മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി കളത്തൂര്‍ മാത്യുവിനാണ് (48) കുത്തേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് കുത്തേറ്റത്. മെല്‍ബണ്‍ ഫോക്നര്‍ നോര്‍ത്തിലെ സെന്റ് വില്യം ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. ഇറ്റാലിയന്‍ കുര്‍ബാനയാണ് ഈ സമയം നടന്നുവന്നത്.
പള്ളിയില്‍ അതിക്രമിച്ചു കയറിയ അക്രമി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഫാ.ടോമിയെ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി രക്ഷപെട്ടു. നിങ്ങള്‍ ഇന്ത്യക്കാരനാണ്. ഹിന്ദുവോ മുസ്ലിമോ ആണ്. നിങ്ങള്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല. നിങ്ങളെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ടോമിക്കു നേരെ ചാടിവീണത്. ഗുരുതരപരിക്കേറ്റ ഫാ.ടോമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആരോഗ്യം വീണ്ടടെത്തുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ചയും അക്രമി പള്ളിയില്‍ എത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇയാള്‍ കുര്ബാനകളിലൊന്നും പങ്കെടുത്തിരുന്നില്ല. അക്രമി ഇറ്റലിക്കാരനാണെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments