Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോചന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല; ഫാ. ടോമിന്‍ ബന്ദിയാക്കപ്പെട്ടിട്ട് ഒരു വര്‍ഷം

Picture

കൊച്ചി: ഫാ. ടോമിന്‍ ബന്ദിയാക്കപ്പെട്ടിട്ട് മാര്‍ച്ച് നാലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മോചന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല.

യമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതിമന്ദിരത്തിനുനേരേ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്നാണു ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. നാലു സന്യാസിനികളും പന്ത്രണ്ട് അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

അഗതിമന്ദിരത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചശേഷം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണു ഫാ. ഉഴുന്നാലിലിനെ ഭീകരര്‍ ബന്ദിയാക്കിയത്. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം ഏഡനില്‍ സന്യാസിനി സമൂഹങ്ങളുടെയും പ്രവാസി കത്തോലിക്കരുടെയും ആത്മീയകാര്യങ്ങള്‍ക്കൊപ്പം ഇടവകയുടെ ചുമതലയും നിര്‍വഹിച്ചു വരികയായിരുന്നു.

ബന്ദിയാക്കപ്പെട്ടശേഷം കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശാരീരികമായി അവശനിലയിലാണു വീഡിയോയില്‍ ഫാ. ടോം കാണപ്പെട്ടത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും യുഎഇ സര്‍ക്കാരും ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയും സലേഷ്യന്‍ കോണ്‍ഗ്രിഗേഷനും കൂട്ടായി വിവിധതലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും കഴിഞ്ഞ ഏഴിനു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ താത്പര്യമെടുത്തിരുന്നു. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രാര്‍ഥനക്കൂട്ടായ്മകളും നടന്നുവരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code