Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ? (വാല്‍ക്കണ്ണാടി - കോരസണ്‍)

Picture

ഇന്ന് കേരളസമൂഹത്തില്‍ അത്യധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങള്‍ തുറന്നാല്‍ ഓരോ ദിവസവും ഒരു പേജില്‍ കുറയാത്ത പീഡനവാര്‍ത്തകള്‍ കാണാനാവുന്നു. ഓരോ ദിവസവും അതില്‍ കാണുന്ന വൈവിധ്യങ്ങള്‍ വായനക്കാരില്‍ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയല്‍ കാണുന്ന കാത്തിരിപ്പാണ് ആ പേജില്‍ കൈവെയ്ക്കാന്‍. ദിവസങ്ങള്‍ പ്രായമുള്ള കുട്ടികള്‍ മുതല്‍ എണ്‍പതു കഴിഞ്ഞ വയോധികര്‍ പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനില്‍ക്കുന്നു. അധ്യാപകര്‍, പുരോഹിതന്മാര്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങി, ഒരു സമൂഹത്തിനു ധാര്‍മ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങള്‍ തന്നെയാണ് പീഡകരായി മാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാര്‍ത്തകള്‍. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങള്‍ വാര്‍ത്തകള്‍ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പോലീസ് സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.

ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടില്‍ കേരളസമൂഹം സാമ്പത്തീകമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറായത് നാം അടുത്തറിയാതെപോയി, അല്ലെങ്കില്‍ അറിവില്ലാതെപോയി എന്നുവേണം കാണുവാന്‍. ഇത് ഒരു വന്‍ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെ അടുത്തറിയുമ്പോള്‍ , കേരള സമൂഹത്തിന്റെ സുരക്ഷാ വലയത്തില്‍ വീണ കനത്ത വിള്ളല്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.

ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം അഭിമുഖീകരിക്കുമ്പോള്‍ മെച്ചമായ പരിശീലനം കിട്ടാത്ത പോലീസ് സംവിധാനത്തോടും,അപര്യാപ്തമായ നിയമ സംവിധാനത്തോടും അറിയാതെ കലഹിച്ചു പോകുന്നു . വര്‍ധിച്ചു വരുന്ന ക്വോട്ടേഷന്‍ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബ ബന്ധങ്ങളും ഒക്കെ നമ്മള്‍ എന്ന സമൂഹം തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്‌സാവഹമായ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.

ഒരു വാര്‍ത്ത എന്ന നിലയില്‍ വായിച്ചുതള്ളുകയല്ല; മറിച്ച് എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികം മൊബൈല്‍ ഫോണുകളും പറന്നു നടക്കാന്‍ പാകത്തില്‍ ഇരു ചക്ര വാഹനവും മുഖം മറക്കാന്‍ പാകത്തില്‍ ഉള്ള ഹെല്‍മെറ്റുകളും മലയാളി പെണ്‍കുട്ടികളെ വളരെ സ്വതന്ത്രരാക്കി. വീട്ടില്‍ നിന്നും മാറി നിന്ന് പഠിക്കാന്‍ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരു കുറവായിട്ടല്ല പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകള്‍ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തില്‍ കറങ്ങുന്ന രണ്ടു പെണ്‍കുട്ടികളുടെ വേഷം അത്ഭുതം ഉണ്ടാക്കി. ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയില്‍ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക് ആയിത്തുടങ്ങി, പിന്‍ഭാഗം പട്ടം പോലെ നീളത്തില്‍ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങള്‍ എല്ലാം നാട്ടുകാര്‍ക്ക് കാട്ടി കൊടുത്തു തന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകള്‍ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിംഗ് ഗ്ലാസ് ധാരികളായ ചെന്നായ്ക്കള്‍ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോള്‍ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക. സ്ത്രീകളുടെ വേഷവിധാനത്തില്‍ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകള്‍ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകള്‍ കൂടുതല്‍ വായിക്കുന്നതുതന്നെ.

വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകള്‍ക്ക് പുതിയ ഉത്തേജനവും ഉണര്‍വും നല്‍കുന്നത് നല്ലതുതന്നെ. വളരെ ചുരുങ്ങിയ നിരക്കില്‍ വിരല്‍ത്തുമ്പില്‍ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്‌സാപ്പും, ചാറ്റിങ്ങും സര്‍വ്വ അതിര്‍വരമ്പുകളും വിട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇന്‍സ്റ്റന്റ്‌സുഹൃത്തുക്കള്‍ വളരെ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു ആവശ്യപ്പെടുമ്പോള്‍ , സ്വയം അനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാന്‍ പോലും കുട്ടികള്‍ തയ്യാറാവുന്നു. അവിടെ അവര്‍ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ് അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പില്‍ എന്താണ് ചെയ്യേണ്ടതെന്നും അവര്‍ക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങള്‍ പറയാന്‍ ധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കില്‍ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് നമ്മുടെ കെല്‍പ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?

കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയില്‍ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളും കൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങള്‍ക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനും കൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികള്‍ സുലഭം. എത്ര കഥകള്‍ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികള്‍. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കലികാലം . കുട്ടികള്‍ മാത്രമല്ല തീവ്ര മനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളില്‍ പെട്ടുപോകാറുണ്ട്.

ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ ചുരുങ്ങാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാല്‍ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടന്‍ മറുപടിയുമായി എത്തുന്ന ആള്‍ ദൈവങ്ങള്‍ മാത്രമാണ് ശരണം. പഴയ കാല നേര്‍ച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളും ആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല . എല്ലാം ഉടന്‍ തീര്‍ച്ചയാക്കാന്‍ ഇന്ന് ആള്‍ ദൈവങ്ങള്‍ക്ക് അല്ലാതെ ആര്‍ക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെ പെട്ടുപോകുന്നു എന്ന് അറിയാമെങ്കിലും , വീണ്ടും അവന്‍ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും വെറ്റ നോക്കലും ഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.

രക്ഷിതാക്കളില്‍, കുട്ടികള്‍ക്ക് മാതൃക ആക്കുവാന്‍ ഉതകുന്ന ഇടങ്ങള്‍ കുറവ്, ഒന്നിനും നേരമില്ലാതെ അവന്‍ കഠിനമായി അധ്വാനിക്കയാണ്. പണവും പ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളില്‍ ജീവന്‍ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികം കൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളും മത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവന്‍ അടിക്കടി മണ്ടന്‍ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം നിറഞ്ഞ ചിരിയുമായി നിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങള്‍ ഇളിച്ചുകാട്ടുന്ന ഗോഷ്ടികള്‍ അവനു സഹിക്കാന്‍ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോള്‍ ചേര്‍ന്ന് നിന്ന് ഒരു ഫോട്ടോ പിടിച്ചാല്‍ സ്വര്‍ഗം കിട്ടുന്ന സംത്യപ്തിയാണ് അവന് .

ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങള്‍ ഈ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തികച്ചും അപര്യാപ്തമാണ് . അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തില്‍ പഠനവും നിര്‍ദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീര്‍ണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകുന്നതുവരെ ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകര്‍ക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയില്‍ പ്രചോദിപ്പിക്കേണ്ടവര്‍ കാട്ടുന്ന അവഗണക്കും നിഷ്ക്രിയത്തിനും കടുത്ത ശിക്ഷണനടപടികള്‍ കൈക്കൊള്ളുകയും വേണം.

വിരല്‍ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടന്‍ സ്വഭാവത്തില്‍നിന്നു മാറി , വിരല്‍ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഉള്‍ക്കൊണ്ട് പരിഹാരത്തിനായി വാതിലുകള്‍ തുറന്നിടുകയുമാണ് അടിയന്തിരമായി ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാന്‍ മാത്രം പാകത്തില്‍ മാധ്യമങ്ങള്‍ അധപ്പതിക്കരുത് , പ്രായോഗികമായ ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കാനും അവര്‍ക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അവരെ നിലനിര്‍ത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്. സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കില്‍, അതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം സര്‍ക്കാര്‍ അനുവദിക്കണം. ലോകത്തെ ഏതെങ്കിലും സ്ഥലത്തു ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ , അവിടെ അനുവര്‍ത്തിച്ച രീതികള്‍ ഉടന്‍ അവലംബിക്കണം.


മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങള്‍ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ട. കുട്ടി പള്ളിയില്‍ പ്രാര്‍ഥിച്ചശേഷം പോയതാണെങ്കിലും , മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനലില്‍ ചെന്ന് അപേക്ഷിച്ചിട്ടും, ജീവന്‍ രക്ഷിക്കാന്‍ ആയിട്ടില്ലെങ്കില്‍ എന്ത് സുരക്ഷയാണ് ഇന്ന് കുട്ടികള്‍ക്കുള്ളത് ? അനുകരണീയമായ മാതൃകകള്‍, എല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങള്‍ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത് ?

"മനുഷ്യനെ നല്ലവനാക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം തെറ്റുപറ്റുകയായിരുന്നു . അവന്‍ അടിസ്ഥാനപരമായി സ്വാര്‍ഥതയും അഹങ്കാരവും ചതിയും വഞ്ചനയും പരിശീലിച്ച , കാമവും ക്രോധവും നിറഞ്ഞ ഒരു ചീത്ത മൃഗമായിരുന്നു . അവനു മാത്രമുള്ള ചിരി കാപട്യത്തിന്റെ മൂടുപടമായിരുന്നു" - ആല്‍ഫ എന്ന നോവലില്‍, ടി . ഡി . രാമകൃഷ്ണന്‍.
മാര്‍ച്ചുമാസം പതിനേഴു , രണ്ടായിരത്തിപ്പതിനേഴ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code