട്ടു, ആറിന് അദ്ദേഹം മരിച്ചു.

ചികില്‍സാ പിഴവിന്റെ വിവരങ്ങളെല്ലാം കൃത്യമായി വിശദീകരിച്ച് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും തികച്ചും മോശമായിരുന്നു പ്രതികരണം. ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നെഴുതുന്നത് അതുപോലെയുള്ള ഒട്ടേറെ കുടുംബങ്ങളുടെ കൂടി ശബ്ദമാകാനാണ്.

ചില നിര്‍ദേശങ്ങള്‍: സ്വകാര്യമേഖലയിലെ ആശുപത്രികളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം നടപ്പാക്കുക, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും മൂല്യബോധനം നല്‍കുക, രോഗികളെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളില്‍ എല്ലാ വര്‍ഷവും പരിശീലനം കൊടുക്കുക, ഐസിയുകളില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുക, രോഗിയുടെ മാനസികവും ശാരീരികവുമായ നില മനസ്സിലാക്കി അവരുടെ ബന്ധുക്കളെ ഐസിയുവില്‍ അനുവദിക്കുക, പുരുഷ രോഗികളെ എടുത്തുയര്‍ത്താനും നടത്താനും മറ്റുമായി കൂടുതല്‍ പുരുഷ നഴ്‌സുമാരെ നിയമിക്കുക, ചികില്‍സ നിര്‍ണയിക്കാനാകുന്നില്ലെങ്കില്‍ മറ്റ് ആശുപത്രികളിലേക്കു റഫര്‍ ചെയ്യു, ഡോക്ടര്‍മാര്‍ക്കു കമ്മിഷന്‍ കൊടുക്കുന്നത് അവസാനിപ്പിക്കുക, ചികില്‍സയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക.

(പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനായ ലേഖകന്‍ യുഎസിലെ ജോണ്‍സണ്‍ മാത്തേ കെമിക്കല്‍ കമ്പനിയുടെ ഗ്ലോബല്‍ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് മാനേജരും ടെക്‌നിക്കല്‍ ഫെലോയുമാണ്)

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code