Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാലത്തിനൊത്ത കോലം (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)

Picture

ഗായകന്റെ ശബ്ദമാധുരിയെ, കവിയുടെ തൂലികതുമ്പിനെ, ചിത്രകാരന്റെ ചായങ്ങളെ, കലാകാരന്റെ മനസ്സിനെ എന്നും വാചാലമാക്കുന്നതല്ലേ പ്രകൃതി സൗന്ദര്യവും സ്ത്രീ സൗന്ദര്യവും! പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ഓരോ കഥകളിലും, സാഹചര്യങ്ങളിലും വ്യക്തമായ ഒന്നാണ് ആ കാലഘട്ടം മുതലേ സ്ത്രീ സൗന്ദര്യത്തിനുള്ള പ്രാധാന്യം. സ്ത്രീ സൗന്ദര്യത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് വസ്ത്രധാരണം. വസ്ത്രധാരണത്തെ കുറിച്ച് പറയുമ്പോള്‍ അവിടെ പുരുഷന്‍ തീര്‍ച്ചയായും ഒരു അവിഭാജ്യ ഘടകമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീയുടെ വസ്ത്രധാരണം കേന്ദ്രീകരിയ്ക്കുന്നത് പുരുഷന്റെ ശ്രദ്ധയെ തന്നെയാണ്. പുതിയ വസ്ത്രം ധരിച്ച ഒരു സ്ത്രീയോട് ഒരു സ്ത്രീ അതിനെകുറിച്ച് അഭിപ്രായം പറയുന്നതിലും വിലനല്‍കപ്പെടുന്നത് അതിനെകുറിച്ച് ഒരു പുരുഷന്‍ അഭിപ്രായപ്പെടുന്നതാണ്. വെള്ളച്ചാട്ടംപോലെ കണങ്കാല്‍വരെ നീണ്ടുകിടക്കുന്ന മുടിയില്‍ പൂച്ചുടി, കണ്ണില്‍ കരിമഷിയെഴുതി, നെറ്റിയില്‍ സിന്ധുരം ചാര്‍ത്തി, കാതില്‍ കമ്മലിട്ട, കഴുത്തില്‍ പതക്കനും, കയ്യില്‍ മുട്ടിയുരുമ്മി ചിരിയ്ക്കുന്ന വളകളുമിട്ട്, വടിവൊത്ത സാരിയുമുടുത്ത് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നാരീ സങ്കല്പം മനസ്സിലെങ്കിലും ഇട്ട് താലോലിയ്ക്കാത്ത പുരുഷനുണ്ടാകുമോ നമ്മുടെ മലയാളത്തില്‍?

എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ സാരിയെന്ന വസ്ത്രധാരണത്തെ മറികടന്നുകൊണ്ട് വ്യത്യസ്തങ്ങളായ സല്‍വാര്‍ കമ്മീസ്, ചുരിദാര്‍ ലെഗ്ഗിന്‍സ്-കുര്‍ത്തി ജീന്‍സ്-ടോപ്പ്, പാന്റും ഷര്‍ട്ടും എന്നീ വസ്ത്രധാരണ രീതിയില്‍ മാറ്റം വന്നു. എന്നാല്‍ മുടി മുറിച്ച് ജീന്‍സും പാന്റും ഷര്‍ട്ടും, ടീ ഷര്‍ട്ടും ധരിയ്ക്കുന്നവരെ പച്ച പരിഷ്കാരികളായി അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി കാണാന്‍ കാരണമെന്താണ്? ആ വസ്ത്രധാരണത്തിനു പുരുഷന്റെ വസ്ത്രധാരണവുമായി സാമീപ്യമുള്ളതുകൊണ്ടാണോ?
അഴിച്ചിട്ട മുടിയും, ജീന്‍സും, പാന്റും, ഷര്‍ട്ടും, ടീ ഷര്‍ട്ടും ധരിച്ച പോക്കറ്റില്‍ മൊബയില്‍ ഫോണും, തൂവാലയുമായി ക്രിസ്തീയ ദേവാലയത്തില്‍ പ്രാര്‍ത്ഥിയ്ക്കാന്‍ എത്തുന്ന മോഡേണ്‍ പെണ്കുട്ടികളെക്കണ്ട് താന്‍ അതിശയിച്ചുപോയി എന്ന് കേരളത്തിലെ ഒരു വൈദികന്‍ നടത്തിയ പ്രസംഗം ഷാരോണ്‍ ചാനലിലൂടെ പ്രക്ഷേപണം ചെയ്തപ്പോള്‍, ഫെയ്സ് ബുക്കിലൂടെയും, വാട്‌സാപ്പിലൂടെയും എല്ലാറ്റിനെയും പ്രതികരിച്ചു ശീലിച്ച ജനം അതിനെയും പ്രതികരിയ്ക്കാതിരുന്നില്ല. പുതിയ തലമുറയുടെ വസ്ത്രധാരണത്തിനുമേല്‍ വൈദികന്‍ നടത്തിയ പരാമര്‍ശത്തിന്റെ അല്ലെങ്കില്‍ വിമര്‍ശനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ എന്തായിരുന്നു!

"ദൈവത്തിന്റെ സ്വന്തം നാട്' എന്ന് അഭിമാനത്തോടെ പറഞ്ഞു തന്റെ സംസ്കാരത്തെ അനാഥമാക്കി, വിദേശ സംസ്കാരത്തെ ദത്തെടുത്ത് ലാളിച്ച് വളര്‍ത്തുന്ന മലയാളിയുടെ മനോഗതത്തെ എടുത്തുകാണിയ്ക്കാനോ, അതോ സ്വന്തം നാട്ടില്‍ പണിയെടുത്ത് വിയര്‍പ്പുപൊടിയുന്നത് അപമാനമെന്ന് കരുതി അന്യരാജ്യങ്ങളില്‍ പോയി അവരുടെ അടിമപ്പണിയാണെങ്കിലും ചെയ്ത കൈനിറയെ പണവുമായി തിരിച്ചെത്തുമ്പോള്‍ തന്റെ മാതാപിതാക്കളെ "അച്ഛന്‍' 'അമ്മ' എന്ന് വിളിയ്ക്കുമ്പോള്‍ തന്നിലെ മലയാളിയെ ജനം തിരിച്ചറിയുമോ എന്ന് ഭയന്ന് "മമ്മി ഡാഡി' സംസ്കാരത്തെ ഉരുവിടുന്ന മലയാള മക്കളുടെ വളര്‍ച്ചയോ? അതോ ലംഗിക പീഢനങ്ങള്‍ക്കെതിരെ ശക്തമായി നേരിടാന്‍ ശക്തി സംഭരിച്ച് നില്‍ക്കുന്ന സ്ത്രീ സമൂഹത്തിനോട് ഇത്തരം സാഹചര്യത്തില്‍ നിങ്ങളില്‍ ചിലര്‍ക്കും ഇതില്‍ ചെറിയ പങ്കുണ്ടെന്നു ഓര്‍മ്മിപ്പിയ്ക്കാനോ?

കാലത്തിനൊത്ത കോലം എന്ന് പഴമക്കാര്‍ പറഞ്ഞിട്ടില്ലേ? കേരളത്തിലെ കാര്യം തന്നെ നോക്കാം. ആദ്യം സ്ത്രീയുടെ വസ്ത്രധാരണം ഒറ്റമുണ്ടും മാറുമറയ്ക്കാന്‍ ഒരു മേല്മുണ്ടും ആയിരുന്നു. പിന്നീടത് മുണ്ടും ബ്‌ളൗസുമായി മാറി, പിന്നീടത് സല്‍വാര്‍ കമ്മീസ്, ചുരിദാര്‍ എന്നിങ്ങനെ മാറി. ഓരോ കാലഘട്ടത്തിലും സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റമാണ്, മുടിയും മുറിച്ച്, ജീന്‍സും- ടോപ്പും അല്ലെങ്കില്‍ പാന്റും- ഷര്‍ട്ടും ഇട്ട് ചെത്തിനടക്കുന്ന യുവതികള്‍ എന്ന് കണക്കാക്കിക്കൂടെ!

വസ്ത്രം ഏതുതന്നെയായാലും തന്റെ ശരീരഘടനനയ്ക്കു അനുയോജ്യമായതും, തന്റെ സൗന്ദര്യത്തിനു മാറ്റു കുട്ടുന്നതുമാണെങ്കില്‍ അത് സ്ത്രീയുടെ ആത്മവിശ്വാസം കുട്ടുന്നതിനോടൊപ്പം തീര്‍ച്ചയായും ഉചിതം തന്നെ. അതുമല്ല ഇനി ശരീര പ്രദര്‍ശനമാണ് ലക്ഷ്യമെങ്കില്‍ കേരള തനിമയുടെ നാരീ സങ്കല്‍പ്പത്തിലെ സാരി ധരിയ്ക്കുന്ന രീതിയിലൂടെയോ, നേര്‍ത്ത സുതാര്യമായ സല്‍വാര്‍ കമ്മീസിലൂടെയോ ആകാമല്ലോ. അതെല്ലാം ധരിയ്ക്കുന്ന ആളിന്റെ അഭിരുചിയെ ആശ്രയിച്ചിരിയ്ക്കുന്നു. എന്തുതന്നെയായാലും, മാധ്യമങ്ങളിലൂടെ സ്ഥിരമായി കാണുകയും, കേള്‍ക്കുകയും ചെയ്യുന്ന സ്ത്രീകളോടുള്ള പുരുഷന്റെ മോശമായ പെരുമാറ്റത്തില്‍ ഒരു ചെറിയ പരിധിവരെയെങ്കിലും സ്ഥാനമുള്ള വസ്ത്രധാരണത്തെ ഒരിയ്ക്കലും പ്രോത്സാഹിപ്പിയാതിരിയ്ക്കാം.

പണ്ട് കാലങ്ങളില്‍ പാചകം, കുട്ടികളുടെയും, ഭര്‍ത്താവിന്റെയും പരിചരണം എന്നീ കടമകള്‍ മാത്രമുള്ള വീട്ടമ്മ എന്ന സ്ഥാനം മാത്രം അവകാശപ്പെട്ടിരുന്ന, സ്ത്രീയ്ക്ക് ഇന്ന് ഉത്തരവാദിത്വങ്ങള്‍ പലതാണ്. പുരുഷന് തുല്യമായി, ചില സന്ദര്‍ഭങ്ങളില്‍ പുരുഷനേക്കാള്‍ കൂടുതല്‍ കുടുമ്പത്തിന്റെ, സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകപ്പെടുത്തിയിരിയ്ക്കുകയാണ്, അകത്തളങ്ങളില്‍ നിന്നും വെളിച്ചം, മുക്തി, അല്ലെങ്കില്‍ അറിവ് തേടി പുറത്തിറങ്ങിയ സ്ത്രീ. കുടുമ്പത്തിന്റെ സാമ്പത്തിക ഭദ്രതയിലും, കുടുമ്പത്തിന്റെ ആരോഗ്യത്തിലും, സുരക്ഷിതത്വത്തിലും പുരുഷനൊപ്പം തന്നെയുണ്ട് ഇന്നത്തെ സ്ത്രീ. കുടുമ്പകാര്യങ്ങള്‍, കുട്ടികളുടെ പഠനം, സമൂഹത്തില്‍ തനിയ്ക്കുള്ള സ്വാഭിമാനം, വ്യക്തിത്വം, സ്വയം നിലനില്‍പ്പ് തൊഴില്‍ എന്നീ പല ഉത്തരവാദിത്വങ്ങളും ശ്രധ്ധിയ്ക്കപ്പെടേണ്ട സ്ത്രീ അവളുടെ ജീവിത സാഹചര്യത്തിനൊത്ത വസ്ത്രം ധരിയ്ക്കാനും അവകാശപ്പെട്ടവള്‍ തന്നെ.

സാരിയായാലും, സല്‍വാര്‍ കമീസായാലും, ജീന്‍സായാലും, ഷര്‍ട്ടും പാന്റും, ടീ ഷര്‍ട്ടും ഏതുതന്നെയായാലും തന്റെ ശരീരഘടനയ്ക്കനുയോജ്യമായ വസ്ത്ര ധാരണം സ്ത്രീയ്ക്ക് ഉചിതം തന്നെ. കാലത്തിനൊത്തുതന്നെ സ്ത്രീയുടെ കോലം മാറിക്കോട്ടെ, ആ കോലം പൊതുവേദികളില്‍ പ്രകൃതി പുരുഷന് നല്‍കിയിട്ടുള്ള മൃദുല വികാരത്തെ ഉത്തേജിയ്പ്പിയ്ക്കുന്നത് ആകാതിരുന്നാല്‍ ഇതില്‍ നിന്നും അശ്ലീന സമൂഹത്തിന്റെ ഉദ്ദാരണം ഒഴിവാക്കുന്നതോടൊപ്പം 'ഇലയ്ക്കും മുള്ളിനും കേടാകാതെ സൂക്ഷിയ്ക്കാം.

Jyothylakshmy C. Nambiar

nambiarjyothy@gmail.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code