ചെന്നൈ : കാര്‍ തീപിടിച്ച് കത്തി ദേശീയ റേസിങ് ചാംപ്യനും ഭാര്യയും മരിച്ചു. ആഡംബര കാര്‍ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയും തീപിടിച്ച് മുന്‍ ദേശീയ റേസിങ് ചാംപ്യന്‍ അശ്വിന് സുന്ദറും (31), ഭാര്യ നിവേദിതയും (26) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചെന്നൈ നഗരത്തിലെ എംആര്‍സി നഗറില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഹോട്ടലിലെ അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം ഇരുവരും പോരൂര്‍ ആലപ്പാക്കത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
അശ്വിനാണു കാര്‍ ഓടിച്ചിരുന്നത്. അമിതവേഗത്തിലായിരുന്ന കാര്‍ റോഡിലെ സ്പീഡ് ബ്രേക്കറില്‍ ഇടിച്ചു നിയന്ത്രണം തെറ്റുകയായിരുന്നുവെന്നാണു കരുതുന്നതെന്നു പൊലീസ് പറഞ്ഞു. കാറില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. മറ്റു വാഹനയാത്രക്കാര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിശമനസേനയെത്തിയത്. അരമണിക്കൂറിനകം തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാറിന്റെ റജിസ്ട്രേഷന് നമ്പറും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും പരിശോധിച്ചു മരിച്ചവരെ തിരിച്ചറിയുകയായിരുന്നു.
ഇതിനിടെ, കാര്‍ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതു സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ചെറുപ്പം മുതല്‍ കാര്‍, ബൈക്ക് റേസുകളില്‍ സജീവമായ അശ്വിന് 2012, 13 വര്‍ഷങ്ങളില്‍ ദേശീയ കാറോട്ട ചാംപ്യനായി. ശ്രീലങ്കന്‍ സ്വദേശിനിയും ചെന്നൈയില്‍ ഡോക്ടറുമായ നിവേദിതയെ കഴിഞ്ഞവര്‍ഷമാണു വിവാഹം കഴിച്ചത്. ഈയിടെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ നിവേദിതയുമൊത്തു വിദേശത്തു ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകാനിരിക്കെയാണ് അപകടം.
Comments